ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നുപോകുമ്പോൾ നമുക്ക് തുറന്നു കിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടു വയ്ക്കാൻ അവർക്ക് കഴിയുന്നു എന്നതാണ് പുതുവായനയിലേക്ക് നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ് നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നൽകുകയും ചെയ്യുന്നു. - ബെന്യാമിൻ
മനസ്സ് നൊന്ത്, കണ്ണീർ പൊഴിച്ച് ഞാൻ വായിച്ചു തീർത്ത പുസ്തകം.. അനാഥ കുഞ്ഞുങ്ങൾക്ക് അപ്പനായി മാറിയ റെനോൾഡ് അച്ഛൻ.. അവർക്കു വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വെച്ച 'വല്യച്ഛൻ' എന്ന് വിളിക്കുന്ന ആ പുരോഹിതന്റെ ചിത്രം, വായനയ്ക്കു ശേഷവും എന്റെ ഉള്ളുലയ്ക്കുന്നു.
ഈ ലോകത്തെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ് എന്ന തിരിച്ചറിവാണ് ഈ നോവലിന്റെ അടിസ്ഥാനം. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾക്ക്, അത്താണിയായ അവരുടെ വിശപ്പാറ്റാൻ തെരുവിലേക്കിറങ്ങി കൈനീട്ടിയ ഒരു പുരോഹിതന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ.. ചില അദ്ധ്യായങ്ങൾ കണ്ണീരിൽ കുതിർത്തു കളഞ്ഞു.. വിശപ്പിന്റെ വേദന... പട്ടിണിയുടെ നിലവിളിm.. അനാഥ ബാല്യത്തിന്റെ നിസ്സഹായമായ മുഖങ്ങൾ..
സ്വാതന്ത്രത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രവും ജീവിത സാഹചര്യങ്ങളുമാണ് കഥാ പശ്ചാത്തലം.. വേറിട്ട് നിൽക്കുന്ന എഴുത്താണ് ഫ്രാൻസിസ് നേറോണയുടെത്. പ്രത്യേകിച്ച് ഒരു ദേശത്തെയും അവിടുത്തെ പശ്ചാത്തലത്തേയും വിവരിക്കുന്നതിൽ വളരെ ശ്രദ്ധാലുവും ഒപ്പം അച്ചടക്കവുമുള്ള എഴുത്തുകാരനാണ് അദ്ദേഹമെന്ന് മറ്റ് രചനകൾ വായിച്ചതിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. ഭാഷാപരവും സാമൂഹികപരവുമായ ആ നിരീക്ഷണം എടുത്തു പറയേണ്ടതാണ്. കൂടാതെ ക്രിസ്തീയ വിഭാഗത്തിലെ ലത്തീൻ സഭയോട് കാണിക്കുന്ന പൊതുവായുള്ള അവഗണയെപ്പറ്റി കൂടി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.. . . . 📚Book - അശരണരുടെ സുവിശേഷം ✒️Writer- ഫ്രാൻസിസ് നൊറോണ 📜Publisher- ഡി സി ബുക്സ്
അനാഥർക്ക് സ്വന്തം അപ്പനായി തീർന്ന് അവരെ നെഞ്ചോടു ചേർത്ത് പിടിച്ച റൈനോൾഡ്സ് അച്ഛന്റെ ജീവിത യാത്രയാണ് കഥയിലെ ഇതിവൃത്തം.
"പെരുമഴക്കാലത്ത് സ്കൂൾഗ്രൗണ്ടിലെ മഴവെള്ളപ്പാച്ചിലിലൂടെ ഒഴുകിയെത്തിയ പൂത്ത റൊട്ടിക്കഷണങ്ങൾക്കു പിന്നാലെ പായുന്ന അനാഥ ബാല്യങ്ങൾ. രാവിന്റെ നിശബ്ദതയിൽ തലവീർത്തു വിരൂപമായ ശിരസ്സിൽ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ ഉയിര് പോകുന്നതിന്റെ തണുത്ത സ്പർശം അനുഭവിപ്പിച്ച പേരറിയാത്ത കുഞ്ഞ്. മഴ നനഞ്ഞ രാത്രിയിൽ മരണമടഞ്ഞവരുടെ കുപ്പായമിട്ട വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ. മുപ്പത്തിയാറിൽ നിന്ന് അനാഥരുടെ എണ്ണം നൂറ് കവിഞ്ഞു പോകുമ്പോൾ, വിളമ്പിതികയ്ക്കാൻ പാടുപെട്ടു പട്ടിണി കിടന്ന രാത്രികൾ. അരമനയിലെ പ്രീസ്റ്റ് കോൺഫറൻസിൽ അനുമതിയില്ലാതെ കാട്ടിയ കരുണയുടെ പേരിൽ ഉയർന്ന ശകാരങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാനാവാതെ പിഞ്ഞിയ ളോവയെ നനച്ച കണ്ണീരുപ്പ്. കുമ്പിട്ടു പോയ ശിരസ്സ്. ഒരു പാട്ട പാൽപൊടിക്കും ഒരു ചാക്ക് മാൾഗറിനും ഒരിത്തിരി അനുകമ്പയുംവേണ്ടിയുള്ള അരമന വരാന്തയിലെ നീണ്ട കാത്തിരിപ്പുകൾ. രാത്രി കിടന്നുറങ്ങുന്നവന്റെ കീറപ്പായ വലിച്ചെടുത്ത് അതിന്മേൽ ഉറങ്ങാൻ ശ്രമിക്കുന്നവന്റെയും ഉറക്കം നഷ്ടപ്പെട്ടവന്റെയും അതി ജീവനങ്ങളുടെ പോരാട്ടങ്ങൾ. ഇരുട്ടിന്റെ മറപറ്റി ബന്ധങ്ങളുടെ പവിത്രത അറിയാതെ പ്രകൃതിയെയും ദൈവത്തെയും ഒരുപോലെ വേദനിപ്പിക്കുന്ന കൗമാര മനസ്സുകളുടെ സങ്കീർണത. ഒന്നുമില്ലായ്മയുടെ പിടിയരി പാത്രത്തിലും ഉണരുമ്പോഴുള്ള നെഞ്ചിടിപ്പ്. "
ഫ്രാൻസിസ് നൊറോണയുടെ എഴുത്ത് വളരെ വേറിട്ടു നിൽക്കുന്നു. തീരപ്രദേശവും അവിടുത്തെ ക്രിസ്തീയ പശ്ചാത്തലവും ചരിത്രവും എല്ലാം വളരെ വ്യക്തതയോടു വിവരിക്കുന്നുണ്ട്... .
വിശപ്പിന്റെ കാഴ്ചകൾ, നിലവിളികൾ. പട്ടിണി കിടക്കുന്ന മക്കൾക്കുവേണ്ടി കൈനീട്ടിയ പുരോഹിതന്റെ കണ്ണീരിന്റെ കഥ..
അനാഥ ബാല്യങ്ങൾക്കു വേണ്ടി ജീവിതം മാറ്റിവച്ചും അവരുടെ വയറു നിറയാനായ് ആർക്കു മുൻപിലും തലകുനിക്കാൻ തയ്യാറായ റൈനോൾഡ്സ് അച്ഛന്റെയും അച്ഛൻ മക്കളായ് കണ്ട കുഞ്ഞുങ്ങളുടെയും കഥ. ഇത് വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും ദൈവവിശ്വാസത്തിന്റെയും കൂടെ കഥയാണ്. ആ പുരോഹിതൻ അവർക്കു വേണ്ടി ജനിച്ചതാണ് "എന്റെ മക്കൾ ഇനി തെണ്ടാൻ പോകരുത് " കുട്ടികളുടെ വികൃതികളെ തിന്മയിലേക്കുള്ള കാണാതെ നന്മയിലേക്ക് കൊണ്ടുവന്ന ആ പുരോഹിതൻ അവർക്കു സ്വന്തം പിതാവായിരുന്നു. " നന്മ നട്ടാൽ എന്ത് കിട്ടും ? നന്മ. അപ്പോൾ തിന്മ നട്ടാലോ"
“അച്ചനയാളോടു പെണക്കമില്ലേ?” “അച്ചന്മാർക്ക് ആരോടും പിണങ്ങാൻ കഴിയില്ല...” അച്ചൻ കാസ്ക്കിൽ പിടിച്ചുകൊണ്ട് തുടർന്നു: “ഇത് ഈശോയുടെ ഉടുപ്പാ... ഈശോ ആരോടും പിണങ്ങിയിട്ടില്ല, കുരിശിൽ തറച്ചവരോടുപോലും... അവന്റെ വസ്ത്രം ധരിക്കുന്നയാളും അതേ ക്രിസ്തുമാർഗ്ഗം പിന്തുടരണം... അതിനു കഴിയാതെപോയാൽ പട്ടക്കാരനാവില്ല... അവന്റെ അങ്കി ചിട്ടിയിട്ടു പങ്കിട്ടെടുത്ത പട്ടാളക്കാരെപോലെയാവും, പണ്ടൊരു രക്തസ്രാവക്കാരി ഇതിന്റെ വിളുമ്പിൽ വിശ്വാസത്തോടെ തൊട്ടപ്പോൾ അവൾക്ക് സുഖമായി. കർത്താവിന്റെ ഉടുപ്പാണെന്നുള്ള ബോധ്യത്തോടെ പരിപാലിച്ചാൽ ഈ ളോവയും അത്ഭുതങ്ങൾ കാട്ടും...” ഫ്രാൻസിസ് നൊറോണയുടെ “അശരണരുടെ സുവിശേഷം എന്ന ഗ്രന്ഥത്തിലെ വാക്കുകളാണിവ. ശരിക്കും ഉള്ള് തകർക്കുന്ന ആശയങ്ങളാണ് ഫ്രാൻസിസ് നൊറോണ ഈ ഗ്രന്ഥത്തിലൂടെ സംവേദനം ചെയ്യുന്നത്. ഒരു പുരോഹിതൻ എപ്രകാരം ആകണമെന്ന് റൈനോൾഡ്സ് അച്ചന്റെ ജീവിതത്തിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു. ഫൊറോന പള്ളികളുടെ വികാരിമാരാകാൻ വെമ്പൽ കൊള്ളുന്നവർക്ക് മുന്നിൽ ദൈവനിയോഗത്തിന്റെ ക്രൂശിനെ ഹൃദയത്തിലേറ്റി അനാഥരായ ചില കുരുന്നുകളുടെ ജീവിതത്തിൽ കാരുണ്യത്തിന്റെ സാനിധ്യമാകുന്ന റൈനോൾഡ്സ് അച്ചൻ പങ്കുവെയ്ക്കുന്ന പൗരോഹിത്യമാതൃക ക്രിസ്തു വിഭാവനചെയ്ത ശിഷ്യത്തിന്റെ മാതൃകയോട് ഇഴചേർന്നുനിൽക്കുന്നു. റൈനോൾഡ്സ് അച്ചൻ സുഹൃത്തിനോട് പറയുന്ന വാക്കുകൾ തന്നെ അതിന് ഉദാഹരണമാണ്. “നമ്മൾ അറിയാതെ പോകുന്നതു പലതുമുണ്ടച്ചാ. ഒരു പുരോഹിതൻ അറിയേണ്ട ഇടങ്ങൾ... ആരാണ് നമ്മിൽനിന്ന് അതെല്ലാം മറച്ചു പിടിക്കുന്നത്? എല്ലാം ഉപേക്ഷിച്ചിട്ടാണ് നമ്മൾ ഈ വഴിക്ക് ഇറങ്ങി ത്തിരിച്ചത്... എന്താണ് ഉപേക്ഷിച്ചത്... ഒന്നുമില്ല. സെമിനാരിയിൽനിന്നു ലാറ്റിനും സുറിയാനിയും പഠിച്ചിറങ്ങിയ നമ്മൾ പഠിക്കാൻ മറന്നുപോയ ഒരു ഭാഷയുണ്ട്. അതു മനുഷ്യരുടെ നിസ്സഹായതയുടെ ഭാഷയാണ്. അതു പഠിക്കാതെ എങ്ങനെയാണു നിലത്തുവീണ് അഴുകുന്ന ഗോതമ്പു മണികളായി നമ്മൾ മാറുക?” വായനക്കാരനെ വല്ലാതെ പിടിച്ചുലയ്ക്കുന്ന നല്ലൊരു ഗ്രന്ഥം.
"തൊട്ടപ്പൻ" എന്ന സിനിമക്കു ആധാരമായത് ഫ്രാൻസിസ് നൊറോണ എന്ന എഴുത്തുകാരൻ്റെ "തൊട്ടപ്പൻ" എന്ന അതേ പേരിലുള്ള ചെറുകഥയാണെന്നറിഞ്ഞ നിമിഷം ഞാൻ ശ്രദ്ധിച്ച പേരാണ് ഫ്രാൻസിസ് നൊറോണ. പിന്നീടൊരിക്കൽ "അശരണരുടെ സുവിശേഷം" എന്ന ഈ പുസ്തകം യാദൃശ്ചികമായി കണ്ണിലുടക്കി, അതെടുത്തുനോക്കിയപ്പോൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് നൊറോണ. പിന്നൊന്നും നോക്കാതെ തന്നെ വാങ്ങി. ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോഴും ആ വിശ്വാസത്തിന് തെല്ലും കോട്ടം തട്ടിയിട്ടില്ല. . ഫ്രാൻസിസ് നൊറോണയുടെ എഴുത്ത് വളരെ വ്യത്യസ്തമായൊരു എഴുത്തായി എനിക്കു തോന്നി. കാ��ലുകളാൽ ചുറ്റപ്പെട്ട ആലപ്പുഴയിലെ വളരെ വർഷങ്ങൾ മുൻപ് മുതലിങ്ങോട്ടുള്ള ക്രൈസ്തവരുടെ ജീവിതവും തീരപ്രദേശത്തിലെ ജീവിതവും അനാഥബാല്യങ്ങളുടെ ജീവിതവും എല്ലാമായി ഈ നോവൽ വേറിട്ടു നിൽക്കുന്നു. . പേര് പോലെ തന്നെ അശരണർക്കും അനാഥബാല്യങ്ങൾക്കും അപ്പനായി മാറിയ റൈനോൾഡ്സച്ചൻ്റെയും അച്ചൻ ജോലി ചെയ്തിരുന്ന അനാഥാലയത്തിലെ കുട്ടികളുടെയും കഥയാണ് അശരണരുടെ സുവിശേഷം. വിശപ്പിൻ്റെയും അനാഥത്വത്തിൻ്റെയും അലച്ചിലിൻ്റെയും കഷ്ടപ്പാടുകളുടെയും കഠിനവഴികളൊരുപാട് നേരിടേണ്ടി വരുന്ന അനാഥബാല്യങ്ങളുടെയും അവർക്കു വേണ്ടി കൈനീട്ടിയ ഒരു പുരോഹിതൻ്റെ കണ്ണീരിൻ്റെയും കഥ.
മോൻസിഞ്ഞോർ റൈനോൾഡ് പുരയ്ക്കൽ എന്ന വൈദികന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് പുസ്തകം. അനാഥാലയത്തിന്റെ ചുമതലയുള്ള അദ്ദേഹത്തിന് അവിടുത്തെ കുട്ടികൾ എല്ലാം സ്വന്തം മക്കളെ പോലെ ആയിരുന്നു. അനാഥത്വവും അതിൻ്റെ വേദനകളും പട്ടിണിയും ദാരിദ്രവും എല്ലാം അച്ചൻ്റെ അനാഥാലയത്തിലൂടെ വരച്ചുകാട്ടുന്നു. വിശപ്പാണ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയാതെ പറയുന്ന രചന. തീ പുകയാത്ത വീടുകളും പുലർത്താൻ കഴിയാതെ അനാഥാലയത്തിൽ ഏൽപ്പിക്കുന്ന കുരുന്ന് ബാല്യങ്ങളും ഇതിലുണ്ട്. കഥയുടെ പശ്ചാത്തലം സ്വാതന്ത്ര്യാനന്തര ഇന്ത്യ ആണ്. ക്രിസ്തീയ സമുദായത്തിൽ തന്നെ ലത്തീൻ വിഭാഗത്തോട് കാണിക്കുന്ന അവഗണയും നോവലിൽ വരച്ചുകാട്ടുന്നു.
'അശരണരുടെ സുവിശേഷം' തുടങ്ങുന്നത് റൈനോള്‍ഡ്‌സിന്റെ ചെറുപ്പം മുതൽക്കാണ്. ഈ ചെറു ബാലൻ ഫാ. റൈനോള്‍ഡ്സ് പുരയ്ക്കല്‍ എന്ന വൈദികൻ ആയതിന്റെ ജീവചരിത്രമാണ് ഈ കൃതി. ആലപ്പുഴയിലെ തീരനിവാസികളുടെ ജീവിത, കമ്മ്യൂണിസവും ഭക്തിയും അവരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ജന്മികളും മുക്കുവരും തമ്മിൽ ഉള്ള ഉരസലുകൾ, അനാഥാലയങ്ങൾ, അവരുടെ കഷ്ടപ്പാടുകൾ, അതിൽ നിന്നും അവരെ രക്ഷിച്ച റെയ്‌നോൾഡ്‌സച്ചൻ - ഇവയൊക്കെയാണ് കഥയുടെ കാതൽ
നല്ല എഴുത്തു, ചുറ്റുപാടുകൾക്കു ജീവൻ നൽകുന്ന വിവരണങ്ങൾ, ഹൃദയസ്പർശിയായ ഒരു കഥ.
"പൊടിപിടിച്ചു കിടക്കുന്നതിനൊക്കെ തിളക്കമുള്ള ഒരു പൂർവ്വ കഥ പറയാനുണ്ടാവും. നാം അതിന്റെ അരികിൽ മനസ്സുതുറന്ന് ഒന്ന് നിന്നാൽമതി."
"ജീവിതത്തിന്റെ നിരപ്പായ പാതയിൽനിന്നും ഇടുങ്ങിയ വഴിയിലേക്ക് നീയെന്നെ കൈപിടിച്ച് നടത്തണമേ. സ്വർണ്ണവർണ്ണമുള്ള മൃദുലാളോഹയണിഞ്ഞു കുർബ്ബാനചൊല്ലുന്ന എന്റെ സ്വപ്നങ്ങൾക്ക് മീതെ മേലങ്കി തയ്യൽകൂടാതെ നെയ്യുന്ന നിന്റെ പരുക്കൻ വസ്ത്രങ്ങൾ എനിക്ക് പാകമാക്കണേ.എന്റെ വഴികളെ നീ തടയുകയും നിന്റെ വഴികളിലൂടെ എന്നെ നയിക്കുകയും ചെയ്യണമേ ആമ്മേൻ."
"നമ്മൾ അറിയാതെ പോകുന്നത് പലതുമുണ്ടച്ചാ. ഒരു പുരോഹിതൻ അറിയേണ്ട ഇടങ്ങൾ. ആരാണ് നമ്മിൽനിന്ന് അതെല്ലാം മറച്ചുപിടിക്കുന്നത്? എല്ലാം ഉപേക്ഷിച്ചിട്ടാണ് നമ്മൾ ഈ വഴിക്ക് ഇറങ്ങിതിരിച്ചത്. എന്താണ് ഉപേക്ഷിച്ചത്. ഒന്നുമില്ല. സെമിനാരിയിൽനിന്നു ലാറ്റിനും സുറിയാനിയും പഠിച്ചിറങ്ങിയ നമ്മൾ പഠിക്കാൻ മറന്നുപോയ ഒരു ഭാഷയുണ്ട്. അത് മനുഷ്യരുടെ നിസ്സഹായതയുടെ ഭാഷയാണ്. അത് പഠിക്കാതെ എങ്ങാനായാണ് നിലത്തുവീണ് അഴുക്കുന്ന ഗോതമ്പു മണികളായി നമ്മൾ മാറുക?"
"ഇത് ഈശോയുടെ ഉടുപ്പ... ഈശോ ആരോടും പിണങ്ങിയിട്ടില്ല. കുരിശിൽ തറച്ചവരോടുപോലും. .. അവന്റെ വസ്ത്രം ധരിക്കുന്നയാളും അതെ ക്രിസ്തുമാർഗ്ഗം പിന്തുടരണം. അതിനു കഴിയാത്തപോയാൽ പട്ടക്കാരനാവില്ല. അവന്റെ അങ്കി ചിട്ടിയിട്ടു പങ്കിട്ടെടുത്ത പട്ടാളക്കാരെ പോലെയാവും. പണ്ടൊരു രക്തസ്രാവക്കാരി അതിന്റെ വിളുമ്പിൽ വിശ്വാസത്തോടെ തൊട്ടപ്പോൾ അവൾക്ക് സുഖമായി. കർത്താവിന്റെ ഉടുപ്പാണെന്നുള്ള ബോധ്യത്തോടെ പരിപാലിച്ചാൽ ഈ ലോവയും അത്ഭുതങ്ങൾ കാട്ടും."