Kovilan, was a Malayalam language novelist from Kerala state, South India. He was considered to be one of the most prolific writers of contemporary Indian Literature
The mystery novel by Kovilan. This was my first read by Kovilan. The Fantasy and fiction was mixed very nicely and the past history of Kerala. A must read for all keralites.
വീട്ടിലെ പുസ്തക അലമാര പൊടി തട്ടി പുസ്തകങ്ങൾ അടുക്കിപ്പെറുക്കി വെക്കുമ്പോൾ തട്ടകം കയ്യിൽ തടഞ്ഞു. അച്ഛൻ വാങ്ങി വെച്ചതാണ്. മുൻപൊരിക്കലെന്നോ ഒരു കൗതുകത്തിന്റെ പേരിൽ താളുകൾ മറിച്ചു നോക്കിയിരുന്നു. ഭാഷ കടുകട്ടി! കുറച്ചു കൂടെ കഴിഞ്ഞാവാം തട്ടകത്തിലേക്കുള്ള വരവെന്ന് അന്ന് മനസ്സിൽ പറഞ്ഞു. തട്ടകം പുസ്തക രൂപത്തിൽ കാണുന്നതിന് മുന്നേ തന്നെ 1993-ഇൽ വീട്ടിൽ മുടങ്ങാതെ വരുത്തിയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നിരുന്നത് ഓർക്കുന്നു. ഇപ്പോൾ എന്തോ വായിക്കാനുള്ള തോന്നൽ കലശ്ശലായി. വായന തുടങ്ങി. ഭാഷയുടെ കടുപ്പമൊന്നും വായനയ്ക്ക് തടസ്സമായില്ല. റിയാലിറ്റിയും ഫാന്റസിയും മിത്തുകളും സമാസമം ചേർത്ത്, ഇടയ്ക്ക് കെട്ട് വീഴാതെ, പൊട്ടാതെ, ഊടും പാവും നെയ്ത്, ഇഴ ചേർത്ത് മഹാഭാരത സമാനമായൊരു ദേശ ചരിത്രം ആണ് കോവിലൻ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.
കോവിലന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, മുപ്പിലിശ്ശേരി ദേശമെന്ന തട്ടകം. തട്ടകത്തിന്റെ ഈ പേരും അവിടത്തെ മനുഷ്യരുടെ പേരുകളും അയഥാർത്ഥമാകുന്നു. സമീപപ്രദേശങ്ങളും അവിടത്തെ മനുഷ്യരുമെല്ലാം യഥാർത്ഥ പേരുകളിൽത്തന്നെ. സമൂഹം ഗോത്രസംസ്കൃതിയിൽ നിന്നു ക്ഷേത്രസംസ്കൃതിയിലേക്കു എത്തിയ കാലം മുതല്ക്കുള്ള മുപ്പിലിശ്ശേരിയുടെ കഥയാണ് തട്ടകത്തിൽ പറയുന്നത്.
തട്ടകം എന്നാൽ ഒരു ക്ഷേത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കൂട്ടം. തട്ടകത്തെ കഥാപാത്ര സമ്പന്നമാക്കുന്നത് ചോരയും നീരുമുള്ള മനുഷ്യർ മാത്രമല്ല, ഭഗവതിയും, ഭഗവാനും, യക്ഷിയും, ഗന്ധർവനും, പ്രേതങ്ങളും, ഭൂതഗണങ്ങളും, പക്ഷികളും, മൃഗങ്ങളും എല്ലാം കൂടിയാണ്. വായനക്കാരനിൽ ഒരു ഐതിഹ്യം വായിക്കുന്ന ഭ്രമം ജനിപ്പിക്കുന്ന ഒരു പാട് ഘടകങ്ങൾ ഉണ്ട് തട്ടകത്തിൽ. മുപ്പിലിശ്ശേരിയിലെ ജനത ഗോത്രസംസ്കാരങ്ങളിൽ നിന്നും കാലാന്തരങ്ങളിലൂടെ പരിണാമപ്പെട്ട് ആധുനികതയിലേയ്ക്ക് നീങ്ങുന്നു. ഒരു വ്യക്തിയുടെ മാത്രം ചരിത്രമല്ലിത്. കഥാനായകനായോ നായികയായോ ആരെയും ഇതിൽ ചൂണ്ടിക്കാണിക്കാനില്ല. ഒരു മനുഷ്യന്റെ ചരിത്രമെന്നു പറയുന്നത് അയാളുടെ മുൻ തലമുറകളിലേയ്ക്ക് നീളുന്നു. അവിടെ നിന്ന് പിന്നെയും പിന്നിലേയ്ക്ക്. ചുരുക്കിപ്പറഞ്ഞാൽ തട്ടകമെന്നത് ഒരുപാട് കഥകളാൽ മെനഞ്ഞൊരു മനുഷ്യ ചരിത്രമാകുന്നു.
വായന കഴിഞ്ഞും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഉണ്ണീരി മുത്തപ്പൻ, കണ്ണഞ്ചിറ ഗുരുനാഥൻ, പാണൻ ശങ്കു, താച്ചുട്ടി ചേകവർ, ഗോസായി സാമിയാർ, കോട്ടേപറമ്പൻ അയ്യപ്പൻ, മടപ്പുള്ളി വലിയപുരയ്‌ക്കൽ ഉണിക്കോരൻ, കുഞ്ഞിക്കണാരൻ, പലിശക്കാരൻ വാറുണ്ണി, നായാടി രാമൻ, പനമ്പാട്ട് ശങ്കരൻ നായർ, കുതിരക്കാരൻ അവോക്കർ, മാളുട്ടി, കോരപ്പൻ, പനമ്പാട്ടെ മുത്തശ്ശി, കോതമ്മ, കോപ്പൻ ആശാരി, രാമൻകുട്ടി, നാരായണി, കുഞ്ഞപ്പൻ, കാളിയമ്മു, കുഞ്ഞിരാമൻ, അപ്പുക്കുട്ടൻ, തെക്കേടത്തെ മുത്തപ്പൻ, പാട്ടിത്തള്ള, അച്ചുമ്മാൻ, കുട്ടിമാളു, ആമന്ദരു, പാണൻ കറപ്പൻ, തെക്കേടത്തെ മാമകുട്ടി, താഴമ്പള്ളി ഗംഗാധരൻ അഥവാ ഭിക്ഷു ധർമപാല, ഗൗതമനുണ്ണി, ചിരുതേയി, പാങ്ങോട്ട് നാരായണൻ നായർ, പാലച്ചിറ മൊഹാമി, ആൽത്തേരി നാലകായിൽ രാമൻ, പൂവമ്പാറ തെക്കേടത്തു കുഞ്ഞിരാവുണ്ണി, മഠത്തിൽ നേത്യാരമ്മ, കാലിച്ചെറുക്കൻ ചൊക്കു, ആൽത്തേരി നാലകായിൽ കോന്നക്കുട്ടി, ഉണ്ണിമായ, താച്ചുട്ടി വൈദ്യർ, മാധവൻ, ശ്രീധരൻ, തെക്കേലെ പഞ്ഞകുട്ടി, മേക്കാട്ടുവളപ്പിൽ പൊന്നപ്പൻ, മനോർമണി, കുഞ്ഞികൃഷ്ണൻ പണിക്കർ, അമ്മു, പൈലുണ്ണി, ചാത്തുക്കുട്ടി. ഇതിൽ അപ്പുക്കുട്ടൻ എന്നകഥാപാത്രം കോവിലന്റെ തന്നെ പ്രതിരൂപമാകുന്നു. ഇവർക്കിടയിലൂടെ സഹോദരൻ അയ്യപ്പനും, എ കെ ഗോപാലനും, നാരായണ ഗുരുവും, മഹാത്മാ ഗാന്ധിയും മറ്റു രാഷ്ടശില്പികളും അതിഥി കഥാപാത്രങ്ങളാകുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ച, കോവിലന്റെ ആത്മകഥാപരമായ തട്ടകം ഒരു വലിയ ദേശത്തിന്റെ നീണ്ട കാലത്തിന്റെയോ ചെറിയ ദേശത്തിന്റെ ഹ്രസ്വകാലത്തിന്റെയോ കഥയല്ല. മറിച്ചു, വളരെ ചെറിയൊരു ദേശത്തിന്റെ അതിദീർഘമായ കാലത്തിന്റേതാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ച കൃതി. മുപ്പിലിശ്ശേരി എന്ന ദേശത്തിന്റെ ചരിത്രമാണ് ഇവിടെ കാണാൻ കഴിയുക. മുപ്പിലിശ്ശേരി എന്നാണ് പറയുന്നതെങ്കിലും സ്വന്തം നാടായ കണ്ടാണശ്ശേരി ഇതിൽ അനാവൃതമാകുന്നത്. ഗോത്ര സംസ്കൃതിയിൽ നിന്ന് ക്ഷേത്ര സംസ്കൃതിയിൽ എത്തിയ കാലം മുതലുള്ള മുപ്പിലിശ്ശേരിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നായകനും നായികയും കേന്ദ്രകഥാപാത്രങ്ങളും ഇല്ലെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് എഴുത്താണ്. ഒരുപാട് കഥാപാത്രങ്ങൾ ഈ രചനയിൽ ഉണ്ട്. ഭാഷയും എഴുത്തും സ്വല്പം ബുദ്ധിമുട്ടാണ് ഗ്രഹിക്കാൻ. ആ ഒരു കാലഘട്ടത്തിലെ മുപ്പിലിശ്ശേരിയുടെ മുഴുവൻ പരിണാമം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
മൂപ്പിലശ്ശേരിയുടെ തട്ടകത്തില്‍ ജീവിച്ചതും ജീവിക്കുന്നതുമായ മനുഷ്യരും,അവരുടെ സംസ്ക്കാരത്തിന്‍റെ തുടക്കവും അത് പലവിധ കാലത്തിലൂടെ പുരോഗമിക്കുന്നതുമായ കഥ. ഇത് മൂപ്പിലശ്ശേരിയുടെ മാത്രം കഥയെന്ന് തീര്‍ത്ത് പറയാമോ , ഇല്ല എന്നാല്‍ കഥകളുടെയെല്ലാം തട്ടകം മൂപ്പിലശ്ശേരി മാത്രമാണ്