ഇസ്പേട് ആസ്സിന്‍റെ പുറംചട്ടയില്‍ ഒരു കസാലയും വലിച്ചിട്ടതിന്മേല്‍ ഇരുന്ന മനുഷ്യനെക്കണ്ടാണ് ‘അഴുക്കില്ലം’ വാങ്ങാനും വായിക്കാനും ഈയുള്ളവന്‍ തീരുമാനിച്ചത്. പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത, ‘ഇപ്പോഴും നിലവിലുള്ള ആ മനുഷ്യന്‍റെ’ സ്വപ്നാടത്തിനു പിറകേ രണ്ടുദിനം ഞാനും വെറുതെ അലഞ്ഞുനടന്നു.
നാരായമംഗലത്തെ ഉണങ്ങുംതോറും നീറുന്ന ഒരു മുറിവായി കഥാകാരന്‍ കീറിയിട്ടപ്പോള്‍, അവിടുത്തെ കഥാപാത്രങ്ങള്‍ എന്തിനോവേണ്ടി പീടികത്തിണ്ണയിലും വായനശാലയിലും കൂനിക്കൂടി കുമിഞ്ഞു കിടന്നു. മൂത്തേടവും, പ്രകാശനും, ജോബച്ചനും,നാഗേഷുണ്ണിയും, ജീവാനനന്ദനും, അത്മവിധ്യാലയത്തിലെ ചീട്ടുകളിക്കാരും, ഉലഹന്നാനും, സാറാമ്മയും വിശ്വേശരന്‍റെ അവിഹിതലീലകളാല്‍ അന്തരീക്ഷത്തില്‍ ലയിച്ചുപോയ വാക്കുകളായി മാറിയപ്പോള്‍ മൂത്തേടം പറയാറുള്ളതു പോലെ, “മറ്റു ജീവജാതികളുടെ ജീവിതത്തിനു ഇല്ലാത്ത ഒരര്‍ത്ഥം മനുഷ്യജീവിതതിനുമില്ല” എന്ന തത്വബോംബ് പൊട്ടിത്തെറിക്കുകയും അതിന്‍റെ വിഷപ്പുകയില്‍ പിറന്നുവീണ കൊതുകുകളുടെ മൂളലില്‍ നാരായമംഗലത്തിന്‍റെ നാരായവേര് കരിഞ്ഞുണങ്ങുകയുമാണ് ചെയ്തത്.
ഓടയില്‍ നിന്നിനു പുതിയ മാനങ്ങള്‍ നല്‍കിയ പപ്പുമതവും, അടഞ്ഞ വിദ്യാലയത്തിനു പകരം തുറന്ന ആത്മവിദ്യാലയവും, നക്ഷത്രായതന്‍മാരുടെ പതനവും, എട്ടുകാലി ചിലന്തിയുടെ കാമാഭിലാഷവും, ജീവാനനന്ദന്‍റെ വെളിപാടുകളും, ഡോക്ടറുടെ ഒറ്റയാള്‍ പോരാട്ടങ്ങളും പരിശുദ്ധ ഓടമാലിന്യത്തില്‍ ഒഴുകിയൊലിക്കുന്ന നാരായമംഗലം ഇപ്പോഴും കാത്തിരിക്കയാണ്...
ഒന്നിച്ചൊടുങ്ങിത്തീര്‍ന്ന കുറച്ച് മനുഷ്യത്മാക്കളുടെ കാവല്കാരനായി സ്വയാഭിഷിക്തനായ നമ്മുടെ കഥാകാരനെയും കാത്ത്.
ദേവപ്രകാശിന്‍റെ വര മനോഹരം. മൂത്തേടത്തിന്‍റെ വാക്കുകള്‍ അതിമനോഹരം.