അതത് കാലഘട്ടങ്ങളുടെ സ്വാധീനവഴിയുണ്ടാകുന്ന രാഷ്ട്രീയ സ്ഥിതിഗതികളുടെ ഇരകളായി മാറുന്ന കേവല മനുഷ്യരുടെ അതിസങ്കീർണവും അവ്യവസ്ഥാപരവുമായ ജീവിതം തുറന്നുകാട്ടുന്ന രചന. ഇന്ത്യനവസ്ഥയിലെ ജാതിയും ജാതിവെറിയും നിറഞ്ഞ സാമൂഹ്യാന്തരീക്ഷത്തിൽ ജനാധിപത്യബോധം നിലനിൽക്കേണ്ടതിന്റെ ആവശ്യകത എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന നോവൽ.
ദേവദാസിന്റെ "ചെപ്പും പന്തും" എന്ന നോവൽ രണ്ടു വ്യത്യസ്ത കാലയളവുകളിൽ ഒരേ നഗരത്തിലെ ഒരേ വീട്ടിൽ താമസിച്ചിരുന്ന രണ്ടു കഥാപാത്രങ്ങളെ പിന്തുടരുന്നു. ദേവദാസിന്റെ സിഗ്നേച്ചർ രീതി എന്ന് പറയാവുന്ന ചരിത്രവും പഴങ്കഥകളും ആഖ്യാനത്തോട് കൂട്ടിച്ചേർക്കുന്ന ഏർപ്പാട് ഇവിടെയുമുണ്ട്. ആദ്യഭാഗത്തു കാസർകോഡിന്റെയും മദിരാശിയുടെയും ചരിത്രം, കാബൂളിവാലയിലെ "മേരെ പ്യാരേ വതൻ" എന്ന മന്നാഡേ ഗാനം, പിന്നീട് വരുന്ന ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ - ഇങ്ങനെ കേവലമായ ആഖ്യാനത്തിൽ നിന്ന് എഴുത്തിനെ ഉയർത്തുന്ന കൈവഴികൾ ദേവദാസിന്റെ മിക്കവാറും എഴുത്തുകളിൽ കാണാൻ കഴിയും. ആദ്യ ഭാഗത്ത് ഉബൈദ് എന്ന സാമൂഹ്യപ്രവർത്തകന്റെ ആരാധകനായ ബാപ്പ അതേ പേരിട്ടു വളർത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ്. അയാൾ ശാന്താറാം സേട്ട് എന്ന കച്ചവടക്കാരന്റെ ഒപ്പം സഹചാരിയായി കൂടിയിരിക്കുകയാണ്. സേട്ട് താമസിക്കാനെത്തുന്നത് ലക്ഷ്മിയക്ക എന്ന ചെറുപ്പക്കാരിയുടെ വീട്ടിൽ. അവരുടെ ഭർത്താവിന്റെ കഥ പറയുന്പോൾ തമിഴ്‍നാടിന്റെ സവിശേഷ ജാതി രാഷ്ട്രീയം പരാമർശിക്കപ്പെടുന്നുണ്ട്. സേട്ടിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ എങ്ങനെയാണ് ഉബൈദിനെ ബാധിക്കുന്നത് എന്നതാണ് കഥയുടെ ചുരുക്കം. ഉബൈദിന്റെ പൂർവകാലം വിവരിക്കുന്ന ഭാഗങ്ങൾ ദേവദാസിന്റേതായി വന്ന ഏറ്റവും നല്ല എഴുത്തുകളിൽ പെടും - നരേറ്റീവ് എന്ന നിലയിൽ ഈ ഭാഗം നോവലിൽ വേറിട്ട് നിൽക്കുന്നു. ബാക്കി കഥ സേട്ടിന്റെ ജീവിതത്തിൽ വൈകിയുണ്ടായ പ്രേമവും അതിന്റെ അനന്തര ഫലങ്ങളും എല്ലാമാണ്.
ആദ്യ കഥ മിക്കവാറും വീടിന്റെ അതിരുകൾക്കുള്ളിലാണ് നടക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടാം കഥ മുഴുവനായി പുറത്തുവച്ചും. രണ്ടു കാലങ്ങളിലെ നഗരജീവിതങ്ങളുടെ പരിണാമത്തിലേക്കുള്ള സൂചികയാവാം ഇതെന്ന് തോന്നുന്നു. ഉബൈദിന് ഇടപെടേണ്ടി വരുന്ന വൃത്തം ചെറുതാണ്. അയാൾക്ക് വേണ്ട ആളുകളും കൗതുകങ്ങളും വിനോദവും എല്ലാം അതിനുള്ളിലുണ്ട്. അതേ സാമീപ്യം കൊണ്ടുണ്ടാകുന്ന സംഘർഷങ്ങളും അതിനോടൊപ്പമുണ്ട്. ജീവിതത്തിൽ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചേക്കാം എന്ന് കരുതുന്ന ആളല്ല ഉബൈദ്. വളരെ സ്വാഭാവികമായ (ആഖ്യാനത്തിൽ അൽപ്പം മെലോഡ്രാമയുള്ള) സംഭവഗതികളിലൂടെയാണ് അയാൾ കടന്നുപോകുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നത് ആദ്യ താളിൽത്തന്നെ കഥാകാരൻ സൂചിപ്പിക്കുന്നുമുണ്ട്. അയാളുടെ പ്രശ്നങ്ങളും അയാൾ തന്നെയും ചെപ്പടിവിദ്യയിലെന്നപോലെ കഥാവസാനം മാഞ്ഞുപോകുന്നു. രണ്ടാം ഭാഗത്തു കഥ, കാൽനൂറ്റാണ്ടിനുശേഷം, വിരസജീവിതം നയിക്കുന്ന മുകുന്ദൻ എന്നയാളിലേക്ക് തിരിയുന്നു. അയാൾക്കാണെങ്കിൽ വീട്ടിൽ ഒന്നും ചെയ്യാനില്ല - അഥവാ വിനോദം ലഭിക്കുന്ന സ്ഥലങ്ങളാണ് അയാൾക്ക് പഥ്യം. ടിപ്പിക്കൽ മില്ലേനിയൽ ജീവിതം എന്ന് പറയാവുന്ന, ജോലി-വീട്-വിനോദം എന്ന രീതിയിലുള്ള ഒരൊഴുക്കാണ് അയാളുടെത്. അയാൾ ഒരു ജാലവിദ്യക്കാരനെക്കണ്ടുമുട്ടുകയും അയാളുടെ പ്രേരണയിൽ അയാളുടെ ഷോകളിൽ പങ്കെടുക്കുകയുമാണ്. മുകുന്ദൻ ജോലി ചെയ്തിരുന്ന കന്പനി ആ നഗരത്തിലെ ഓഫീസ് അടക്കുന്നു- അയാളുടെ ജീവിതത്തിൽ അതുണ്ടാക്കാൻ പോകുന്നത് കടുത്ത ശൂന്യതയാണ്. ജോലിയാണ് പുതുതലമുറയുടെ പ്രാണവായു (അല്ലെങ്കിൽ ഡിസ്ട്രാക്ഷൻ, നമ്മൾ ലോകത്തിൽ ഏറ്റവും ഓവർ വർക്ഡ് ആയ തലമുറയാണെന്ന റിപ്പോർട്ടുകൾ ഓർക്കുക), അതിനെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം. ആ ശൂന്യതയിലേക്കാണ് ഈയൊരു ഡൈവേർഷൻ വരുന്നത്. സ്വാഭാവികമായും അയാളതിൽ കുറച്ചധികം താല്പര്യം കാണിക്കുന്നു. അയാൾക്ക് തന്നെ വിചിത്ര സ്വപ്നങ്ങളുണ്ടാവാറുണ്ട് - അതിന്റെ ഒരു പ്രത്യക്ഷ രൂപമെന്നപോലെ ഇപ്പോൾ ഇതും. രണ്ടു ഷോകളിൽ അയാൾ പങ്കെടുക്കുന്നു. ഒന്നാമത്തേതിൽ ബൈബിളിലെ ഉൽപത്തിക്കഥയും രണ്ടാമത്തേതിൽ ആയിരത്തൊന്നുരാവുകളിലെ ആലിബാബയുടെ കഥയുമാണ് മാന്ത്രികൻ പശ്ചാത്തലമായി ഉപയോഗിക്കുന്നത്. അയാൾ ഒരു പെൺകുട്ടിയെക്കുറിച്ചു മുകുന്ദനോട് പറയുന്നുണ്ട്. ഈ കഥകൾ അയാളുടെ തന്നെ ഫാന്റസികളാവാം, മുകുന്ദന് അവയോട് താദാദ്മ്യം അനുഭവപ്പെടുന്നുണ്ടാകാം - കുറഞ്ഞപക്ഷം അയാളുടെ ഏകതാനജീവിതത്തിലെ ഒരു ട്വിസ്റ്റ് എങ്കിലുമാണവ - ഇന്ദ്രജാലത്തിന്റെ ആകർഷണീയതയും ട്വിസ്റ്റുകളാണല്ലോ. ഷോകൾ കഴിയുന്നതോടെയുള്ള ഉണ്ടാകുന്ന വിരസതയെ നേരിടാൻ ഒരുങ്ങുന്ന മുകുന്ദനെ അവസാനഭാഗത്തു കാണാം. അയാളുടെയും ഉബൈദിന്റേയും വിധികൾക്കും സമാനതയുണ്ട്.
രണ്ടു കഥകളിലും പൊതുവായുള്ള കുറച്ചു കാര്യങ്ങളുണ്ട്. ഒന്ന് വീട് തന്നെ. ലക്ഷ്മി എന്ന വീട്ടുടമയാണ് അടുത്തത്. ആദ്യകഥയിൽ അവർ കുറച്ചുകൂടി വലിയ സാന്നിദ്ധ്യമാണ്, രണ്ടാം കഥയിൽ അവർക്കും മാറ്റങ്ങൾ വന്നതായിക്കാണാം. പിന്നെയുള്ളത് വീടിന്റെ അഡ്രസ്സിൽ വരുന്ന തെലുങ്കിൽ എഴുതിയ കത്തുകളാണ്. ഉബൈദ് അതിന്റെ രഹസ്യം കണ്ടുപിടിക്കാൻ നോക്കുന്നെകിലും കഴിയുന്നില്ല - മുകുന്ദൻ ഒരു പടി കൂടി കടക്കുന്നു, എന്നാൽ അപ്പോഴും ആ കഥാപാത്രം പിടികൊടുക്കാതെ വഴുതുന്നു. "പിന്നാലെ കാലൈ വാരിയിട്ടേൻ" എന്ന വരിയുള്ള ഒരു പാട്ടാണ് അവസാനം കിട്ടുന്ന തുന്പ്. എഴുത്തുകാരൻ ഇത്തരത്തിൽ പലവഴിയെ, ക്രമാനുഗതമായി തന്റെ സ്റ്റേജ് ഒരുക്കിയെടുത്ത് ഒരു ഷോ നടത്തുകയാണ്. വായനക്കാരന് തന്റെ ജാലവിദ്യയുടെ രഹസ്യം പൊളിക്കാനുള്ള ചെറിയ സൂചനകൾ എന്പാടും ഇട്ടിട്ടുണ്ട് അയാൾ. ആ പസിൽ സോൾവ് ചെയ്യുന്നപോലെയാണ് വായനക്കാരൻ ഇവിടെ ഇടപെടുന്നത്.
ദേവദാസിന്റെ എഴുത്തിലുള്ള കൗതുകം അയാളുടെ പരീക്ഷണാത്മകതയാണ്. എനിക്ക് തോന്നുന്നത് അത്തരത്തിലുള്ള എഴുത്തുകളിലെ അയാളുടെ ഏറ്റവും നല്ല വർക്ക് "ചെപ്പും പന്തും" ആണെന്നാണ്. ആദ്യകഥയുടെ അവസാനവും (യാദൃശ്ചികമായി ഉബൈദ് വാടകവീട്ടിൽ നിന്നും വിട്ടുപോന്നതിനുശേഷമുള്ള ഭാഗം - ആ വീടാണ് അയാളുടെ സുരക്ഷിതയിടം) രണ്ടാം കഥയിലെ പഴങ്കഥകളുടെ ദൈർഘ്യമേറിയ പുനരാവിഷ്കാരവും (വിരസതയുണ്ടാക്കുന്നതുതന്നെയായിരിക്കാം എഴുത്തുകാരന്റെ ഉദ്ദേശവും) തുടങ്ങി ചെറിയ കല്ലുകടികൾ ശേഷിക്കുന്പോഴും(വായിക്കാതെ മുന്നോട്ടുപോയി, പിന്നെ കുരുക്കഴിക്കാൻ രണ്ടാമത് വായിക്കുകയാണ് ചെയ്തത്) കഥയിലെ പന്തെവിടെ എന്നത് കണ്ടുപിടിക്കുന്ന ജോലിയിലായിരുന്നു വായനക്കുശേഷവും. ഒരു പുസ്തകം വായിച്ചതിനുശേഷം നമ്മുടെ തുടർപ്രവർത്തി എന്തെന്നതും പ്രധാനമാണല്ലോ. നോവൽ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നുള്ളതും കൗതുകമായിരിക്കും എന്ന് തോന്നുന്നു. മലയാളത്തിലെ കഥാപരിസരം പലപ്പോഴും ഏതെങ്കിലും ട്രെൻഡുകൾക്ക് അല്ലെങ്കിൽ വിജയിച്ച ടെംപ്ലേറ്ററുകൾക്കു പിറകെയാണെന്ന് അടുത്തൊരു സുഹൃത്ത് നിരീക്ഷിക്കുകയുണ്ടായി. അതിനു പുറത്തു നിൽക്കുന്ന എഴുത്തുകാരനാണ് ദേവദാസ് എന്നടിവരയിടുന്ന കൃതിയാണിത്.
ദേവദാസിന്റെ മറ്റു നോവലുകളിൽ കാണുന്ന ജീവിതതാളം അതിന്റെ പരമോന്നതിയിൽ കാണാൻ കഴിയുന്ന നോവലാണു ചെപ്പും പന്തും. അചേതനമായ രണ്ട് വസ്തുക്കളാണു ചെപ്പും പന്തും. പക്ഷേ, ഭാരതീയ ഇന്ദ്രജാലവിദ്യകളിൽ അവയ്ക്കുള്ള സ്ഥാനം വളരെ വലുതാണു; രണ്ടു വ്യത്യസ്ഥ വസ്തുക്കളാണെങ്കിലും ഒന്നു ഒന്നിനോട് ചേർന്നു നിന്നു, പരസ്പരപൂരകങ്ങളായി അതാതിന്റെ ധർമ്മം നിഋവേറ്റുന്നു. നോവലിൽ ഭൂതകാലത്തിൽ നിന്നും ഉബൈദും വർത്തമാനകാലത്തിൽ മുകുന്ദനും ചെയ്യുന്നതും മറ്റൊന്നല്ല. രണ്ട് കാലഘട്ടത്തിൽ ഒരേ ഭൂമികയിൽ ജീവിക്കുകയും പരസ്പരപൂരകങ്ങളായി വർ���്തിക്കുകയും ചെയ്യുന്ന രണ്ട് കഥാപാത്രങ്ങളും അവയുടെ ധർമ്മം നിറവേറ്റി മടങ്ങുമ്പോൾ വായനക്കാർ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് വളർന്ന് ഇനിയും വരാനിരിക്കുന്ന ജീവിതങ്ങളെ അനുഭവിക്കാൻ തയ്യാറെടുക്കുന്നു.
കഥ നടക്കുന്ന ദേശത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം അനായാസം അനാവരണം ചെയ്യാനുള്ള കഴിവ്, പ്രകൃതി ദുരന്തങ്ങൾ മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വരച്ചിടുന്ന രീതി എല്ലാം ദേവദാസിന്റെ എഴുത്തുകളിൽ എന്നും കണ്ടിട്ടുള്ള പ്രത്യേകതകൾ ആണു. അത് ചെപ്പും പന്തും എന്ന കൃതിയിലും വേണ്ടുവോളം കാണാൻ കഴിയും. ഒരു നല്ല വായനാനുഭമായി ചെപ്പും പന്തും എന്നു നിസ്സംശയം പറയാം.
മാന്ത്രികതയുടെ പശ്ചാത്തലത്തിൽ രണ്ടു കാലങ്ങളെ ഒരേ സ്ഥലത്ത് അദൃശ്യമായി ബന്ധിപ്പിക്കുന്ന മാസ്മരിക ആഖ്യാനം. ആ കാലങ്ങളിലെ സംഭവങ്ങളും കഥയിൽ വരുന്നുവെന്നത് കഥയുടെ പ്രവാഹത്തിന് സുഖം നൽകുന്നു. നന്ദി ദേവദാസ്.