മുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.
അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.
പുസ്തകം: വമ്പൻ രചന: മെഴുവേലി ബാബുജി പ്രസാധനം: C.I.C.C. Book House പേജ്: 175, വില : 140
വളരെ താൽപര്യത്തോടെ അനായാസം ആർക്കും വായിച്ചു തീർക്കാൻ പറ്റുന്ന ഒരു നോവലാണ് വമ്പൻ. ഇതൊരു ത്രില്ലർ നോവൽ ആണ്.
കള്ളക്കടത്ത് രാജാവായ കൃപാൽ ദയാനന്ദ് വർമ്മ, ആഭ്യന്തരമന്ത്രി വിജയകാന്ത്, പ്രതിപക്ഷ നേതാവ് രാജഗോപാലൻ, ഐ ജി ശ്യാംമോഹൻ ഈ നാലുപേരുടെ സാമ്രാജ്യം തകർക്കാൻ വേണ്ടി ക്രിസ്റ്റഫർ അലിഖാൻ എന്നൊരാൾ ഇവരുടെ ഇടയിലേക്ക് കടന്നു വരുന്നു. നാലുപേരുടെയും സമ്പത്തും, കുടുംബവും ക്രിസ്റ്റഫർ പടിപടിയായി തകർക്കുന്നു. പക്ഷേ ക്രിസ്റ്റഫർ ആരാണെന്നോ എവിടെനിന്നാണ് വരുന്നതെന്നും ആർക്കും കണ്ടെത്താൻ സാധിക്കുന്നില്ല.
ക്രിസ്റ്റഫർനെ പിടിക്കാൻ അലക്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിടാതെ ശ്രമിച്ചിട്ടും നടക്കുന്നില്ല. ക്രിസ്റ്റഫർ ഈ നാല് പേരുടെയും ജീവൻ എടുക്കാൻ വേണ്ടി പിന്നാലെ നടക്കുന്നതാണ് പിന്നെ നമുക്ക് കാണാൻ സാധിക്കുന്നത്, പോലീസുകാർ അവന്റെ ശ്രമം തകർക്കാൻ വേണ്ടിയും.
മെഴുവേലി ബാബുജിയുടെ നോവലിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ നോവലാണിത്. വായനക്കാരന് വളരെ ആകാംക്ഷയോടെ ഉത്കണ്ഠയോടെ വായിക്കാൻ സാധിക്കുന്ന ഒരു ത്രില്ലർ.