ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തിൽ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യ ജീവിതത്തിലൊളിച്ചും സ്വവർഗ്ഗപ്രേമികൾ അപ്രത്യക്ഷരാവുകയായിരുന്നു. കമിങ് ഔട്ട് നടത്തി പുറത്തുവരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികൾ നേരിടും. ഈ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് കിഷോർകുമാർ തന്റെ ജീവിതം മറ്റുള്ളവർക്കായി തുറന്നുവക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്വന്തം അനുഭവങ്ങളെ ഉൾക്കാഴ്ചയോടെ വിലയിരുത്തുകയും അതേസമയം അന്വേഷങ്ങളിലൂടെയും പഠനത്തിലൂടെയും അത് വിപുലപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാനുള്ള ശ്രമമാണിതിലുള്ളത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെ കടന്നുപോകുമ്പോളും ഉണ്ടായിട്ടുള്ള തീവ്രമായ അനുഭവങ്ങളും പ്രയാസങ്ങൾ തരണം ചെയ്തു പുറത്തുവരാനുള്ള ആർജ്ജവവും ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നത് ഈ പുസ്തകം കാലികപ്രസക്തിയുള്ളതാക്കുന്നു.
ഇത് മാറ്റത്തിന്റെ കാലമാണ്. ലോകമെമ്പാടും സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടിയ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയും മുറവിളികൾ ഉയർന്നുകേൾക്കാം. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ഒരുപക്ഷേ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്ന് പൊതുസമൂഹത്തിന് മുൻപിൽ പരസ്യമായി പ്രഖ്യാപിച്ച മലയാളി ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ കിഷോർ ആയിരിക്കാം. കോഴിക്കോട്ടെ നാട്ടിൻ പുറത്തുള്ള സാധാരണമദ്ധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പല വഴികളിലൂടെ തന്റെ സ്വത്വബോധത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു. 10 വർഷത്തെ അമേരിക്കൻ പ്രവാസ ജീവിതം. പക്ഷേ സ്വന്തം നാട്ടിൽ താനായി ജീവിക്കുക എന്നതിലുപരി മറ്റൊരു സന്തോഷം ആർക്കുമില്ല എന്ന സത്യം മനസിലാക്കിയ ശേഷം അദ്ദേഹം ആദ്യം കുടുംബത്തോടും ക്രമേണ ഈ സമൂഹത്തോടും താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് 'കമിങ് ഔട്ട്' നടത്തുന്നു.. പുസ്തകത്തിന്റെ ആദ്യ മൂന്നിലൊന്ന് ഇതാണ് - അദ്ദേഹത്തിന്റെ ആത്മകഥ. കേരളത്തിലെ ഒരു പാട് പുരുഷന്മാർ കടന്നു പോയ പോയിക്കൊണ്ടിരിക്കുന്ന വഴികൾ. തന്റെ സ്വത്വം വെളിപ്പെടുത്താൻ ഒരു കിഷോറിനു സാധിച്ചു, അതുപോലെ ഒരുപാടു പേർക്ക് അവനവനിലൂന്നിയ ഒരു ജീവിതം നയിക്കാൻ ഈ പുസ്തകം ഒരു പ്രചോദനമായിരിക്കും.
പുസ്തകത്തിന്റെ ബാക്കി ഭാഗം അദ്ദേഹത്തിന്റെ പഠനങ്ങൾക്കും, സാഹിത്യ-സംഗീത-സിനിമ മേഘലകളിലെ നീരീക്ഷണങ്ങൾക്കും വേണ്ടിയുള്ളതാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പൊതു സമൂഹത്തിലുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറാൻ ഈ ഭാഗം സഹായിക്കും.
മാധവിക്കുട്ടിയുടെ ലേഘനങ്ങളെ ആധാരമാക്കി എഴുതിയ ലേഘനം മികച്ചതാണെന്നു പറയാതിരിക്കാൻ വയ്യ.
ഒരു സ്വവർഗ്ഗാനുരാഗിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഊർജ്ജമാവാനും പൊതു സമൂഹത്തിന് ചെറിയ ഒരു പാഠപുസ്തകമാവാനും ഒരേസമയം ഈ പുസ്തകത്തിന് കഴിയുന്നു എന്നതു തന്നെയാണ് ഞാൻ ഇതിന്റെ മേന്മയായി കരുതുന്നത്.
മലയാളത്തിൽ ഇത്തരം ഒരു ബുക്ക് അത്യാവശ്യമായിരുന്നു. ലൈംഗീകതയെക്കുറിച്ചും പ്രണയത്തെകുറിച്ചും വ്യക്തമായിത്തന്നെ ഇതിൽ വിശധീകരിക്കുന്നുണ്ട്.
സാമൂഹികവും ശാസ്‌ത്രീയവുമായ പുരോഗതിയിൽ ഊറ്റം കൊള്ളുമ്പോളും ലൈംഗീകതയെക്കുറിച്ചു തീർത്തും അജ്ഞരായ വലിയൊരുകൂട്ടം സമൂഹമാണ് ചുറ്റുമുള്ളത്. ഇതിനെപ്പറ്റി സ്കൂളുകളിലോ വീടുകളിലോ ഒരു ബോധവൽക്കരണം നൽകാത്തതിന്റെ കുഴപ്പവുമുണ്ട്. ലൈംഗീകത എന്ന ചിന്തപോലും നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതാണെന്നു ഇക്കൂട്ടർ ഇപ്പോളും കരുതുന്നു. പലപ്പോളും സുഹൃത്തുക്കളിൽ നിന്നും ഓൺലൈൻ സേർച്ചുകളിൽ നിന്നും ലഭിക്കുന്ന അബദ്ധദാരണകൾ ഇവരുടെ ചിന്തകളെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. അങ്ങനെയുള്ള സമൂഹത്തിലാണ് 'രണ്ടുപുരുഷന്മാർ ചുംബിക്കുമ്പോൾ' പോലെ ലൈംഗീകതയെപ്പറ്റി സമഗ്രമായി ചർച്ച ചെയ്യുന്ന ബുക്കുകൾ പ്രാധാന്യം അർഹിക്കുന്നത്.
എന്താണ് സ്വവർഗ്ഗപ്രണയം? എന്താണ് സ്വവർഗ്ഗരതി? ഭിന്നവർഗ്ഗ ലൈംഗീകതയുമായി ഇതിനു വെത്യാസമുണ്ടോ? എന്താണതിന്റെ ശാസ്ത്രീയ അടിത്തറ? മനസികരോഗമാണോ? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട് ഈ ബുക്കിൽ. സാധാരണ ചർച്ചകളിൽ അബദ്ധ ധാരണകൾ വച്ചു പുലർത്തുന്നവർ ഉയർത്തി വിടാറുള്ള ശാസ്ത്രീയമല്ല എന്ന വാദവും, ചികിൽസിക്കേണ്ട മനോരോഗമാണെന്ന വാദവുമെല്ലാം ലൈംഗീകതയെക്കുറിച്ചു അറിവില്ലകത്തുകൊണ്ട് മാത്രമാണെന്ന് അല്പമെങ്കിലും ഈ വിഷയത്തെപ്പറ്റി അറിയുവാൻ ശ്രമിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയകളിലൂടെയുംമറ്റും സ്വവർഗ്ഗ ലൈംഗീകതയെപ്പറ്റി സജീവ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരം ബുക്കുകൾ കൂടുതൽ വായിക്കപ്പെടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതുമാണ്. ഒത്തിരി അബദ്ധദാരണകൾ പേറുന്നവരെ ബോധവൽക്കാരിക്കുവാൻ അതിനാൽ സാദിച്ചെന്നുവരും.
പ്രധാനമായും മൂന്നുഭാഗമാണ് ഈ ബുക്കിനുള്ളത്. ആദ്യഭാഗം ഗ്രന്ഥകർത്താവിന്റെ തന്നെ ആത്മകഥയാണ്. താൻ സ്വവർഗാനുരാഗി ആണെന്ന് തിരിച്ചറിയുന്നതും അതു സൃഷ്ടിക്കുന്ന മാനസികസങ്കർഷങ്ങളും ചുറ്റുപാടിൽ നിന്നും ഉൾവലിഞ്ഞു ജീവിക്കേണ്ടി വരുന്നതിനെപ്പറ്റിയുമെല്ലാം എഴുത്തുകാരൻ വിശദീകരിക്കുന്നുണ്ട്. ഒട്ടുമിക്ക എല്ലാ സ്വവർഗാനുരാഗികളും കടന്നുപോകാൻ സാധ്യതയുള്ള സ്റ്റേജുകളാണ് ഇതൊക്കെ. വീട്ടുകാരോട് താനൊരു സ്വവർഗ്ഗ അനുരാഗി ആണെന്ന വെളിപ്പെടുത്തൽ നടത്തിയപ്പോൾ അവരുടെഭാഗത്തുനിന്നും വലിയ എതിർപ്പുകൾ ഒന്നും ഇല്ലാതിരുന്നത് ഒരുപക്ഷേ വലിയൊരു അനുഗ്രഹമായിരുന്നിരിക്കണം എഴുത്തുകാരന്. പക്ഷെ എല്ലാ സ്വവർഗ്ഗാനുഭാവികൾക്കും അങ്ങനെയൊരു അനുഗ്രഹം ലഭിച്ചുകൊള്ളണമെന്നില്ല.
രണ്ടാമത്തെ ഭാഗത്തിൽ സ്വവർഗ്ഗ പ്രണയത്തിലെ പ്രശ്നങ്ങളെയും പരിഹാരങ്ങളെപ്പറ്റിയുമാണ് വിവരിക്കുന്നത്. ഈ ഭാഗം സ്വവർഗാനുരാഗികളായ, ചുറ്റുപാടും ഉള്ളവരിൽ നിന്നു തങ്ങൾ വെത്യസ്തരാണെന്ന തിരിച്ചറിവ്കാരണം അന്തർമുഖരായിപ്പോയിട്ടുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുവാൻ സഹായിക്കുന്നതാണ്.
മൂന്നാമത്തെ ഭാഗം കൂടുതലായും കേന്ദ്രീകരിക്കുന്നത് കലാ സംസ്കാരികമേഖലകളിലെ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ചർച്ച ചെയ്യുന്ന സൃഷ്ടികളെപ്പറ്റിയാണ്. പൊതുബോധം സൃഷ്ടിക്കുന്നതിൽ ഇവക്ക് പ്രാധാന്യം ഉള്ളതുകൊണ്ട് സ്വവർഗ്ഗാനുരാഗത്തെപ്പറ്റിയുള്ള ബോധവൽക്കാരണത്തിൽ ഇവക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മുൻനിര സാഹിത്യത്തിലും സിനിമകളിലും ഹോമോസെക്ഷ്വലിറ്റിയെപ്പറ്റി പ്രോപ്പറായ രീതിയിലുള്ള അവതരണങ്ങൾ ഉൾപ്പെടുത്തുന്നത് ഒരുപരിധിവരെ അബദ്ധധാരണകൾ ഇല്ലാതാക്കുവാൻ സഹായിക്കും.
കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കാലഹരണപ്പെട്ട നിയമം, അവരുടെ രാജ്യത്തു അവർ മാറ്റം വരുത്തിയിട്ടും ഇന്ത്യയിൽ തുടർന്നു പോരുന്നതിലെ പൊരുത്തക്കേടും ചൂണ്ടിക്കാണിക്കുന്നുണ്ട് എഴുത്തുകാരൻ. വ്യക്തി സ്വാതന്ത്ര്യത്തിനു യാതൊരു വിലയും കല്പിക്കാത്ത മതമൗലിക വാദികളുടെ പരാതിയെത്തുടർന്ന് 2009ൽ ഡൽഹി ഹൈക്കോർട്ട് കൊണ്ടുവന്ന സ്വവർഗ്ഗ അനുരാഗത്തിനു അനുകൂലമായ നിയമഭേദഗതിയെ സുപ്രീം കോടതി മരവിപ്പിച്ചത് നിർഭാഗ്യകരമാണ്. എന്നിരുന്നാലും സുപ്രീം കോടതിയിൽ ഹർജി ഇപ്പോളും നിലനിൽക്കുന്നത് പ്രതീക്ഷക്ക് വക നല്കുന്നതാണ്.
സ്വവർഗ്ഗപ്രണയിനികൾക്ക് ആത്മവിശ്വാസം പകരുന്നതോടൊപ്പം സ്വവർഗ്ഗ അനുകൂലികൾക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ താത്പര്യമുള്ളവർക്കും ഉപകാരപ്പെടുന്നതാണ് ഈ ഗ്രന്ഥം. മുൻപ് പലയിടങ്ങളിൽ നിന്നും സ്വവർഗ്ഗ അനുരാഗത്തെപ്പറ്റിയും LGBT കമ്മ്യൂണിറ്റിയെപ്പറ്റിയുമൊക്കെ വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഈ ബുക്കിൽ അവയെല്ലാം ഒരിടത്തു കേന്ദ്രീകരിച്ചിരിച്ച രൂപത്തിലാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അറിയാവുന്ന കാര്യങ്ങൾ ക്രോഡീകരിക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനും ഈ ബുക്ക് ഉപകരിക്കു��.
ഇത്തരം ബുക്കുകളും ലേഖനങ്ങളും മലയാളത്തിൽ ഇനിയും വരേണ്ടതുണ്ട്. മുഖ്യധാരാ സിനിമകളിലും സാഹിത്യത്തിലും LGBTയെപ്പറ്റി കൂടുതൽ ചർച്ച ചെയ്യുകയും ബോധവൽക്കരണം നൽക്കേണ്ടതുമുണ്ട്. സ്‌കൂൾ തലത്തിൽ നിന്നുതന്നെ വ്യക്തമായ ബോധവൽക്കരണം കുട്ടികൾക്ക് നല്കുന്നത് വലിയൊരു അളവുവരെ പൊതുബോധത്തിൽ നിന്നു തെറ്റിദ്ധാരണകൾ നീക്കാൻ ഉപകരിക്കും.
ഞാനും എന്റെ പുസ്തക സുഹൃത്തും പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുവാനായി പതിവുപോലെ ഒന്നിച്ചു കൂടിയപ്പോൾ പുസ്തകങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ കാലിക പ്രാധാന്യമുള്ള സാമൂഹിക പ്രതിപദ്ധതയുള്ള ഒരു വിഷയത്തിലേക്കു ഞങ്ങളുടെ സംസാരത്തെ തിരിച്ചുവിട്ടു.അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഒരു ചെറുപ്പക്കാരൻ Mikle Michelle (Pseudo Names) ആയി transform ചെയ്തതും ആ transformation തന്റെ ജോലി സ്ഥലത്തു അയാൾ അവതരിപ്പിച്ചതും ഒരു സാമൂഹിക ശാസ്ത്രഞ്ജനോ സാമൂഹ്യപ്രവർത്തനത്തിൽ പ്രവൃത്തിപരിചയമോ ഒന്നും ഇല്ലാത്ത ഒരു എൻജിനീറിങ് back ground കാരനായ എന്റെ സുഹൃത്തിൽ നിന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകന്റെ transformation-നെ വളരെ പോസിറ്റീവ് ആയി കണ്ടുകൊണ്ടു ചിത്രീകരിച്ചപ്പോൾ എന്റെ സുഹൃത്തിനോട് എനിക്ക് വളരെ മതിപ്പുതോന്നി . കരിസ്മാറ്റിക്കുകളുടെ കരാള ഹസ്തത്തിൽ അകപ്പെടാതെ സമൂഹത്തെ മനസ്സിലാക്കുന്ന ഒരു സാമൂഹ്യ ജീവി. പാശ്ചാത്യ സമൂഹത്തെയും അതിലെ smooth transition നെകുറിച്ചൊക്കെ സംസാരിച്ചെങ്കിലും, പാശ്ചാത്യ സമൂഹത്തിലെ കുട്ടികളുടെ ഇടയിലുള്ള പ്രവൃത്തി പരിചയം ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഈ മേഖലയെ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നു അറിയുവാൻ താല്പര്യമുണ്ടായിരുന്നു. അങ്ങനെ മലയാളി gay ആയ കിഷോർ കുമാറിന്റെ "രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ എന്ന പുസ്തകം സ്വന്തമാക്കി ഇതിൽ അദ്ദേഹം കടന്നുവന്ന വഴികളും , ഭാരതത്തിൽ LGBT മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും സന്നദ്ധപ്രവർത്തകർ അവരുടെ പ്രവർത്തനങ്ങൾ സാഹിത്യ സാംസ്കാരിക മേഖലയിലുള്ള സംഭാവനകൾ എന്നിവകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ശ്രേദ്ധേയമായി തോന്നിയത് സ്വവർഗ്ഗ പ്രണയത്തെകുറിച്ചുള്ള മാധവിക്കുട്ടിയുടെ എഴുത്തുകളെ കുറിച്ചുള്ള ലേഖനമാണ്.സമൂഹത്തിലെ വൈവിധ്യമാർന്ന മറ്റൊരു മനുഷ്യ ജന്മങ്ങളെക്കുറിച്ചു മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സൂചികയാണ് 181 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം.