മനുഷ്യൻ മാത്രം ചെയ്യുന്ന പ്രവൃത്തികളുണ്ടല്ലോ, അതിലൊന്നാണു വായന. അതിനാൽ ഇതിൽ മനുഷ്യത്വമാണു കൂടുതൽ. ഏകാന്തതയും അമ്പരപ്പും മനുഷ്യനെ വായനക്കാരനും എഴുത്തുകാരനുമാക്കുന്നു. സാഹിത്യവും സാഹിത്യ വായനയും പ്രമേയമായ ലേഖനങ്ങൾ. സാഹിത്യം വായനക്കാരനേയും വായനക്കാരൻ സാഹിത്യത്തേയും പൊളിച്ചുപണിയുന്നതിന്റെ സാക്ഷ്യങ്ങൾ.
ഞാൻ ജോൺ മക്ഗ്രെഗറിന്റെ, ബുക്കർ ലോങ്ങ് ലിസ്റ്റിൽ വന്ന നോവൽ "റിസർവോയർ 13" വായിയ്ക്കാനുണ്ടായ കാരണം ജെയിംസ് വുഡിന്റെ ന്യൂയോർക്കർ ലേഖനമായിരുന്നു. പ്രയാസമേറിയ പുസ്തകങ്ങൾ വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുകയോ, അല്ലെങ്കിൽ അവയിലേയ്ക്ക് എന്തെങ്കിലും ഒരു കുറുക്കുവഴി കണ്ടുപിടിച്ചു തരികയോ ആണ് ഇതുപോലെയുള്ള കുറിപ്പുകൾ ചെയ്യുന്നത്. ആ കുറിപ്പ് വായിച്ചില്ലെങ്കിൽ രണ്ടു തവണ ഉപേക്ഷിച്ച ആ വായന നടക്കുകയുമില്ലായിരുന്നു(ഈ വർഷത്തെ ആദ്യപരീക്ഷയായിരുന്നു ഈ പുസ്തകം). ഇതിപ്പോൾ പറയാൻ കാരണം അജയ് പി മാങ്ങാട്ടിന്റെ "ലോകം അവസാനിക്കുന്നില്ല" എന്ന പുസ്തകം വായിച്ചതാണ്. സരമാഗോയുടെ പുസ്തകത്തിലേയ്ക്ക് താൻ പെസോവയിലൂടെയാണ് എത്തിയതെന്ന് അയാൾ പറയുമ്പോൾ എന്നിലെ വായനക്കാരൻ ബുക്ക് ഓഫ് ഡിസ്‌ക്വയറ്റ് എവിടെയായിരിയ്ക്കും എന്ന് ആലോചിയ്ക്കാൻ തുടങ്ങി. എന്നാൽ പെസോവ വായനയിൽ പഴഞ്ചനായിക്കഴിഞ്ഞുവല്ലോ എന്നും തോന്നി. അപ്പോൾത്തന്നെ സരമാഗോയുടെ പുസ്തകങ്ങൾ വായിയ്ക്കാനുള്ള അദമ്യമായ ഒരു ആഗ്രഹവും എനിയ്ക്കുണ്ടായി. അജയ് എഴുതിയിരിയ്ക്കുന്ന പുസ്തകങ്ങൾ "റിക്കാർഡോ റെയ്‌സ്", "ഗോസ്പൽ", "അൺനോൺ ഐലൻഡ് " തുടങ്ങിയവ ഒന്ന് മറിച്ചുനോക്കി. രണ്ടാം വായനയ്ക്കുള്ള തോന്നൽ ഉണ്ടാക്കുക എളുപ്പമല്ല. ഞാൻ വായിയ്ക്കാത്ത പുസ്തകങ്ങളല്ല ഇവയൊന്നും. എന്നാൽ ആ തോന്നൽ കുറച്ചു ശക്തമായിരുന്നു, അതെന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കുറിപ്പെഴുത്തുകാരന്റെ വിജയമാണത്. ജെയിംസ് വുഡ് തന്നെ പറയുന്നുണ്ട് താൻ അടുത്ത മാസ്റ്റർപീസ് എവിടെയെന്ന, സദാ നേരമുള്ള ചോദ്യത്തിൽ നിന്ന് പതിയെ ഈ പുസ്തകം എങ്ങനെ വായിയ്ക്കാം, അല്ലെങ്കിൽ ഈ എഴുത്തുകാരനെ എങ്ങനെ സമീപിയ്ക്കണം എന്ന താരതമ്യേന ലളിതമായ ഒരു ശൈലിയിലേയ്ക്ക് മാറിയതിനെപ്പറ്റി(അയാളുടെ നെയ്പോളിനെപ്പറ്റിയുള്ള, അയാളുടെ മരണാനന്തരം വന്ന, കുറിപ്പ് വായിയ്ക്കുക, നെയ്‌പോളിന്റെ ചില പുസ്തകങ്ങൾ വായിയ്ക്കാനുള്ള ഉത്തേജനം കിട്ടും). അതേ ജോലിയാണ് ഇവിടെ അജയ് മാങ്ങാട്ടും ചെയ്യുന്നത്.
സരതുഷ്ട്രയിലെ മരത്തിനെപ്പറ്റിയുള്ള കുറിപ്പ് തുടങ്ങുന്നത് സന്ധ്യയ്ക്ക് ഒറ്റയ്ക്ക് പുഴയിൽ കുളിയ്ക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്.ചുരുക്കം ചില വാക്കുകളിൽ ആ സമയത്തെ നേർത്ത ഇരുട്ടും, നിശബ്ദതയും നമുക്കും അനുഭവപ്പെടുന്നു. അപ്പോൾ തന്നെ മലഞ്ചെരിവിലെ ഒറ്റ മരത്തിന്റെ ഏകാന്തതയെപ്പറ്റി പറയാനുള്ള വേദി ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിൽ പുസ്തകങ്ങളെപ്പറ്റി എഴുതുന്ന ബഹുഭൂരിപക്ഷം പേർക്കുമില്ലാത്ത വ്യക്തിതലത്തിലുള്ള ഈ കാഴ്ചയാണ് അജയിനെ വ്യത്യസ്തനാക്കുന്നത്. എസ് ജോസെഫിന്റെ ഒരു കവിതെയെക്കുറിച്ചെഴുതിയ ഒരു കുറിപ്പാണ് ഈ എഴുത്തുകാരന്റേതായി ഞാൻ മുന്നേ വായിച്ചിട്ടുള്ളത്. അതിൽ "ഉടുമ്പായി ഞാൻ പാർക്കുന്നു" എന്ന കവിതയിലെ ഒരു വരിയെപ്പറ്റി പറയുമ്പോൾ, എഴുത്തുകാരൻ തന്റെ സ്‌കൂളിൽ, അരമതിൽ മാത്രമുള്ള ഒരു ക്‌ളാസ്സിലിരുന്നു നോക്കുമ്പോൾ തൊടിയിൽ സ്ഥിരമായി കാണുന്ന ഒരു ഉടുമ്പിന്റെ കാര്യം പറയുന്നു. ക്‌ളാസ്സിലെ കുട്ടികൾ ആ ജീവിയെ നോക്കുകയാണ്. ഉടുമ്പ് തിരിച്ചു അവരെയും നോക്കുന്നു. ഉടുമ്പിന്റെ ഓരോ അനക്കത്തിലും കുട്ടികളുടെ ജിജ്ഞാസയും വളരുന്നു. നല്ലൊരു വായനക്കാരൻ കസാന്റ്‌സാക്കീസിന്റെ സ്‌കൂൾ ജീവിതത്തിലെ ആ സംഭവം ഓർക്കും. അയാളുടെ സഹപാഠി അധ്യാപകനോട് നിശ്ശബ്ദനാകാൻ പറയുകയാണ് - കാരണം, അവന് പുറത്തു പാടിക്കൊണ്ടിരിയ്ക്കുന്ന കിളിയെ കേൾക്കണം. അത്തരം കണ്ണിചേർന്നപോലുള്ള തോന്നലുകളാണ് ഈ എഴുത്തുണ്ടാക്കുന്നത്. അത് ഈ പുസ്തകത്തിൽ ഉടനീളമുണ്ട് താനും.
ഈ പുസ്തകത്തിലെ ഏറ്റവും നല്ല എഴുത്ത് "പ്രണയ ഭൂഖണ്ഡങ്ങൾ" എന്ന കുറിപ്പാണ്. ആശാനിൽ തത്വചിന്തയും സ്‌ത്രീയ്‌ക്കൊത്ത തരളഹൃദയവും സമമായി ചേർന്നിരിയ്ക്കുന്നു എന്ന് വാദിയ്ക്കുന്ന എഴുത്തുകാരൻ, പിന്നെ "വിരഹത്തിന്റെ കവി"യായ സ്വെറ്റേവയയിലേയ്ക്ക് കടക്കുന്നു. റഷ്യയുടെ ചരിത്രത്തിലെ ഇരുട്ടടഞ്ഞ സമയത്തു ജീവിച്ചിരുന്ന അവർ അനുഭവിച്ച യാതനകൾക്കു - കുട്ടികളുടെ മരണമടക്കം - കണക്കില്ല. റിൽകെ , അക്മറ്റോവ, മന്റൽസ്താം, പാസ്തർനാക് തുടങ്ങിയവരോടൊക്കെ സൗഹൃദം പുലർത്തിയിരുന്ന അവരുടെ നാശത്തിൽ അവരുടെ സ്വന്തം പങ്കുമുണ്ട് എന്നതാണ് സത്യം - അവരുടെ തുറന്ന സംസാരരീതിയും, എല്ലാറ്റിനോടുമുള്ള നിരന്തര കലഹവും ആളുകളെ അകറ്റി. അത് റഷ്യയിൽ മാത്രമല്ല പ്രവാസത്തിലും സംഭവിച്ചു. എന്നാൽ പ്രണയം, കവിത ഇവ രണ്ടും അവരെ മുന്നോട്ടു നയിച്ചു, ഒടുവിൽ കവി ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു. അവിടെ നിന്നും കുറിപ്പ് നീത്‌ഷെയുടെ സരതുഷ്ട്രയിലേയ്ക്ക് എത്തുന്നു. എന്താണ് തത്വചിന്തകനെ "കനക്കുറവുള്ള" ഈ പുസ്തകമെഴുതുന്നതിലേയ്ക്ക് നയിച്ചത്? പ്രണയവും പ്രണയഭംഗവും തന്നെ. സത്യത്തിൽ അവയെക്കുറിച്ചു പറയാൻ വേണ്ടിയാണോ ഈ പുസ്തകം എഴുതപ്പെട്ടത് എന്ന് തന്നെ സംശയിയ്ക്കണം. കുറിപ്പ് അവസാനിയ്ക്കുന്നത് സരമാഗോയുടെ നോവലുകളിലാണ്. മലയാളത്തിൽ ഈ ലേഖനത്തിന്റെ ആർക്ക് (arc) ഉള്ള അധികം എഴുത്തുകൾ ഞാൻ കണ്ടിട്ടില്ല. അഥവാ നമ്മുടെ എണ്ണം പറഞ്ഞ എഴുത്തുകളിൽ ഒന്നാണ് ഇത്. കൃഷ്ണൻനായരെക്കുറിച്ചു പറയുമ്പോൾ "പേരക്കയുടെ മണ" ത്തെപ്പറ്റി ആളുകൾ പറയുന്നതുപോലെ.
ഒരു പക്ഷെ ഇതിനേക്കാളും പ്രാധാന്യമർഹിയ്ക്കുന്ന ഒന്നാണ് "കാലം"എന്ന ലേഖനം. വിപുലമായ റെഫറൻസുകളോടെ എഴുതപ്പെട്ട ഇത് മഹാഭാരതത്തെ പൊളിച്ചെഴുതാൻ ശ്രമിച്ച ഗ്രന്ഥങ്ങളിലൂടെയുള്ള യാത്രയാണ്. മഹാഭാരതത്തിന്റെ മൊത്തത്തിലെ യുദ്ധവിരുദ്ധതയും അതിൽ കടന്നുവരുന്ന ഗീതയിലെ യുദ്ധസന്നദ്ധതയും തമ്മിലുള്ള അന്തരത്തെക്കുറിച്ചു പലരും എഴുതിയിട്ടുണ്ട്. ഇവിടെ ബ്രാഹ്മണമതതാൽപ്പര്യങ്ങളെ സാധിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഒന്നാണ് ഭാരതം എന്നതിലേയ്ക്കുള്ള സൂചനകളാണുള്ളത്. ഭാരതത്തിന്റെ സാമ്രാജ്യചരിത്രം ജരാസന്ധനിൽ തുടങ്ങുന്നു എന്ന് ആലോചിയ്ക്കുമ്പോൾ ബൗദ്ധരാജാക്കന്മാരായ ബിംബിസാരന്റെയും അജാതശത്രുവിന്റെയും പൂർവ്വികനാണ് അയാൾ എന്നത് ഓർമ്മിപ്പിയ്ക്കുകയാണ് എഴുത്തുകാരൻ. അഥവാ ബുദ്ധന്മാർ ഉയർത്തിയ വെല്ലുവിളിയെ നേരിടുന്ന ആൾ കൂടിയാണ് കൃഷ്ണൻ. ആ കഥ കൂടിയാണ് ഭാരതം. എന്നാൽ ലേഖനത്തിന്റെ അവസാനത്തിലെ ഭാരത സംഗ്രഹമാണ് ഏറ്റവും വലിയ കൗതുകം. ദ്രുപദനും ദ്രോണരും തമ്മിലുള്ള ചെറുപ്പകാലത്തെ വൈരത്തിന്റെ തുടർച്ചയായി ഭാരതത്തെ ചുരുക്കിനോക്കുകയാണ് ഇവിടെ. പാണ്ഢവരെ ഉപയോഗിച്ച് ദ്രുപദനെ തോൽപ്പിയ്ക്കുന്ന ദ്രോണർ, ദ്രോണരെ കൊല്ലാൻ ധൃഷ്ടദ്യുമ്നനെ യാഗം നടത്തി സൃഷ്ടിയ്ക്കുന്ന ദ്രുപദൻ, അയാളുടെ മകളാണ് ദ്രൗപദി എന്നത്, യുദ്ധാനന്തരവും ദ്രൗപദിയുടെ വാശി സാധിയ്ക്കാൻ ദ്രോണരുടെ മകനായ അശ്വത്ഥാമാവിന്റെ മണി ചോദിച്ചു വാങ്ങി, ചിരഞ്ജീവിയായ അയാളെ ഭ്രാന്തനായി അലയാൻ വിടുന്നത് - ഇങ്ങനെ അത് പോകുന്നു. അഥവാ ലോജിക്കലി അതും കൃത്യമായി വരുന്നത് നമുക്ക് കാണാം. ആത്യന്തികമായി ബ്രാഹ്മണ മതത്തിന്റെ ഗ്ലോറിഫിക്കേഷൻ തന്നെയാണ് എന്ന് സ്ഥാപിയ്ക്കുന്ന പല ഉപകഥകളിൽ ഒന്ന് എഴുത്തുകാരൻ തൊട്ടു പോകുന്നുണ്ട്. പുഴുവും വ്യാസനും തമ്മിലുള്ള പ്രശസ്ത സംഭാഷണമാണിവിടെ - ബ്രാഹ്മണരെ ദ്രോഹിച്ചിരുന്ന ഒരു ശൂദ്രൻ പുഴുവായും നായായും നരിയായും വൈശ്യനായും ഒക്കെ പല ജന്മം ജീവിച്ചിട്ടും ക്ഷത്രിയനാകാനേ കഴിഞ്ഞുള്ളു, അത് തന്നെ ഏതോ ബ്രാഹ്മണന് ഏതോ പുണ്യം ചെയ്തതിന്റെ ബലത്തിൽ, പൂർവ്വ ജന്മങ്ങളുടെ കഥ ഓർക്കാനാകുന്നത് തന്നെ അതിനാൽ! ബലികർമ്മങ്ങളിൽ നേദിയ്ക്കപ്പെടുന്ന മൃഗങ്ങൾ സ്വർഗ്ഗ പ്രാപ്തി നേടുന്നപോലെയുള്ള വ്യഖ്യാനങ്ങളും പിൽക്കാലത്തു ബുദ്ധരുടെ സ്വാധീനത്തിൽ വന്നു ചേർന്നതാണ് എന്ന് മറ്റൊരിടത്തുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതകഥ അവലംബിച്ചുള്ള പ്രസംഗങ്ങളോട് പ്രായോഗിക തലത്തിൽ എനിയ്ക്കുള്ള വിയോജിപ്പും ഇവിടെയാണ്. സുനിലിന്റെ പ്രസംഗം കേട്ട് ഭാരതം വായിയ്ക്കുന്നവൻ മനസ്സിലാക്കുന്നത് സുനിൽ ഉദ്ദേശിയ്ക്കുന്നത് തന്നെയാകുമോ എന്ന സംശയമാണ് എനിയ്ക്ക് - അത്രത്തോളം ശക്തമാണ് വിശ്വാസവും കൃത്യമായ ജാതിബോധം ഉണർത്തുന്ന, എന്നാൽ എവ്വിധത്തിലുമുള്ള വ്യഖ്യാനങ്ങൾക്ക് സാധ്യത നൽകുന്ന ഭാരതം പോലെയുള്ള ബൃഹദ്ഗ്രന്ഥങ്ങൾ. ആ വ്യഖ്യാനങ്ങളും അർത്ഥതലങ്ങളും മനസ്സിലാക്കാൻ ആ ഗ്രന്ഥത്തിന്റെ പുറത്തുള്ള പഠിത്തവും ചിന്തയും ആവശ്യമുണ്ട്. സുനിലിന്റെ കുറ്റമല്ല. എന്നാൽ അയാൾ എത്തിപ്പെട്ടിരിയ്ക്കുന്ന അവസ്ഥാവിശേഷമാണിത്.
പുസ്തകത്തിന്റെ മറ്റു ചില ഭാഗങ്ങളിലെ രാഷ്ട്രീയത്തോട് എന്നാൽ എനിയ്ക്കു വിയോജിപ്പുണ്ട്. റഷ്യയിലെ യുഗോസ്ലാവിയയിലെ ഒക്കെ പരാജിതമായ കമ്മ്യുണിസ്റ്റ് ഭരണങ്ങളെ കുറിച്ച് പറയുമ്പോൾ കേരളത്തിലെ പാർട്ടിയെപ്പറ്റി പറയുന്ന അലസത അജയിന്റെ ചിന്തയ്ക്കുണ്ട്. ലോകത്തിന്റെ ഓരോ ഭാഗത്തുമുള്ള കമ്മ്യുണിസം തനതായ രീതികളാണ് അവലംബിച്ചിട്ടുള്ളത് എന്നതാണ് ഈ ആർഗ്യുമെന്റുകളുടെ പരാജയം. കേരളത്തിലെ പാർട്ടിയുടെ രാഷ്ട്രീയത്തെ നിഷ്പക്ഷമായി നോക്കുമ്പോൾ അത് സ്റ്റാലിനിസത്തിലേയ്‌ക്കോ, ചൈനീസ് നിയോലിബറൽ രീതികളിലേയ്ക്കോ പോയിട്ടില്ല, ഡ്രാകുളിക്ക് എഴുതിയ പോലുള്ള ഒരു സെർബിയൻ രാഷ്ട്രീയാവസ്ഥ കേരളത്തിലോ (ഇന്ത്യയിലെവിടെയെങ്കിലുമോ) കമ്മ്യുണിസ്റ്റ് ഭരണത്തിൽ ഉണ്ടായിട്ടില്ല എന്ന് കാണാം. എന്നാൽ കേരള ബുദ്ധിജീവി ലോകം ആദരിയ്ക്കുന്ന നക്സലുകളും ആക്ടിവിസ്റ്റുകളായി കണക്കാക്കുന്ന മാവോയിസ്റ്റുകളും കടുത്ത ജനാധിപത്യ ധ്വംസനം നടത്തിയിട്ടുണ്ട് താനും. വേദാന്ത ഗ്രൂപ്പിന്റെ ചാവേറുകളാണ് ഉത്തരകിഴക്കൻ മാവോയിസ്റ്റുകൾ എന്ന് കാര്യങ്ങൾ വേണ്ടുന്ന രീതിയിൽ നോക്കിക്കാണുന്ന ആർക്കുമറിയാം. വിസ്താരഭയം കൊണ്ട് ഞാൻ വിട്ടു കളഞ്ഞ പുസ്തകത്തിലെ കുറിപ്പുകളിൽ പാമുക്കിന്റെ മഞ്ഞിനെപ്പറ്റി, തൂലികാനാമത്തിൽ എഴുതിയ, 2005-ലെ ഒരു ലേഖനവുമുണ്ട്. അതിൽ ഇങ്ങനെ ഒരു വാചകമുണ്ട് - "സാഹിത്യകൃതിയിലെ രാഷ്ട്രീയം സംഗീതക്കച്ചേരിയിലെ വെടിയൊച്ചപോലെയാണ്". ഇതുപറഞ്ഞ സ്റ്റെന്താളിനും, ഓബ്ലോമോവിയൻ ജീവിതം ജീവിയ്ക്കാൻ സാധിയ്ക്കുന്ന ആർക്കും അങ്ങനെയാവാം. എന്നാൽ ജീവിതം തന്നെ സമരമായ ആളുകൾക്ക് അരാഷ്ട്രീയത കൊണ്ട് കുമ്പിൾ നിറയ്ക്കാൻ കഴിയില്ല തന്നെ.
എന്നിരിയ്ക്കിലും, അജയിന്റെ പുസ്തകം വ്യത്യസ്‍തമായ ഒരു വായന തന്നെയായി അനുഭവപ്പെട്ടു എന്നതാണ് പ്രധാനം. നമ്മുടെ നിരൂപകർ ഗ്രന്ഥങ്ങൾ എഴുതുന്ന പതിവ് നിറുത്തിയിട്ട് വർഷങ്ങളായല്ലോ. അഥവാ മുഴുവൻ സമയ നിരൂപകർ നമുക്കില്ല. എന്നാൽ പലരും എഴുതുന്ന ലേഖനങ്ങളിൽത്തന്നെ അവരുടെ പൂർവ്വികരെയാണ് നമ്മൾ വായിയ്ക്കുന്നതും. അതിൽ നിന്നുള്ള, ബഹളമേതുമില്ലാത്ത വേർപിരിയലാണ് ഈ പുസ്തകം. ഈ വർഷം മലയാളത്തിൽ ഞാൻ വായിച്ച ഏറ്റവും നല്ലത്. നോയ്‌സ് ക്യാൻസലേഷനുള്ള ഒരു ഹെഡ്സെറ്റ് വച്ചപോലെയാണ് ചിലപ്പോൾ അജയിന്റെ എഴുത്തുകൾ എന്നും പറയാം. അത് ഒറ്റപ്പെട്ട, സ്വച്ഛമായ ഒരു ലോകത്തിലേയ്ക്കുള്ള പ്രവേശനമാണ്. പുസ്തകത്തിലെ ആദ്യ കുറിപ്പുമുതൽ അത് നമുക്കനുഭവപ്പെടും.