Jump to ratings and reviews
Rate this book

സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ | Sir C P Thiruvithamkoor Charithrathil

Rate this book

556 pages, Paperback

First published March 1, 2003

4 people are currently reading
40 people want to read

About the author

A. Sreedhara Menon

28 books49 followers
Professor Alappat Sreedhara Menon was born on December 18, 1925 at Eranakulam, India.
He completed his M.A. Degree in history as a private candidate from the University of Madras with first rank in 1948.
Went to Harvard University on a Fulbright Travel Grant and a Smith-Mundt Scholarship and secured Masters Degree in Political Science from there with specialization in International Relations.
Worked in various capacities such as Professor of History, State Editor of the Kerala Gazetteers, Registrar of the University of Kerala and UGC visiting Professor in the University of Calicut.
He held many other positions during his eventful career. Apart from compiling eight District Gazetteers of Kerala he has written more than 25 books in English and Malayalam.
In 2008, Indian Government honored him by giving the Padma Bhushan award, India's third highest civilian honor.
His Padma Bhushan citation describes him as
"a distinguished academician from Kerala who has rendered meritorious service to the cause of education and Literature... (and) left his mark as a teacher of History, author of historical works and educational administrator."

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (33%)
4 stars
2 (22%)
3 stars
3 (33%)
2 stars
1 (11%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Dr. Charu Panicker.
1,164 reviews75 followers
October 11, 2021
പഴയ തിരുവിതാംകൂറിന്റെ 1931 മുതല്‍ 1947 വരെയുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പഴയ തലമുറയില്‍പ്പെട്ടവരുടെ സ്മരണയിലെ വിവരങ്ങളും പഴയ ഗ്രന്ഥങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത് എഴുതിയിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കുവേണ്ടി വസ്തുതകള്‍ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം. പ്രധാനമായും സർ സി പി യും അദ്ദേഹം നടപ്പിലാക്കിയ നിയമങ്ങളും അതുവഴി തിരുവിതാംകൂറിന് ഉണ്ടായ മാറ്റവും ഒക്കെയാണ് ഇതിൽ പറയുന്നത്. പല ചരിത്ര രേഖകളിലും സർ സി പി യെ ഒരു ഏകാധിപതിയെപ്പോലെ ചിത്രീകരിച്ചിരിക്കുന്നത് കാണാം. ഈ പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ നല്ല വശങ്ങളാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതൽ തിരുവിതാംകൂർ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വായിക്കാൻ പറ്റിയ പുസ്തകമാണിത്.
Profile Image for Sajith Kumar.
725 reviews144 followers
February 7, 2017
1956-ൽ ഐക്യകേരളം രൂപമെടുക്കുന്നതുവരെ തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തെക്കൻ ഭാഗങ്ങൾ നൂറ്റാണ്ടുകളായി രാജഭരണത്തിൻകീഴിലായിരുന്നു. ശക്തരും സമർത്ഥരുമായ ഭരണാധികാരികൾ വളരെ വിരളമായേ കണ്ടുകിട്ടിയിരുന്നുള്ളൂ. തിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റിയവരിൽ പ്രഥമഗണനീയൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്നെയായിരുന്നു. രാമയ്യൻ ദളവ, രാജാ കേശവദാസ് എന്നിങ്ങനെ അപൂർവം മിടുക്കരും ഭരണം കയ്യാളിയിരുന്നു. എന്നാൽ കൗശലം, ബുദ്ധിശക്തി, ദീർഘവീക്ഷണം എന്നിവയിലെല്ലാം ദിവാൻ പദവിയിൽ വിരാജിച്ച സർ സി. പി. രാമസ്വാമി അയ്യരെ വെല്ലുന്ന ഒരു ഭരണാധികാരി കേരളചരിത്രത്തിൽ അതിനുമുൻപോ പിൻപോ ഉണ്ടായിട്ടില്ല (ദിവാനായിരുന്നത് 1936 മുതൽ 1947 വരെ, ജീവിതം 1879 മുതൽ 1966 വരെ). തിരുവിതാംകൂർ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമായി പ്രതിപാദിക്കുന്നതാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ. ഏ. ശ്രീധരമേനോൻ തയ്യാറാക്കിയ ഈ പുസ്തകം.

സർ സി. പി. രാജാവിന്റെ വിശ്വസ്തനായിരുന്നെങ്കിലും അദ്ദേഹം എങ്ങിനെ കൊട്ടാരത്തിന്റെ വാത്സല്യഭാജനമായി മാറി എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഇക്കാര്യത്തിൽ നല്ലൊരു വിശദീകരണം ലേഖകൻ നൽകുന്നുണ്ട്. രാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1924-ൽ നാടുനീങ്ങി. കിരീടാവകാശിയായ ചിത്തിര തിരുനാൾ ബാലനായിരുന്നതിനാൽ അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മി ബായി റീജന്റായി അധികാരമേറ്റു. റീജന്റിന്റെ ഇളയ സഹോദരിയും കിരീടാവകാശിയുടെ മാതാവുമായിരുന്ന സേതുപാർവതി ബായിയും റീജന്റ് റാണിയും തമ്മിൽ പെട്ടെന്നുതന്നെ അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. ചിത്തിര തിരുനാളിന് പത്തൊമ്പതര വയസ്സാകുന്ന 1932 ആഗസ്റ്റിലേ ഭരണം കൈമാറാനാവൂ എന്നൊരു നിലപാട് ബ്രിട്ടീഷ് സർക്കാരും കൈക്കൊണ്ടു. ഏതുവിധേനയും ഭരണം കൈപ്പിടിയിലൊതുക്കാൻ അമ്മമഹാറാണി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായിരുന്ന സർ സി. പി. യുടെ സഹായം ലഭ്യമായി. സി. പി. ചിത്തിര തിരുനാളിനെ സിംലയിൽ കൊണ്ടുപോയി വൈസ്രോയി വില്ലിങ്ടൺ പ്രഭുവുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി. വൈസ്രോയിയിൽ മതിപ്പുളവാക്കുന്നതിൽ യുവരാജാവ് വിജയിച്ചതിനാൽ 1931 നവംബറിൽതന്നെ അദ്ദേഹത്തെ വാഴിച്ചു. ഇതിനു പ്രത്യുപകാരമെന്നോണം സി. പി.യെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യുഷണൽ അഡ്വൈസർ ആയി നിയമിച്ചു. ഒരു സൂപ്പർ ദിവാൻ എന്ന നിലയിലാണ് അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നത്. ദിവാനെക്കാൾ ഇരട്ടി ശമ്പളം, താമസം വെള്ളയമ്പലം കൊട്ടാരത്തിൽ - അങ്ങനെ സി. പി.യുടെ അവകാശങ്ങൾ ചട്ടങ്ങളിൽനിന്നു പുറത്തേക്കുനീണ്ടു. അഞ്ചുവർഷങ്ങൾക്കുശേഷം ദിവാൻ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു.

ഒട്ടനവധി പുരോഗമനപ്രവർത്തനങ്ങൾ സി. പി. നടപ്പിലാക്കി. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം, 1937-ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്, 1944-ൽ വധശിക്ഷ നിർത്തലാക്കിയത്, 1937-ൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ രൂപീകരണം, 1938-ൽ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിച്ചത്, 1945-ൽ പിന്നീട് SBT ആയി രൂപാന്തരപ്പെട്ട ട്രാവൻകൂർ ബാങ്ക് തുടങ്ങിയത്, ഭരണകൂടത്തിന്റെ ആധുനികീകരണം എന്നിങ്ങനെ ദിവാന്റെ നേട്ടങ്ങൾ നിരവധിയാണ്. എന്നാൽ അധികാരങ്ങളെല്ലാം ദിവാനിൽ കേന്ദ്രീകരിച്ചിരിക്കുക, അദ്ദേഹത്തിന് തന്റെ ഇച്‌ഛാനുസരണം നന്മക്കോ തിന്മക്കോ വേണ്ടി അത് ഉപയോഗിക്കാൻ കഴിയുക, ദുർബലവും വിധേയവുമായ ജുഡീഷ്യറിക്കും നിയമസഭയ്ക്കും അദ്ദേഹത്തെ നിയന്ത്രിക്കാൻ സാധിക്കായ്ക - ഇതെല്ലാം ഉത്തരവാദഭരണം ആഗ്രഹിക്കുന്ന ജനങ്ങളും ദിവാനും തമ്മിൽ നേരിട്ടൊരു ഏറ്റുമുട്ടലിൽ എത്തിച്ചു. സ്വജനപക്ഷപാതം എന്ന ആരോപണവും ഒറ്റയ്ക്കും തെറ്റക്കും സി. പി. യെ തേടിയെത്തി. തീർത്തും പിന്തിരിപ്പനായ ഏതാനും നടപടികളും അദ്ദേഹം നടപ്പിൽ വരുത്തി. 1938-ലെ നിയമഭേദഗതി മൂലം രാജ്യദ്രോഹകരമായ കുറ്റങ്ങൾക്ക് ശിക്ഷയുടെ ഭാഗമായി ചാട്ടയടി ഏർപ്പെടുത്തി. ദിവസക്കൂലിക്ക് പൊലീസിലേക്ക് ആളെ എടുക്കുക എന്ന വിചിത്രമായ നയം സി. പി. കൈക്കൊണ്ടതാണ്. അഞ്ചുരൂപാ പോലീസ് എന്നറിയപ്പെട്ടിരുന്ന സർക്കാരിന്റെ ഈ ഗുണ്ടാസംഘത്തിലേക്ക് NSS വൻതോതിൽ സേവകരെ സംഭാവന ചെയ്തിരുന്നു എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു. ശ്രീമൂലം പ്രജാസഭ സമൂഹത്തിലെ ഉന്നതജാതിക്കാർക്കുമാത്രം പ്രാപ്യമായ നിയമസഭയായിരുന്നു. സഭയിൽ നായന്മാർ മഹാഭൂരിപക്ഷമായിരുന്നത് ഭൂനികുതി നല്കുന്നവർക്കുമാത്രം വോട്ടവകാശം അനുവദിച്ചിരുന്നതുകൊണ്ടാണ്. സംസ്ഥാനവരുമാനത്തിന്റെ 17% മാത്രമേ ഭൂനികുതിയായി ലഭിച്ചിരുന്നുള്ളൂ. മൊത്തവരുമാനത്തിന്റെ 34.7% വരുന്ന എക്സൈസ്, കസ്റ്റംസ് തീരുവകൾ വോട്ടവകാശത്തിന്റെ മാനദണ്ഡമായിരുന്നില്ല. ഈ തീരുവകൾ നല്കിയിരുന്നവരിൽ മഹാഭൂരിപക്ഷവും ഈഴവരും കൃസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നു. 1938-ൽ കൊച്ചിയിൽ ഉത്തരവാദഭരണം നിലവിൽ വന്നപ്പോൾ തിരുവിതാംകൂറിന് പത്തുവർഷം കൂടി അതിനായി കാത്തിരിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റുകളെ അടിച്ചമർത്താൻ സി. പി. കൈക്കൊണ്ട നടപടികളാണ് ചരിത്രത്തിൽ അദ്ദേഹത്തിന് പ്രതിനായകസ്ഥാനം നേടിക്കൊടുത്തത്. ഉത്തരവാദഭരണപ്രക്ഷോഭം അക്രമാസക്തമായപ്പോൾ 1938-ൽ വാരിക്കുന്തങ്ങളുമായി ആലപ്പുഴയിൽ പോലീസിനെ നേരിട്ട പ്രക്ഷോഭകർക്കു നേരെയുണ്ടായ വെടിവെപ്പിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അസ്വാരസ്യം തുടങ്ങുന്നത്. രണ്ടുപേരേ കൊല്ലപ്പെട്ടുള്ളൂ എങ്കിലും ആ നടപടി കഠിനഹൃദയനാണ് ദിവാൻ എന്ന തോന്നലുളവാക്കി. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യയുടെ ആജ്ഞാനുസരണം കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരെ സഹായിച്ചത് ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. 'കമ്യൂണിസ്റ്റ് പാർട്ടിയിൽ 50 ശതമാനമെങ്കിലും ഗവണ്മെന്റിന്റെ പക്ഷത്തുണ്ടെന്നതാണ് ഏറ്റവും ആശ്വാസദായകം' എന്ന് സി. പി. രേഖപ്പെടുത്തുന്നുണ്ട് (പേജ് 273). കാര്യങ്ങൾ പിടിവിട്ടുപോയത് യുദ്ധാനന്തരം 1946-ലെ പുന്നപ്ര-വയലാർ സമരത്തോടെയാണ്. സ്വാതന്ത്ര്യം ലഭ്യമാകും എന്ന നില വന്നതോടെ അതുവരെ ബ്രിട്ടീഷ് ഭരണത്തെ സഹായിച്ചിരുന്ന കമ്യൂണിസ്റ്റുകൾ സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ശൈശവസർക്കാരിനെ മറിച്ചിട്ട് സോവിയറ്റ് മോഡൽ സർവാധി���ത്യം നടപ്പാക്കാമെന്ന് കിനാവുകണ്ടു. 1946 സെപ്റ്റംബർ 2-ന് ജവഹർലാൽ നെഹ്രു ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇടതുപക്ഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യൻ ചിയാങ് കൈഷക്ക്' എന്നാണ്. തെലങ്കാന സമരം, ബംഗാളിലെ തേഭാഗ പ്രസ്ഥാനം എന്നിവയൊക്കെ സർക്കാരിനെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഉത്തരവാദഭരണം സ്ഥാപിക്കാനെന്ന വ്യാജേന പുന്നപ്രയിലും വയലാറിലും നൂറുകണക്കിനാളുകളെ കമ്യൂണിസ്റ്റുകൾ സംഘടിപ്പിച്ചു. സ്ഫോടനാത്മകമായ സ്ഥിതി മയപ്പെടുത്താൻ SNDP യോഗം നേതാവായിരുന്ന ആർ. ശങ്കർ ദിവാന്റെ അനുമതിയോടെ ഒരു സമാധാനശ്രമം നടത്തിനോക്കിയെങ്കിലും നേതാക്കളായിരുന്ന ടി. വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, കെ. സി. ജോർജ്ജ്, സി. കെ. കുമാരപ്പണിക്കർ, കെ. വി. പത്രോസ്, എം. എൻ. ഗോവിന്ദൻ നായർ എന്നിവരുടെ കടുംപിടിത്തം മൂലം അതു വിജയിച്ചില്ല. 1946 ഒക്ടോബർ 24-27 തീയതികളിൽ നടന്ന സായുധവിപ്ലവത്തിൽ നൂറുകണക്കിനാളുകൾ രക്തസാക്ഷികളായെങ്കിലും നേതാക്കളെല്ലാവരും വിദഗ്ദ്ധമായി മുങ്ങിക്കൊണ്ട് ഒരു പോറൽ പോലും ഏൽക്കാതെ സ്വന്തം തടി രക്ഷപ്പെടുത്തി. പുന്നപ്ര-വയലാറിന്റെ സമരോർജ്ജം അവരിൽ ചിലരെ ഭാവിയിൽ മന്ത്രിമാരുമാക്കി. സർക്കാർ നിയോഗിച്ച മധ്യസ്ഥരോട് തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ ദിവാൻ ഭരണം അവസാനിപ്പിക്കണം, ഉത്തരവാദഭരണം അനുവദിക്കണം എന്നിങ്ങനെ മധ്യസ്ഥർക്ക് ഇടപെടാൻ പറ്റാത്ത വിഷയങ്ങളാണ് നേതാക്കൾ ഉയർത്തിയത്. പോലീസിന്റെ തോക്കിൽ ഉണ്ടയുണ്ടാവില്ല എന്ന് അണികളെ തെറ്റിദ്ധരിപ്പിച്ചുനടത്തിയ പ്രക്ഷോഭത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിന് വിശ്വസനീയമായ കണക്കുകളില്ല. 190 മുതൽ 7000 വരെയുള്ള സംഖ്യകൾ ഉള്ളപ്പോൾ ആയിരമാകാം എന്ന ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു.

പിന്നീട് അമേരിക്കൻ മോഡൽ എന്നറിയപ്പെട്ട പ്രസിഡൻഷ്യൽ സമ്പ്രദായം സി. പി. യുടെ സ്വന്തം അഭിപ്രായമായിരുന്നു എന്നതിന് അദ്ദേഹം 1928-ൽ നടത്തിയ ഒരു പ്രഭാഷണം തെളിവായി സമർത്ഥിക്കപ്പെടുന്നു. പാർലമെന്ററി സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം 1939-ൽ തന്റെ മകനെഴുതിയ കത്തിൽ പ്രകടവും രസകരവുമാണ്. അദ്ദേഹം പറയുന്നു, "പാർലമെന്ററി ഗവൺമെന്റെന്ന പേരിലറിയപ്പെടുന്ന ഈ സംവിധാനം ഒരു കുരുക്കും മിഥ്യാബോധവുമാണെന്നു കാലം ചെല്ലുംതോറും എനിക്കു വ്യക്തമായിവരുന്നു. ഇംഗ്ലണ്ടിൽ ഇതു വിജയിച്ചത് അവിടത്തെ ജനസമൂഹത്തിന്റെ മുതലാളിത്തസ്വഭാവം കൊണ്ടും ജനങ്ങളുടെ കപടനാട്യം കാരണവും ആംഗ്ലോ-സാക്സൺ സമുദായത്തിന്റെ സർവ്വവ്യാപിയായ രാഷ്ട്രീയപിത്തലാട്ടവും മുകൾത്തട്ടിലുള്ളവരേക്കാൾ യാഥാസ്ഥിതികരായ താഴേക്കിടയിലുള്ളവരുടെ പൊങ്ങച്ചവും കൊണ്ടുമാണ്" (പേജ് 281). ദിവാൻ നടപ്പാക്കാനുദ്ദേശിച്ച എല്ലാ ജനദ്രോഹനടപടികളും രാജാവിന്റെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണെന്ന വസ്തുത ഗ്രന്ഥകാരൻ പലതവണ ആവർത്തിച്ചു സ്ഥാപിക്കുന്നുണ്ട്. രാജാവിന്റെ വിശ്വസ്ത ദാസനായിരുന്നു സർ സി.പി. കേരളരാഷ്ട്രീയത്തിലെ വർഗീയതയുടെ അതിപ്രസരത്തിനുകാരണം ഇവിടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത് ജാതി, മത സംഘടനകളുടെ മേൽനോട്ടത്തിൽ ആയിരുന്നതുകൊണ്ടാണെന്ന് നമുക്കു കാണാൻ കഴിയും. നിവർത്തനപ്രക്ഷോഭണവും ഈഴവ-കൃസ്ത്യൻ-മുസ്ലിം സംഘടനകൾ യോജിച്ചുണ്ടാക്കിയ സംയുക്ത രാഷ്ട്രീയ കോൺഗ്രസ്സും ഉദാഹരണങ്ങൾ. മുല്ലപ്പെരിയാർ പ്രശ്നം, അമേരിക്കൻ മോഡൽ, ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കിന്റെ തകർച്ച ഇവയിലൊക്കെ സി. പി വഹിച്ച പങ്ക് വിശദമായിത്തന്നെ ലേഖനത്തിൽ കാണാം. ബാങ്കിന്റെ തകർച്ചയിലേക്കു നയിച്ചത് ദിവാന്റെ കൃസ്ത്യൻ വിരോധമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയായി 1939-ൽ സി. പി.യുടെ ഷഷ്ടിപൂർത്തി പ്രമാണിച്ച് സിറിയൻ കൃസ്ത്യൻ സമുദായം 3000 രൂപ വിലമതിക്കുന്ന സ്വർണപ്പേടകം സമ്മാനിച്ചതാണ് ചൂണ്ടിക്കാണിക്കാനുള്ളത്. സി. പി. അത് നന്ദിപൂർവ്വം മ്യൂസിയത്തിലേക്ക് നൽകി.

ആഖ്യാനസൂക്ഷ്മത, വിവരസമ്പന്നത എന്നിവയിലൊക്കെ ഉന്നതനിലവാരം സൂക്ഷിക്കുന്ന ശ്രീധരമേനോന്റെ പാണ്ഡിത്യം ഈ പുസ്തകത്തിലും തെളിഞ്ഞുകാണാം. 23 അനുബന്ധങ്ങളിലായി ആ സൂക്ഷ്മത ദൃശ്യമാണ്. സി. പി.യുടെ വ്യക്തിജീവിതത്തിന്റെ ഒരു ഭാഗികചിത്രം മാത്രമേ പുസ്തകം നല്കുന്നുള്ളൂവെങ്കിലും അദ്ദേഹത്തെ സന്ധിച്ച വൈസ്രോയിയുടെ മിലിറ്ററി അഡ്വൈസർ സർ. ഫ്രാൻസിസ് വൈലിയുടെ കണ്ടെത്തൽ നൂറുശതമാനവും ശരിയാണെന്നു കരുതേണ്ടിവരും. അദ്ദേഹം എഴുതി, "എല്ലാ ഗുണങ്ങളുമുള്ള സർ സി. പി. ഇത്രത്തോളം സൂത്രശാലിയാകാതിരുന്നെങ്കിൽ വളരെ വലിയൊരു മഹാനായേനെ!".

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.