*ശ്രീ ബുദ്ധൻ*
ശ്രീബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ.. ബുദ്ധനെ അറിയാത്തവരും വായിക്കാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല..
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ 'ദി ഹൻഡ്രഡ് ' എന്ന മൈക്കിൾ ഹാർട്ടിന്റെ പുസ്തകത്തിലെ നാലാം സ്ഥാനക്കാരൻ ആണ് ഗൗതമബുദ്ധൻ..
ആ അവതാരാ പുരുഷന്റെ ചരിത്രം അറിയുന്ന ആരും, ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന വികാരത്തോടെയല്ലാതെ അദ്ദേഹത്തെ ഓർക്കുകയില്ല.. ഒരുപാട് തലമുറയ്ക്ക് ആശ്വാസവും ആനന്ദവും പകർന്ന വ്യക്തിയാണ് ശ്രീബുദ്ധൻ.. ലോകത്തിന്റെയും ലോകരുടെയും ദുഖവും അവശതയും കണ്ട് മനസലിഞ്ഞു, അവയുടെ കാരണങ്ങൾ കണ്ടെത്താൻ സർവ്വതും ഉപേക്ഷിച്ചു പുറപ്പെട്ട ശ്രീബുദ്ധന്റെ ജീവിതകഥ നമുക്കെല്ലാം സുപരിചിതവുമാണ്..
എന്നാൽ നാം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ശ്രീബുദ്ധന്റെ ജീവിതത്തിലെ ഒരു പിന്നാമ്പുറ കാഴ്ച നമുക്ക് കാണിച്ചു തരികയാണ് കഥാകാരൻ ഇവിടെ..
തന്റെ ഇരുപത്തിയാൻപതാം വയസിൽ സകല കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചു ശ്രീബുദ്ധൻ വനത്തിലേക്ക് പോയപ്പോൾ നമ്മുടെ കഥാകാരൻ തേടിയത് ആ മഹത് ജീവിതമല്ല.. യുവരാജാവായ തന്റെ പ്രിയ പുത്രന്റെ വിയോഗത്താൽ തപിക്കുന്ന പിതാവ് ശുദ്ധോദനന്റെയും, വളർത്തമ്മ ഗൗതമിയുടെയും, ജനിച്ച സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാതെ പോയ തന്റെ പ്രിയതമനെ ഓർത്ത് വിലപിക്കുന്ന ഭാര്യയായ ഗോപയുടെയും മാനസിക നിലയാണ്.. അവരുടെ മനസിലേക്കാണ് കഥാകാരൻ പോയത്, അവരുടെ മാനസിക സംഘർഷമാണ് കഥാകാരൻ തേടിയത്..
ഗൗതമസിദ്ധാർഥ്നിൽ നിന്ന് ബുദ്ധനിലേക്കുള്ള യാത്രയിൽ കപിലവസ്തുവിന് നഷ്ടമായത് യുവരാജാവിനെ മാത്രമല്ല, മറ്റനേകം പുരുഷൻ മാരെയും ആണ്.. ബുദ്ധനെ പിൻതുറടർന്ന, ബുദ്ധ മാർഗം സ്വീകരിച്ച പുരുഷകേസരികൾ ആരും തന്നെ കപിലവസ്തുവിലേക്ക് തിരിച്ചുവന്നില്ല.. അവരാരും തന്നെ അവരുടെ മാതാവിന്റെയോ ഭാര്യയുടെയോ മക്കളുടെയോ വിലാപങ്ങൾ കേട്ടില്ല.. ബുദ്ധ മാർഗത്തിലൂടെ കപിലവസ്തുവിനും സ്ത്രീകൾക്കും നഷ്ടമായത് അവരുടെ ജീവിതവും സ്വപ്നങ്ങളും ആയിരുന്നു..
ബുദ്ധൻ തന്റെ അനുയായികളുമായി കപിലവസ്തുവിലേക്ക് തിരികെയുതുന്നുണ്ട്.. ആ യാത്രയിൽ ബുദ്ധൻ തന്റെ മകനായ രാഹുലനയും സന്യാസത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു.. ഭർതൃ വിയോഗത്താൽ ദുഖിതയായിരുന്ന ഗോപയ്ക് പുത്രവിയോഗം സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു..
കപിലവസ്തു അനാഥമാകാൻ പാടില്ല എന്ന ആഗ്രഹത്തോടെ തന്റെ രണ്ടാമത്തെ മകനായ നന്ദനെ ബുദ്ധനിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുന്ന ശുദ്ധോധനൻ അവിടെയും പരാജയപ്പെടുന്നു.. തന്റെ രാജ്യവും പിതാവിനെയും മാതാവിനെയും പ്രണയിനി കല്യാണിയെയും മറന്ന് ബുദ്ധനിൽ ശരണം പ്രാപിക്കുന്ന നന്ദന് പക്ഷെ മനസാൽ അത് സാധിച്ചില്ല.. അലറിക്കരയുന്ന കല്യാണി നന്ദന്റെ മനസിനെ വിടാതെ പിന്തുടർന്നു.. തിരിച്ച് പോകാനാകാതെ, കല്യാണിയെ മനസ്സിൽ നിന്ന് മായ്ക്കാനാകാതെ നന്ദൻ വിഷമിച്ചു..
ഗോപയുടെ സഹോദരൻ ആയ ദേവദത്തൻ തന്റെ സഹോദരിയുടെ ദുഖത്തിന് ചോദിക്കാൻ ആഗ്രഹിച്ചു.. അയാൾ ബുദ്ധനോടൊപ്പം ചേരുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.. അവിടെ അയാൾ പരാജയപ്പെടുകയും ചെയ്യുന്നു..
ശുദ്ധോധന മഹാരാജവിന്റെ മരണശേഷം പുരുഷന്മാരില്ലാതെ അനാഥമായ കപിലവസ്തുവിൽ ശത്രുക്കൾ ആക്രമണം അഴിച്ചുവിട്ടു.. അവർ അവിടം താവളമാക്കി.. അവിടെ നിന്നും രക്ഷപ്പെട്ട ബുദ്ധന്റെ മാതാവും പത്നിയും അടങ്ങുന്ന സ്ത്രീ ജനങ്ങൾ ബുദ്ധനെ ശരണം പ്രാപിച്ചു.. അവിടെയും ദുഃഖങ്ങൾ മാത്രമാണ് അവർക്കായി കരുതി വെച്ചിരുന്നത്..
ബുദ്ധന്റെ യാത്രയിൽ പിന്നിൽ ഉപേക്ഷിക്കപ്പെട്ടവരുടെ വേദനയും രോധനവുമാണ് ഈ പുസ്തകം പറയുന്നത്.. ആരും കേൾക്കാതെ പോയ രോദനം ആണ് കഥാകാരൻ കേട്ടത്.. അതാണ് കഥാകാരൻ നമുക്ക് പറഞ്ഞു തരുന്നതും..
എന്നാൽ, നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്..