കേവലം ഒരു യാത്രാവിവരണത്തിനുമപ്പുറത്ത്, റിഹാന്‍ എന്ന എഴുത്തുകാരന്‍ തന്‍റെ ആത്മാവിന്‍റെ അറകളില്‍ കൂമ്പാരമിട്ടിരിക്കുന്ന വാക്കുകള്‍കൊണ്ട്, സഹജഭാവത്തോടെ തന്നെ കില്‍ത്താന്‍ എന്ന ദ്വീപിന്‍റെ നാഡീസ്പന്ദനത്തെ അതേപടി പകര്‍ത്തിയിരിക്കുകയാണ്.
ഒരു ലക്ഷദ്വീപ് യാത്രാവിവരണമാണ് റിഹാന്റെ ഈ പുസ്തകം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ലക്ഷദ്വീപിന്റെ ദ്വീപസമൂഹങ്ങളിൽ ഒന്നായ കിൽത്താൻ ദീപിലെ വിശേഷങ്ങളാണ് പ്രധാനമായും. അവിടുത്തെ സൗന്ദര്യവും സംസ്കാരവും അവരുടെ അധിദേയത്വവും സൗഹൃദവും ഒക്കെ വളരെ ലളിതമായി പറഞ്ഞു തരിക മാത്രമല്ല, നമ്മുടെ ഉള്ളിലേക്ക് ലക്ഷദ്വീപിന്റെ ആ വർണ്ണപ്രപഞ്ചം വരച്ചു കാണിക്കുന്നുമുണ്ട് അദ്ദേഹം.
"കിഴക്കൻ കടലിൽ ഉദിച്ചുയർന്നു വരുന്ന പൂർണചന്ദ്രന്റെ ദൃശ്യ മായിരുന്നു അത്. ഹാ... വാക്കുകൾ തികയാതെ വരുന്ന അപൂർവ്വങ്ങളിൽ അപൂർവമായ മാത്രയായിരുന്നു അത്. ചുവന്നു തുടുത്താ രു കന്യകയെപ്പോൽ പൂർണചന്ദ്രന്റെ പ്രതിബിംബം കുടലിൽ നീ ണ്ടു കിടന്നു കര തൊടുന്നു. ഹല്ലാജിന്റെ ഇഖിനാൽ അനൽഹഖി ലായൊരു നിമിഷമാണതെന്നു ഞാൻ കരുതുന്നു. കടലിന്റെ മാറിലൂ ടൊരു നീളൻ തിരി കത്തിച്ചത് പ്രകാശിച്ചു നിൽക്കുന്നതു സങ്കൽപ്പി ക്കാൻ സാധ്യമാണെങ്കിൽ ഈ കാഴ്ചയുടെ അല്പഭാഗത്തെ കുറി ച്ചു മനോമുകുളങ്ങളിൽ കോറിയിടാം. ദ്വീപ് അത്ഭുതങ്ങൾ നിറച്ച വിളക്കാവുന്നത് ഇത്തരം കാഴ്ചകളെ ദൃഷ്ടിപ്പെടുത്തുന്നതിലൂടെയാണ്."
കിൽത്താൻ ദ്വീപിലെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പലവിധ പാട്ടുകളെപറ്റി ഇതിൽ പറയുന്നുണ്ട്. അവിടെയൊക്കെ ആ പാട്ടുകളുടെ മാലയിൽ നിന്ന് ഒന്ന് രണ്ടു വരികൾ എങ്കിലും വിവരണത്തിനൊപ്പം ചേർത്തിരുന്നെങ്കിൽ നന്നായേനെ എന്ന് കരുതി.
റിഹാൻ റാഷിദ് ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലേക്ക് നടത്തിയ യാത്രയുടെ മനോഹരമായ യാത്രാവിവരണമാണ് ഈ പുസ്തകം.
യാത്രയുടെ ഒരുക്കങ്ങൾ മുതൽ കിൽത്താൻ ദ്വീപിലെത്തി അവിടെ ചെലവഴിക്കുന്ന പതിനാല് ദിവസങ്ങളും കപ്പലിൽ തിരിച്ച് കൊച്ചിയിലെത്തുന്നതുവരെയുള്ള കാഴ്ചകളും അനുഭവങ്ങളും മനോഹരമായി വള്ളി പുള്ളി തെറ്റാതെ പകർത്തിവെച്ചിരിക്കുന്നു.
ഓരോ ദിവസത്തെയും പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തി ഓരോ കാഴ്ചകളുടെയും വിശദാംശങ്ങളിലേക്കും ചരിത്രത്തിലേക്കും കേട്ടുകേൾവികളിലേക്കുമെല്ലാം എഴുത്ത് നീളുന്നുണ്ട്.
എഴുത്തുകാരനോടൊപ്പം വായനക്കാരനും ഓരോ കാഴ്ചകളും കാണാൻ കഴിയുന്നു.
കണ്ണുകൾക്ക് കാഴ്ചയില്ലാത്തൊരാൾ റിഹാൻ്റെ കൈ പിടിച്ച് പോകുന്ന അനുഭൂതിയാണ്. തൻ്റെ കൈ പിടിച്ച് യാത്ര ചെയ്യുന്ന വായനക്കാരന് എല്ലാം കാഴ്ചകളും അകക്കണ്ണിലൂടെ കാണാനും മനസ്സുകൊണ്ട് തൊട്ടറിയാനും കഴിയുന്നു.
പഴയകാല മലബാറിനെയാണ് അല്ലെങ്കിൽ പൊന്നാനിയെയാണ് ദ്വീപിൽ എനിക്ക് കാണാൻ കഴിഞ്ഞത്. അവിടുത്തെ ജനങ്ങളും അവരുടെ നടപ്പുകളും ആചാരങ്ങളും കലാരൂപകൾക്കുമെല്ലാം ഞങ്ങളുടെ കുട്ടിക്കാലത്ത് കണ്ട നാട്ടിൻ പുറവുമായി ആഗാധമായ ബന്ധമുണ്ട്.
തേങ്ങയും വെളിച്ചെണ്ണയും ചൂര മീനു മടങ്ങുന്ന ഭക്ഷണ വിഭവങ്ങളുടെ വിവരണം വായിൽ വെള്ളമൂറും. കളങ്കങ്ങളില്ലാതെ ദ്വീപ് സംസ്കാരം ഇപ്പോഴും അതേപടി നിലനിൽക്കുന്നു എന്നറിയുണ്ട് വലിയ സന്തോഷമുണ്ടാക്കും.
ഒരിക്കലെങ്കിലും ആ ദ്വീപുകൾ സന്ദർശിക്കാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടാവില്ല. റിഹാൻ്റെ എഴുത്ത് ആ ആഗ്രഹത്തിന് പതിന്മടങ്ങ് തീഷ്ണത കൂട്ടുന്നു.
മീലാദാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് റിഹാൻ്റെ യാത്ര. ദ്വീപിലെ തനിമയാർന്ന ആഘോഷങ്ങളെയും സൂഫിബന്ധങ്ങളെയും കൃത്യമായി വിവരിക്കാൻ ഈ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്.
റിഹാൻ്റെ സഞ്ചാരം ദ്വീപിലെ സാധാരണക്കാരും എന്നാൽ സാമൂഹ്യ സംസ്കാരിക രംഗത്തും കലാ സാഹിത്യ രംഗത്തും നിറസാന്നിധ്യങ്ങളായ ഇസ്മത്തിനോടും സർഫ്രാസിനോടും കൂടെയായത് കൊണ്ട് തന്നെ ദ്വീപിൻ്റെ സാധാരണ ജീവിതങ്ങളിലേക്ക് ആഴങ്ങളിൽ സഞ്ചരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഏറിയ സമയവും എഴുത്തിനും വായനക്കും മാറ്റി വെച്ച പ്രിയ സുഹൃത്ത് റിഹാന് ഇനിയൊരു പാട് മുന്നോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ലിവ ബുക്സാണ് പ്രസാധകർ, 120 പേജുള്ള പുസ്തകത്തിൻ്റെ വില 140 രൂപയാണ്.