ഭോപ്പാലിലെ വിഴപ്പുക തുപ്പിയ മരണ ഫാക്ടറി ഇന്നും ദുരന്തസ്‌മൃതിയാണ് . കാൽലക്ഷത്തോളം പേരുടെ മരണത്തിനും പതിനായിരങ്ങളുടെ തീരാദുരിതത്തിനും അതിടയാക്കി .ഭോപ്പാൽ ദുരന്തത്തിന്റെ കാണാപ്പുറങ്ങളിലേക്ക് പ്രശസ്ത എഴുത്തുകാരനായ ഡൊമിനിയർ ലാപിയറും ജാവിയർ മോറോയും നടത്തുന്ന യാത്രയുടെ കരളലിയിക്കുന്ന ഓർമ്മകളാണിത് . ഉദ്ധ്വേഗവും സംഘർഷവും ആകാംഷയും ഈ കൃതിയുലുട നീളം നിറഞ്ഞു നിൽക്കുന്നു . നൂറുകണക്കിന് കഥാപാത്രങ്ങൾ അണിനിരന്നു നിൽക്കുന്ന അത്യന്തം സ്തോഭ ജനകമായ ആവിഷ്കരണം .ഭാവിതലമുറക്കുള്ള മുന്നറിയിപ്പും താക്കീതും ഇതിലുണ്ട് .
വ്യാവസായിക വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയിൽ അവതരിച്ച് ഒരു പട്ടണത്തെ തന്നെ ഇല്ലാതാക്കിയ ഇന്ത്യൻ ചെർണോബിൽ എന്നറിയപ്പെടുന്ന ഭോപ്പാൽ ദുരന്തത്തിന്റെ ഉള്ളറകളിലേയ്ക്ക് ഡോമിനിക് ലാപിയറും ജാവിയർ മോറോയും നടത്തിയ യാത്രയാണ് 'It was Five Past Midnight in Bhopal'. ഈ കൃതിയുടെ മലയാള പരിഭാഷയാണ് 'ഭോപ്പാലിൽ അന്ന് സംഭവിച്ചത്'. അവിചാരിതമായി ഒരു വായന ഗ്രൂപ്പിൽ കണ്ട ഫോട്ടോയിൽ നിന്നാണ് ഈ കൃതിയെ പറ്റി അറിയുന്നത്. ലോകമെങ്ങുമുള്ള കൃഷിയിടങ്ങളിൽ കീടാക്രമണം രൂക്ഷമായ ഒരു കാലഘട്ടമായിരുന്നു അത്. അവയ്ക്കെതിരെ ഫലപ്രദമായ കീടനാശിനികൾ കണ്ടെത്താൻ രാസകീടനാശിനി നിർമ്മാണ കമ്പനികൾ നിരവധി ഗവേഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതിൽ ഏറ്റവും അധികം വിജയിച്ചത് യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്ര കമ്പനിയായിരുന്നു. സെവിൻ എന്ന് പേരിട്ട് വിളിച്ച തങ്ങളുടെ 'രക്ഷകൻ' ലോകത്തിലെ കൃഷിയിടങ്ങളെയും രക്ഷിക്കുമെന്ന് അവർ കണക്ക് കൂട്ടി. വലിയ തോതിൽ സെവിൻ നിർമ്മിക്കാൻ ഫാക്ടറി സ്ഥാപിക്കാൻ യൂണിയൻ കാർബൈഡ് കണ്ടെത്തിയത് മൂന്നാം ലോക രാഷ്ട്രമായിരുന്ന ഇന്ത്യയെ ആയിരുന്നു. അന്നത്തെ വാണിജ്യ സ്ഥിതി കണക്കിലെടുത്ത് അധികാരികൾ ഫാക്ടറിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഉയർന്ന ഉൽപാദന ശേഷിയുളള ഫാക്ടറി അങ്ങനെ ഇന്ത്യയുടെ ഹൃദയ ഭാഗമായ ഭോപ്പാലിൽ ഉയർന്നു. വരൾച്ചയും മറ്റും കൊണ്ട് കാർഷിക മേഖലയിൽ ഉണ്ടായ തകർച്ച മൂലം സെവിന്റെ കച്ചവടം കൂപ്പുകുത്തിയ കാഴ്ചയാണ് പിന്നീട് കണ്ടെത്. ഇത് മൂലം ഫാക്ടറിയുടെ ചിലവ് കുറയ്ക്കാൻ അതിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ട് വീഴ്ച ചെയ്യാനാണ് യൂണിയൻ കാർബൈഡ് ശ്രമിച്ചത്. ഇത് മൂലം ആ രാത്രിയിൽ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ടാങ്കിലേയ്ക്ക് വെള്ളം ഇരച്ച് കയറി മർദ്ദം താങ്ങാനാകാതെ ടാങ്ക് പൊട്ടിത്തെറിച്ചു. വിഷപുക മേഘം പോലെ ഭോപാലിന്റെ തെരുവുകളിലും റെയിൽവേ സ്റ്റേഷനിലും പടർന്ന് ഇറങ്ങി. മനുഷ്യറും കന്നുകാലികളും പ്രാണവായു കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് മരണം ഏറ്റുവാങ്ങി. മരണപ്പെട്ടവർ ആയിരുന്നു യഥാർത്ഥ ഭാഗ്യവാന്മാർ. ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം നിരവധി ആരോഗ്യപ്രശ്നങ്ങളാൽ വീണ്ടും ദുരിതപൂർണമായി. വിഷപുകയുടെ അനന്തരഫലങ്ങൾ പേറുന്നവർ ഭോപ്പാലിൽ ഇന്നും ജീവിക്കുമ്പോഴും ഈ ദുരന്തത്തിന് കാരണക്കാരായവരെ ശിക്ഷിക്കാൻ നാളിത് വരെ നീതിപീഠത്തിന് സാധിച്ചില്ല. ഹൃദയത്തിൽ കൊത്തിവലിക്കുന്ന പോലെയുള്ള അനുഭവത്തോടെയും അൽപ്പം ഞെട്ടലോടെയും ഒപ്പം ഭയത്തോടെയുമല്ലാതെ ഈ പുസ്തകം വായിച്ച് തീർക്കാനാകില്ല എന്നത് സത്യമാണ്. ഭോപ്പാൽ ഇന്നും അവശേഷിക്കുന്ന ഒരു ഓർമ്മകുറിപ്പാണ്. പണക്കൊതിയുടെ അന്ധതയിലേയ്ക്ക് ഒരു അശ്രദ്ധ കൂടി ചേരുമ്പോൾ എത്ര വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നതിന്റെ ഓർമ്മക്കുറിപ്പ്.