പണ്ട് കടൽ കടന്ന് കപ്പലിൽ കൊച്ചിയിൽ വന്നു പലതലമുറകൾ കൊച്ചിയിൽ ജീവിച്ച, കൊച്ചിയുടെ ചരിത്രത്തിന്റേതന്നെ പ്രധാന ഭാഗമായ വിഭാഗമാണ് യഹൂദർ. കാലങ്ങൾക്ക് ശേഷം ജന്മനാടായ ഇസ്രായേലിലേക്ക് അവർ തിരിച്ചുപോയപ്പോൾ അവർ അവരുടെ ചരിത്രം ഇവിടെ ബാക്കി വച്ചിട്ടാണ് പോയത്. ഫോർട്ട് കൊച്ചിയിലെ സിനഗോഗും ജ്യൂസ്ട്രീറ്റും സെമീതേരിയുമൊക്കെ ആ ചരിത്രത്തിന്റെ ഭാഗം മാത്രം. എന്നിരുന്നാലും സാഹിത്യകൃതികളിൽ കൊച്ചിയിലെ യഹൂദരുടെ ജീവിതത്തെപറ്റിയോ അവരുടെ കഥകളെപറ്റിയോ അധികം പരാമർശിച്ചു കണ്ടിട്ടില്ല.
യഹൂദർക്കിടയിൽ പ്രചരിച്ചിരുന്ന പ്ലാമേനപാട്ടുകളിൽ ഉണ്ടായിരുന്ന ഒരു കഥയാണ് ലീബിൻ എന്ന പെണ്കുട്ടിയുടെ കഥ. ആ കഥയുടെ ഒരു പുനരാഖ്യാനമാണ് "ലീബിന്റെ പിശാചുക്കൾ".
സ്വസ്ഥമായി ജീവിച്ചുവരുന്ന ശെത്തെലിന്റെയും ഭാര്യ സീസായുടെയും ജീവിതം ഒരു സംഭവത്തോടെ മാറിമാറിയുകയാണ്. അവരുടെ ഒരേയൊരുമകൾ ലീബിന്റെ ശരീരത്തിൽ പ്രേതബാധ കൂടുന്നു. ഒരു പ്രേതമല്ല, രണ്ടുപ്രേതം, ഒരു പുരുഷന്റെയും സ്ത്രീയുടെയും. പ്രേതം കൂടിയ വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു . ലീബിനെ കാണാനും പ്രേതം പറയുന്ന കഥകൾ കേൾക്കാനുമായി ദിവസവും അനവധിപ്പേർ എത്തിയതോടെ ആ കുടുംബത്തിന്റെ കുടുംബാന്തരീക്ഷം തന്നെ നശിക്കുകയാണ്. ശെത്തെലും സീസയും കരഞ്ഞുപറഞ്ഞിട്ടുപോലും പ്രേതമോ ആളുകളോ ഒഴിഞ്ഞുപോയില്ല. പ്രേതം ഓരോ ദിവസവും തന്റെ അനുഭവത്തിൽ നിന്നു പുതിയ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.
യഹൂദ സംസ്കാരത്തെപറ്റിയും അവരുടെ ജീവിതരീതിയെപറ്റിയും സുദീർഘമായൊന്നും പ്രതിബാദിക്കുന്നില്ലെങ്കിലും ബുക്ക് നൽകുന്ന അനുഭവം വ്യത്യസ്തമാണ്.