2003 ൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ജനപ്രിയ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കൃതി. ഈ പുസ്തകത്തെ ആസ്പദമാക്കി ഇതേ പേരിൽ തന്നെ സന്തോഷ് ശിവൻ 2005 ൽ ചലച്ചിത്രം പുറത്തിറക്കി. അനന്തഭദ്രം ചലച്ചിത്രം കണ്ടവരാണ് നിങ്ങളെങ്കിൽ ആ കഥയാവും പുസ്തകത്തിലും എഴുതിയിരിക്കുന്നതെന്ന് വിചാരിച്ച് പുസ്തകം വായിക്കാതെ ഇരിക്കരുത്. അങ്ങനെ കരുതിയാൽ നിങ്ങൾ ഉറപ്പായും കബളിപ്പിക്കപ്പെടും. കാരണം ചലച്ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്തമായ ആവിഷ്ക്കാരമാണ് പുസ്തകത്തിലുള്ളത്. സിനിമയിലെ കഥാപാത്രങ്ങളെ മനസ്സിൽ കണ്ടുകൊണ്ട് പുതിയൊരു ചലച്ചിത്രം വായനക്കാർക്ക് കാണാനാവും. മാന്ത്രികതയുടെ ഒരു ലോകത്തേക്ക് അത് നമ്മളെ കൂട്ടിക്കൊണ്ടുപോകും.
അമ്മയുടെ ചിതാഭസ്മവുമായി അമ്മയുടെ നാടായ ശിവപുരത്തേക്ക് എത്തുന്ന അനന്തനെ കാത്തിരുന്നത് യക്ഷികളും ഗന്ധർവൻമാരും മഹാമാന്ത്രികരും നിറഞ്ഞ ഒരു ലോകമാണ്. അനന്തന്റെ കുടുംബമായ മാടമ്പിത്തറവാടിന്റെ അസ്ഥിവാരം കുളം തോണ്ടാൻ പ്രതികാരാഗ്നിയോടെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മഹാമാന്ത്രികനായ മഹാശയനെന്ന ദിഗംബരൻ. അയാളെ നേരിടാൻ രാമൻ ജ്യോത്സ്യനും, രാമൻ ജ്യോത്സ്യരുടെ മകനായ ശിവറാമും എത്തുന്നതോടെ നോവൽ വേറെ തലത്തിൽ എത്തുന്നു. സിനിമയിലുള്ളവർ കൂടാതെ സൂര്യൻ എന്ന ഗന്ധർവ്വൻ, അമ്മിണിക്കുട്ടി എന്ന യക്ഷി, നിരഞ്ജൻ എന്ന മന്ത്രവാദി, ഭദ്രയുടെ അനുജനായ അപ്പുണ്ണി, സർപ്പഗന്ധി, ആറ് വിരലുകളുള്ള ശിശു, ചിത്തിര എന്ന ശിഖണ്ഡി, വെളിച്ചപ്പാട്, കുഞ്ഞൂട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ നോവലിൽ നിറഞ്ഞ് നില്ക്കുന്നുണ്ട്. വളരെ ഗംഭീരമായൊരു ഭാവനാലോകം വായനക്കാർക്ക് മുമ്പ് തുറക്കുകയാണ് ഈ പുസ്തകത്തിലൂടെ.