അതിസങ്കീര്‍ണ്ണമായ ഇന്നത്തെ ജീവിതപരിസരത്തില്‍ നിന്നുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളും അവയോടുള്ള എഴുത്തുകാരന്റെ മനോഭാവവും വിമര്‍ശനാത്മകമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കുന്ന പതിമൂന്ന് കഥകള്‍. തീക്ഷണമായ ചിന്തകളും കലാപപ്രചോദിതമായ ആഗ്രഹങ്ങളും കൂടുതല്‍ മൌലികമാക്കിയ പുതിയ കാലത്തിന്റെ രചനാശൈലി.
തന്റെ കഥകളിലൂടെ കഥാകൃത്ത് പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയമാനങ്ങളുണ്ട്. അതാണ് കഥകളിലൂടെ കടന്നു പോവുമ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത്. കണ്ണ് സൂത്രം, ഒറ്റക്കാലുള്ള കസേര പോലുള്ള കഥകൾ വളരെ ശക്തമായി രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവയാണ്. ഇന്നത്തെ കാലത്ത് ഏറ്റവും ചർച്ചചെയ്യപ്പെടേണ്ട പല വിഷയങ്ങളെയും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കഥകളിലുടനീളം മെറ്റഫറുകൾ കൈകാര്യം ചെയ്തിരിക്കുന്നത് വളരെ കയ്യടക്കത്തോറടെയാണ്. ഭാഷ കൊണ്ട് ഒത്തിരി ഗിമ്മിക്കുകൾ കാണിക്കുന്നില്ലെങ്കിലും വായനക്കാരനുമായി കഥകൾ നല്ല രീതിയിൽ സംവദിക്കുന്നുണ്ട്. പതിമൂന്നു കഥകളിൽ കണ്ണുസൂത്രം, ഇറച്ചിമിഠായി, ഒറ്റക്കാലുള്ള കസേര, പാമ്പും കോണിയും, വിപരീതം എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
തന്റെ രാഷ്ട്രീയത്തെ മെറ്റഫോറിക്കലായി വളരെ തന്മയത്വത്തോടെ പറയുന്ന പുസ്തകം. കഥകളുടെ പ്രമേയങ്ങളിൽ, കഥാപാത്രരൂപീകരണത്തിൽ, സംഭാഷണത്തിൽ വായിച്ചറിയാം നമുക്കീ നാടിന്റെ ഇന്നത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വ്യവസ്ഥിതി.
"സ്വന്തം ജനതയെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂടമാണ് പുസ്തകങ്ങൾ നിരോധിക്കുന്നത്" എന്ന വാക്യം മനസ്സിൽ തറയും.
പിഎസ് : യോജിക്കാൻ കഴിയാത്ത നിലപാടുകൾ കഥകളിൽ ഉണ്ടെങ്കിലും, അതിനെ ഇത്ര ഭംഗിയായി അവതരിപ്പിച്ചു എന്നതിന് കൊടുക്കണം നൂറ് മാർക്ക്..
പേര് തന്നെയാണ് പുസ്തകത്തിലേയ്ക്ക് അടുപ്പിച്ചത്. ഇടയ്ക്ക് വായന നിർത്താതെ,തീർക്കാൻ കഴിയുന്ന പതിമൂന്ന് കഥകളാണ് സമാഹാരത്തിൽ. സമകാലികമായ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ എഴുതിയ, അതേ കാരണത്താൽ തന്നെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പതിമൂന്ന് കഥകൾ.
കണ്ണ്സൂത്രം മൂന്നാമത്തെ കഥയാണ്. സ്ത്രികൾക്ക് നേരേയുള്ള ഓരോ നോട്ടവും അവർക്ക് സ്പർശനം പോലെയാണെന്ന് പറഞ്ഞത് ഓഷൊ. തുറിച്ച് നോക്കുന്ന ഓരൊ പുരുഷനേത്രവും ശരീരത്തിൽ നിന്ന് കണ്ടെടുത്ത് സൂക്ഷിച്ച് വയ്ക്കുന്ന സ്ത്രീയും, അവസാനം ഏതൊക്കെയോ സ്ത്രീകളൂടെ ശരീരത്തിൽ പറ്റിപ്പിടിച്ച് കണ്ണ് നഷ്ടപ്പെട്ട് അന്ധനായ ഭർത്താവിന് സൂക്ഷിച്ച് വച്ച കണ്ണുകളിൽ നിന്ന് ഒരെണ്ണം വച്ച് കൊടുക്കുന്നു. കഥ കാലികമാണ്. ഒരുപക്ഷെ പെർവെർട്ട് ആയ മലയാള സമൂഹത്തിൽ കാലാതീതവും.
കഥകൾക്കും ഭാവനയ്ക്കും ശരിക്കും തീ പിടിച്ച് തുടങ്ങുന്നത് ഒരു പക്ഷേ നാലാമത്തെ കഥ മുതലാണ്. വിപരീതം. ഭാഷയ്ക്ക് ഒരുപാട് ഭംഗി. കൂട്ടുകാരിയെ നഷ്ടപ്പെട്ട (ഉമൈഭാനു എങ്ങിനെ ഇല്ലാതായി എന്ന് വായനക്കാർക്ക് ഊഹിക്കാം) ശിവാനി സ്വയം ഉമൈഭാനുവായി ഐഡന്റിഫൈ ചെയ്യുന്നത് വളരെ മനോഹരമായി, വരികളാക്കിയിരിക്കുന്നു. ശിവാനിയുട് നിഷ്കളങ്കമായ ഒരു ആഖ്യാനത്തിലേയ്ക്കെത്തുന്നതിന് മുൻപ്, ഉമൈഭാനുവിന്റ് മുലകൾ നോക്കി ചോക്കെറിയുന്ന അദ്ധ്യാപകന്റെ കാഴ്ചപ്പാടിൽ നിന്ന് ഒരു നിമിഷം വായനക്കാരനേയും പെർവ്വെർട്ട് ആക്കുന്നുണ്ട് കഥാകൃത്ത്.
ദയാവധം, ജീവിതത്തിന്റെ സായന്തനങ്ങളിലെ ഏകാന്തതയും, പുതിയ തലമുറ, പഴയതിനെ, എങ്ങിനെ ഒരു ഷോപീസ് പോലെ ചില്ല്ക്കൂട്ടിൽ വച്ച് സ്നേഹിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു നേർച്ചിത്രമാണ്.
മാരകായുധം, ആൾമാറാട്ടം, ഇറച്ചിമിട്ടായി തുടങ്ങിയവ ലീനിയർ ആയ നരേറ്റീവുകൾ ആണ്. കഥയിലെ രാഷ്ട്രീയം വായനക്കാരന് ആന്തലുളവാക്കുന്നവയാണ്.
ഇന്നിന്റെ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്ന് കണ്ടെടുത്ത കഥകൾ - പ്രത്യേകിച്ച് സ്വവർഗ്ഗ സ്നേഹം, ചൈൽഡ് അബ്യൂസ്, അക്രമരാഷ്ട്രീയം, ഫാസിസം - തുടങ്ങിയവ പോലുള്ള വിഷയങ്ങൾ വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇതൊരുപക്ഷെ കഥാകൃത്തിന്റെ രാഷ്ട്രീയപ്രഖ്യാപനം കൂടിയാണ്.
അടുത്ത കഥാസമാഹാരത്തിനായി വായനക്കാരനെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ...
എഴുത്തുകാരൻ തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണുതുറന്നു വയ്ക്കുന്നതിന്റെ ഫലമാണ് അവന്റെ സൃഷ്ടികൾ. അവന്റെ പ്രതികരണങ്ങൾ, അതെ, സമൂഹത്തിൽ സംഭവിക്കുന്ന ച്യുതികൾക്ക് നേരേയുള്ള പ്രതികരണങ്ങൾ, അതിനു വേണ്ടി അവൻ ആക്റ്റിവിസ്റ്റ് ആകണമെന്നില്ല. തെരുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതില്ല. അവയെക്കുറിച്ച് വായനക്കാരന്റെ ഉള്ളിൽ തട്ടുന്ന രീതിയിൽ എഴുതിയാൽ മാത്രം മതി. ആയിരം ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളേക്കാളും ശക്തമായി സമൂഹ മനസ്സിനുള്ളിൽ അവന്റെ വാക്കുകൾ, കഥകൾ നിറഞ്ഞുനിൽക്കും. അങ്ങനെയുള്ള കഥകളാണ്, ജീവിതങ്ങളാണ് വിനോദ് കൃഷ്ണയുടെ കണ്ണ് സൂത്രം എന്ന സമാഹാരത്തിലെ 13 കഥകളും.
ഇറച്ചിമിഠായി മുതൽ പാമ്പും കോണിയും വരെയുള്ള കഥകളിലെ മിക്കവയും വായനക്കാരന്റെ മുറിവുകളാകുന്നുണ്ട്. വിപരീതത്തിലെ ശിവാനി തന്റെ കാണാതായ, ബലാത്സംഗം ചെയ്യപ്പെട്ട, കൊലചെയ്യപ്പെട്ട ഉറ്റസ്നേഹിത ഉമൈഭാനുവായി സ്കൂളിൽ വേഷപ്രച്ഛന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷം അവളും ഉമൈഭാനുവിന്റെ അതേ അനുഭവങ്ങളിലേക്ക് വീണുപോകുന്നു, മനുഷ്യൻ വേഷങ്ങളാൽ വേർതിരിക്കപ്പെടുന്ന ഭൂമിക നമ്മുടെ മുന്നിലുണ്ട്, പക്ഷെ കാര്യമാക്കിയിട്ടുണ്ടോ? നമ്മളനുഭവിക്കാത്തിടത്തോളം അവയെല്ലാം വാർത്തകൾ മാത്രമാണ്. ഈ സമാഹരത്തിലെ ഏറ്റവും മൂർച്ചയേറിയ കഥയാണ് വിപരീതം.
നിരോധിക്കപ്പെട്ടയൊരു പുസ്തകം വായിക്കുവാൻ ബാറിൽ ഒത്തുചേരുന്ന മൂന്നു സുഹൃത്തുക്കളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ് ഒറ്റക്കാലുള്ള കസേര, ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ രചന, മറ്റൊന്നാണ് മാരകായുധം.
എഴുതാനാണെങ്കിൽ ഇതിലെ എല്ലാ കഥകളെക്കുറിച്ചും ഓരോ പേജ് എഴുതേണ്ടിവരും.
''ഈ പുസ്തകം തന്ന അശാന്തി ഞാന്‍ ശരിയ്ക്കും ആസ്വദിക്കുന്നുണ്ട്.'' ഇതിലൊരു കഥയില്‍ ഒരു കഥാപാത്രം പറയുഞ്ഞവസാനിപ്പിച്ചത് തന്നെയാണ് ഈ കഥകള്‍ വായിച്ചുകഴിഞ്ഞു കഥാകാരനോട് പറയേണ്ടി വരുന്നത്. ഈ കാലത്തിന്റെ അടയാളമാണിത്. ഇരുണ്ട കാലത്തെ കഥകള്‍ ഇരുണ്ടകാലത്തിനെക്കുറിച്ചെഴുതും എന്ന് തന്നയാണ് ''കണ്ണ് സൂത്രം'' പറയുന്നത്. കഥാകാരന് സൃഷ്ടിയ്ക്കുന്ന ചില ദൃശ്യങ്ങളുണ്ട്, എഴുതി വച്ചിരിയ്ക്കുന്ന പ്രയോഗങ്ങളുണ്ട്, രൂപകങ്ങളുണ്ട് രാഷ്ട്രീയ പ്രസ്താവനകളെ മാറ്റി നിര്‍ത്തിയാലും ''കണ്ണ് സൂത്രം'' പ്രിയപ്പെട്ടതാവാന്‍ അതൊക്കെ തന്നെ ധാരളമാണ്. കൃത്യമായ രാഷ്ട്രീയ പ്രസ്താവനയാണ് ഓരോ കഥകളും അത് കൊണ്ട് തന്നെ പലതരത്തിലുള്ള വിയോജിപ്പുകളുമുണ്ട്. പൊള്ളുന്നചൂടാണിത്, മുട്ടറ്റവും പിന്നിട് ഉടലോളം നീറ്റലനുഭവിയ്ക്കുന്ന എഴുത്ത്. ''ഒരു ദിവസം സ്വന്തം ജനത ഗായകനില്‍ ഗര്ജിയ്ക്കും, ലഹരിപിടിപ്പിയ്ക്കുന്ന ഈരടികള്‍ ഞങ്ങള്‍ക്ക് വേണ്ട'' എന്നവര്‍ പാടും. ''അപ്പോള്‍ അവന് തോറ്റംപാട്ടുകള്‍ നിര്‍ത്തി മാറ്റം പാട്ടുകള്‍ പാടും.'' ചുള്ളികാടെന്നോ എഴുതിയ അത്തരമൊരു മാറ്റം പാട്ടാണ് ''കണ്ണ് സൂത്രം'' . ഇരുണ്ട കാലത്ത് വിനോദ് കൃഷ്ണയെന്ന ഗംഭീരനയാ കഥാകാരനിലൂടെ, ക്രാഫ്റ്റ്മാനിലൂടെ, രാഷ്ട്രീയനിരീക്ഷകനിലൂടെ ''കണ്ണ് സൂത്രം'' മലയാളകഥയുടെ മാറ്റം പാട്ടുകള്‍ പാടുന്നു. നമ്മള് ''കത്തുന്ന വാക്കുകള്‍ വായിക്കുന്നു'' . ദേഹമാസകാലം പൊള്ളുന്നു