What do you think?
Rate this book


Paperback
First published July 1, 2015
എന്റെ കല്യാണം താമസിക്കുന്തോറും എന്റമ്മേടെ ഹൃദയത്തിലെ ഓട്ട വലുതാവുകേയൊള്ളൂ. അതിലാ എനിക്ക് സങ്കടം. മരുന്നു വാങ്ങി കാശ് കളയണ്ട, നെന്റെ കല്യാണം കൊണ്ടേ എന്റെ ഹൃദയത്തിലെ ഓട്ട അടയുള്ളെന്നാ അമ്മേടെ പറച്ചിൽ.ഒരു ദരിദ്രയായ മദ്ധ്യവർഗ്ഗക്കാരിയിൽ നിന്നും സ്വാഭാവികമായും ഉതിർന്നു വീഴാവുന്ന വാക്കുകൾ. തികച്ചും ഗ്രാമ്യമായ ഭാഷ. എങ്കിലും അവയുടെ ധ്വനി എത്ര ആഴമേറിയതാണെന്നു ശ്രദ്ധിക്കൂ! ആ അവസാനത്തെ വാചകം അക്ഷരാർത്ഥത്തിൽ 'പവൻ മാർക്കാ'ണ്.
വൈപ്പിനീന്ന് കിട്ടിയ കാശുകൊണ്ട് ഞാനൊരു ജിമിക്കി പണീച്ചു. ആടാത്ത മുത്തൊള്ളതാ. ഒഴുക്കൻ കൊടയാ. എന്റെ വല്യമൊഖത്തിട്ടാ അത് കാണാങ്കൂടിയില്ല. എന്നാലും അത്രേമായാല് അത്രേമായെന്നെങ്കില്ലമൊണ്ടല്ലോ. ഞാങ്കഷ്ടപ്പെട്ട് പത്തുപവനൊണ്ടാക്കുമ്പഴ്ത്തേക്ക് ചെറുക്കന് വില ഇരുപതുപവനാകുമോന്നാ എന്റെ പേടി.
ഇന്നത്തെ കേട്ടെഴുത്തിലെ വാക്കുകളെല്ലാം മഹാപ്രശ്നക്കാരായിരുന്നു- ജീവച്ഛവം, അസന്മാർഗി, സദാചാരം, ബലാൽക്കാരം, മൂല്യാധിഷ്ഠിതം, സാംസ്കാരികാപചയം എന്നിങ്ങനെ. മലയാളപത്രങ്ങൾക്ക് എന്തുപറ്റി എന്നു ഞാൻ വിഷമിച്ചുപോയി. മലയാളിയുടെ ജീവിതം ഇങ്ങനെയുള്ള കഠിനവാക്കുകളിലൂടെ അതികഠിനമായാണ് ഈയിടെയായി കടന്നുപോകുന്നത് എന്നു വല്യമ്മ പറഞ്ഞു. നീലാകാശം, വള്ളിയൂഞ്ഞാൽ, താമരപ്പൊയ്ക, എന്നിങ്ങനെയുള്ള ലളിതകോമളപദാവലികൾ ഇപ്പോഴില്ലത്രെ. എന്തോ എനിക്കത്ര വിശ്വാസം പോര.കഥ കഴിയുമ്പോഴേക്കും പക്ഷേ, അവളതു വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു: പെണ്ണ് 'ചരക്കാ'യി രൂപാന്തരപ്പെട്ട സമൂഹം അവളുടെ നിർമ്മലമായ ആത്മാവിനേയും കളങ്കപ്പെടുത്തുന്നു. ഈ "കാലമല്ലാത്ത കാലത്ത്" ജാഗരൂകയായിരിക്കയേ നിവൃത്തിയുള്ളൂ!
ഫിഷ്മോളിയെ പ്രസവിക്കാൻ അടുപ്പിനെ ഏൽപ്പിച്ച് കണ്ണാടിയിൽ ഇളക്കത്താലിച്ചന്തം നോക്കാൻ പോയ പോക്ക് തീരെ ശരിയായില്ല എന്ന് ഒരു സ്പൂൺ ഷെൽഫിൽ നിന്ന് ഇളകിത്താഴെവീണ് അടുക്കളയുടെ മൊത്തം പ്രതിഷേധം ഗിരിജയെ അറിയിച്ചു. ഓടിപ്പാഞ്ഞ് ചെന്നതു കാരണം ഫിഷ്മോളിയെ ദുരന്തത്തിൽനിന്ന് രക്ഷിക്കാനായി. അടുപ്പത്തു നിന്ന് ഇറക്കവേ അതു കൈകാൽ കുടഞ്ഞ് എന്തോ വേണമെന്ന മട്ടിൽ ഗിരിജയെ നോക്കിച്ചിണുങ്ങി. ഇനിയെന്തു വേണം എന്റെ മോളിക്കുട്ടിക്ക് എന്ന് ചരിച്ചുകിടത്തി ഒന്നു കൊഞ്ചിച്ചശേഷം ഗിരിജ ഷെൽഫിൽനിന്ന് ഒരു ബഹുവർണ്ണ പാചകപുസ്തകമെടുത്ത് പരതി...സ്വത്വം ഏതാണ്ടു പൂർണ്ണമായി നഷ്ടപ്പെട്ട ഗിരിജ ഫിഷ്മോളിയിൽ വരാനിരിക്കുന്ന പിഞ്ചോമനയെ ദർശിക്കുന്ന ഈ കാഴ്ച ഒരേ സമയം അസംബന്ധജടിലവും ഹൃദയവർജ്ജകവുമാണ്.