മനുഷ്യ ബന്ധങ്ങള്‍ - പ്രത്യേകിച്ച് ഭാര്യ ഭര്‍ത്തൃബന്ധം – സുഗമമാഗണമെങ്കില്‍ ആശയ വിനിമയങ്ങള്‍ ശരിയാം വിധമായിരിക്കണം. ആശയ നിമയങ്ങള്‍ ശരിയാവണമെങ്കില്‍ അവയെക്കുറിച്ചും അവയുളവാക്കുന്ന പരിണിതഫലങ്ങളെക്കുറിച്ചും നല്ല ബോധമുണ്ടായിരിക്കണം. വവ്വാലുകള്‍, തേനീച്ചകള്‍, ഉറുമ്പുകള്‍ മുതലായ ജീവികളുടെ ആശയവിനിമയങ്ങളെ കുറിച്ച് ശാസ്ത്രീയമായി കീറിമുറിച്ചു അപഗ്രഥിച്ചു സ്കൂളുകളില്‍ വെച്ചും മറ്റും പഠിക്കുന്ന നാം, നിര്‍ഭാഗ്യവശാല്‍ ജീവനകലയുടെ മുഖ്യമായ നമ്മുടെ ആശയവിനിമയങ്ങളെ കുറിച്ച് നാം ആഴത്തില്‍ പഠിക്കുന്നില്ല. അതുകൊണ്ട് തന്നെ 'ഊണ് റെഡിയായോ?’ എന്ന് ചോദിക്കുന്ന ഭര്താവിനോട് ‘ഗ്യാസ് തീര്‍ന്നിട്ട് നാല് ദിവസമായി’ എന്ന മറുപടി ഭാര്യയില്‍ നിന്നും ലഭിക്കുന്നു. ഓഫീസിലേക്കിറങ്ങുന്ന ഭര്‍ത്താവ് ‘എന്‍റെ വാട്ടര്‍ ബോട്ടില്‍ നീ എവിടെയാണ് കൊണ്ടിട്ടെ?’ എന്ന് ചോദിക്കുമ്പോള്‍ ‘നിങ്ങളെ കണ്ണിനെന്താ കാഴ്ചയില്ലാതെയായിപ്പോയോ? വാട്ടര്‍ ബോട്ടില്‍ അടുക്കളയിലെ മേശക്കടിയില്‍ ഉണ്ടെന്നറിയില്ലേ.....?’ എന്ന് ഭാര്യ ഉത്തരം നല്‍കുന്നു. ഇത്തരത്തിലുള്ള നിഷേധാത്മക സംഭാഷണങ്ങള്‍ നാം പോലും അറിയാതെ ബന്ധങ്ങളെ തകര്‍ക്കുന്നു. ഇത് നിത്യേന കണ്ടും കേട്ടും വളരുന്ന കുട്ടികള്‍ - അവരുടെ സര്‍ഗാത്മകതകള്‍ക്ക് വികസിക്കാനാകാതെ - നിഷേധാത്മക സ്വഭാവതിലേക്ക് നീങ്ങുന്നു. ഇവയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം നിങ്ങള്ക്ക് കാണിച്ചു തരുന്നു. ജീവിതത്തില്‍ യഥാര്‍ഥ സംതൃപ്തിയും ആനന്ദവും കൊണ്ടുവരുന്ന ഒരു പ്രായോഗിക മാറ്റത്തിനായി തയ്യാറെടുക്കുക... നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എന്താണോ അതാണ് ഈ പുസ്തകം.