പുസ്തകം: യാ ഇലാഹി ടൈംസ്
രചന: അനിൽ ദേവസ്സി
പ്രസാധനം: ഡി സി ബുക്സ്
പേജ് :191,വില :190
2018ലെ ഡി സി സാഹിത്യ പുരസ്കാരം നേടിയ നോവൽ ആണ് യാ ഇലാഹി ടൈംസ്. അനിൽ ദേവസ്സി എഴുതിയ ആദ്യത്തെ നോവലാണിത്.സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ് എന്നി വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളിലുടെ ഈ നോവൽ കടന്നുപോകുന്നു.
യാ ഇലാഹി ടൈംസ് നെ കുറിച്ച് ഒരുപാട് റിവ്യൂസ് വായിക്കാനിടയായി, അതുകൊണ്ടാണ് ഈ നോവൽ ലൈബ്രറിയിൽ നിന്ന് വായിക്കാൻ തെരഞ്ഞെടുത്തത്. രാത്രിയിൽ ഉറക്കം വരാതെ ഇരുന്ന്, വെറും മൂന്ന് മണിക്കൂർ കൊണ്ട് ഈ നോവൽ വായിച്ച് തീർക്കാൻ സാധിച്ചു. ത്രീവ്രവാദം സാധാരണ ജനങ്ങളെ, അവരുടെ ജീവിതാവസ്ഥയെ എങ്ങനെ ബാധിക്കും എന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്.
അൽത്തെബ് ആണ് നോവലിനെ മുന്നോട്ടുനയിക്കുന്ന പ്രധാന കഥാപാത്രം. സിറിയയിൽ നിന്നും, സ്വന്തം അച്ഛന്റെ ഉപദേശപ്രകാരം ജീവിതത്തെ കൂടുതൽ പഠിക്കാനും, കാണാനും വേണ്ടി അൽത്തെബ് ദുബായ് നഗരത്തിലേക്ക് ചേക്കേറുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ആദ്യകാലങ്ങളിൽ അൽത്തെബ് ന്റെ ജീവിതം മുന്നോട്ടുപോയി കൊണ്ടിരുന്നത്. ആരോടും പറയാൻ സാധിക്കാത്ത പല പീഡനങ്ങളിലൂടെ യും അൽത്തെബ് കടന്നുപോയി. പതിയെ പതിയെ അൽത്തെബ്ന്റെ ജീവിതവും, ജോലിയും മെച്ചപ്പെട്ടു.
സിറിയയിലെ യുദ്ധ അന്തരീക്ഷം അൽത്തെബ് ന്റെ കുടുംബത്തെയും ബാധിക്കുന്നു. അൽത്തെബ്ന്റെ കുടുംബം അവിടെനിന്ന് വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നു.അവർ ആദ്യം ദുബായിലേക്ക് വന്ന് മകനോടൊപ്പം താമസിക്കുന്നു, പക്ഷേ പാസ്പോർട്ട് പുതുക്കാൻ വീണ്ടും പണത്തിന് ആവശ്യം വന്നപ്പോൾ, പിന്നീട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്നു, പിന്നീട് അവിടെനിന്നും തുർക്കിയിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം എല്ലായിടത്തും വർദ്ധിച്ചുവരുന്നതിനാൽ അവർ വിദേശത്തേക്ക് കടക്കാൻ തീരുമാനിക്കുന്നു.പക്ഷെ അൽത്തെബ്ന്റെ അച്ഛൻ സിറിയയിലേക്ക് മടങ്ങിപ്പോയി അവിടുത്തെ ജനങ്ങളുടെ സാമൂഹ്യ സേവനങ്ങൾക്കായി ജീവിതം കഴിക്കുന്നു.അൽത്തെബ്ന്റെ സഹോദരൻ അൽത്തെസ് വിദേശത്തേക്ക് കടൽമാർഗ്ഗം കടക്കാൻ ശ്രമിക്കുന്നു. പക്ഷേ യുദ്ധ അന്തരീക്ഷം എല്ലാവരുടെയും ജീവിതങ്ങളെ ഒട്ടും പ്രതീക്ഷിക്കാത്ത പല പരീക്ഷണങ്ങളിലും കൊണ്ടു ചെന്നിടുന്നു.
ഒരുപാട് പേരുടെ ജീവിതങ്ങളിലൂടെ യാണ് നോവൽ കടന്നുപോകുന്നത്.
അൽത്തെബ്ന്റെ സുഹൃത്തായ ശ്രീലങ്കക്കാരൻ അതുരതരംഗ, അയാളുടെ കാമുകിയായ ഇന്ത്യക്കാരി നളിനകാന്തി,അൽത്തെബ്ന്റെ സുഹൃത്തായ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഫിലിപ്പീൻകാരി മാർഗരെറ്റ്, ജർമൻകാരനായ ഡോക്ടർ നിക്കോളാസ് അങ്ങനെ ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ്, അവരുടെ ജീവിതങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.
Terrorism സമൂഹത്തിലെ സാധാരണ ജനങ്ങളെ, അവരുടെ ജീവിതത്തെ, കുടുംബത്തെ എങ്ങനെയെല്ലാം തകർക്കുമെന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണ് പല വിദേശരാജ്യങ്ങളിലും. യുദ്ധ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർക്കുന്നവരെ വിശ്വസിക്കാനും അംഗീകരിക്കാനും വിദേശരാജ്യങ്ങൾ പൊതുവേ മടിക്കാറുണ്ട്, അതിനവരെ കുറ്റംപറയാനും സാധിക്കാത്ത അവസ്ഥയാണ്. അതുപോലത്തെ അവസ്ഥകളിലൂടെയാണ് ഇന്ന് ഓരോ രാജ്യവും കടന്നു പോകുന്നത്.
നോവലിന്റെ ആരംഭം കുറിക്കുന്ന കഥാപാത്രം, അവസാനം മാത്രമേ ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മ്യാവു... അതൊരു നല്ല ട്വിസ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. അത് ശരിക്കും മനസ്സിനെ വളരെയധികം സ്പർശിക്കുന്ന ഒരു അനുഭവമായിരുന്നു.