തികച്ചും യാദൃശ്ചികമായാണ് ഞാൻ ഈ പുസ്തകം വായിക്കാനിടയായത്. ഒരു ദിവസം ഫേസ്ബുക്കിൽ ഒരാൾ എനിക്ക് ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് മെസേജയച്ചപ്പോഴാണ് ഈ പുസ്തകത്തെപ്പറ്റി ആദ്യമായി അറിയുന്നത്. വളരെ മികച്ച ഒരു രചനയാണെന്നും നല്ലൊരു വായനാനുഭവമായിരിക്കുമെന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. ആ അഭിപ്രായം ശരിവെക്കുന്ന തരത്തിൽ തന്നെയാണ് ഈ പുസ്തകത്തിൻ്റെ രചന. എഴുത്തുകാരൻ്റെ തന്നെ ഈയടുത്തായി ഇറങ്ങിയ "കിളിമഞ്ചാരോ ബുക്സ്റ്റാൾ" എന്ന കൃതി മികച്ച അഭിപ്രായം നേടിക്കൊണ്ട് കൂടുതൽ വായിക്കപ്പെടുമ്പോൾ ഈ കൃതി എന്തുകൊണ്ട് അധികം വായിക്കപ്പെടുന്നില്ല എന്നൊരു ചോദ്യം ഈ നോവൽ വായിക്കുന്ന ഓരോ വായനക്കാരൻ്റെയും മനസ്സിൽ സ്വാഭാവികമായി തന്നെ ഉടലെടുക്കും. എടുത്തുപറയേണ്ട ഒരു പ്രത്യേകത ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. വളരെ വ്യത്യസ്തവും മികച്ചതുമായൊരു കൃതിയാണ് "ഞാനും ബുദ്ധനും".
ബുദ്ധൻ്റെ ജീവിതകഥ നമ്മളിൽ പലർക്കും അറിയാമെങ്കിലും സിദ്ധാർത്ഥരാജകുമാരൻ കപിലവസ്തുവിൽ നിന്നും സകലതും ഉപേക്ഷിച്ചുപോയതിനു ശേഷം അവിടത്തെ ജനങ്ങളുടെയും ബുദ്ധൻ്റെ ബന്ധുക്കളുടെയും ദുഖവും നിസ്സഹായതയും നമുക്ക് അത്ര പരിചയമില്ല. അതെല്ലാമാണ് ഈ നോവലിൻ്റെ ഉള്ളടക്കം. ബുദ്ധൻ്റെ പാത പിന്തുടർന്ന് തുടരെത്തുടരെ കപിലവസ്തുവിലെ പുരുഷൻമാർ ബുദ്ധഭിക്ഷുക്കളായി പരിണമിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുന്നതും നശിക്കുന്നതും അവിടത്തെ പെൺജീവിതങ്ങളോടൊപ്പം കപിലവസ്തു എന്ന ദേശവും സംസ്കാരവും കൂടിയാണ്. എല്ലാം ത്യജിച്ച് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയപ്പോൾ അതിന് അവൻ്റെ ഉറ്റവർക്കും ഉടയവർക്കും ത്യജിക്കേണ്ടി വന്നത് അവരുടെ ദാമ്പത്യജീവിതത്തോടൊപ്പം ആ രാജ്യത്തെയും കൂടിയാണ്.
മികച്ചുനിൽക്കുന്ന ആഖ്യാനശൈലി കൊണ്ടും ഭാഷാശുദ്ധി കൊണ്ടും വേറിട്ടുനിൽക്കുന്ന ഒരു ഏകാന്തവിസ്മയമാണ് ഈ നോവലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഗത്യന്തരമില്ലാതെ സിദ്ധാർത്ഥൻ്റെ പത്നി ഗോപയും ഭിക്ഷുണിയാവുമ്പോൾ അവളുടെ ആത്മഗതമെന്നോണം പറയുന്ന വാക്കുകൾ നമ്മുടെയെല്ലാം ഹൃദയത്തെ കുത്തിനോവിക്കും.. "എങ്കിലും ഞാൻ പതറുകയോ കരയുകയോ ചെയ്യുന്നില്ല. ലോകബാന്ധവാനായ മഹാബുദ്ധാ, നിൻ്റെ ഗോപയായിരുന്നു ഞാൻ."
"തന്നിൽ ഇല്ലാതിരിക്കുന്ന ഒന്നിനുവേണ്ടിയാണ് ഒരാൾ ഗുരുവിനെ അന്വേഷിക്കുന്നത്. ഗുരുവിലേക്ക് എത്തിച്ചേരുന്നതോടെ ഇല്ലായ്മയിൽനിന്നും അയാൾ തിരിഞ്ഞു നടക്കുന്നു."
ഒരു സുപ്രഭാതത്തിൽ കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാർത്ഥൻ തന്റെ പത്നിയെയും മകനെയും ഉപേക്ഷിച്ചു ജ്ഞാനമാർഗം തേടി പുറപ്പെടുകയാണ്. എന്നാൽ ഈ നോവൽ ബുദ്ധനായി തീർന്ന സിദ്ധാർത്ഥ രാജകുമാരനെ കുറിച്ചല്ല, അദ്ദേഹം എല്ലാം ഉപേക്ഷിച്ചു ഇറങ്ങിപ്പോയപ്പോൾ താളം തെറ്റിയ മനുഷ്യജീവിതങ്ങളെക്കുറിച്ചാണ്.
എല്ലാം ത്യജിച്ചു കൊട്ടാരം വിട്ടിറങ്ങിയപ്പോൾ സിദ്ധാർത്ഥൻ താൻ മൂലം തന്റെ ഉറ്റവർ എന്തെല്ലാം ത്യജിക്കേണ്ടി വരുമെന്ന് ഓർത്തില്ല. കപിലവസ്തുവിലെ ഓരോ മനുഷ്യജീവനും സിദ്ധാർത്ഥന്റെ തീരുമാനത്തിനു വില നൽകേണ്ടി വന്നു.
രാജേന്ദ്രൻ എടത്തുംകര സമീപിച്ച ഈ രീതി വളരെ വ്യത്യസ്തമായി തോന്നി. ലോകം ബുദ്ധനെ നേടിയപ്പോൾ ഒരു കൂട്ടം മനുഷ്യർക്ക് ലോകം നഷ്ടപ്പെട്ട കഥയാണ് ഞാനും ബുദ്ധനും എന്ന മനോഹരമായ ആഖ്യാനശൈലിയോട് കൂടിയ ഈ നോവൽ. ബുദ്ധമാർഗം പിന്തുടർന്നു കപിലവസ്തുവിലെ പുരുഷന്മാർ നടന്നകന്നപ്പോൾ അവരാൽ വിധവതുല്യരാക്കപ്പെട്ട സ്ത്രീകളും അനാഥരാക്കപ്പെട്ട ബാല്യങ്ങളും സംരക്ഷണയറ്റ രാജ്യവും അനുഭവിച്ച ദുരിതങ്ങൾ വിസ്മരിച്ച നമുക്കെല്ലാമുള്ള ഒരോർമ്മപ്പെടുത്തലാണ് ഈ പുസ്തകം.
"സ്വർണപണിക്കാരൻ എങ്ങനെയാണോ സ്വർണത്തെ ഉരച്ചും ഉരുക്കിയും മാറ്റു നോക്കുന്നത് അതുപോലെ നിങ്ങളും അപഗ്രഥിച്ചു വേണം എന്റെ വാക്കുകളെ സ്വീകരിക്കാൻ അല്ലാതെ എന്നോടുള്ള ആരാധന കൊണ്ടാകരുത്"
ഗൗതമ ബുദ്ധൻ
ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്താണ് ബുദ്ധൻ എന്ന പേര് ആദ്യമായി കേൾക്കുന്നത്. ചിത്രങ്ങളിൽ കാണുമ്പോൾ തലയ്ക്കു ചുറ്റും പ്രകാശ വലയമുള്ള ദൈവം എന്ന സങ്കല്പത്തിലുള്ള ആൾ എന്നും കരുതിയിരുന്നു.പിന്നീട് ബുദ്ധനെയും ബുദ്ധ മതത്തെയും കുറിച്ച് വളരെ വിശദമായി തന്നെ പഠിക്കുകയുണ്ടായി. കപിലവസ്തുവിലെ യുവരാജാവായ ബുദ്ധൻ തന്റെ സകല സുഖങ്ങളും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു ജീവിക്കുന്നതിനെ പറ്റി പഠിക്കുമ്പോൾ അന്ന് ബുദ്ധൻ നമ്മുടെ ഹീറോ ആയിരുന്നു.. കൊട്ടാരത്തിലെ സകല ആഡംബരങ്ങളും ഉപേക്ഷിച്ചു തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ബുദ്ധനോട് സ്നേഹവും ഇഷ്ടവും സഹതാപവും ഒക്കെ തോന്നിയിട്ടുണ്ട്.. പിന്നീട് എപ്പോഴോ ഹിന്ദി പഠിക്കുമ്പോൾ ആഗ്രഹമാണ് സകല ദുഖങ്ങൾക്കുമുള്ള കാരണമെന്ന് പറഞ്ഞു പോകുമ്പോൾ ആ വാക്യത്തിനെ ഹൃദയത്തിൽ കൊണ്ട് നടന്നിട്ടുണ്ട്.. ഒരു ആരാധനാ പുരുഷൻ തന്നെയായിരുന്നു ഗൗതമ ബുദ്ധൻ
ഇന്ന് ഞാനും ബുദ്ധനും എന്ന രാജേന്ദ്രൻ എടത്തുംകരയുടെ കൃതി വായിക്കുമ്പോൾ ബുദ്ധനോട് തോന്നിയ വികാരങ്ങളെല്ലാം മാറി മറയുന്നു... അതുവരെയും ബുദ്ധനെ വാഴ്ത്തിപാടിയ ഒരു ജനതയുടെ മുമ്പിലേയ്ക്ക് ബുദ്ധൻ ഉപേക്ഷിച്ച കപില വസ്തുവിന്റെയും ജനങ്ങളുടെയും കഥയുമായി എഴുത്തുകാരൻ കടന്നു വരികയാണ്..
ഇവിടെ എല്ലാം ത്വജിച്ച ഗൗതമ ബുദ്ധന്റെ വാഴ്ത്തുപാട്ടുകൾ അല്ല.. ഇവിടെ വിവരിക്കുന്നത് പ്രതി നായകന്റെ സ്ഥാനത്ത് നിൽക്കുന്ന ബുദ്ധനെയാണ്
ബുദ്ധൻ ഉപേക്ഷിച്ച കപിലവസ്തു അവിടെയുള്ള പിതാവായ ശുദ്ധോധനനും വളർത്തമ്മയായ ഗൗതമിയും ഭാര്യയായ ഗോപയും മകനായ രാഹുലനും അവരുടെ ജീവിതങ്ങൾക്ക് ഏറ്റ പ്രഹരം എത്രത്തോളമായിരുന്നു.. ബുദ്ധന്റെ ത്യാഗത്തെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയത് ബുദ്ധന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മകന്റെയും ത്യാഗങ്ങൾ ആയിരുന്നു.. സന്യാസിയാകാൻ ജനിച്ച ഒരാൾ എന്തിനു രാജാവായി വിവാഹം കഴിച്ചു.. ഒരു മകന് ജന്മം നൽകാനുള്ള കാരണമായി.. അപ്പോഴൊന്നും ഇല്ലാതെ പെട്ടെന്നൊരു ദിവസം ഉണ്ടായ സന്യാസത്തിൽ എന്ത് പ്രാധാന്യമാണുള്ളത്..
ബുദ്ധനെ പ്രതികൂട്ടിൽ നിർത്തി ചോദ്യശരങ്ങൾ നെയ്യുകയാണ് എഴുത്തുകാരൻ. പ്രതിനായകന്റെ വേഷമാണ് ഈ കൃതിയിൽ ബുധന്റേത്. മനോഹരമായ ഭാഷ കൊണ്ട് ഓരോ ഇടവും വരച്ചിടുകയാണ് എഴുത്തുകാരൻ. സിദ്ധാർതൻ ബുദ്ധനായി മാറുമ്പോൾ രാജ്യം സഹിച്ച കാര്യങ്ങൾ അവരുടെ വിലാപങ്ങൾ ഒക്കെ ഹൃദയത്തിൽ തറയ്ക്കുന്ന രീതിയിൽ എഴുത്തുകാരൻ വിശദീകരിക്കുന്നുണ്ട്..
ഉപേക്ഷിച്ചു എന്നു പറയുമ്പോഴും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി മറ്റുള്ളവരെ വിലാപത്തിലാഴ്ത്തി നടന്നു പോയ ആളാണ് ബുദ്ധൻ. ഒടുവിൽ പത്തു വയസുള്ള രാഹുലനെയും സന്യാസ ജീവിതത്തിലേയ്ക്ക് കൊണ്ട് വരുമ്പോൾ ഗോപയ്ക്ക് പിന്നെ ആശ്രയമൊന്നുമില്ല...
നോവലിന്റെ അവസാനം ഗോപ പറയുന്നത് നമുക്ക് ചെവിയോർക്കാം
"എങ്കിലും ഞാൻ പതറുകയോ കരയുകയോ ചെയ്യുന്നില്ല ലോക ബാന്ധവനായ മഹാ ബുദ്ധ നിന്റെ ഗോപയായിരുന്നു ഞാൻ.... നിന്റെ മകനായിരുന്നു അവൻ നിന്റെ..........."
ഡി സി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്ന���് 134 പേജുകൾ വില :130
സിദ്ധാർത്ഥ രാജകുമാരനെ നഷ്ടപ്പെട്ട കപിലവസ്തുവിൻ്റെ വിലാപങ്ങളാണ് പ്രധാനമായി ഈ നോവലിൽ. ജ്ഞാനോദയത്തിനായി പുറപ്പെട്ട സിദ്ധാർത്ഥ രാജകുമാരൻ്റെ കുടുംബം എങ്ങനെ അതഭിമുഖകരിക്കുന്നു എന്ന കഥയാണീ ചെറു നോവൽ. ഒരമ്മയുടെ, ഭർത്താവ് നഷ്ടപ്പെട്ട ഒരു സത്രീയുടെ ഒരു കുടുംബത്തിൻറെ വീക്ഷണ കോണിൽ നിന്നും ബുദ്ധനെ കാണുകയാണ്.കപിലവസ്തുവിൻ്റെ ചരിത്രം ആണ്.രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിൻറെ കഥ. സിദ്ധാർത്ഥൻ്റെ കഥയുടെ പൊളിച്ചെഴുത്ത് ചരിത്രത്തിൻറെ സഹായത്തോടെ നടത്തുന്ന ചെറു നോവൽ വ്യത്യസ്തമായ രീതിയിൽ ഒരു ബുദ്ധകഥ പറയാൻ ശ്രമിക്കുകയാണ് രാജേന്ദ്രൻ എടുത്തുംകര . 135 പേജുകളുള്ള ഒരു കൊച്ചു നോവൽ
ആത്മീയതയിലൂടെ സർവ്വജ്ഞാനവും നേടാമെന്ന് പറഞ്ഞ് മയക്കി കുലവും കുടുബവും മുച്ചൂടും മുടിപ്പിച്ച, പിതാവിനെ ദുഖത്തിലും മകനെ ദാരിദ്ര്യത്തിലും മരണത്തിലേക്ക് തള്ളി വിട്ട, ഒരു ജനതയെ മുഴുവൻ അനാഥരും അശരണരുമാക്കിയ ഒരുവനെ കാലം വിളിച്ച പേരാണ് ഗൗതമബുദ്ധൻ.
This entire review has been hidden because of spoilers.
സിദ്ധാര്‍ഥാനുപേക്ഷിച്ചുപോയ കപിലവസ്തുവിലെ ജനങ്ങളുടെ നോവുകള്‍ വിഭാവനം ചെയ്ത് ചരിത്രത്തിലെഴുതാതെപോയ സംഗതികള്‍ പറയുന്നൊരു അസാമാന്യ നോവല്‍. ചരിത്ര-പുരാണ സംഗതികളെ അവലംബിച്ച മറ്റൊരു കൃതി.
ശ്രീബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ.. ബുദ്ധനെ അറിയാത്തവരും വായിക്കാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല..
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ 'ദി ഹൻഡ്രഡ് ' എന്ന മൈക്കിൾ ഹാർട്ടിന്റെ പുസ്തകത്തിലെ നാലാം സ്ഥാനക്കാരൻ ആണ് ഗൗതമബുദ്ധൻ..
ആ അവതാരാ പുരുഷന്റെ ചരിത്രം അറിയുന്ന ആരും, ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്ന വികാരത്തോടെയല്ലാതെ അദ്ദേഹത്തെ ഓർക്കുകയില്ല.. ഒരുപാട് തലമുറയ്ക്ക് ആശ്വാസവും ആനന്ദവും പകർന്ന വ്യക്തിയാണ് ശ്രീബുദ്ധൻ.. ലോകത്തിന്റെയും ലോകരുടെയും ദുഖവും അവശതയും കണ്ട് മനസലിഞ്ഞു, അവയുടെ കാരണങ്ങൾ കണ്ടെത്താൻ സർവ്വതും ഉപേക്ഷിച്ചു പുറപ്പെട്ട ശ്രീബുദ്ധന്റെ ജീവിതകഥ നമുക്കെല്ലാം സുപരിചിതവുമാണ്..
എന്നാൽ നാം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ശ്രീബുദ്ധന്റെ ജീവിതത്തിലെ ഒരു പിന്നാമ്പുറ കാഴ്ച നമുക്ക് കാണിച്ചു തരികയാണ് കഥാകാരൻ ഇവിടെ..
തന്റെ ഇരുപത്തിയാൻപതാം വയസിൽ സകല കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചു ശ്രീബുദ്ധൻ വനത്തിലേക്ക് പോയപ്പോൾ നമ്മുടെ കഥാകാരൻ തേടിയത് ആ മഹത് ജീവിതമല്ല.. യുവരാജാവായ തന്റെ പ്രിയ പുത്രന്റെ വിയോഗത്താൽ തപിക്കുന്ന പിതാവ് ശുദ്ധോദനന്റെയും, വളർത്തമ്മ ഗൗതമിയുടെയും, ജനിച്ച സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാതെ പോയ തന്റെ പ്രിയതമനെ ഓർത്ത് വിലപിക്കുന്ന ഭാര്യയായ ഗോപയുടെയും മാനസിക നിലയാണ്.. അവരുടെ മനസിലേക്കാണ് കഥാകാരൻ പോയത്, അവരുടെ മാനസിക സംഘർഷമാണ് കഥാകാരൻ തേടിയത്..
ഗൗതമസിദ്ധാർഥ്നിൽ നിന്ന് ബുദ്ധനിലേക്കുള്ള യാത്രയിൽ കപിലവസ്തുവിന് നഷ്ടമായത് യുവരാജാവിനെ മാത്രമല്ല, മറ്റനേകം പുരുഷൻ മാരെയും ആണ്.. ബുദ്ധനെ പിൻതുറടർന്ന, ബുദ്ധ മാർഗം സ്വീകരിച്ച പുരുഷകേസരികൾ ആരും തന്നെ കപിലവസ്തുവിലേക്ക് തിരിച്ചുവന്നില്ല.. അവരാരും തന്നെ അവരുടെ മാതാവിന്റെയോ ഭാര്യയുടെയോ മക്കളുടെയോ വിലാപങ്ങൾ കേട്ടില്ല.. ബുദ്ധ മാർഗത്തിലൂടെ കപിലവസ്തുവിനും സ്ത്രീകൾക്കും നഷ്ടമായത് അവരുടെ ജീവിതവും സ്വപ്നങ്ങളും ആയിരുന്നു..
ബുദ്ധൻ തന്റെ അനുയായികളുമായി കപിലവസ്തുവിലേക്ക് തിരികെയുതുന്നുണ്ട്.. ആ യാത്രയിൽ ബുദ്ധൻ തന്റെ മകനായ രാഹുലനയും സന്യാസത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നു.. ഭർതൃ വിയോഗത്താൽ ദുഖിതയായിരുന്ന ഗോപയ്ക് പുത്രവിയോഗം സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു..
കപിലവസ്തു അനാഥമാകാൻ പാടില്ല എന്ന ആഗ്രഹത്തോടെ തന്റെ രണ്ടാമത്തെ മകനായ നന്ദനെ ബുദ്ധനിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുന്ന ശുദ്ധോധനൻ അവിടെയും പരാജയപ്പെടുന്നു.. തന്റെ രാജ്യവും പിതാവിനെയും മാതാവിനെയും പ്രണയിനി കല്യാണിയെയും മറന്ന് ബുദ്ധനിൽ ശരണം പ്രാപിക്കുന്ന നന്ദന് പക്ഷെ മനസാൽ അത് സാധിച്ചില്ല.. അലറിക്കരയുന്ന കല്യാണി നന്ദന്റെ മനസിനെ വിടാതെ പിന്തുടർന്നു.. തിരിച്ച് പോകാനാകാതെ, കല്യാണിയെ മനസ്സിൽ നിന്ന് മായ്ക്കാനാകാതെ നന്ദൻ വിഷമിച്ചു..
ഗോപയുടെ സഹോദരൻ ആയ ദേവദത്തൻ തന്റെ സഹോദരിയുടെ ദുഖത്തിന് ചോദിക്കാൻ ആഗ്രഹിച്ചു.. അയാൾ ബുദ്ധനോടൊപ്പം ചേരുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.. അവിടെ അയാൾ പരാജയപ്പെടുകയും ചെയ്യുന്നു..
ശുദ്ധോധന മഹാരാജവിന്റെ മരണശേഷം പുരുഷന്മാരില്ലാതെ അനാഥമായ കപിലവസ്തുവിൽ ശത്രുക്കൾ ആക്രമണം അഴിച്ചുവിട്ടു.. അവർ അവിടം താവളമാക്കി.. അവിടെ നിന്നും രക്ഷപ്പെട്ട ബുദ്ധന്റെ മാതാവും പത്നിയും അടങ്ങുന്ന സ്ത്രീ ജനങ്ങൾ ബുദ്ധനെ ശരണം പ്രാപിച്ചു.. അവിടെയും ദുഃഖങ്ങൾ മാത്രമാണ് അവർക്കായി കരുതി വെച്ചിരുന്നത്..
ബുദ്ധന്റെ യാത്രയിൽ പിന്നിൽ ഉപേക്ഷിക്കപ്പെട്ടവരുടെ വേദനയും രോധനവുമാണ് ഈ പുസ്തകം പറയുന്നത്.. ആരും കേൾക്കാതെ പോയ രോദനം ആണ് കഥാകാരൻ കേട്ടത്.. അതാണ് കഥാകാരൻ നമുക്ക് പറഞ്ഞു തരുന്നതും..
എന്നാൽ, നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്..
ജ്ഞാനമാർഗ്ഗം തേടി ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചു കപിലവസ്തു വിട്ടിറങ്ങിയ ബുദ്ധൻ അനാഥമാക്കിയ ജീവിതങ്ങളെ കുറിച്ചുള്ള ഇതുവരെ ആരും പറയാത്ത അസാധാരണമായ കഥയാണ് ഞാനും ബുദ്ധനും. ഒരു രാത്രി വെളുത്തപ്പോൾ വീട് വിട്ടിറങ്ങിയ ബുദ്ധൻ പിതാവ് ശുദ്ധോധനും വളർത്തമ്മ ഗൗതമിക്കും പ്രിയപത്‌നി ഗോപയ്ക്കും മകൻ രാഹുലിനും കപിലവസ്തുവിനാകെയും സങ്കടം മാത്രമാണ് നൽകിയത്. കഥാവസാനത്തിൽ ബുദ്ധന്റെ നിരർത്ഥകമായ ശാഠ്യങ്ങളാൽ ജീവിതം ദുസ്സഹമായി തീരുന്ന മനുഷ്യാത്മാക��കളെ ഓർത്ത് ബുദ്ധനോട് ഒടുങ്ങാത്ത അമർഷം ബാക്കിയാവും ഓരോ വായനക്കാരനിലും. ഈ കഥയിൽ ബുദ്ധൻ നായകനല്ല പ്രതിനായകനാണ്.