കേരളീയ സമൂഹം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങളുടെ കാര്യത്തിൽ പ്രധാനം ഇവിടത്തെ ജാതി വ്യവസ്ഥയുടെ സങ്കീർണ്ണതയെ അത് എങ്ങനെ കൈകാര്യം ചെയ്തു എന്നുള്ളതായിരിക്കും എന്നെനിക്കു തോന്നുന്നു. ബ്രാഹ്മണന് 32 അടി പിറകിൽ ക്ഷത്രിയനും 64 അടി പിറകിൽ ശൂദ്രനും നടക്കുക എന്ന രീതിയിലുള്ള വിചിത്രതകൾ നിറഞ്ഞ ഒന്നായിരുന്നു അത് - അത് കേൾക്കുമ്പോഴേ നമുക്കറിയാം എപ്പോഴും ആരോപിതനാകുന്നത് ശൂദ്രനായിരിക്കും എന്നത്. ഇതിൽ തന്നെ ഉപജാതികളും, ഉപജാതികളിലെ ജോലിവിഭജനങ്ങളും, ഒരു ജാതിയുടെ ജോലി വേറൊരു കൂട്ടർ ചെയ്യായ്ക തുടങ്ങി പ്രത്യക്ഷത്തിൽ മനസ്സിലാക്കിയെടുക്കാൻ തന്നെ പ്രയാസം നേരിടുന്ന ഒരു വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്നുള്ളത് ഇപ്പോൾ ചിന്തിച്ചെടുക്കുക പ്രയാസം. ഈ ജാതിബോധം മറ്റു മതങ്ങളിലേക്കും പകർത്തപ്പെട്ടിട്ടുണ്ട് (ഒസ്സാന്മാർ, പൂസലാന്മാർ). കാലക്രമേണ ഉന്നതജാതികളുടേതായ സവിശേഷതകൾ കീഴ്ജാതിക്കാർ കയ്യാളുന്നതായും കാണാം ( ആന/കഥകളിക്കമ്പം) - അങ്ങനെ പഴയതിന്റെ ജീർണ്ണതയിൽനിന്നും പുതിയ തരം ആഢ്യത സൃഷ്ടിക്കപ്പെടുന്നു. പഴയ വ്യവസ്ഥ തിരികെ വരാൻ കഠിന പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ ഇപ്പോഴും കാണാം. അധികാരവുമായി ബന്ധപ്പെട്ടാണ് ജാതി രൂപപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത്, ഒറ്റ നോട്ടത്തിൽ അധികാരം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് തോന്നാമെങ്കിലും ജാതി സമൂഹങ്ങളിൽ അതിനെ micromanage ചെയ്യുന്നതാണ് പതിവ്. കോർപ്പറേറ്റ് ലോകത്തെ ആ വാക്ക് തന്നെ ചൂഷണം ഉറപ്പു വരുത്താനുള്ള ഉപാധിയാണ്. ഇങ്ങെനെയുള്ള ഒരു സിസ്റ്റത്തിനകത്ത് കീഴാള ജീവിതം എങ്ങനെയായിരുന്നു എന്ന് പോപ്പുലർ സാഹിത്യത്തിൽ സൂക്ഷ്മാംശത്തിൽ രേഖപ്പെടാൻ തുടങ്ങിയിട്ട് അധികാലമൊന്നുമായില്ല.
കഴിഞ്ഞ ദിവസം പ്രാദേശികഭാഷയിലും, സംസ്കാരങ്ങളിലും ഊന്നിയുള്ള എഴുത്തുകളെപ്പറ്റി പറഞ്ഞതിനു പിന്നാലെ പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ "എരി" കയ്യിലെത്തിയത് യാദൃശ്ചികതയാകാം. എരി മേൽപ്പറഞ്ഞ വ്യവസ്ഥയുടെ താഴേ തട്ടിൽ നിന്ന് മേലേക്കുള്ള കാഴ്ചയുടെ വിവരണമാണ്, ഒറ്റവാചകത്തിൽ. എരി എന്ന കഥാപാത്രത്തെ നവോത്ഥാന സമരങ്ങളുടെ പശ്ചാത്തലത്തിലേക്കു ചേർത്ത് വെച്ച് ചരിത്ര നിർമ്മിതിക്കൊരുങ്ങുകയാണ് ഗവേഷകനായ ആഖ്യാതാവ്. എന്നാൽ രേഖപ്പെടുത്തപ്പെട്ട ഒന്നുമില്ലാത്ത, വാമൊഴിയിൽ മാത്രമുള്ള ഒരുവനെ എങ്ങനെയാണ് ചരിത്രം എന്ന വസ്തുതാകേന്ദ്രീകൃതമായ ഒരു ശാഖയിലേക്ക് ഉൾക്കൊള്ളിക്കുന്നത് എന്ന സംശയം അയാൾക്കെപ്പോഴുമുണ്ട്. അയാൾ എരിയെപ്പറ്റി കേൾക്കുന്നതെല്ലാം മിത്തുകളിലെന്നതുപോലുള്ള വീരകഥകളാണ്. അതിൽ നിന്ന് സത്യത്തെ വേർതിരിച്ചെടുക്കുന്ന ആയാസ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ് അയാൾ. താനടക്കമുള്ള കീഴാളജനതയെക്കുറിച്ചുള്ള പഠനം എന്നത് അയാളെ ഉത്തേജിപ്പിക്കുന്നുണ്ട്. ഇവിടെ ഓർക്കാനുള്ളത് എരി എഴുതി മുഴുവനാക്കപ്പെട്ട നോവലല്ല എന്നതാണ്, മാത്രമല്ല പലയിടങ്ങളിൽ ആവർത്തിക്കുന്ന പ്രയോഗങ്ങളും, ഇമേജറികളും, എരി എന്ന കഥാപാത്രത്തിനെ അമാനുഷികനാക്കുന്ന സന്ദർഭങ്ങളുടെ ആധിക്യവും എല്ലാമായി എഡിറ്റിംഗ് പ്രോസസ്സ് മുഴുവനാക്കാത്ത ഒന്നാണ്. എന്തുകൊണ്ട് എരി വീരനായകനാകുന്നു എന്നതാണ് ആദ്യ ചോദ്യം. മേൽപ്പറഞ്ഞ സങ്കീർണ്ണതകളെ മറികടക്കാൻ ആകില്ല എന്ന ബോധം ഉറഞ്ഞുപോയ ഒരു സമൂഹത്തിൽ അതിമാനുഷർക്കേ അത്തരമൊരു സാഹസകൃത്യം സാധിക്കൂ എന്നതായിരിക്കാം കാരണം എന്ന് തോന്നുന്നു. മുഖ്യധാരയിൽ ഇത്തരം ആരാധനാബിംബങ്ങൾ ജാതിവ്യവസ്ഥയെ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത് എങ്കിൽ കീഴാളരിൽ അതിനെതിരെയാണ് അവ പ്രവർത്തിക്കുന്നത്. എരിയെപ്പറ്റിയുള്ള ഓരോ കഥകളും ഇങ്ങനെ പൊലിപ്പച്ചെടുത്തവയാണ്. എന്നാൽ എരി പോലും ചില വ്യവസ്ഥകൾ പാലിക്കുന്നതായിക്കാണം ( അറുപത്തിനാലടിയുടെ കണക്ക് ആവർത്തിക്കുന്നത്, അതുപോലെ തീണ്ടൽ ഒഴിവാക്കാൻ റോഡുപയോഗിക്കാതെ പുഴയിലൂടെ തുഴഞ്ഞുപോകുന്നത് തുടങ്ങിയവ). ഒരു സിസ്റ്റത്തെയും പൂർണ്ണമായി നിരാകരിച്ചു അതിൽ നിന്ന് സ്വാതന്ത്ര്യം നേടുക സാദ്ധ്യമല്ല എന്നയാൾക്ക് ബോധ്യമുണ്ട് (മത വിശ്വാസികളോട് ഒറ്റയടിക്കു അതുപേക്ഷിക്കാൻ പറയുന്നതുപോലെ), എരിയുടെ കായബലം പ്രശസ്തമാണ്, എന്നിട്ടും അയാൾ സംഘർഷം കഴിവതുമൊഴിവാക്കുന്നു.
എരി അറിവിനെക്കുറിച്ചുള്ള അന്വേഷണമാണ് ഒരർത്ഥത്തിൽ. ആ അറിവ് എരി എന്ന വ്യക്തിയുടെ മാത്രമല്ല, ജാതിയുടെ, നാട്ടറിവുകളുടെ രേഖപ്പെടുത്താതെ മണ്മറഞ്ഞുപോകുന്നവയുടെ എല്ലാം ചരിത്രവുമാണ് - ഈ അറിവുകൾ രേഖപ്പെടുത്തപ്പെടാതെ പോകുന്നതാണ് അവയുടെ ദുര്യോഗം, അത് ചെയ്യാനുള്ള അറിവ് കീഴാളർ ആർജ്ജിക്കുന്നുമില്ല, അതിനുള്ള സാഹചര്യങ്ങൾ ഒരിക്കലും സൃഷ്ടിക്കപ്പെടുന്നില്ല. ജാതിയുടെ ചെറിയ അറകളിൽ അടഞ്ഞുപോകുന്നവ അങ്ങനെ എന്നെന്നേക്കുമായി നഷ്ടമാകുന്നു, പൊതുവായുള്ളത് വാമൊഴിയിലും. പല നാട്ടറിവുകളും സമാഹരിക്കുന്നത് വിദേശീയരാണ്. ഇതിന് വിഘാതമായി അക്കാലം വരെ നിന്നതു ജാതിയും. ജാതി എന്നത് എത്ര വിപുലമായ സ്വാധീനമായാണ് അനുഭവപ്പെടുന്നത് എന്ന് കാണുക.
ദീർഘകാലം ജീവിച്ച ആളാണ് എരി എന്ന് നോവലിൽ സൂചനയുണ്ട്. വാർധക്യകാലത്തും അയാൾ ചെറുപ്പത്തിൽ തുടങ്ങിവച്ച പ്രവർത്തങ്ങൾക്ക് ഫലപ്രാപ്‌തിയായിട്ടില്ല. എരിയുടെ അച്ഛന്റെ പേര് ചോദിക്കുമ്പോൾ പറയന് പേരില്ല, "എടാ പറയാ" എന്നാണ് അവനെ എല്ലാവരും വിളിക്കുക എന്ന് ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. പറയന് പേറെടുക്കാൻ വയറ്റാട്ടി ചെല്ലാത്ത കാലമാണ്. ആ നിലയിൽ നിന്നാണ് പശുവിനെ തിന്നില്ല എന്ന നിലപാടിലേക്ക് അവരെ മാറ്റാൻ എരിക്ക് കഴിയുന്നത്, അതുവരെ അവർ കൃഷി ചെയ്തിട്ടില്ല, പട്ടിണിമാറ്റാൻ അവരതിലേക്ക് തിരിയുന്നു. അടുത്ത പ്രളയകാലത്തു അവർക്ക് മറ്റു സ്ഥലങ്ങളിലെ പറയരെയും അതുകൊണ്ടു തീറ്റാൻ കഴിഞ്ഞു. പട്ടിണി കിടന്നപ്പോഴും അവർ പശുവിനെ തിന്നാൻ നിന്നില്ല. ഉയർന്ന ജാതികളുടെ ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ എരിയുടെ കായബലത്തിനു മുന്നിൽ നിലനിൽക്കുന്നില്ല. എന്നാൽ ഇവിടെ വച്ച് നോവലിന്റെ അപൂർണ്ണത വായനയെ തടസ്സപ്പെടുത്തുന്നു. എരിയുടെ അമാനുഷിക പരിവേഷത്തിനായി ഓർമ്മകളായും, പാട്ടുകളായും, ഓലകളായും വരുന്നതൊക്കെ കേവല ആവർത്തനങ്ങളായി മാറുന്നു.
ഒരു ഗവേഷകന്റെ മനസ്സ് തീർച്ചയായും ഈ പുസ്തകത്തിന് പിന്നിലുണ്ട്. ഒരിടത്തു വികാര വിക്ഷോഭിതനായി നോവലിലെ ഗവേഷകൻ തന്റെ അധ്വാനത്തെ, എരിയെപ്പറ്റി അശ്യകതയെ പഠിക്കേണ്ടതിന്റെ പ്രതിരോധിക്കുന്നുണ്ട്. ആ ഒരു വികാരത്തിലായിരിക്കണം നോവലിന്റെ എഴുത്തും നടന്നിട്ടുണ്ടാകുക. അതാണ് മേൽപ്പറഞ്ഞ വീരകഥകളുടെ ആധിക്യത്തിനും കാരണം. അത് വായനക്കാരന്റെ വശത്തുനിന്നും വസ്തുനിഷ്ഠമായി നോക്കുമ്പോൾ അവർത്തനവിരസമാണ്. കൂടാതെ എരി എന്ന കഥാപാത്രമല്ലാതെ മറ്റാർക്കും വേണ്ടത്ര മിഴിവില്ല, കഥയിൽ ആവശ്യത്തിലധികം പേരുണ്ട് താനും, അനാവശ്യ ഉപകഥകളും. എരി ഒരു പക്ഷെ സമുദായത്തിന്റെ കൂട്ടായ ബോധത്തെ പ്രതിനിധീകരിക്കുന്നതാകാം. നോവലിസ്റ്റിന് ഇതെഴുതി പൂർത്തിയാക്കാനായിരുന്നെങ്കിൽ എന്ന് വായനക്കാരന് തോന്നും. എങ്കിലും, ജാതിയെക്കുറിച്ചും നമ്മുടെ പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്ന സവർണ്ണതയോടുള്ള വിധേയത്വത്തെക്കുറിച്ചും (ഭാഷയിലും, ആചാരത്തിലും എല്ലാം) കൂടുതൽ ചർച്ചകളും മറ്റും നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു അത്തരം വ്യവഹാരങ്ങളിലേക്ക് ചേർത്തുവെക്കാവുന്ന പുസ്തകം തന്നെയാണ് എരി.