P. Sachidanandan (born 1936), who uses the pseudonym Anand is an Indian writer. Anand writes primarily in Malayalam. He is one of the noted living intellectuals in India. His works are noted for their philosophical flavor, historical context and their humanism. Veedum Thadavum and Jaivamanushyan won the Kerala Sahithya Academy Award. Marubhoomikal Undakunnathu won the Vayalar Award. He did not accept the Yashpal Award for Aalkkootam and the Kerala Sahitya Akademi Award for Abhayarthikal.
ആനന്ദിന്റെ വായനക്കാരിൽ എല്ലിൽ പടരുന്ന ഒരു അരക്ഷിതാവസ്ഥ രൂപപ്പെടുന്നുണ്ട്.അതിന് മേൽ നിൽക്കുന്ന മറ്റൊരു വികാരം വായനയിൽ എനിക്കിന്നോളം ഉണ്ടായിട്ടില്ല അയാളുടെ textകളിലെ ചില വൈരുദ്ധ്യങ്ങളാണ് അതിന് പിന്നിൽ എന്ന് തോന്നുന്നു. 70 ൽ ആനന്ദ് എഴുതിയ ആൾക്കൂട്ടം മുതലെങ്കിലും സാമൂഹികമായ വിപ്ലവം എന്ന ഏറെക്കുറേ ജനപ്രിയമായ ആശയത്തിന്റെ സാദ്ധ്യതയെ നിഷേധിക്കുകയും ഒറ്റപ്പെട്ട മനുഷ്യന്റെ പ്രതിരോധം എന്ന ആശയത്തെ സ്വീകരിക്കുന്നുമുണ്ട്.ജീർണ്ണത ജീവിതത്തിന്റെ കേന്ദ്രത്തിൽ വസിക്കുന്നു,എന്നതുപോലെ ആനന്ദിൽ ഉറച്ച വിശ്വാസമാണ് സംഘടിതമായ പ്രതിരോധശ്രമങ്ങളെല്ലാം തന്നെ വിഗ്രഹരൂപീകരണത്തിലേക്കും അന്യവത്കരണത്തിലേക്കും നയിക്കുന്നുണ്ട് എന്നത്.ആൾക്കൂട്ടത്തിൽ പല രീതിയിലുള്ള ആശയസംഘട്ടനങ്ങൾ കഥാപാത്രങ്ങൾ തമ്മിൽ ഉണ്ടാവുമ്പോഴും,സുനിലിന് ആധികാരികമായ ഒരു സ്വരം കൈവരുന്നത് അങ്ങനെയാണെന്ന് തോന്നുന്നു,എഴുത്തുകാരൻ അയാളിൽ കുറച്ചുകൂടി ആത്മാർത്ഥത പ്രകടിപ്പിക്കുന്നുണ്ട്. മനുഷ്യസ്നേഹമല്ല, മനുഷ്യപുരോഗതിയെക്കുറിച്ചുള്ള അമൂർത്തമായ ഒരു ആശയമാണ് വിപ്ലവം എന്ന് പറയുന്ന സുനിൽ മുന്നോട്ടുകൊണ്ടുവരുന്ന ആശയം സ്വതവേ മഹാനായ മനുഷ്യന്റെ മഹത്ത്വത്തെ നാം അംഗീകരിച്ചാൽ അസ്വഭാവികമായ നിയമങ്ങൾ തന്നെത്താൻ മറഞ്ഞുപോകും എന്നതാണ്. അയാളുടെ കഥകളിൽ ആവർത്തിച്ചുകടന്നു വരുന്ന ചരിത്രവും ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അയാൾ ഭൂതകാലത്തിന്റെ ആവർത്തനമായി,തുടർച്ചയായി വർത്തമാനത്തെ കാണുന്നു.2014ൽ ആനന്ദ് എഴുതിയ ഒരു കഥയാണ് '(വൃത്താന്തകാരന്മാർ വഴി) എഴുന്നേൽപ്പ്'.ബുദ്ധകഥകളിലെ അമ്രപാലിയുടേതിന് സമാനമായ ഒന്ന്(ആനന്ദ് അമ്രപാലിയുടെ കഥ വ്യാസനും വിഘ്നേശ്വരനിലും ഉപയോഗിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്,വായിച്ചിട്ടില്ല).കൃഷ്ണദേവരായരുടെ കാലത്ത് മഹായുദ്ധങ്ങൾക്കു കാരണമായ പെർതൽ എന്ന സ്ത്രീയെ കുറിച്ചാണത്,അതിനാദ്യത്തിൽ സീതയേയും ഹെലനെയും പരാമർശിക്കുന്നുണ്ട്.അവിടെ നിന്ന് വർത്തമാനകാലത്ത് പെറ്റൽ എന്ന സ്ത്രീ കാരണമായി ഉണ്ടായ കൊലപാതകങ്ങൾ പറയുമ്പോൾ ആവർത്തനത്തിന്റെ വൃത്തം പൂർത്തിയാവുന്നുണ്ട്.ഇവിടെ ഇവരെല്ലാം മഹാനാശത്തിന് കാരണമാകുന്നതിനൊപ്പം തന്നെ, ഇരകളും ആകുന്നു എന്നിടത്താണ് ദുരന്തം പൂർത്തിയാകുന്നത്.പറഞ്ഞുവന്നത് ചരിത്രത്തിന് മാറ്റമില്ല, ആവർത്തിക്കുകയാണ് എല്ലായ്പ്പോഴും,ദുരന്തം സൃഷ്ടിച്ചു കൊണ്ട് എന്നതിലെ ഭീകരതയെയാണ്. 2014ൽ എഴുതിയ കാത്തിരിപ്പ് എന്ന കഥയിലും അയാൾ ശരീരമില്ലാത്ത ആശയങ്ങൾ സ്ഫോടനാത്മകമാവുമ്പോൾ അത് ശരീരത്തെ ബാധിക്കുന്നതിലെ ആകുലത സൂചിപ്പിക്കുന്നുണ്ട്. അഥവാ കാര്യമായ ഉടച്ചുവാർക്കലുകൾ ഉണ്ടായിട്ടുള്ള ഒന്നല്ല ആനന്ദ് കാര്യങ്ങളെ നോക്കികാണുന്ന രീതിശാസ്ത്രം. ആനന്ദിനെ വായിക്കുമ്പോൾ നോക്കി കാണുന്ന ആ രീതി പ്രധാനമാണ്. എന്തെന്നാൽ അയാൾ കാര്യങ്ങളെ ഡോക്യുമെന്റ് ചെയ്യുകയല്ല ചെയ്യുന്നത്.അതിന്റെ വസ്തുതയല്ല,അതിനു നേരെ അയാളുടെ മനോഭാവമാണ് ആനന്ദിന്റെ text കൾ.അയാളിലുറച്ചു പോയ ആശയങ്ങൾക്ക് വളമായിട്ടാണ് ആനന്ദ് വസ്തുതകളെ സ്വീകരിക്കുന്നത് എന്നതാണ് വിഷയം.ഇത് ആനന്ദിന്റെ എഴുത്തിന്റെ ഒരു പ്രധാനസ്വഭാവമാണ്. ആദ്യം പറഞ്ഞതുപോലെ സംഘടിതമായ ഒരു വിപ്ലവത്തെ നിരസിക്കുകയും ഏകാന്തമായ മനുഷ്യന്റെ പ്രതിരോധത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നത് കൂട്ടായ്മ എന്ന ജനപ്രിയ ആശയത്തെ നിഷേധിക്കുകയും ചെയ്യുന്നുണ്ട്.അതുകൊണ്ടാണെന്ന് തോന്നുന്നു ചുള്ളിക്കാട് മുൻപ് ആനന്ദിനെ NGO കളുടെ മിശ്ശിഹ എന്നു വിളിച്ചത്. നിലനിൽക്കുന്ന ചോദ്യം ഇതാണ്, നിലനിൽപ്പിന്റേതായ ചോദ്യം.വ്യക്തിയ്ക്കാണോ പ്രതിരോധം തീർക്കാനാവുക, കൂട്ടായ്മയ്ക്കാണോ?മനുഷ്യൻ സാമൂഹികജീവിയായതിനാൽ തന്നെ കൂട്ടായ്മയില്ലാതെ നിൽക്കാനാവില്ല എന്ന പറഞ്ഞു പഴകിയതും രൂഢമൂലവുമായ വിശ്വാസവും ഏകാകിയായ വ്യക്തികൾ ചേർന്നതാണ് കൂട്ടായ്മ എന്ന അടിസ്ഥാന സിദ്ധാന്തവും ആണ് വിഷയത്തെ സങ്കീർണ്ണമാക്കുന്നത്.ആനന്ദ് നിഷ്ക്രിയത്വത്തെയാണ് സ്വീകരിക്കുന്നത് എന്ന പരാതി വരാൻ കാരണം സംഘടിതമായ പ്രതിരോധത്തിന് പകരം മനുഷ്യന്റെ പ്രതിരോധത്തെ സ്വീകരിക്കുന്നതിനാലാണ്.നിഷ്ക്രിയത്വമല്ല, മറ്റൊരു പ്രതിരോധം തന്നെയാണ് അത്. ആനന്ദ് പറയുന്ന ആശയത്തോട് യോജിക്കാം വിയോജിക്കാം.എന്നാൽ അയാൾ അതിനു നിരത്തുന്ന തെളിവുകളെ നിഷേധിക്കാൻ എളുപ്പമാവില്ല. ഈ വൈരുദ്ധ്യവും ആവർത്തനമാണ് ചരിത്രം എന്ന ആശയവും ചെയ്യുന്ന പ്രവർത്തനത്തിന്റെ ഫലത്തെ ചോദ്യം ചെയ്യുന്നുണ്ട്.അതു തന്നെയാണ് സുരക്ഷിതബോധത്തെ ഖരരൂപത്തിൽ നിന്നും ദ്രവരൂപത്തിൽ നിന്നും റദ്ദ് ചെയ്യുന്നതും.
ആനന്ദിന്റെതായ മുൻകാലങ്ങളിൽ എഴുതിയ മൂന്ന് കഥകൾ ചേർന്നതാണ് 'ഇരിപ്പു നിൽപ്പ് എഴുന്നേൽപ്പ് ' എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ തായി ഞാൻ ആദ്യം വായിക്കുന്ന പുസ്തകമാണിത്. ഈ ഭാഷയും ഈ സാഹിത്യവും ഇതുവരെ പരിചയിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായി തോന്നി. കാത്തിരിപ്പിന്റെയും നിലനില്പിന്റെയും എഴുന്നേല്പിന്റെയും പല മനുഷ്യ മുഖങ്ങളാണ് ഇതിലൂടെ നമ്മൾ കാണുന്നത്.
കാത്തിരിപ്പ് - മുൻപ് കണ്ടിട്ടില്ലാത്ത ഒരു സുഹൃത്തിനെ കാത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന ആഖ്യാതാവിന്റെ അനുഭവങ്ങളും കാത്തിരിപ്പിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആകുലതകളും ചിന്തകളുമാണ് ആനന്ദ് വിവരിക്കുന്നത്. അദ്ദേഹം കാത്തിരിക്കുന്ന തീവണ്ടിയുടെ സമയം വൈകിക്കൊണ്ടിരിക്കുമ്പോൾ, കാത്തിരിക്കുന്ന ആളെ പറ്റിയും അതേ റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തിരിക്കുന്ന മറ്റു മനുഷ്യരെ പറ്റിയും, പ്ലാറ്റ്ഫോമിലെ പലഭാഗങ്ങളിലായി സ്ഥിരതാമസമാക്കിയവരെപ്പറ്റിയും അദ്ദേഹത്തിന്റെ ചിന്ത വളരുന്നു.
നിലനിൽപ് - തുന്നൽക്കാരനായ ദർജ്ജി ബാബുവിന്റെ കഥയാണ് നിലനിൽപ്പിൽ ആഖ്യാതാവ് വിവരിക്കുന്നത്. തെരുവ് തുന്നൽക്കാരനായി ജീവിച്ച അയാൾ ഒരു ദിവസം തയ്യൽ യന്ത്രത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ എഴുന്നേൽക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. തെരുവിൽ അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവർ ആശുപത്രിയിൽ എത്തിക്കുന്നു. ഇഴയാൻ മാത്രം കഴിഞ്ഞ അയാൾ ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷമാകുന്നു. അദ്ദേഹത്തെ അന്വേഷിച്ചു പോകുന്ന ആഖ്യാതാവിന്റെ കണ്ടെത്തലുകളും അനുമാനങ്ങളുമാണ് കഥ.
( വൃത്താന്തകാരന്മാർ വഴി) എഴുന്നേൽപ്പ്, - പേർഷ്യയിൽ ജനിച്ചു പലവിധ യാത്രകളിൽ കൂടി ഹിന്ദുസ്ഥാനിൽ എത്തുകയും, നിസാംഷാമാരുടെ സദസ്സിൽ ഒരു വൃത്താന്തകാരനായിജീവിച്ച ഫിരിശ്ത പറഞ്ഞ പെർതലിന്റെ കഥയാണ് എഴുന്നേൽപ്പിൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചരിത്രത്തിലെ ആ കഥയോടൊപ്പം പെറ്റൽ എന്ന് സമകാലികയായ പെൺകുട്ടിയുടെ കഥ കൂടിയാണ് ആനന്ദ് കൂട്ടിച്ചേർക്കുന്നു. അധികാരവും ശക്തിയും ഉള്ള പുരുഷൻ നടത്തുന്ന പെൺവേട്ട, ബലി മൃഗവും അനന്തമായ സഹനത്തിന്റെയും എണ്ണമറ്റ ജീവഹാനികളുടെയും മാനഹാനികളുടെയും നിമിത്തവുമായി മാറുന്ന സ്ത്രീയാണ് ചരിത്രത്തിലെ പെർതലും വിവരസാങ്കേതിക വിദ്യാലോകത്തെ തൊഴിലാളിയായ പെറ്റലും.
ഈ കൃതി പലവിധ ചിന്തകളിലേക്കും ചോദ്യങ്ങളിലേക്കും നമ്മെ നയിക്കുന്നു
ആനന്ദിന്റെ രചനകൾ മിക്കപ്പോഴും സറിയലിസ്റ്റിക് ആയിരിക്കും. യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളെ ഭാവനയുടെ ലോകത്തു വിചാരണ ചെയ്യുന്ന കഥകൾ. വായനയെക്കാൾ ചിന്ത ആവശ്യമുള്ള പുസ്തകം.