1981 ഡിസംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കരുണാകരന്‍ മന്ത്രിസഭപോലെ ഒന്ന് രാജ്യത്ത് മറ്റൊരു .സംസ്ഥാനത്തും ഒരിക്കലും ഉണ്ടായിട്ടില്ല. ലോകത്തൊരിടത്തും ഉണ്ടായതായി കേട്ടിട്ടില്ല . പ്രതിപക്ഷത്ത് തിരഞ്ഞെടുക്കപ്പെട്ട 70 അംഗങ്ങള്‍ , ഭരണപക്ഷത്ത് നോമിനേറ്റഡ് മെമ്പറടക്കം 70 പേര്‍. ഇവര്‍ക്കിടയില്‍ നിഷ്പക്ഷനാകേണ്ട സ്പീക്കര്‍ . കാസ്റ്റിങ് വോട്ടിനെ ആശ്രയിച്ച് 80 ദിവസം നിലനിന്ന മന്ത്രിസഭയുടെ ചരിത്രം.
Jayasankar was born in 1962 to Paamadath Vasudevan Pillai and Kalarikkal Saudamini. He studied in Mar Athanasius High School, Nedumbassery, UC College, Aluva and Govt Law College, Ernakulam. He obtained post-graduation in Law and History with top ranks. Working as a lawyer since 1989. Served as Government Pleader in the Kerala High Court from 1996 to 2000.
1985-ൽ പാസ്സാക്കിയ കാലുമാറ്റനിരോധനനിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു നാഴികക്കല്ലാണെന്നാണ് കരുതിയിരുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞതോടെ അത് ആധാരശിലയായി മാറുന്നതാണ് നാം കാണുന്നത്. വമ്പൻ ബിസിനസ്സുകാരും ആദർശശുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരും ഒത്തുകൂടിയാൽ എന്താണ് സാധിക്കാൻ കഴിയാത്തത്? എന്നാൽ കൂറുമാറ്റനിയമം വിശ്വസ്തത പുലർത്താത്ത ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ ആരംഭിച്ചതോടെ സർക്കാരുകളുടെ ആയുർദൈർഘ്യം വർദ്ധിച്ചു. കേരളത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ 1977 മുതൽ 1982 വരെയുള്ള അഞ്ചുവർഷത്തിനിടയിൽ ആറുതവണയാണ് ഗവർണർ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇവയെല്ലാം കാലുമാറ്റമായിരുന്നില്ലെങ്കിലും 'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന് ഭരണത്തലവന്മാരെക്കൊണ്ട് പറയിപ്പിച്ച ഒരു കാലഘട്ടമായിരുന്നു അത്. സഭയിൽ കേവലഭൂരിപക്ഷം പോലും ഇല്ലാതെ ഭരണത്തിലേറി സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിൽ മൂന്നുമാസക്കാലത്തോളം ഭരണത്തിൽ അള്ളിപ്പിടിച്ചിരുന്ന ശ്രീ. കെ. കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയുടെ കഥയാണ് ഈ കൃതിയിൽ വിവരിക്കുന്നത്.
1980-ൽ അധികാരത്തിൽ വന്ന നായനാരുടെ ഇടതുമന്ത്രിസഭ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ തകർച്ചയെ നേരിട്ടു. നിരന്തരമായ രാഷ്ട്രീയ അക്രമങ്ങൾ ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തി. തലശേരിയിൽ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തികളിൽ പിടഞ്ഞുവീണവരുടെ സംഖ്യ ബാസ്കറ്റ്ബോൾ സ്‌കോർബോർഡിനെ അതിശയിപ്പിച്ചു. അഴിമതിയിലും നായനാരുടെ മന്ത്രിമാർ ആർക്കും പിന്നിലായിരുന്നില്ല. സ്പിരിറ്റ് കുംഭകോണത്തിൽ എം. കെ. കൃഷ്ണനും ടി. കെ. രാമകൃഷ്ണനും മുഖം നഷ്ടമായി. ഈ ഘട്ടത്തിലാണ് അധികാരം പിടിച്ചടക്കാനായി ഏതറ്റം വരെയും താഴാൻ മടിയില്ലാതിരുന്ന ലീഡർ കരുണാകരൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും സംസ്ഥാന ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലത്തിന്റെയും പരോക്ഷപിന്തുണയോടെ കാലുവാരാൻ തുടങ്ങിയത്. ഏ. കെ. ആന്റണിയുടെ കോൺഗ്രസ് (ഏ), കെ. എം. മാണിയുടെ കേരള കോൺഗ്രസ് എന്നീ കക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട നായനാർ രാജി സമർപ്പിച്ചു. ഈ സമയത്ത് ഗവർണർ സഭ പിരിച്ചുവിടാതെ കുതിരക്കച്ചവടം നടത്താൻ കരുണാകരന് പച്ചക്കൊടി കാട്ടി. നാമനിർദേശം ചെയ്യപ്പെട്ട അംഗമടക്കം ഇരുപക്ഷത്തും 70 അംഗങ്ങൾ വീതം ഉണ്ടായിരിക്കേ അവർ ലീഡറെ മുഖ്യമന്ത്രിയാക്കി പ്രതിജ്ഞ ചൊല്ലിച്ചു. സ്പീക്കറായ ഏ. സി. ജോസ് തന്റെ സവിശേഷ അധികാരം തലങ്ങും വിലങ്ങും പ്രയോഗിച്ചു. ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഒരൊറ്റ ദിവസം തന്നെ അദ്ദേഹം ഏഴുതവണയാണ് കാസ്റ്റിംഗ് വോട്ടിനുള്ള തന്റെ അവകാശം ഉപയോഗിച്ചത്. എങ്കിലും 'നിലാവുണ്ടെന്നുകരുതി വെളുക്കുംവരെ' ഭരണത്തിലിരിക്കാൻ ഇടതുമുന്നണി ലീഡറെ അനുവദിച്ചില്ല. ലോനപ്പൻ നമ്പാടൻ കൂറുമാറിയതോടെ മന്ത്രിസഭ വീണു. ഈ കാലഘട്ടത്തിലെ രാഷ്ട്രീയക്കളികളാണ് അഡ്വ: ജയശങ്കർ വിവരിക്കുന്നത്.
ജയശങ്കറിന്റെ ശൈലി വളരെ മൂർച്ചയേറിയതാണ്. ഏ. കെ. ആന്റണിയെ പരിഹാസരൂപേണ 'ആദർശധീരൻ' എന്നുമാത്രമേ അദ്ദേഹം വിശേഷിപ്പിക്കുന്നുള്ളൂ. എങ്കിലും വിവരണശൈലി പരിശോധിച്ചാൽ 'കപടനാട്യക്കാരൻ' എന്നു തുറന്നുവിളിക്കുന്നതായിരുന്നു ഇതിലും ഭേദം എന്ന് ആന്റണി പോലും സമ്മതിച്ചുപോകും. 1970 മുതലുള്ള കേരളരാഷ്ട്രീയത്തിന്റെ ഒരു നിഷ്പക്ഷ പരിച്ഛേദവും പുതിയ പാർട്ടികളുടെ ഉദയവുമെല്ലാം നമുക്കിതിൽ കാണാം. പത്രങ്ങളുടെ മുഖപ്രസംഗങ്ങളും നിയമസഭാ പ്രസംഗങ്ങളുമെല്ലാം ഗൗരവത്തോടെ ചേർത്തിരിക്കുന്നത് പുസ്തകത്തിന് ഒരൽപ്പം വൃഥാസ്ഥൂലത നൽകുന്നുണ്ട്.
1981 ൽ കെ. കരുണാകരൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട സർക്കാർ ഭൂരിപക്ഷം തികച്ചത്, സ്പീക്കർ എ സി ജോസിൻ്റെ കാസ്റ്റിങ് വോട്ടുകൂടി ചേർത്താണ്. 80 ദിവസം മാത്രം നിലനിന്ന ഈ തട്ടിക്കൂട്ട് മന്ത്രിസഭ രൂപീകരിക്കാൻ ഉണ്ടായ സാഹചര്യങ്ങൾ വിശദീകരിക്കുന്ന പുസ്തകം. പ്രാദേശിക, ദേശീയ സാഹചര്യങ്ങൾ ഓരോ രാഷ്ട്രീയ കക്ഷിയിലും ചെലുത്തിയ സ്വാധീനം വ്യക്തമാക്കിയിരിക്കുന്നു. സർക്കാരിൻ്റെ രൂപീകരണവും തുടർന്ന് നടന്ന അവിശ്വാസ പ്രമേയ, നന്ദിപ്രമേയ ചർച്ചകളുടെ വിശദാംശങ്ങളും നൽകിയിരിക്കുന്നു. സഭാരേഖകൾ, പത്രവാർത്തകൾ അവയുടെ എഡിറ്റോറിയലുകൾ എന്നിവയാണ് അവലംബം. ജയശങ്കറുടെ തനത് ആക്ഷേപഹാസ്യം വേണ്ടുവോളമുണ്ട് - ആൻ്റണിയാണ് മുഖ്യ ഇര. ഈ സർക്കാരിന് ശേഷമാണ് കേരളത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള ഇടത് - ഐക്യ മുന്നണികളുടെ മാറി മാറിയുള്ള ഭരണം ആരംഭിച്ചത് എന്നതിനാൽ വളരേ പ്രസക്തമാണ് ഈ പുസ്തകം.