മിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്.
അസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ക്രൈം നോവൽ.
Did not really scare me as I expected since it came with a hype of horror thriller. Could have been tightly wound with a bit more editing. But an enjoyable read and a short one too. Looking forward to read her next work Agatha enna naayika
താരയുടെ തുടർച്ചയായുള്ള നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് ആഗ്നസൊരു യാത്രയ്ക്കായി ഒരുങ്ങുന്നത്. സഞ്ചാരി ഗ്രൂപ്പിൽ നിന്ന് പരിചയപ്പെട്ട ഏഴു പെണ്ണുങ്ങളോടൊപ്പം, ഇടുക്കിയുടെ മനോഹാരിതകളിലെവിടെയോ സ്ഥിതിചെയ്യുന്ന മൗണ്ട് എലീനയിലേക്കായിരുന്നു, ആ യാത്ര.
ജീവിതത്തിൽ ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത മനുഷ്യരോടൊപ്പം, തീർത്തും പരിചിതമല്ലാത്ത സ്ഥലത്തേക്കൊരു യാത്ര വേണമോയെന്ന ചിന്തയിൽ ആദ്യമൊന്ന് മടി കാണിച്ചെങ്കിലും, തന്റെ മനസ്സിനങ്ങനെയൊരു യാത്രയുടെ ആവശ്യമുണ്ടെന്ന് ആഗ്നസ് തിരിച്ചറിയുന്നു.
അല്ലെങ്കിലും, നമ്മൾ മനുഷ്യരുടെ മനസ്സിനങ്ങനെ ചില പ്രശ്നങ്ങളുണ്ടല്ലേ? അതിന്റെ ആവശ്യങ്ങളും, ആഗ്രഹങ്ങളുമൊന്നുമെപ്പോഴും, യുക്തികനുസൃതമാകണമെന്നില്ല. പലപ്പോഴും, നമ്മുക്കുപോലും ഉൾകൊള്ളാൻ സാധിക്കണമെന്നുമില്ല. ശരീരത്തിൽ നിന്നും പൂർണമായി വേർപെട്ടൊരു ഓർഗാനിസമായി അതെങ്ങോട്ടൊക്കെയോ, സഞ്ചരിച്ചുക്കൊണ്ടേയിരിക്കും. ഭയത്തിന്റെയും, വിഷാദത്തിന്റെയും, ഏകാന്തതയുടെയുമൊക്കെ ലോകങ്ങൾ, നമ്മുക്കുചുറ്റും പണിതുയർത്തും.
അത്തരമൊരു ഭ്രാന്തൻ ലോകത്തിന്റെ ഉള്ളറകളിലേക്കു പ്രവേശിക്കുന്നതിൽ നിന്നും സ്വയം തടയാനുള്ള ശ്രമമായിരുന്നു, ആഗ്നസിനാ യാത്ര. ജീവിതമാകുന്ന യാഥാർത്ഥ്യങ്ങളുടെ കൊളുത്തിപിടുത്തങ്ങളിൽ നിന്നും, ക്ഷണികമായൊരു രക്ഷപെടൽ. ഒന്നാലോചിച്ചാൽ , ചില മനുഷ്യരുടെ വേദനകളത്രമേൽ കഠിനമാണ്. മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തവിധം, സങ്കീർണ്ണവും..!
താരയും, ആഗ്നസും പരസ്പരം പ്രണയിക്കുന്നവരാണ്. തങ്ങളുടെ അസ്തിത്വത്തിലും, സെക്ഷ്വൽ ഐഡന്റിറ്റിയിലും അപമാനിതരാവാൻ യാതൊന്നുമില്ലെന്ന് കരുതുന്നവർ. എന്നാൽ, പരസ്പരം കണ്ടുമുട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുമ്പോഴും, തങ്ങളെയൊരിക്കലും അംഗീകരിക്കാൻ സാധ്യതയില്ലാത്തൊരു സമൂഹത്തിന്റെ അധിക്ഷേപങ്ങളെയവർ ഭയക്കുന്നുണ്ട്.
ഇങ്ങനെയുള്ള എത്രമനുഷ്യരുണ്ടാവും, നമ്മുക്ക് ചുറ്റും? ജീവിക്കുന്ന നിമിഷങ്ങളിലോരോന്നിലും, വീർപ്പുമുട്ടലുകൾ അനുഭവിക്കുന്നവർ. സ്വന്തം അസ്ഥിത്വം സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താനാകാതെ, മറ്റുള്ളവരാൽ അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനങ്ങളിൽ വെന്തുരുകി അവസാനിക്കുന്നവർ. ദൈവം പോലും സ്നേഹമാണെന്ന് വിശ്വസിക്കുന്നൊരു നാട്ടിൽ, സ്നേഹിച്ചതിന്റെ പേരിൽ, സ്നേഹിക്കപ്പെടുന്നതിന്റെ പേരിൽ, മനുഷ്യർ വിധിക്കപ്പെടുന്നതിനോളം, ദാരുണമായ മറ്റൊരവസ്ഥയുണ്ടോ?
ഇത്തരത്തിൽ വരിഞ്ഞുമുറുക്കുന്നതിനെയൊക്കെയും, കുറച്ചുനേരത്തേക്കെങ്കിലും മറന്നുകളയാമെന്ന ചിന്തയിലാണ്, ആഗ്നസാ യാത്ര തുടങ്ങിയത്. എന്നാൽ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷനേടുന്നതിനായി നടത്തിയ യാത്ര, അവളെയും, താരയെയും കൊണ്ടെത്തിക്കുന്നത്, ലോകത്തിന്റെ തീർത്തും വികൃതമായ മറ്റൊരു കോണിലേക്കാണ്. അവിടെയവർ ശാരീരികമായും, മാനസികമായും പരീക്ഷിക്കപ്പെടുന്നു. ഭീതി സമ്മാനിക്കുന്ന, ഉൾക്കിടിലങ്ങളവരെ വിടാതെ പിന്തുടരുന്നു.
മനുഷ്യനെയും, ദൃഢചിത്തമായ അവന്റെ മനസ്സിനെയും, മൊത്തത്തിൽ ഉഴുതുമറിക്കാനും, തീർത്തും വ്യത്യസ്തനായവനെ പുനഃസൃഷ്ടിക്കാനും, ശേഷിയുള്ളൊരു വികാരമാണ്, ഭയമെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. അതിനവന്റെ മനസ്സിന്റെ കടിഞ്ഞാണുകളെ തകർക്കാനുള്ള കഴിവുണ്ട്. അവനെ ഭ്രാന്തനാക്കാനും, അവനിലെ ജീവിതത്തോടുള്ള ആസക്തികളെ വലിച്ചൂറ്റിയെടുക്കാനുമുള്ള, ശേഷിയുണ്ട്.
ആഗ്നസിവിടെ കടന്നുപോകുന്നതുമത്തരത്തിൽ, ഭീകരമായ അവസ്ഥകളിലൂടെയാണ്. ഉരുണ്ടുകൊണ്ടേയിരിക്കുന്നൊരു ഗോളത്തിനുള്ളിൽ അകപ്പെട്ട പോലെ അവളുടെ മനസ്സെങ്ങന്നില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്നു. താരയുടെ പ്രണയത്തിന്, ആഗ്നസിന്റെ മനസ്സിനെ പിടിച്ചുനിർത്താനുള്ള കഴിവുണ്ടോയെന്ന ചോദ്യം, എഴുത്തുകാരിയിവിടെ പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്. ഭയത്തിന്റെ ഭീകരമായ വകഭേദങ്ങളെ പിടിച്ചുനിർത്താനുള്ള ശേഷി, സ്നേഹത്തിനല്ലാതെ, പ്രണയത്തിനല്ലാതെ മറ്റേത് വികാരത്തിനാവും ഉണ്ടാവുക?
_____________________________
ഭയമെന്ന വികാരത്തെ കഥയിലേക്ക്, കൃത്യമായി ഇഴക്കിച്ചേർക്കാൻ എഴുത്തുകാരിക്കിവിടെ സാധിക്കുന്നുണ്ട്. എലീന മലയും, ഭ്രാന്തൻ പള്ളിയുമൊക്കെ കഥാപാത്രങ്ങളിലെന്ന പോലെ പ്രേക്ഷകരിലും, ഭീതിയുടെ ജല്പനങ്ങൾ സമ്മാനിക്കുന്നു. രഹസ്യങ്ങൾ വെളിവാക്കപ്പെട്ടതിനുശേഷം, വേഗത നഷ്ടപ്പെട്ടുവെന്ന് തോന്നിതുടങ്ങിയെങ്കിലും, ത്രില്ലെറിലേക്ക് വഴിമാറിയൊഴുകുന്ന കഥയുടെ സഞ്ചാരം വായനയെ വീണ്ടും ദൃഢമാക്കുന്നു. ചുരുക്കത്തിൽ, ഹൊറർ വിഭാഗത്തിൽ വരുന്ന പുസ്തകങ്ങൾ വായിച്ചിട്ടില്ലാത്ത എനിക്ക്, തൃപ്തി നൽകുന്നൊരു അനുഭവമാകാൻ മിസ്റ്റിക്ക് മൗണ്ടന് സാധിക്കുന്നുണ്ട്.
▪️ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ ധാരാളം കാണാറുണ്ടെങ്കിലും ആ വിഭാഗത്തിൽ വായിച്ചിട്ടുള്ള പുസ്തകങ്ങൾ വളരെ കുറവാണ്. വായിച്ചവ തന്നെയും കൂടുതലും ഡാൻ ബ്രൗണിന്റെ നോവലുകളാണ്. മലയാളത്തിൽ ഹൊറർ വിഭാഗത്തിലുളള മികച്ച നോവലുകൾ കുറവായതിനാലും ധാരാളം മണിക്കൂറുകൾ കളഞ്ഞ് അത്തരം നോവലുകൾ വായിച്ച് ലഭിക്കുന്നതിലും സംതൃപ്തി നല്കാൻ പ്രാപ്തമായ സിനിമകൾ ധാരാളം ലഭ്യമായതിനാലും ആ വിഭാഗത്തിനോട് ഇതുവരെ ഒരു അകലം പാലിച്ചിരുന്നു. എങ്കിലും ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ശ്രീപാർവ്വതിയുടെ മിസ്റ്റിക് മൗണ്ടൻ വായിക്കാൻ തീരുമാനിക്കുന്നത്.
▪️ശ്രീപാർവ്വതിയുടെ തന്നെ മീനുകൾ ചുംബിക്കുന്നു എന്ന നോവലിലെ കഥാപാത്രങ്ങളായ താരയുടേയും ആഗ്നസിന്റെയും ജീവിതത്തിൽ മറ്റൊരു കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് മിസ്റ്റിക് മൗണ്ടൻ പറയുന്നത് . നിഗൂഢതകൾ ഉറങ്ങുന്ന മൗണ്ട് എലീനയിലേക്ക് ഒരു സംഘം സ്ത്രീകൾ യാത്ര പോകുന്നതും അവിടെ വച്ച് അവർ അനുഭവിക്കുന്ന ഭീകരാനുഭവങ്ങളും അതിന്റെ കാരണങ്ങളുമാണ് ഈ ഹൊറർ ത്രില്ലർ നോവൽ വിഷയമാക്കുന്നത്.
▪️നോവലിൽ ഏറ്റവും ഇഷ്ടമായ ഒരു കാര്യം താര, ആഗ്നസ് എന്നീ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള മനോഹരമായ പ്രണയം തന്നെയാണ്. കഥയിലെ ഹൊറർ അറ്റ്മോസ്ഫിയർ ആദ്യവസാനം നിലനിർത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു തണുത്ത രാത്രിയിൽ ഒറ്റയ്ക്കിരുന്ന് വായിച്ചാൽ നല്ലൊരു ഫീൽ കിട്ടുമെന്ന് ഉറപ്പാണ്. എന്നെ സംബന്ധിച്ച് കൂടുതൽ ഇഷ്ടമായത് രഹസ്യ��്ങൾ ഒന്നും വെളിപ്പെടുത്താതെ വായനക്കാരിൽ ഭയവും ഉദ്യോഗവും ജനിപ്പിക്കുന്ന നോവലിന്റെ ആദ്യ പകുതിയാണ്. രണ്ടാം പകുതിയിൽ കഥയുടെ രഹസ്യങ്ങൾ ഓരോന്നായി പുറത്ത് വരുമ്പോൾ മലയാളത്തിൽ അധികം ആരും കൈവച്ചിട്ടില്ലാത്ത വിഷയം ആയിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു കഥയുടെ അവസാനവും .
▪️അനാവശ്യ വലിച്ച് നീട്ടലുകൾ ഒന്നുമില്ലാതെ 126 പേജിൽ കഥ ഒതുക്കിയത് വളരെ നന്നായി. ഒറ്റയിരുപ്പിന് വേണമെങ്കിൽ വായിച്ച് തീർക്കാം. ഞാൻ പ്രതീക്ഷിച്ചതിലും വളരെ നല്ല അനുഭവമായിരുന്നു മിസ്റ്റിക് മൗണ്ടൻ. ശ്രീപാർവ്വതിയുടെ ബാക്കി നോവലുകൾ കൂടി വാങ്ങി വായിക്കണം എന്നൊരു തീരുമാനത്തോടൊപ്പം മലയാളത്തിലെ പുതിയ കാല ത്രില്ലർ നോവലിസ്റ്റുകളുടെ പുസ്തകങ്ങളും വായനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നു.
വളരെ പുതുമയുള്ള ഒരു ഹൊറർ ത്രില്ലർ ആണ് ശ്രീപാർവ്വതിയുടെ മിസ്റ്റിക് മൗണ്ടൻ. ഒരു Lesbian touch ഉള്ള സ്റ്റോറി കൂടിയാണിത്. ഈ പുസ്തകത്തെക്കുറിച്ച് ഒരുപാട് റിവ്യൂസ് വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്.
താരയും ആഗ്നസ് ഉം ലെസ്ബിയൻ കപ്പിൾ ആണ്. മിസ്റ്റിക് മൗണ്ടൻ ഓഫ് എലീന - സ്ത്രീകൾക്ക് മാത്രമായുള്ള ഒരു ടൂറിസം പാക്കേജ് ലേക്ക് താര ആഗ്നസിനെ പറഞ്ഞുവിടുന്നു. അവിടെ സഞ്ചരിക്കാൻ അനുവാദമില്ലാത്ത ദി ചർച്ച് ഓഫ് ഇൻസാനിറ്റി അഥവാ ഭ്രാന്തൻ പള്ളി യിലേക്ക് ആഗ്നസ് ഏതാനും സുഹൃത്തുക്കളുടെ കൂടെ പോകുന്നു.വളരെ ഭീതികരമായ അനുഭവങ്ങൾ അവർക്ക് അവിടെ നേരിടേണ്ടിവരുന്നു. അവിടത്തെ താമസം മതിയാക്കി അവർ അപ്പോൾ തന്നെ ആ ബംഗ്ലാവിൽ നിന്നും മടങ്ങുന്നു. പക്ഷേ ആ ഭ്രാന്തൻ പള്ളി സന്ദർശിച്ച മൂന്നുപേർ പിന്നീട് സ്വയം ആത്മഹത്യ ചെയ്യുന്നു,ആഗ്നസ് വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നു, തന്നെ ആരോ പിന്തുടരുന്നു എന്ന ചിന്ത അവളെ തുടർച്ചയായ വേട്ടയാടി.
എല്ലാത്തിന്റെയും ഉത്തരം ആ ഭ്രാന്തൻ പള്ളി ആണെന്ന് താരയ്ക്ക് മനസ്സിലാക്കുന്നു. അവൾ ആഗ്നസ്നെയും കൂട്ടി ആ ഭ്രാന്തൻ പള്ളി ലക്ഷ്യമാക്കി നീങ്ങുന്നു.അവിടെ സാത്താൻ സേവയാണ് നടക്കുന്നതെന്ന് നിക്കോളാസ് വഴി അവർ മനസ്സിലാക്കുന്നു. അയാളുടെ ചതിക്കുഴിയിൽ അവർ ചെന്നു വീഴുന്നു. പിന്നീട് ആ ഭ്രാന്തൻ പള്ളിയുടെ ഇടനാഴികളിൽ നിന്ന് രക്ഷപെടാനുള്ള താരയുടെയും ആഗ്നസ്ന്റെയും ശ്രമമാണ് തുടർഭാഗം.
സാത്താൻ സേവ യെക്കുറിച്ച് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിലും വിവരിച്ചിട്ടുണ്ട്. പൂർണ്ണമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആളുകളാണ് ഇതിലൊക്കെ ചെന്നുപെടുന്നത്.
പോയട്രീ കില്ലെർക്ക് ശേഷം ഞാൻ വായിക്കുവാനായ് തിരഞ്ഞെടുത്ത ശ്രീപാർവതിയുടെ അടുത്ത പുസ്തകം ആയിരുന്നു മിസ്റ്റിക് മൗണ്ടൻ.
സ്ത്രീകൾക്ക് മാത്രമായുള്ള ഒരു ടൂർ പരിപാടിയിൽ പങ്കെടുക്കുവാനായി സുഹൃത്തായ താരയുടെ നിർബന്ധപ്രകാരം ആഗ്നസ് മറ്റ് ഏഴു സ്ത്രീകളുമായി യാത്രയാരംഭിക്കുന്നു . കാടിന് നടുവിൽ ഉള്ള മൌന്റ്റ് എലീന എന്ന പർവതത്തിലേക്ക് ഒരു ട്രെക്കിങ്ങ് ആയിരുന്നു ടൂറിന്റെ പ്രധാന ആകർഷണം . കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്നും അവിടെ പോയവരാരും തിരിച്ചു വന്നിട്ടില്ല എന്നും എതിർപ്പ് അവഗണിച്ചു പോയി വന്നവരൊക്കെ ആത്മഹത്യ ചെയ്‌തെന്നും ഉള്ള വാർത്ത കേട്ടപ്പോൾ മുതൽ ആഗ്നസ് ഉൾപ്പെടെ ഗ്രൂപ്പിലെ കുറച്ചു പേർക്ക് പള്ളി സന്ദർശിക്കണം എന്നും അവിടത്തെ നിഗൂഢത മനസിലാക്കണം എന്നുമുള്ള ആഗ്രഹം വന്നു. അങ്ങനെ നാല് പേർ അവിടേയ്ക്ക് പോകുന്നതും തുടർന്നുള്ള സംഭവങ്ങളും ആണ് ഇതിവൃത്തം.
പള്ളിയിലേക്ക് അവർ എത്തുന്ന ഭാഗം വരെ വായനക്കാരെ ശരിക്കും ആകാംക്ഷാഭരിതരാക്കുവാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് .
ഒറ്റയിരിപ്പിനു വായിച്ചു തീർക്കുവാൻ പറ്റിയ ഒരു കുഞ്ഞു നോവലാണിത്. ആദ്യത്തെ പകുതി അത്യന്തം ഉദ്വേഗജനകം ആയിരുന്നു എങ്കിലും രണ്ടാമത്തെ പകുതി എന്നെ നിരാശപെടുത്തിക്കളഞ്ഞു .
ശ്രീയേച്ചിയുടെ പുസ്തകങ്ങൾ എനിക്കേറെ പ്രിയപെട്ടവയാണ്. ചില എഴുത്തുകാരുടെ പുസ്തകങ്ങൾ ഞാൻ കണ്ണുമടച്ചു വാങ്ങാറുണ്ട്, ബ്ലർബ് പോലും വായിക്കാതെ. ആ കൂട്ടത്തിൽ പെടുന്ന ഒരെഴുത്തുകാരിയാണ് ശ്രീയേച്ചി aka ശ്രീപാർവതി.
"മിസ്റ്റിക് മൗണ്ടൻ" എന്നത്തേയും പോലെ തന്നെ വളരെ ഉദ്വേഗത്തോടെ വായിച്ച് തീർത്തു എന്നുതന്നെ പറയാം. ഹൊറർ തീം വരുന്ന, സാത്താൻ കഥകൾ പല പുസ്തകങ്ങളിലൂടെ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ഒട്ടും ആവർത്തന വിരസത വരാതെ, ആ ടോപ്പിക്ക് അങ്ങോട്ട് അടിപൊളിയായി ശ്രീയേച്ചി കൈകാര്യം ചെയ്തു. ആഗിയും താരയും കടന്നുപോയ സന്ദർഭങ്ങൾ, അക്ഷരങ്ങളിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞു എന്നു പറയുന്നത് തന്നെ ആ എഴുത്തുകാരിയുടെ വിജയം ആണ്. ആകെക്കൂടി അവസാനമായപ്പോൾ കുറച്ചു കഥാപാത്രങ്ങൾ ചാടിക്കേറിയങ്ങു വന്ന് കഥ പറഞ്ഞപ്പോൾ ഒരിച്ചിരെ കൺഫ്യൂസ്ഡ് ആയി എന്നല്ലാതെ യാതൊരു കുറ്റവും എനിക്ക് പറയാനില്ലാത്ത ഒരു പുസ്തകം.
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. എല്ലാ ക്രൈം / ഹൊറർ ഫാൻസിനു ഞാൻ suggest ചെയുന്നു 😊❤
ശ്രീ പാർവതിയുടെ ആദ്യം വായിക്കുന്ന നോവലാണ് മിസ്റ്റിക് മൗണ്ടൈൻ . വായിച്ചു തുടങ്ങിയപ്പോഴാണ് മനസിലായത് ,അവരുടെ തന്നെ മറ്റൊരു നോവലിലെ രണ്ടു കഥാപാത്രങ്ങളെ കേന്ദ്ര സ്ഥാനത്ത് നിർത്തി കൊണ്ട് എഴുതിയ ഒരു ഹൊറർ ത്രില്ലെർ നോവലാണ് മിസ്റ്റിക് മൗണ്ടൈൻ . വലിയ വലിച്ചു നീട്ടലുകൾ ഇല്ലാതെ , പാശ്ചാത്തല സാഹിത്യങ്ങൾ അധികമൊന്നും ഉള്കൊള്ളിക്കാതെ ഒരു സിംഗിൾ ട്രാക്കിൽ ഓടുന്ന ഒരു ത്രില്ലെർ കഥ , ഇടക്ക് വരുന്ന ഒരു സസ്പെൻസ് കഥയെ മറ്റൊരു മേഖലയിലേക്കെത്തിക്കുന്നു. ഒറ്റയിരുപ്പിൽ വായിക്കാൻ തോന്നുന്ന ഒരു പുസ്തകം, ആധുനികതക്ക് പറ്റിയ ത്രില്ലെർ സബ്ജെക്ട് . നിങ്ങൾ ത്രില്ലറുകൾ ഇഷ്ടപെടുന്ന ഒരു വ്യക്തയിയാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം
The language was OK and gave a good reading experience.
Spoilers:
Apart from the good writing and engaging to an extent this doesn't feel different from a typical satanist novel. The short length is the major issue. Plot holes all over the novel. The Satanic priest claims he only uses science to create fear and make people suicide. But the horrific incidents and occurrences are beyond science. Yes there are magical and horror elements but it is confusing when the priest claims there is none.
Felt like a typical horror and crime novel with elements of satanism.
A lot of things are unexplained and the novel failed in establishing well explained connections between its narratives.
This entire review has been hidden because of spoilers.
More than a horror, this is a perfect thriller. First half seems to be a normal fiction, but the seond half, until climax, was real page turner. Not seen much incredible horror thrillers in malayalam like this.
ഹൊറർ വിഭാഗത്തിൽ വന്നതാണെങ്കിലും അത്ര കണ്ട് പേടിപ്പിച്ച ഒരു ബുക്ക് അല്ലായിത്. എങ്കിലും ബിൽഡ് ചെയ്ത് കൊണ്ടുവന്ന കൾട് അറ്റ്മോസ്ഫിയർ നല്ലതായി തോന്നി. ലെസ്ബിയൻ റിലേഷൻഷിപ് നോർമലൈസ് ചെയ്തുള്ള എഴുത്തിനും കൈയ്യടി അർഹിക്കുന്നു. അതികം ബോറടിക്കാതെ ഒറ്റയിരുപ്പിന് വായിക്കാൻ പറ്റുന്ന ഒരു ചെറു നോവൽ ✌🏽
പങ്കാളികളായ ആഗ്‌നസും താരയുമാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. താരയുടെ നിർബന്ധപ്രകാരം മിസ്റ്റിക് മൗണ്ടനും ചുറ്റുമുള്ള കാടും കാണാൻ പോകുന്ന ആഗ്‌നസും കൂട്ടാളികളും പിന്നീട് അനുഭവിക്കുന്ന ദുരിതങ്ങളാണ് ഇതിൽ പറയുന്നത്. ആ സന്ദർശനം മൂലം ഉണ്ടാകുന്ന ആത്മഹത്യകളുടേയും കൊലപാതകങ്ങളുടേയും കാരണം തേടിയുള്ള യാത്ര.
പ്രണയം എന്ന വികാരം ആണും പെണ്ണും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ, മറിച്ചായാൽ പാപികളായും, വെറുക്കപ്പെട്ടവരായും മാറുന്ന ഒരു സമൂഹത്തിൽ താര, ആഗ്നസ് എന്ന രണ്ട് പെൺകുട്ടികൾ തമ്മിൽ ഒരു മനോഹരമായ പ്രണയം ഉടലെടുക്കുന്നു. തങ്ങൾ തമ്മിലുള്ള ബന്ധം സൗഹൃദത്തിനപ്പുറത്തേക്കാണെന്നറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളോർത്ത് അവർ ആശങ്കാകുലരാണ്. പ്രത്യേകിച്ചും ആഗ്നസ്. അങ്ങനെയിരിക്കെ, ഏറെ നിഗൂഢതകൾ നിറഞ്ഞ മൗണ്ട് എലീനയിലേക്ക് യാത്ര പോകുന്ന എട്ട് സ്ത്രീകൾ അടങ്ങുന്ന സംഘത്തിൽ ആഗ്നസും താരയുടെ നിർബന്ധപ്രകാരം ചേരുന്നു.
ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ദുരനുഭങ്ങളും അത് അവരെ നയിക്കുന്ന പുതിയ സംഭവവികാസങ്ങളും അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
ഒറ്റയ്ക്ക് രാത്രിയിൽ ഇരുന്ന് വായിച്ചതിനാലാവാം ഭയം അരിച്ചു കയറുന്ന സന്ദർഭവങ്ങൾ എനിക്ക് കഥയിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടു. ഒട്ടും ബോറടിപ്പിക്കാതെ വായിച്ച് തീർത്ത ഒരു നോവൽ.
പൂർണ്ണമായ സ്വാതന്ത്ര്യം ആഗ്രഹിച്ച് പലപ്പോഴും ആളുകൾ ചെന്ന് ചാടുന്നത് എത്ര വലിയ ദുരന്തങ്ങളിലേക്കാണെന്ന് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിട്ടുണ്ടാവും. വിശ്വാസങ്ങളിലും, അന്ധവിശ്വാസങ്ങളിലും, ബന്ധങ്ങളുടെ കെട്ടുപാടുകളിലും, ഒക്കെ നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന നിയമങ്ങളും ദുർനിയമങ്ങളും ഇന്നും വളരെ കഠിനമാണ്. 100% സാക്ഷരത ലഭിച്ചു എന്ന പേര് അഭിമാനത്തോടെ നമ്മളോരോരുത്തരും പറയുമ്പോഴും സാക്ഷരത നമ്മളിൽ പലരുടെയും ചിന്താരീതികൾക്ക് കിട്ടിയിട്ടില്ല എന്നത് പരമാർത്ഥം. അത് ഉണ്ടാവണമെങ്കിൽ ഇനിയും കുറഞ്ഞത് ഒരു 100 വർഷമെങ്കിലും കഴിയേണ്ടിയിരിക്കുന്നു.
ദുർബലമായ കഥാപത്രങ്ങളാൽ സമ്പന്നമായ നോവൽ. നല്ലൊരു തീം കിട്ടിയിട്ടും ഒരു കഥാപാത്രം പോലും മനസ്സിൽ നിൽക്കാത്തത് കൊണ്ട് വളരെ കഷ്ടപ്പെട്ട് ആണ് വായിച്ചു തീർത്തത്.