പുതുവർഷത്തിലെ ആദ്യ വായന.
പുത്തനറിവുകളിലേക്ക്, ചിന്തകളിലേക്ക്, കാഴ്ച്ചകളിലേക്ക്, കാഴ്ച്ചപ്പാടുകളിലേക്ക്, സംശയങ്ങളിലേക്ക്, ചോദ്യങ്ങളിലേക്ക്, അന്വേഷണങ്ങളിലേക്ക്, കണ്ടെത്തലുകളിലേക്ക്, പുനരന്വേഷണങ്ങളിലേക്ക്...ഒക്കെയാണ് ഈ ആദ്യ വായന തുറന്ന വാതായനങ്ങൾ.
മൈത്രേയനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സ്വജീവിതത്തെ ഒരു തുറന്ന പുസ്തകമാക്കി കാട്ടിയാണ് ആ മനുഷ്യൻ നമ്മോട് സംസാരിക്കുന്നത്. കൊറോണാ സമയത്ത് മൈത്രേയൻ്റെ ഒട്ടനവധി സംവാദങ്ങളും ചർച്ചകളും ത്വരിതഗതിയിൽ നവ മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ ആകർഷിക്കുന്നതും ചർച്ചകൾക്കും പുതുചിന്തനത്തിനും തുടക്കമിടുന്നതും അറിഞ്ഞിരുന്നുവെങ്കിലും വീഡിയോസ് സ്ഥിരമായി കാണുവാനോ അനുബന്ധ പ്രവർത്തികൾ നടത്തുവാനോ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്തുവഴി ഈ പുസ്തകത്തെപ്പറ്റി അറിയുന്നതും വായിക്കാനിടവന്നതും. യൂട്യൂബ് വീഡിയോസ് അധികം മുൻപ് കണ്ടിട്ടില്ലാത്തതിനാൽ തന്നെ പുസ്തകത്തിൽ കണ്ടതോരോന്നും നൂതനവും കൗതുകമുണർത്തുന്നതുമായിരുന്നു. ഏറെ നാൾ മനസ്സിൽക്കൊണ്ട് നടക്കുന്നതും ആലോചിച്ച് നീറിപ്പുകച്ചിട്ടുള്ളതുമായ ഒരുപാട് ചോദ്യങ്ങളെ മൈത്രേയൻ ഇതിൽ സംബോധന ചെയ്തിരിക്കുന്നതു കണ്ടപ്പോഴുണ്ടായ ആനന്ദം ചെറുതല്ല.ലളിതമായും യുക്തിയുക്തമായും അവയ്ക്കുള്ള ഉത്തരങ്ങളും ഉത്തരങ്ങളിലേക്കുള്ള വഴികാട്ടലുകളും കണ്ടപ്പോൾ സംശയങ്ങളുണ്ടാകാതെയുമിരുന്നില്ല. നിറയെ ഉണ്ടായി, അന്വേഷിച്ചു, ചർച്ച ചെയ്തു, കൂടുതൽ വായിച്ചു.പുസ്തകത്തിൻ്റെ അവസാനം മൈത്രേയൻ തന്നെ തൻ്റെ കുറിപ്പുകളെ ഉത്തരങ്ങൾ എന്നതിലുപരി 'ചൂണ്ടുപലകകളായി ' കാണണം എന്നെഴുതിയിട്ടുണ്ട്. ആ വരികളോരോന്നും അവയുടെ ധർമ്മം നിർവ്വഹിച്ചിട്ടുണ്ട്. വായനക്കാരനിൽ പ്രബോധനവും പ്രചിന്തനവും സംശയവും അന്വേഷണവും ഉണർത്തുന്നതിൽ അവ വിജയിച്ചിട്ടുണ്ട്.
ഇതിനു മുൻപ് ഇത്തരത്തിലൊരു പുസ്തകം വായിച്ചത് ഹരാരിയുടെ 'സാപ്പിയൻസ്' ആണ്. എന്നാൽ അതിലും ഊഹാപോഹങ്ങളായി പറഞ്ഞു വച്ച പലതിനെപ്പറ്റിയും മൈത്രേയൻ്റെ എഴുത്തിൽ നിന്ന് വ്യക്തതയുണ്ടായി. റഫറൻസുകളോ പഠന റിപ്പോർട്ടുകളോ പരാമർശിച്ചിട്ടില്ല എന്നതിനാൽ വായനക്കാരൻ്റെ ഉത്തരവാദിത്തം കൂടുതലാണ്. മൈത്രേയൻ റഫറൻസുകൾ വച്ചിട്ടില്ലാത്തത് അവയുടെ ബാഹുല്യം കൊണ്ടാണോ അതോ വായനക്കാരൻ തേടിക്കണ്ടെത്തട്ടെ എന്ന നിലപാടു കൊണ്ടാണോ എന്ന് അന്വേഷിച്ചിട്ട് അറിയാൻ കഴിഞ്ഞില്ല. "ഇതിലെ അറിവുകളെല്ലാം സമാർജ്ജിക്കപ്പെട്ടതാണ്. ഇതെഴുതപ്പെടുന്ന ഭാഷ ആയിരക്കണക്കിനു വർഷങ്ങൾ കൊണ്ട് മലയാളികൾ നിർമ്മിച്ചതാണ് " എന്ന് പറയുന്ന മൈത്രേയൻ പുസ്തകത്തിൻ്റെ പകർപ്പാവകാശം വേണ്ടെന്നു വക്കുകയാണ് ചെയ്തിട്ടുള്ളത്.
പുസ്തകത്തിലെ ആകർഷണീയമായ ചില തലക്കെട്ടുകൾ:
ജീവിതത്തിൻ്റെ അർത്ഥം
ജനനം, മരണം, ലൈംഗികത
ദൈവത്തെ സൃഷ്ടിച്ചതാരാണ്?
അതിരു ബോധവും സ്വത്വബോധവും
ബഹുസ്വത്വബോധ സ്വത്വബോധം
അച്ഛനമ്മ പ്രവർത്തനം
ലൈംഗിക സദാചാരത്തിൻ്റെ ആരംഭം
അസമത്വസുന്ദര ശ്രേണീ ബദ്ധസമൂഹം
വെളുപ്പിനോടുള്ള വിധേയത്വം
ചാരിത്ര്യത്തിൻ്റെ പെൺവശം
മാർക്സിസ്റ്റ് പോസ്റ്റ്മോഡേർണിസ്റ്റ് വിമർശനം
എന്താണ് സദാചാരം?
രതിത്തൊഴിലിൻ്റെ ആരംഭം.
പുസ്തകത്തിൻ്റെ ഉള്ളടക്കത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാവാൻ ഇതു ധാരാളമെന്ന് കരുതുന്നു. ഇനിയും ഒരുപാട് ഇതിനെപ്പറ്റി സംസാരിക്കാനുണ്ട്, ചർച്ച ചെയ്യാനുണ്ട്. ഇത് കൂടുതൽ വായിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഭാഷയിൽ (വിവർത്തന കൃതികളുടെ വിരസത ഒഴിവാക്കി), ഒരു മലയാളിയായി ആഗോള വീക്ഷണത്തിൽ നമുക്കിതിനെ വായിക്കാൻ കഴിയും.