പ്രിയപ്പെട്ട ജോസഫ്, താങ്കളെ അറിയാന്‍ ഞാന്‍ വൈകിപ്പോയതില്‍ ഖേദിക്കുന്നു. കാരണം ഒരു രണ്ടുകൊല്ലം മുന്‍പേ താങ്കളുടെ രചനകള്‍ വായിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ പലതും എനിക്ക് നഷ്ടപ്പെടില്ലായിരുന്നു. നഷ്ടം എന്ന് കരുതിയതെല്ലാം നഷ്ടങ്ങളായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞേനെ. പലതും അതിലൂടെ ഞാൻ നേടിയെടുത്തേനേ.
ഇപ്പോഴും പറ്റുമല്ലോ അല്ലേ.... പറ്റും...പറ്റണം.
താങ്കളുടെ എഴുത്തുകള്‍ക്ക്, ചിന്തകള്‍ക്ക് ഇത്തരം ഇച്ഛാശക്തി നല്‍കുവാനുള്ള മാരക കഴിവുണ്ട്. അത് പറയാന്‍ കാരണം ഈ പുസ്തകം വായിച്ചശേഷം കഴിഞ്ഞ രണ്ടുദിവസങ്ങളിലും എന്നില്‍ ഞാന്‍ തന്നെ കൊണ്ടുവന്ന മാറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് എന്നത് തന്നെയാണ്. അത് ഇനിയുള്ള ദിവസങ്ങളിലും അതെ തീവ്രതയോടെ കൊണ്ട് നടക്കുവാനാണ് ഈയുള്ളവന്‍റെ ശ്രമം.
അതിന്‍റെ ആദ്യപടി എന്നനിലയില്‍ തലയിണയ്ക്കടിയില്‍ " ദൈവത്തിന്‍റെ ചാരന്മാരെ ഞാന്‍ സൂക്ഷിക്കാന്‍ തുടങ്ങി". എന്റെ ചുറ്റുവട്ടവും ഇന്നലെകളും ഇന്നത്തെ ഓരോ നിമിഷങ്ങളും സൂക്ഷമമായി നിരീക്ഷിക്കാന്‍ തുടങ്ങി. എന്നോട് ഇടപെടുന്നവരെ ബഹുമാനപൂര്‍വ്വം കേള്‍ക്കാനും പഠിക്കാനും തുടങ്ങി. ഞാൻ ഇങ്ങനെയൊക്കെ ആയിത്തീർന്നതിനിടയിൽ കടന്നുപോയ ഓരോ നല്ലമുഖങ്ങളേയും ഓർത്തെടുക്കാൻ തുടങ്ങി. ഓരോ നിമിഷങ്ങളും സുന്ദരമാക്കിത്തരുന്ന സർവ്വേശ്വരനോട് നന്ദി പറയാൻ തുടങ്ങി.
അങ്ങുപറഞ്ഞ ഒരു കാര്യം വായനയോടൊപ്പം തന്നെ ഞാന്‍ നടപ്പില്‍ വരുത്തി. "നമ്മുടെ കളഞ്ഞുപോയ നന്മയുടെ പൊടിപ്പുകള്‍ തിരിച്ചുപിടിക്കുന്നതിനെക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ല" എന്നത്.
അതെ!! കഴിഞ്ഞ ഒരുകൊല്ലമായി കാര്യമായി വായനയില്ലാതിരുന്ന എന്‍റെ ജീവിതത്തില്‍ പഴയ ആ വേഗത്തില്‍ ആര്‍ത്തിയോടെ വായിച്ച തീര്‍ത്ത ഒരു പുസ്തകമാണ് "ദൈവത്തിന്‍റെ ചാരന്മാര്‍".
വായന ഇഷ്ടമുള്ളവരോടും ചിന്തകളില്‍ പുതുമയുടെ മാസ്മരികത നിറയ്ക്കാന്‍ താത്പ്പര്യമുള്ളവരോടും ഞാന്‍ അങ്ങയുടെ പുസ്തകം സജെസ്റ്റ് ചെയ്തു കഴിഞ്ഞു. നമുക്കൊന്നും ഒരു പൌലോ കൊയ്-ലോയും വേണ്ട. ദാ.....ഈ ഒരു മുതല് മതി...." ജോസഫ് അന്നംകുട്ടി ജോസ്".
ഇരുന്നയിരുപ്പില്‍ 3 മണിക്കൂര്‍ കൊണ്ട് തീര്‍ക്കാന്‍ പറ്റുന്ന 232പേജുകള്‍ നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍; ആ മാറ്റങ്ങള്‍ക്കു കാരണമായേയ്ക്കാവുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍; അത് നമുക്ക് ചുറ്റുമുള്ളതാണ്, നമ്മുടെ ഉള്ളിലുള്ളതാണ്. ഒരു പക്ഷേ നാം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നമുക്ക് തോന്നിയേക്കാം. ആഹാ..ഇതായിരുന്നോ!!! ഇത് ഞാന്‍ ചെയ്യാറുള്ളതാണ്, ഇതെനിക്കറിയാവുന്നതാണ് എന്നൊക്കെ!!! പക്ഷേ എന്തേ ചെയ്തില്ല എന്നൊക്കെ ചോദിച്ചാല്‍ പഴഞ്ചന്‍ മുടന്തന്‍ന്യായങ്ങള്‍ തന്നെ.
എന്ത് ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോള്‍ ധൈര്യം നഷ്ടപ്പെടുമ്പോള്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ സാധിക്കാത്തപ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുമ്പോള്‍ ചില നല്ല ചിന്തകളുടെ അല്ലെങ്കില്‍ വാക്കുകളുടെ രൂപത്തില്‍ നാം പ്രതീക്ഷിക്കാതെത്തന്നെ ദൈവം കടന്നുവരും. നമ്മെ കൈപ്പിടിച്ചുയര്‍ത്തി ആകാശത്തോളമെത്തിക്കും. എന്നിട്ട് സിമ്പിളായി നമ്മളോട് പറയും. ദാ...ജീവിതം എന്നത് ഇത്രയ്ക്ക് സിമ്പിളാണ്. വെറുതെ ആലോചിച്ചു കൂട്ടി ബുദ്ധിമുട്ടുള്ളതാക്കിത്തീര്‍ക്കണ്ടായെന്ന്. നിസ്സാരം എന്ന് തോന്നുന്ന പലതും വളരെ വലിയ കാര്യങ്ങളാണെന്ന് നമുക്ക് കാണിച്ചുതരുന്ന ഒരു പുസ്തകമാണിത്.
ഒട്ടും ആത്മാർഥതയില്ലാതെ ലോകസമാധാനം കാംക്ഷിക്കുന്നവരായ നമ്മളിൽ, നിരാലംബരോടുള്ള കരുണ അഭിമാനപ്രശ്നമായിമാത്രം കൊണ്ടുനടന്നു ആഘോഷിക്കുന്ന നമ്മളില്‍, എത്രപേരുണ്ട് സ്വന്തം അച്ഛനേയും അമ്മയേയും ഒരിക്കലെങ്കിലും ചീത്ത പറയാത്തവര്‍. എത്രപേരുണ്ടാകും എന്നും രാവിലെ അവരെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാന്‍ സമയം കണ്ടെത്തുന്നവർ!!! അന്നേരം നമ്മളെല്ലാം ഒരുമിച്ചു പറയുമായിരിക്കും " പൊന്നുപോലെ നോക്കുന്നില്ലേ (കൂട്ടിലടച്ചാണ് എന്നതാണ് സത്യം) എന്ന്.
എല്ലാം വെറും മിഥ്യധാരണ!!! നമ്മുടെ ചുറ്റുപാടും നമ്മുടെ ജീവിതവും നാം അടച്ചിട്ടിരിക്കുകയാണ് എന്നതാണ് സത്യം. മനസ്സ് മലിനമായ്ക്കൊണ്ടിരിക്കുന്നു ഓരോ നിമിഷവും.
അമ്മയും അച്ഛനും ചെയ്തുതന്ന കൊച്ചുകൊച്ചു കാര്യങ്ങളുടെ ആകെത്തുകയാണ് യഥാർത്ഥ സ്നേഹം. അതില്ലാതാകുമ്പോഴാണ് അതിന്‍റെ മൂല്യം നമുക്ക് മനസ്സിലാവുന്നത്. അപ്പോഴേയ്ക്കും നേരം വളരെ വല്ലാതെ വൈകിയിരിക്കും.
നമ്മുടെ ജീവിതത്തിലെ പ്രചോദനാത്മകമായ ഓരോ നിമിഷങ്ങളെയും സന്ദർഭങ്ങളെയും നമുക്ക് കാണിച്ചുതരുന്ന ഒരു പുസ്തകമാണിത്.
കൂടുതല്‍ വിശാലമാകട്ടെ നമ്മുടെ ചിന്തകളും പ്രവൃത്തികളും. നമുക്ക് വേണ്ടി മാത്രം സ്വാര്‍ത്ഥതയോടെ നാം സൃഷ്ടിച്ച സുരക്ഷിതത്വങ്ങളില്‍ നിന്നും പുറത്തുകടന്നാല്‍ നമുക്ക് മനസ്സിലാക്കാം ജീവിതം ഇത്രമേല്‍ എളുപ്പമാണെന്നും ലളിതമാണെന്നും സുന്ദരമാണെന്നും.
അധികം കാട് കയറുന്നില്ല. ഈ പുസ്തകം വായിക്കൂ...ഇദ്ദേഹത്തിന്‍റെ യുടൂബ് വീഡിയോസ് കാണൂ...ജീവിതം മധുരമുള്ളതാക്കൂ. ലളിതമാക്കൂ!!!
ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ രണ്ടാമത്തെ പുസ്തകമാണിത്. അദ്ദേഹത്തെ കൂടുതൽ അടുത്തറിയാം എന്നതിലുപരി കുറെയധികം പുസ്തകങ്ങൾ പരിചയപ്പെടാനാണ് ദൈവത്തിന്റെ ചാരന്മാർ എന്നെ സഹായിച്ചത്. ആദ്യത്തെ പുസ്തകത്തിൽ പറയാൻ വിട്ടുപോയ പലരെ പറ്റിയും ഇതിൽ വിശദമായി പറയുന്നുണ്ട്. എല്ലാത്തിനുമുപരി സ്നേഹത്തെ പറ്റി വളരെയധികം വാചാലനാകുന്ന ഗ്രന്ഥകർത്താവിനെ ഇതിൽ കാണാം
ജീവിതം ജീവിച്ചു തീർത്താൽ പോരാ എന്ന് തോന്നിപ്പിച്ച പുസ്തകം. (പുസ്തകം എന്ന് വിളിച്ചാൽ മര്യാദകേടാവുമെന്ന് തോന്നുന്നു.) മറിക്കുന്ന താളുകളിലോരോന്നും (വായനക്കാരൻ) പിന്നിട്ട വഴികളിലെ മുഖങ്ങൾ മിന്നിമറയുന്നു. നമ്മുടെ ജീവിതത്തിലെ ചാരന്മാരെ തിരഞ്ഞ് ഹൃദയം പേജിൽ നിന്നും ഇറങ്ങ���യോടും. അടുത്ത വരികൾ വായിച്ചുതീർക്കാനായി ഉടനെ തിരിച്ചുവരും. വല്ലാത്തൊരു അവസ്ഥ!!
ജീവിതത്തിൽ കടന്നുവന്നവരെ, തൊട്ടവരെ, കുറേക്കൂടി നല്��മനുഷ്യനാവാൻ പ്രേരിപ്പിച്ചവരെ ജോപ്പൻ വിളിച്ച പേരാണ് 'ദൈവത്തിന്റെ ചാരന്മാർ'. എഴുത്തുകാരൻ നേരിട്ട് ഹൃദയത്തോട് സംസാരിക്കുന്നതായി തോന്നി. മടുപ്പിക്കാത്ത ഒഴുക്കുള്ള സംസാരം. ആകർഷണീയമായ അവതരണം. ആസ്വദിച്ചു. ശേഷം, അവിടെവിടെയായുള്ള തരിശുഭൂമിയിൽ കാർമേഘം ഇരുണ്ടുകൂടി.
ലളിതവും ഹൃദ്യവുമായ കുറെ ജീവിതാനുഭവങ്ങൾ. നാമെല്ലാവർക്കും ഉണ്ടായിട്ടുള്ളതും ഉണ്ടാകാറുള്ളതുമായവ. നർമ്മവും സ്നേഹവും ഗൗരവവും ആവശ്യാനുസരണം ആനുപാതികമായി ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദാർഹമായ ചില തുറന്നെഴുത്തുകളുണ്ട്. താൻ ചെയ്യുന്നതിൽ മറ്റുള്ളവർക്കു നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങളെ മാത്രം അരിച്ചെഴുതുന്ന രീതിയല്ല എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. ഫെമിനിസത്തെപ്പറ്റിയും ലൈഗിംഗതയെപ്പറ്റിയും വ്യക്തവും വ്യതിരിക്തവുമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന ജോപ്പൻ സമൂഹത്തിൽ സ്ത്രീകൾക്കു നേരെ ഉയർന്നു വരുന്ന ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ വായനക്കാരന് പക്വതയോടു കൂടി അവ പകർന്നു നൽകാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് ഏറെ കാതുകളെ സ്വാധീനിക്കുന്ന ജോപ്പന്റെ അഭിപ്രായങ്ങളോട് അങ്ങേയറ്റം യോജിപ്പും ബഹുമാനവും തോന്നി. "നിന്റെ അമ്മയായിരുന്നെങ്കിൽ, പെങ്ങളായിരുന്നെങ്കിൽ, എന്ന പ്രയോഗങ്ങൾ മാറ്റിപ്പിടിച്ച് 'അത് നീയായിരുന്നെങ്കിൽ, നിന്നെയായിരുന്നെങ്കിൽ" എന്നു പറയാനുള്ള ജോപ്പന്റെ ആഹ്വാനം ഉൾക്കൊള്ളാൻ ഒരുപാട് യുവാക്കൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷയുണ്ട്. സ്വലിംഗത്തെയും എതിർലിംഗത്തെയും ഒരേ ബഹുമാനാദരവോടെ മാത്രം അഭിസംബോധന ചെയ്യാനും അവരെപ്പറ്റി സംസാരിക്കാനും ആർജ്ജവം കാട്ടുന്ന ജോപ്പൻ 'ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം അറിയട്ടെ, അവർ ഹൃദയങ്ങൾ കൊണ്ട് ചുംബിക്കട്ടെ' എന്ന് പറഞ്ഞ് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നിപ്പോയി.
"കടലെന്നത് തീരത്തടിക്കുന്ന തിരമാലകളാണെന്ന് കരുതി അതിന്റെ വേലിയേറ്റങ്ങളിലും ഇറക്കങ്ങളിലും സ്വയം മുഴുകിയിരിക്കുന്നവനെപ്പോലെയായിരുന്നു എന്റെ പ്രണയം"
"ഈ ചെറിയ ജീവിതത്തിൽ എന്തെങ്കിലും ഒന്നിനോട് പ്രണയത്തിലാകേണ്ടിയിരിക്കുന്നു. കാമുകിയോട്, പുസ്തകങ്ങളോട് ,ജോലിയോട്, പഠനത്തോട്, സംഗീതത്തോട്, ജീവിതത്തോട്.. എന്തെങ്കിലുമൊന്നിനെ ആഴത്തിൽ പ്രണയിക്കാതെ ഒരാൾക്കും നീണ്ടു നിൽക്കുന്ന സന്തോഷം കണ്ടെത്താനേ സാധിക്കില്ലെന്നു തോന്നുന്നു."
ഇതൊക്കെയും എന്നെപ്പോലെ ഒരുപാട് പേർക്ക് താദാത്മ്യപ്പെടുത്തി വായിക്കാൻ സാധിക്കുന്നതു കൊണ്ടായിരിക്കും ജോപ്പൻ യുവത്വത്തിനു ഏറെ പ്രിയങ്കരനായത്. ഒരു പിറന്നാൾ സമ്മാനായി കിട്ടിയപ്പോഴോ വായിച്ചു തുടങ്ങിയപ്പോഴോ പകുതിയായപ്പോഴോ പോലും ഈ പുസ്തകം എന്നെ സ്വാധീനിക്കാൻ മാത്രം പോന്നതാണ് എന്ന തോന്നൽ ഉണ്ടായിരുന്നില്ല. ഒരു 'light-read' എന്ന ലാഘവത്തോടെയാണ് ഓരോ താളും മറിച്ചത്. പക്ഷെ വായിച്ചു കഴിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. മറുതലയ്ക്കൽ ഒരു സുഹൃത്തിരുന്ന് സംസാരിക്കുന്നതുപോലെയുണ്ടായിരുന്ന വായനാനുഭവം. മനസ്സിനൊരുപാട് സന്തോഷവും സംതൃപ്തിയും. ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്ന ഒരു positivity. ജോപ്പൻ പകർന്നു നൽകുന്നതൊക്കെ ജീവിതത്തിൽ എവിടെയെങ്കിലും എങ്ങനെയെങ്കിലുമൊക്കെ പ്രായോഗികമാക്കാൻ ഏവർക്കും കഴിയട്ടെ. മറ്റുള്ളവർക്ക് ഇങ്ങനെ പ്രകാശം പകർന്നു തന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഈ പരിപാടിക്ക് എല്ലാ ആശംസകളും, ജോപ്പാ!
പുസ്തകം: ദൈവത്തിന്റെ ചാരന്മാർ രചന: ജോസഫ് അന്നംകുട്ടി ജോസ് പ്രസാധനം: ഡി സി ബുക്സ് പേജ് :232,വില :225
ജോസൂട്ടി തന്റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദൈവത്തിന്റെ ചാരന്മാർ രചിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ, പലപ്പോഴും നമ്മളറിയാതെ ദൈവത്തിന്റെ ചാരൻമാർ കടന്നുവരാറുണ്ട്, നമ്മളും മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിന്റെ ചാരന്മാർ ആകാറുണ്ട്. നമ്മൾ അറിഞ്ഞോ അറിയാതെ ചെയ്യുന്ന ഒരു നന്മ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരുപാട് പ്രകാശം കൊണ്ടുവരാറുണ്ട്. നമ്മുടെ ചുറ്റിലുമുള്ള എല്ലാ മനുഷ്യരിലും നന്മയുണ്ട്, നമ്മൾ അത് കണ്ണുതുറന്ന് കാണേണ്ട ആവശ്യമേയുള്ളൂ. നമുക്ക് ചെയ്യാൻ കഴിയുന്ന നന്മ, അത് ചെയ്യുന്നതിൽ ഒരിക്കലും മടി കാണിക്കരുത്.
ജോസൂട്ടി തന്നെ സ്പർശിച്ച മനുഷ്യരെ ഓരോ കഥകളാണ് എഴുതിയിരിക്കുന്നത്. അഹന്ത ഒട്ടുമില്ലാത്ത ഈ മനുഷ്യന്റെ പുസ്തകം വായിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. തന്റെ വാക്കുകളിലൂടെ ആർക്കെങ്കിലും ജീവിതത്തിൽ ഇത്തിരി പ്രകാശം കിട്ടുമെങ്കിൽ, അതിൽ മടിക്കുന്നത് എന്തിനാണ് എന്നാണ് ഗ്രന്ഥകാരന്റെ ചോദ്യം? താൻ ഒരു മോട്ടിവേഷൻ സ്പീക്കർ എല്ലാ എന്ന് ആദ്യമേ തന്നെ പറയുന്നുവെങ്കിലും, ആ വാക്കുകളിൽ എല്ലാം ഒരു പോസിറ്റീവ് എനർജി, മോട്ടിവേഷൻ ധാരാളമായി കണ്ടെത്താൻ സാധിക്കും.
ജീവിതത്തിൽ നാം അറിഞ്ഞിട്ടും കാണാതെയും മനസ്സിലാക്കാതെയും പോകുന്ന കാര്യങ്ങളാണ് ജോസുകുട്ടി തന്റെ പുസ്തകത്തിൽ പറയുന്നത്. "Be Thankful for everything", "ജീവിതത്തിൽ എല്ലാത്തിനോടും നന്ദിയുള്ളവരായിരിക്കുക"- ഈ വാക്കിനോട് നീതി പുലർത്തുന്നതാണ് ദൈവത്തിന്റെ ചാരൻമാർ.
ഒരുപാട് സീരിയസ് ആയിട്ടുള്ള പുസ്തകങ്ങൾ വായിച്ചു വലിയൊരു ഇടവേളയ്ക്ക് ശേഷം, ഒരു ഇൻസ്പിരേഷൻ ബുക്കിലൂടെ ഒഴുകുമ്പോൾ തോന്നുന്ന സുഖം ഞാൻ നന്നായി ആസ്വദിച്ചു.ഒരുപാട് ഹാസ്യം കലർത്തി ആണ് ജോസൂട്ടി തന്റെ അനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്. വളരെ ആസ്വദിച്ചാണ് ഞാൻ ഈ പുസ്തകം വായിച്ചത്, അതിന്റെ ഫുൾ ക്രെഡിറ്റും നമ്മുടെ ജോസുകുട്ടിക്ക് തന്നെയാണ്. ഞാനും ഇപ്പോൾ പുള്ളിയുടെ ഒരു കട്ട ഫാൻ ആണ്.