വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു, "സാറ"- പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ. ഉടല്‍ രാഷ്ട്രീയം എഴുതിയ ഹണിഭാസ്ക്കരന്‍റെ മറ്റൊരു പെണ്‍പക്ഷനോവല്‍, പിയേത്താ. ജീവിതത്തിന്‍റെ കാണാപ്പുറക്കാഴ്ചകള്‍.
സാറ എന്ന പത്രപ്രവര്‍ത്തകയുടെയും അവളില്‍ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും നിറങ്ങള്‍ പടര്‍ത്തിനില്‍ക്കുന്ന ജൊനാഥന്‍ എന്ന ചിത്രകാരന്റെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജയശ്രീ മിശ്ര എന്ന സാമൂഹ്യപ്രവര്‍ത്തകയുടെയും കഥയാണ് 'പിയേത്താ'. ക്ഷേത്രനഗരിയെന്നു പറയാവുന്ന കാളീഘട്ടിലെയും കുപ്രസിദ്ധമായ സോനാഗച്ഛിയിലെയും മാംസവ്യാപാരങ്ങളുടെ ഇരുണ്ട കാഴ്ചകളാണ് നോവലിന്റെ പശ്ചാത്തലം. എന്നാൽ ഒരു വായനക്കാരി എന്ന നിലക്ക് എന്നെ ഒട്ടും സംതൃപതമാക്കാൻ ഈ പുസ്തകത്തിനു കഴിഞ്ഞില്ല എന്ന് വേദനയോടെ പറയട്ടെ. നല്ലൊരു കഥാതന്തുവിനെ പൂർണ്ണമായി എഴുതി ഫലിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിയാതെ പോയോ എന്ന് ഞാൻ സംശയിക്കുന്നു. സാറയും ജോനാഥനുമായുള്ള പ്രണയമായാലും കൊൽക്കത്ത എന്ന നഗരത്തിലെ മാംസകച്ചവടത്തിന്റെ ഭീകരതയായാലും അതിന്റെ ശരിയായ വികാരം വായനക്കാരിലേക്ക് എത്തിക്കാൻ എഴുത്തിനു ശക്തി പോരാ എന്നൊരഭിപ്രായവുമുണ്ട്. അവസാനം എഴുതി മടുത്തതിനാലോ അതോ ഇനി കഥയെ എങ്ങനെ തുടരണം എന്നറിയാത്തതിനാലോ എന്തോ പെട്ടെന്ന് എല്ലാം അവസാനിച്ചിരിക്കുന്നു. നിത്യകന്യകയായ മേരിയുടെ കഥ മാത്രം മനസ്സിൽ തൊട്ടു. ഒരു തവണ വായനക്ക് ഉത്തമം.