നാൽക്കവലയിലെ ആൾക്കൂട്ടം
നാലായിപിരിഞ്ഞൊഴുകി,
അതിലൊരുവൻ തിരസ്കൃതൻ
അവന്റെ പേര് ഏകാകി"
-ഭ്രാന്തൻ-എ.അയപ്പൻ
സമൂഹത്തിൽ നിന്ന് സ്വയം ബഹിഷ്കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് പുണ്യവാളൻ(പുണ്യാളൻ) എന്നാണ് വിളിച്ചിരുന്നതെത്രേ.കവിയും നാടകകൃത്തുമായ ഴാൻ ഴെനെയുടെ ജീവചരിത്രത്തിന് സാർത്ര് നൽകിയ പേര് 'സെയിന്റ് ഴെനെ'എന്നാണ്.മലയാളത്തിന്റെ പ്രിയ കവി അയ്യപ്പനെ മുകുന്ദൻ സെയിന്റ് അയ്യപ്പൻ എന്നു വിളിച്ചതും ഇതിന്റെ ചുവട് പിടിച്ചാണ്.വിശുദ്ധന്മാരുടെയും മനുഷ്യസഹജവാസനകളുടെയും ആഖ്യാതാവ് എന്ന് ടി.ഡി രാമകൃഷ്ണനെ ഞാൻ വിളിച്ചാൽ അത് അവിവേകമാകുമോ?
"Give a man a mask and he'll become his true self"-എന്നത് Dark knightലെ ജോക്കറിന്റെ പ്രശസ്തമായ ഡയലോഗാണ്.അതിനെ ഒരൽപ്പം തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു, മനുഷ്യർ മുഖത്തു സൂക്ഷിച്ചിട്ടുള്ള മുഖം മൂടി മാറ്റിയാൽ അയാളുടെ യഥാർത്ഥസ്വഭാവം പ്രകടിപ്പിക്കും.'വാസനകളുടെ നിഷേധമാണ് സംസ്ക്കാരമെന്ന ഫോയ്ഡിയൻ പ്രസ്താവവും സംസ്ക്കാരത്തിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ നിഷേധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത വാസനകളുടെ അധോലോകമാണ് അബോധമെന്ന ലാക്കാനിയൻ വ്യാഖ്യാനവും' നമ്മുക്കിവിടെ ഓർക്കാം.
"സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എല്ലായിടത്തും ചങ്ങലകെട്ടുകളാൽ ബന്ധിതനാണ്"-എന്ന് പറഞ്ഞത് റൂസ്സോ ആണ്,മതത്തിന്റെ ചങ്ങലക്കെട്ടുകൾ,കുടുംബത്തിന്റെ ചങ്ങലക്കെട്ടുകൾ,സമൂഹത്തിന്റെ, സംസ്ക്കാരവും മനുഷ്യനിൽ സൃഷ്ടിക്കുന്നത് ചങ്ങലകെട്ടുകൾ തന്നെയാണ്.എങ്കിൽ പോലും ആനന്ദ് മരണസർട്ടിഫിക്കറ്റിൽ എഴുതിയതു പോലെ "മുക്തനാവാൻ അനുവദിക്കാതിരിക്കുക മാത്രമല്ല തടവ്, മുക്തനാവാൻ മോഹിപ്പിക്കുക കൂടിയാണ്" എന്ന പ്രസ്ഥാവനയെ പരിഗണിച്ചാൽ സമൂഹത്തിന്റെയും സംസ്ക്കാരത്തിന്റെയും ചങ്ങലകെട്ടുകളിൽ നിന്ന് പുറത്തു വരാൻ ബഹുഭൂരിപക്ഷവും പുറമേയെങ്കിലും ആഗ്രഹിക്കുന്നില്ല എന്നു മനുസ്സിലാക്കാം.ആ തടവിനള്ളിലാണ് തങ്ങളുടെ ജീവിതം എന്ന ബോധമാകാം,അല്ലെങ്കിൽ ആ തടവ് സൃഷ്ടിക്കുന്ന സ്ഥാപനങ്ങളോടുള്ള ഉപഭോദമനസ്സിന്റെ ഭയമായിരിക്കാം ഇതിന് പിന്നിൽ.
"മരണം മരിച്ച മനുഷ്യനെ മാത്രമല്ല,അവന്റെ മരണത്തിന്റെ കാരണത്തെയുമല്ല,അവൻ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൂടി ഇന്നിനി കാണാത്തവിധം നശിപ്പിക്കുന്നു"- എന്ന് മരണസർട്ടിഫിക്കറ്റിൽ ആനന്ദ പറഞ്ഞിട്ടുണ്ട്.മരണത്തോടെ വിസ്മൃതിയിലേക്ക് നീങ്ങുന്ന ഈ ജീവിതം ആർക്കുമുന്നിലും അടിയറവെക്കാൻ തയ്യാറാകാതെ സമൂഹത്തിൽ നിന്നും സദാചാരസങ്കൽപ്പങ്ങളിൽ നിന്നും സ്വയം ബഹിഷ്കൃതനാകുന്ന,സ്വയം ഇറങ്ങിപോന്ന കഥാപാത്രങ്ങളെയാണ് ടി.ഡി രാമകൃഷ്ണൻ ആവിഷ്ക്കരിക്കുന്നത്,മനുഷ്യന്റെ അടിസ്ഥാനപരമായ ആദിമ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന കഥാപാത്രങ്ങളെ.
"മനുഷ്യൻ ഒരു മഹാരഹസ്യമാണ്.ആ രഹസ്യം അന്വേഷിച്ചുള്ള യാത്രയിൽ എത്തിചേരുന്നത് ഇരുണ്ട ഇടനാഴികളിലും അധോതലങ്ങളിലും തരിശുഭൂമികളിലും ശാപനിലങ്ങളിലും പാപത്തിന്റെ ചതുപ്പുകളിലുമാണ്.അതെല്ലാം കാണുന്നത് മനുഷ്യന്റെ മനസ്സിലാണ്.എല്ലാ യാത്രകളും അവിടെ ചെന്നാണ് അവസാനിക്കുന്നത്"- എന്ന് പെരുമ്പടവം ശ്രീധരൻ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിൽ എഴുതിയിട്ടുണ്ട്.
"സിംഹം വേട്ടയ്ക്കിറങ്ങുന്നത് ഇരപിടിക്കാൻ തന്നെയാണ്.എന്നാൽ മനുഷ്യന്റെ കാര്യത്തിൽ വേട്ടയുടെ ലക്ഷ്യം വെറും ഇരപിടുത്തം മാത്രമല്ല.ഇരയുടെ പിടച്ചിൽ നൽകുന്ന ആനന്ദത്തിന്റെ പാരമ്യത്തിലും അവൻ മറ്റുപലതും തേടികൊണ്ടിരിക്കും,ഓർമ്മകളും ചിന്തകളുമുണർത്തുന്ന സമസ്യകളുടെ കുരുക്കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും"-എന്ന വാക്യത്തിലൂടെ മനുഷ്യമനസ്സിന്റെ രഹസ്യങ്ങളിലേക്കും ഇരുണ്ട ഇടനാഴികളിലേക്കും അധോതലങ്ങളിലേക്കും തരിശുഭൂമികളിലേക്കും ശാപനിലങ്ങളിലേക്കും പാപത്തിന്റെ ചതുപ്പുകളിലേക്കും വായനക്കാരെ സ്വീകരിക്കയാണ് ടി.ഡി രാമകൃഷ്ണൻ.
മറ്റൊരു സന്ദർഭം നോക്കൂ-
"ഇട്ടിക്കോര,എനിക്ക് നിന്നെ മനുസ്സിലാക്കാനെ കഴിയുന്നില്ല"
"എനിക്കും എന്നെ മനുസ്സിലാക്കാൻ കഴിയാറില്ല.പല കാര്യങ്ങളിലും എന്റെ നിലപാടുകൾ വെരുധ്യം നിറഞ്ഞതാണ്.ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള കൊതികൊണ്ട് യു.എസ് പട്ടാളത്തിൽ ചേർന്ന ഇറാഖിലേക്ക് പോയ എന്റെ ഹീറോ സദ്ദാം ഹുസൈനാണ്.അത് യു.എസിന്റെ നയങ്ങൾ തെറ്റാണെന്ന ബോധ്യം വന്നതുകൊണ്ടോ സദ്ദാമിനോടുള്ള സിമ്പതി കൊണ്ടോ അല്ല.വയലൻസിനോടുള്ള ആർത്തികൊണ്ടാണ്."
"വയലൻസിനോടുള്ള ആർത്തിയോ?"
"അതെ,ഒരിക്കലും അടങ്ങാത്ത ആർത്തി.തോൽപ്പിച്ച് കീഴ്പ്പെടുത്താനുള്ള ആർത്തി.ചോരയും കണ്ണീരും കാണാനുള്ള കൊതി."(Page No:260)
ഇത്തരത്തിൽ മറ്റുള്ളവരുടെ കണ്ണുനീരിൽ സന്തോഷിക്കാനുള്ള മനുഷ്യമനസ്സിന്റെ പ്രേരണയെ ഫ്രാൻസിസ് ഇട്ടിക്കോരയിലുടനീളം ടി.ഡി രാമകൃഷ്ണൻ ചിത്രീകരിച്ചിട്ടുണ്ട്.കാനിബാൾ ഫീസ്റ്റിൽ മൊറിഗാമി തങ്ങൾ അന്ന് ആഹരിക്കാൻ പോകുന്ന സ്ത്രീയെ കാണുമ്പോൾ പറയുന്നതു ശ്രദ്ധിക്കൂ-
"ഇട്ടിക്കോര, എനിക്ക് ഇരയെ കണ്ട ഉടനെ നാവിൽ വെള്ളമൂറി.സത്യം പറയാമല്ലേ അവളെ കടിച്ചുതിന്നാന്നാണ് തോന്നിയത്"(Page No - 264)
അടുത്ത പേജ് നോക്കൂ-
"ഇപ്പോൾ സമയം മൂന്നര കഴിഞ്ഞു.നമ്മുക്ക് വേഗം കാനിബാൾസ് ക്ലബ്ബിലേക്ക് മടങ്ങാം".
"നിനക്ക് സ്ലോൾട്ടർ കാണണോ?"'
"പിന്നെ,ഇരയെ കൊന്ന് അത്താഴത്തിനുള്ള കറിവയ്ക്കുന്നത് എനിക്ക് കാണണം."(Page No-265)
അടുത്ത പേജ് നോക്കൂ-
"മ്യൂസിക്ക് സിസ്റ്റത്തിൽ നിന്ന് അവൾ പാടിയ ഏതോ ആൽബത്തിന്റെ ഓർക്കസ്ട്ര ഉച്ചത്തിലുയർന്നു.നിമിഷങ്ങൾക്കുള്ളിൽ പിറകിൽ എവിടെ നിന്നോ വന്ന കൈകോടാലികൊണ്ടുള്ള വള്ളരെ കൃത്യമായ വെട്ട് അവളുടെ ശിരസ് പിളർന്നു.രക്തം നാലുപാടും ചീറിയൊഴുകി.ആ ചോരപുഴയിൽ കിടന്ന് അവൾ മരിക്കുന്നത് എല്ലാരും സന്തോഷത്തോടെ നോക്കി നിന്നു.(Page No 266)
കോളേജ് അധ്യാപികയായ രേഖ,ബാങ്ക് ഉദ്യോഗസ്ഥമായ രശ്മി,ഫാഷൻ ഡിസൈനറായ ബിന്ദു-ഇവർ സ്വന്തം ശരീരം വിൽക്കാൻ തയ്യാറുന്നത് പണത്തിനു വേണ്ടി മാത്രമാണ് എന്നത് വിശ്വസിക്കാവുന്നതല്ല.ഭക്ഷണത്തിനു വേണ്ടി ശരീരം വിൽക്കാൻ തയ്യാറാകേണ്ടി വരുന്ന സാഹചര്യം ഇവിടെ ഇവർക്കില്ല.പിന്നെയെന്ത്?മനുഷ്യനിലേക്കുള്ള യാത്രയിൽ സദാചാരസങ്കൽപ്പങ്ങൾ വഴി തിരിച്ചുവിട്ട അരാജകത്വ പൂർണ്ണമായ കാമത്തോടുള്ള അഭിനിവേഷത്തെ പുണരുന്ന, സഹജവാസനകൾക്കനുസരിച്ച് ജീവിതം ആഘോഷിക്കുന്നവരാണിവർ.മനുഷ്യന്റെ ആദിമവാസനയായ കാമത്തിനെ, ഭയമേതുമില്ലാതെ ആഘോഷിക്കുന്നവർ.
ആഷാമേനോൻ ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ച് എഴുതിയത് "അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യ ചേതന,ഇവിധം നിർദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുധ്യത്തിന്റെ മാത്രം കഥയല്ല,അപരിഷ്കൃതമായ ഒരു വിപരിണാമത്തിന്റെ ദുഃസൂചന കൂടിയാണ്"-' എന്നാണെന്നിരിക്കിലും മനുഷ്യ ചേതനയുടെ അതിഗൂഢഗർത്തങ്ങളിൽ അലയടിക്കുന്ന സദാചാര അടിമത്തത്തിനോടുള്ള അവമതിപ്പിന്റെയും,ആ അടിമത്തത്തിൽ നിന്ന് പുറത്തുച്ചാടാനുള്ള അബോധമനസ്സിന്റെ പ്രേരണയുടേയും ജീവിതാഘോഷത്തിന്റെയും മനുഷ്യന്റെ ആദിമവാസനകളുടെയും ലയം കൂടിയാണ് ഫ്രാൻസിസ് ഇട്ടിക്കോര.