"This book came to my hand totally by chance. Yet it forced me to seek and befriend a writer unknown to me earlier. That is how deeply seductive it is. A web of words that hooks the reader like a magic spell. Explosive humor that reminds one of past golden eras in the history of literature. An entertaining storyline with a suspenseful climax that disorients the reader and brings them to suffocation. It is with envy that I declare Apasarkkam as my favorite detective story," says Director Renji Panikkar
അവതരണ രീതികൊണ്ട് വളരെ വ്യത്യസ്തമായ നോവൽ. ഇതിന്റെ ഭാഷ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അപസർപ്പകകഥ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് തെളിയിക്കുകയാണ് പ്രശാന്ത് നമ്പ്യാർ ഈ പുസ്തകത്തിലൂടെ. സുഷ്മിതയെ കാണാനെത്തുന്ന സഹോദരനും സുഹൃത്തുമായ മനീഷിലൂടെയാണ് കഥ ആരംഭിക്കുന്നത്. ബാലി എന്നറിയപ്പെട്ടിരുന്ന ഒരു പോലീസുകാരൻ നടത്തിയ കേസന്വേഷണത്തിന്റെ കഥയാണ് മനീഷ് അവൾക്കു മുൻപിൽ തുറന്നിടുന്നത്. കക്കൂസ് കുഴിയിൽ നിന്ന് ഒരു അസ്ഥികൂടം കണ്ടെത്തുകയും അതിനെ ചുറ്റിപ്പറ്റി നടത്തുന്ന അന്വേഷണം വേറെ പല കൊലപാതകങ്ങളിലേക്കും നീളുന്നതിനോടൊപ്പം മനീഷിന്റെ ജീവിതവുമായി ഈ സംഭവം എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുന്നു. ഓരോ വരിയിലും നർമ്മത്തിന് മേമ്പൊടി ചേർത്തിരിക്കുന്നു.
മയ. മഴാംന്നും പറേം, കോലോത്തുള്ളവര്. മയാന്ന്ച്ചാ അമ്മാതിരി മഴ. തിരിമുറിയാത്ത മഴ. തിരിമുറിഞ്ഞാ അത് കൊലോത്തിരിയാവും, ചെലപ്പോ സാമൂതിരിയും എങ്ങനെ തിരിഞ്ഞാലും ആർക്കുമൊട്ടും വിരോധംല്ലതാനും.
ഇങ്ങനെയാണ് പ്രശാന്ത് നമ്പ്യാർ എഴുതിയ അപസർപ്പകം എന്ന ഈ നോവൽ ആരംഭിക്കുന്നത്. ഇതുവായിക്കുമ്പോൾ എന്നിൽ ഒരു പുഞ്ചിരി ഉണർത്താൻ ഈ വരികൾക്ക് കഴിഞ്ഞു, അതുകൊണ്ടുതന്നെയാണ് ഈ വരി ഇവിടെ ചേർത്തതും.
സുഷ്മിതയിലൂടെയാണ് നോവൽ ആരംഭം കോവിലകത്തെ തന്റെ ജീവിതം മനം മടുപ്പിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തു. ഏകാന്തതയുടെ കിരീടമണിഞ്ഞു സുഷ്മിത ഇരിക്കുമ്പോളാണ് തന്റെ സഹോദരനും സുഹൃത്തുമൊക്കെയായ മനീഷിന്റെ വരവുണ്ടെന്നു വിവരം ലഭിക്കുന്നത്. മനീഷിന്റെ വരവ് സുഷ്മിതയെ തീർത്തും സന്തോഷത്തിൽ എത്തിക്കുക മാത്രമല്ല താൻ പൊയ്ക്കൊണ്ടിരുന്ന അവസ്ഥക്ക് താൽക്കാലികമായി സാന്ത്വനവുമേകിത്. തകർത്തുപെയ്യുന്ന തുലാമഴയിൽ തണുപ്പമൂടിയ അന്തരീക്ഷത്തിൽ മനീഷ് പറഞ്ഞുതുടങ്ങിയ കഥ കേട്ടിരിക്കുന്ന സുഷ്മിതയും,അതെ അന്തരീഷം അനുഭവപ്പെട്ടുകൊണ്ട് ഇത് വായിക്കുന്നവരും.
എസ് ഐ ബാലകൃഷ്ണൻ എന്ന ബാലി അന്വേഷണമേറ്റെടുക്കുന്ന ഒരു പഴയ കേസിനെപ്പറ്റിയാണ് മനീഷ് പറഞ്ഞു തുടങ്ങിയത്. അഴീക്കോട് വില്ലജ് ഓഫീസറായ തങ്കമണി അടുത്തിടെ വാങ്ങിയ പഴയൊരു കെട്ടിടം അടങ്ങുന്ന സ്ഥലത്തു വീട് പണിയാനുള്ള തയാറെടുപ്പിൽ പഴയ കെട്ടിടം ഇടിച്ചുപൊളിക്കൽ ആരംഭിക്കുന്നു . അതിന്റെ ഭാഗമായി അവിടെയുള്ള സെപ്റ്റിക് ടാങ്ക് ഇടിച്ചുപൊളിക്കാനായി അതിന്റെ സ്ളാബ് നീക്കിയപ്പോൾ ഉളിലൊരു അസ്ഥികൂടം പണിക്കാർ കാണുന്നു. ആ അസ്ഥികൂടത്തിന്റെ ഉടമയെ തിരക്കിയുള്ള അന്വേഷണയാത്രയിലേക്കാണ് ബാലി ഇറങ്ങി പുറപ്പെട്ടത്. അന്വേഷണത്തിന്റെ ഓരോ ഘട്ടവും ആസ്വാദ്യകരമായാണ് അനുഭവപ്പെട്ടത്. നർമ്മത്തിന്റെ തേര് തെളിച്ചുകൊണ്ട് പ്രശാന്ത് നമ്പ്യാർ മനീഷിലൂടെയും ബാലിയിലൂടെയും മറവിയിലാണ്ടുപോയ അല്ലെങ്കിൽ മറക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ്.
വായനക്കാരനെ ആകർഷിക്കുന്ന എഴുത്തിലൂടെ അവസാനം വരെ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സുള്ള രസകരമായ ഒരു കഥ.
ഇടയ്ക്കിടയ്ക്ക് കുറ്റാന്വേഷണം അല്ലെങ്കിൽ ഹൊറർ വായിച്ചില്ലെങ്കിൽ എനിക്കൊരു സമാധാനം ഇല്ല.എന്താന്ന് അറിഞ്ഞൂടാ ശീലമായിപ്പോയി. അങ്ങനെ ബുക്ക് ക്യാരിയുടെ പേജിൽ കയറി ഇറങ്ങിയും പിന്നെ കുറേപേരുടെ ഒപ്പീനിയന് വിട്ടും കുറച്ചു ബുക്ക് ലിസ്റ്റാക്കി വാങ്ങിച്ചതിൽ കൂടിയതാണ് "അപസർപ്പകം". എടുക്കുമ്പോൾ വല്യ പ്രതീക്ഷ ഒന്നും കൊടുക്കാതെ വായിച്ച പുസ്തകം.
ഭാഷയുടെ ഒരു പ്രത്യേകത കൊണ്ട് തന്നെ തുടക്കത്തിൽ ഒരു മടുപ്പുണ്ടാക്കി.ഒരിച്ചിരി ബുദ്ധിമുട്ടാണ് നമുക്ക് ആ ഭാഷയുടെ ഒഴുക്കിൽ ഒന്ന് തുഴ പിടിക്കാൻ. പിന്നെ വായിച്ച് വായിച്ച് ആ ഭാഷയും അതിലെ നർമ്മവും നമുക്ക് വഴങ്ങും. ക്രൈം ത്രില്ലേറോ കുറ്റാന്വേഷണോമൊക്കെ ഇങ്ങനെയും പറയാമോ എന്നു ചിന്തിച്ചുപോയി. ഇടയ്ക്കെപ്പോഴോ കല്യാണി- ദാക്ഷയണി ഭാഷയൊക്കെ പോലെ തോന്നി. എന്നാലും വലിച്ചു പിടിച്ച് വായിച്ചു. ഒരസ്സൽ ത്രില്ലർ എന്നൊന്നും പറയാൻ ഒക്കില്ലെങ്കിലും,അത്യാവശ്യം നല്ല തോതിൽ അവതരിപ്പിച്ചു എന്നു തോന്നീട്ടുണ്ട് വായിച്ച് തീർത്തപ്പോ.
പഴമയുടെ കഥാപാത്രങ്ങൾ ആണ്. പേരും ഒപ്പം വിശദീകരണങ്ങളും നമ്മളെ ആ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും. കഥയുടെ പലയിടത്തും കൊണ്ടും കൊള്ളിച്ചും ഉള്ള എഴുത്തുകാരന്റെ പ്രയോഗങ്ങൾ ഉണ്ട്. ഒരു ചെറിയ ചിരിയോടെ അല്ലാതെ നമുക്കത് വായിക്കാൻ പറ്റില്ല. അവസാനം പരമാരയുടെ ഒരു സ്റ്റൈൽ ആണല്ലോ എന്നു നമ്മൾ ചിന്തിക്കുമ്പോഴേക്കും,അതപ്പാടെ അതുപോലെ എഴുത്തുകാരൻ തന്നെ അവിടെ പറയുന്നുണ്ട്. കഥയുടെ തീമൊക്കെ നമ്മൾ പലയിടത്തും കണ്ടിട്ടുള്ളതാണ് അല്ലെങ്കിൽ വായിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ആവർത്തന വിരസത തോന്നിയില്ല. ഏകദേശം അവസാനമാകുമ്പോഴേക്ക് ഒരുമാതിരി ക്ലൈമാക്സ് ഒക്കെ എനിക്ക് പിടികിട്ടിയിരുന്നു.