"ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' (വിചാരധാര) സമത്വത്തെക്കുറിച്ച് ഗോള്‍വല്‍ക്കര്‍ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാന്‍ വെറും ഭൗതിക വസ്തു മാത്രമാണെങ്കില്‍, സമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ' (വിചാരധാര) മൊഴിമാറ്റം പി മാധവജി"
അങ്ങേയറ്റം വെറുപ്പിന്റെ രാഷ്ട്രീയം ആണ് പുസ്തകം മുന്നോട്ടു വെയ്ക്കുന്നത്. ഒരു തരത്തിലും ഉള്ള തെളിവുകളോ ചരിത്ര വസ്തുതകളോ ഒരിക്കൽ പോലും പറയാതെ കെട്ടുകഥകളുടെ മാത്രം അടിസ്ഥാനത്തിൽ നിർമ്മിച്ചെടുത്ത ഒരു പാരമ്പര്യ വാദം, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രത്തിന്റെ അപനിർമ്മിതി. ഹൈന്ദവതത്വശാസ്ത്രങ്ങളുടെ സംഭാവനയായ അസമത്വം സൃഷ്ടിച്ച വിടവുകൾ നികത്തി വിവിധ വിഭാഗങ്ങളെ കൂട്ടിയിണക്കി ഹിന്ദുമതത്തിന്റെ ഏകീകരണം ആണ് ഗോൾവൽക്കറിന്റെ ലക്‌ഷ്യം. എന്നാൽ ആ ലക്ഷ്യത്തിനു വേണ്ടി അസമത്വം സൃഷ്ടിച്ച അതെ തത്വശാസ്ത്രങ്ങളെ പുനരുജ്ജീവിപ്പിക്കലാണ് ഗോൾവൽക്കറുടെ മാർഗ്ഗം! അതിനു ഗോൾവൽക്കർ കണ്ട കുറുക്കുവഴി ഇവിടെ നിലനിന്നിരുന്ന അസമത്വവും വിഭാഗീയതയും വൈദേശിക ആക്രമണകാരികളുടെ സൃഷ്ടിയാണ് എന്ന് വരുത്തിത്തീർക്കലാണ്. ജനാധിപത്യത്തെ ഇകഴ്ത്തിയും, യുദ്ധങ്ങളെ പ്രകീർത്തിച്ചും ആധുനികമൂല്യബോധത്തെ അഴിഞ്ഞാട്ടമായി ചിത്രീകരിച്ചും, പച്ചക്കു സ്ത്രീവിരുദ്ധത അവതരിപ്പിച്ചും വായനക്കാരെ ഞെട്ടിക്കാൻ പുസ്തകത്തിന് കഴിയും. ഇങ്ങനെ അർദ്ധസത്യങ്ങളുടെയും വികലമാക്കപ്പെട്ട ചരിത്രത്തിന്റെയും കുത്തൊഴുക്കിൽ വസ്തുതകളെ പരിശോധിക്കാൻ തയ്യാറാകാത്ത വായനക്കാരൻ വഴിതെറ്റിപ്പോകാനിടയുണ്ട്. സൂക്ഷിക്കുക!
അങ്ങേയറ്റം ദുഷിച്ച, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അറിയാനും പഠിക്കാനും എതിർത്തു തോല്പിക്കാനും മാത്രം ഈ പുസ്തകം വായിക്കുക. മനുഷ്യൻ മനുഷ്യരായിരിക്കട്ടെ. വർഗീയത തുലയട്ടെ.