നോവലുകൾ ഇന്ന രീതിയിൽ ആവണം എന്നില്ലല്ലോ. കുറെ റാൻഡം കഥകളുടെ സമാഹാരം പോലെയാണ് ഈ നോവൽ. ആഖ്യാനത്തിൽ അസാധാരണ ഭംഗിയുള്ള ഭാഷ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്നു. നിത്യചൈതന്യയതി, ഒരു പക്ഷെ എഴുത്തുകാരന്റെ ഗുരുവായിരിയ്ക്കണം, കടന്നു വരുന്ന ഭാഗങ്ങളിൽ പ്രത്യേകിച്ചും. എന്നാൽ മറ്റു ചില ഭാഗങ്ങളിൽ അത് അതിസാധാരണമാകുന്നു. കഥകളും അതുപോലെ തന്നെ. എന്നാൽ അവയെയെല്ലാം തമ്മിൽ വിളക്കാനും എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. ചിലത് വിജയിയ്ക്കുന്നു. ചിലതില്ല. ചെറിയ മുഹൂർത്തങ്ങളാണ് നോവലിനെ രക്ഷിച്ചെടുക്കുന്നത് - ആ ഭാഗങ്ങൾ വീണ്ടും വായിയ്ക്കാൻ തോന്നും. ഇത്തരം പലതരം ഉയർച്ച താഴ്ചകളുടെ കൂടി സമാഹാരമാണ് ഈ പുസ്തകം. എളുപ്പമുള്ള വായന. പണ്ടെങ്ങോ, സ്‌കൂൾ കാലത്തോ മറ്റോ, വീട്ടിൽ സുലഭമായിരുന്ന നിത്യയുടെ പല പുസ്തകങ്ങൾ ഓർമ്മയിൽ വന്നു എന്നതാണ് എനിയ്ക്ക് ഈ വായനയുടെ ഏറ്റവും വലിയ സമ്മാനം.
രാജേന്ദ്രൻ എടത്തുംകര എന്ന എഴുത്തുകാരൻ്റേതായി ഞാനാദ്യം വായിച്ചത് "ഞാനും ബുദ്ധനും" എന്ന കൃതിയാണ്. കിളിമഞ്ജാരോ ബുക്സ്റ്റാൾ എന്ന ഈ കൃതി പുറത്തിറങ്ങിയ അന്ന് മുതൽ ഒട്ടേറെ വായനക്കാർ വായിക്കുകയും വളരെ വ്യത്യസ്തമായൊരു പുസ്തകമാണെന്നും നല്ലൊരു വായനാനുഭവമാണെന്നും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുളള ഒരു കൃതിയാണ്. അതുകൊണ്ട് തന്നെ കുറച്ച് കാലമായി വായിക്കാനാഗ്രഹിച്ചിരുന്ന ഒരു പുസ്തകമായിരുന്നു ഇത്. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന കൃതിയോട് കഥാതന്തുവിലും കഥാപാത്രങ്ങളിലും കുറച്ചൊക്കെ സാദൃശ്യം തോന്നിയെങ്കിലും എഴുത്തുകാരൻ്റേതായ ഒരു തനതുശൈലിയിൽ എനിക്ക് സാമ്യം തോന്നിയത് അദ്ദേഹത്തിൻ്റെ തന്നെ മറ്റൊരു കൃതിയായ ഞാനും ബുദ്ധനും എന്ന നോവലിനോടായിരുന്നു.
സ്കോട്ടിഷ്-അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന ജോൺ മ്യൂയർ സഹോദരി സാറാ മ്യൂയർ ഗലോവേയ്ക്ക് 1873 സെപ്തംബർ 3 ന് അയച്ച കത്തിൽ പറയുന്ന ഒരു വാചകമാണ് "പർവതങ്ങൾ വിളിക്കുന്നു, എനിക്ക് പോകണം(The mountains are calling and I must go)" എന്നത്. ഈയൊരു വാചകത്തോടുകൂടി തുടങ്ങിയ നോവൽ വായിച്ചുതുടങ്ങിയ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തന്നെയായിരുന്നു ഇതിലെ കേന്ദ്രകഥാപാത്രം. വായനക്കാരുടെയുള്ളിൽ അത്തരത്തിലൊരു തോന്നലുളവാക്കാൻ വേണ്ടിയായിരിക്കാം ഇതിലെ കേന്ദ്രകഥാപാത്രത്തിന് ഒരു പേര് എഴുത്തുകാരൻ നൽകാതിരുന്നത്. അതുകൊണ്ടുതന്നെ കഥയുടെ തുടക്കം മുതലേ ഇതിലെ കേന്ദ്രകഥാപാത്രമായ കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവിൽപനക്കാരനായി ഞാൻ മാറുകയായിരുന്നു.
കഥകളും ഉപകഥകളും കവിതകളുമെല്ലാം കൊണ്ടും സമ്പുഷ്ടമായ ഈ പുസ്തകത്തിലെ പല കഥാസന്ദർഭങ്ങളും പൂരിപ്പിക്കേണ്ടത് വായനക്കാരൻ തന്നെയാണ്. അങ്ങനെ വായനക്കാരൻ്റെ അഭിരുചിക്ക് വിടുന്ന എഴുത്തുകാരൻ്റെ രചനാവൈഭവം ആകർഷണീയമായി തോന്നി. വാക്കുകൾ കൊണ്ടും ഭാഷ കൊണ്ടും കഥാകൃത്ത് വിസ്മയം തീർത്തിരിക്കുകയാണ് ഈ കൃതിയിലൂടെ. കിളിമഞ്ജാരോ പർവതത്തിലേക്ക് ഒരു യാത്ര നടത്തി ആ കൊടുമുടി കീഴടക്കാൻ ശ്രമിക്കുന്ന തരം വായനാനുഭവമായിരുന്നു ഈ പുസ്തകത്തിലെ വനശാലയായ കിളിമഞ്ജാരോ ബുക്സ്റ്റാളിലേക്ക് പ്രവേശിച്ചപ്പോൾ. വായനയുടെ അവസാനം വരെ ഞാൻ മറ്റൊരു ലോകത്തായിരുന്നു. അതുപോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നവരാണ്. ഭാസ്കരേട്ടൻ, വി.കെ കാക്കോറ, നിലീന, രമ, ലീന, രാജീവൻ, റാഹേൽ, വേദിക, പുസ്തകമോഷ്ടാവ് എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും വായനക്കാരൻ്റെ ഹൃദയത്തിൽ ചെറുതല്ലാത്തൊരു ചലനമെങ്കിലും ഏൽപിച്ചിട്ടേ പോകൂ. ഈയടുത്ത് വായിച്ച പുസ്തകങ്ങളിൽ വെച്ച് വളരെയധികം ഇഷ്ടപ്പെട്ട ഒരു നോവലാണിത്.
നോവൽ എന്ന രീതിയിൽ ഒരു സാധാരണ പുസ്തകം മാത്രമാണ്. പക്ഷെ ഉള്ളിൽ വന്ന് പോവുന്ന ചില കഥകൾ, അതിന്റെ പറച്ചിൽ രീതി ഗംഭീരമാണ്. പൂർണ്ണമായും വായിച്ച ശേഷം ആ ഭാഗങ്ങൾ മാത്രം ഒന്നുകൂടി വായിക്കാൻ തോന്നുന്നത്രയും നല്ല പറച്ചിലും എഴുത്തും!
വായിച്ചു തുടങ്ങുമ്പോൾ മുതലേ സൂസന്നയുടെ ഗ്രന്ഥപ്പുര ഓർപ്പിച്ചു. ഒരു കഥക്കുള്ളിൽ ഒരു പാട് കഥകൾ നിരത്തുന്ന ആഖ്യാനരീതി കൊണ്ടോ പ്രണയത്തിനാൽ അപൂർണരായ ഒരു പാട് മനുഷ്യരെ /പുസ്തകങ്ങളെ കോർത്ത് വെച്ചതു കൊണ്ടോ എന്നറിയില്ല. എന്നാൽ രസകരമായിത്തോന്നിയ മറ്റൊന്ന് അദ്ധ്യായങ്ങളുടെ പേരുകളാണ്. കൃത്യമായ സ്റ്റേറ്റ്മെൻറുകളാണ് ഓരോന്നും. 1. എന്നെങ്കിലുമൊരിക്കൽ ഞാനിത് ഉപേക്ഷിച്ചു പോവുക തന്നെ ചെയ്യും 2. ജീവിതം ഏറ്റവും അവസാനത്തേക്ക് അത് നീട്ടിവെക്കുന്നു ഇങ്ങനെ തുടങ്ങി ഇതു കഴിഞ്ഞാൽ പിന്നെയും പിന്നെയും ചുരങ്ങൾ കാണും എന്ന് അവസാനിപ്പിക്കുന്ന എഴുത്ത്. കിളിമഞ്ജാരോ എന്ന പേര് വായനക്കാരിലേക്കും നീട്ടി വെച്ചിരിക്കുന്ന ഒരു പ്രഹേളികയാണ്. എല്ലാവരുടേയും കഥകളറിയാവുന്ന എന്നിട്ടും ചിലത് ബാക്കിയാക്കിപ്പോയ ഭാസ്ക്കരേട്ടൻ, വി.വി. കക്കോറ, കെ.കെ.സി. ആഹ്ലാദത്തെ അങ്ങോട്ട് തേടിപ്പോവണമെന്നും സങ്കടം നിങ്ങളെത്തേടി വരുമെന്നും ദൈവം ആജ്ഞാപിക്കുമ്പോൾ നമുക്കറിയാവുന്ന എല്ലാ കഥകളേയും പോലെ ഒരു സാരോപദേശകഥ എന്ന് തോന്നിയേക്കാം. പക്ഷേ, ഗുരു നിത്യയെപ്പോലെ ബുദ്ധനും എല്ലാ കഥകളുടെയും സാരം കൊണ്ട് മനുഷ്യരെ ബന്ധിപ്പിക്കുന്നത് നമ്മളെ കാട്ടിത്തരുന്നു രാജേന്ദ്രൻ എടത്തുംകര. സ്വവർഗ പ്രണയത്തെ പല വായനകളിലൂടെ കാണിച്ചു തരുന്നുണ്ടെങ്കിലും, പരസ്പരം കടുത്ത പ്രണയത്തിലകപ്പെട്ട രണ്ട് സ്ത്രീകളെ എത്ര അനായാസമായി പ്ലെയ്സ് ചെയ്തിരിക്കുന്നു എന്ന്, ഈയടുത്ത് വായിച്ച മലയാളം പുസ്തകങ്ങളിൽ കണ്ടെത്താനാവുന്നത് വല്ലാതെ സന്തോഷിപ്പിക്കുന്നു. ഇവിടെ രാജേന്ദ്രൻ എടത്തുംകര ലിംഗഭേദങ്ങളില്ലാതെ അതിനെ അവതരിപ്പിക്കുമ്പോൾ, പ്രണയത്തിനു ചാർത്തിക്കിട്ടിയിരിക്കുന്ന അസ്വാഭാവികതകളും മുൾക്കിരീടങ്ങളും സ്വമേധയാ അഴിഞ്ഞു പോവട്ടെയെന്ന് ഇനിയും ആത്മാർഥമായി പ്രത്യാശിക്കാൻ ഈ പുസ്തകവും ഒരു കാരണമാണ്.
പുസ്തകം : കിളിമഞജരോ ബുക്ക്സ്റ്റാൾ എഴുത്തുകാരൻ : രാജേന്ദ്രൻ എടത്തുംകര
പുസ്തകങ്ങളുടെ ലോകത്തിലേക്ക് കടന്നു ചെല്ലാത്ത മനുഷ്യരുണ്ടാകുമോ? ഓരോ പുസ്തകങ്ങളെയും തഴുകിയും തലോടിയും പുസ്തകത്തെ ആസ്വദിച്ചു കടന്നു പോകുന്ന നിമിഷങ്ങൾ അത്രമേൽ പ്രിയകരമാണ്... എന്നാൽ ആ നിമിഷങ്ങൾ ഒരു പുസ്തകത്തിലൂടെ നിങ്ങൾക്ക് മുന്നിൽ തുറന്നിട്ടാലോ അത്തരമൊരു അനുഭവം നൽകുന്ന ഒന്നാണ്കിളിമഞ്ജാരോ ബുക്ക്സ്റ്റാൾ
ഞാനും ബുദ്ധനും ശേഷം രാജേന്ദ്രൻ എട���്തുംകരയുടെ നോവൽ... ഒരു ബുക്ക്സ്റ്റാളും അവിടെയുള്ള പേരിടാത്ത ഒരു പുസ്തകവില്പനകാര നെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.. എന്നാൽ നിങ്ങൾ കരുതുന്നത് പോലെ പൂർണമായി പുസ്തകം വിൽക്കുന്ന ആളുടെ കഥയല്ല.. അയാളെ ചുറ്റിപറ്റി നിൽക്കുന്ന മനുഷ്യരെയുടെയും ജീവിതത്തിന്റെയും ഉള്ളുതൊടുന്ന അനുഭവങ്ങളുടെ നേർകാഴ്ചകൾ ആണ്...
ഒരു വായനക്കാരനെ ഭ്രമിപ്പിക്കുന്നത് പുസ്തകങ്ങൾ ആണലോ അത്തരത്തിൽ പുസ്തകശാലകൾ അവന്റെ പ്രിയപ്പെട്ട ഇടവും കൂടിയാണ്.. എന്നാൽ പുസ്തക വില്പനക്കാരന്റെ കാഴ്ചപ്പാടിൽ വിലയിരുത്തിയാൽ
മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ പുസ്തകശാലകളും മനുഷ്യരെ പിടിക്കുന്ന കെണികൾ ആണ്. മനുഷ്യരെ പിടിക്കുന്ന എല്ലാ കെണികളിലും വാക്കുകൾ പ്രയോഗിച്ചു കൊണ്ടിരിക്കണം’ – പുസ്തക വിൽപനക്കാരൻ
എന്ന അഭിപ്രായമാണ് വില്പനക്കാരാനുള്ളത്.. ശ്രദ്ധേയമായ സംഗതി ഈ നോവലിലെ കേന്ദ്ര കഥാപാത്രത്തിനു പേരില്ല എന്നത് തന്നെയാണ് . ആ കഥാപാത്രം വായനക്കാരനും ആകാം... ആസ്വാദകൻ കഥാപാത്രമായി രൂപന്ത്രമെടുക്കുന്ന അനുഭവം സ്വായത്തമാക്കണമെങ്കിൽഈ നോവലിലൂടെ കടന്നു പോകണം...
കഥാഗതിയിൽ പുതുമയുണ്ട്.. അർദ്ധാവിരാമങ്ങൾ ആയി ഒരുപാട് സന്ദർഭങ്ങൾ കഥയിൽ കടന്നു വരുന്നുമുണ്ട്.. ചില ഉത്തരങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം അത് വായനക്കാരന്റെ സ്വാതത്ര്യത്തിലേയ്ക്ക് മുതൽ കൂട്ടുന്നു... കഥാഗതി ദിശ തെറ്റിയോഴുകുന്ന പുഴ പോലെയാണ് ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് മാറി കൊണ്ടിരിക്കും എങ്കിലും ഓരോ സന്ദര്ഭങ്ങളെയും പാകത്തിൽ ചേർത്തിട്ടുണ്ട്... അതിനാൽ തന്നെ വായനാസുഖം നഷ്ടപെടുന്നുമില്ല...
ആത്മീയവും പ്രണയവും സ്വവർഗപ്രണയവും സാഹിത്യത്തിലെ പ്രശ്നങ്ങളും ഒക്കെ കടന്നു വരുന്നുണ്ട് നോവലിൽ...
കഥാപാത്രങ്ങളിൽ ഓരോരുത്തർക്കും അവരുടേതായ സ്ഥാനമുണ്ട് കേന്ദ്രം പുസ്തക്കാവില്പനക്കാരൻ ആണെങ്കിലും ഭാസ്കരേട്ടനും, നീലിനയും, രമയും ലീനയും രാജീവനും പുസ്തകകള്ളനും ഒക്കെയായി കഥാപാത്രങ്ങൾ അനവധി ഉണ്ടെങ്കിൽ പോലും.. ഓരോ കഥാപാത്രങ്ങളും കഥയുടെ അവസാനവും നമ്മുടെ ഓർമ്മകളിൽ ഉണ്ടാകും..
രമയ്ക്ക് അത്രയേറെ പ്രിയപ്പെട്ട സുന്ദരപ്പാണ്ടിപുരം അവളും ലീനയും അവിടെ എത്തിയിട്ടുണ്ടാകുമോ ബന്ധങ്ങളുടെ ബന്ധനമില്ലാതെ അവർക്ക് പ്രണയിക്കാൻ അവസരം കിട്ടുമോ? ഭാസ്കരേട്ടനും നീലിനയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത്.. രാജീവൻ തിരിച്ചു വരുമോ.. കൃഷ്ണന്റെ ആത്മകഥയിൽ നളിനി എപ്പോഴെങ്കിലും കടന്നു വരുമോ. അങ്ങനെ ഉത്തരങ്ങളില്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടാകും വായനയുടെ അവസാനം..
നോവലിന്റെ അപൂർണതയാണ് മറ്റൊരു പ്രതേകത പലപ്പോഴും അനുഭവങ്ങൾ പൂർണമായി പറയുന്നില്ല.. ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് അത് പറിച്ചു നടുന്നു... പുസ്തകകള്ളനായി ഒരാൾ വരുമ്പോൾ അയാൾക്ക് എന്ത് സംഭവിച്ചു ആരാണ് ആ മനുഷ്യൻ എന്നറിയാതെ ആകുലപെടുമ്പോൾ ആയിരിക്കും മറ്റേതെങ്കിലും കഥാസന്ദർഭങ്ങൾ കടന്നു വരിക...
ഭാഷ ഒഴുക്കോടെ വായിച്ചു പോകാൻ പാകത്തിൽ ഉള്ള ഒന്നാണ്.. തഴക്കം വന്ന ഭാഷ... ഭാഷയും ആവിഷ്കാരവും പ്രമേയവും ഒക്കെ ആയി വ്യത്യസ്തയുള്ള നോവലായിരുന്നു ഇത്...
കവിതകളും വചനങ്ങളും ആത്മീയവും ഒക്കെയായി നമ്മളെ ഇടയ്ക്ക് ഇടയ്ക്ക് പറിച്ചു നടത്തുന്ന നോവൽ ചിലതൊക്കെ മനസ്സിൽ അവശേഷിപ്പിച്ചിട്ടു തന്നെയാണ് യാത്ര പറഞ്ഞു പോകുന്നത്...
ഈയിടെ വായിച്ചതിൽ മികച്ച വായന അനുഭവം നൽകിയ നോവലിൽ ഈ പുസ്തകം കൂടി ചേർക്കപെടുന്നു.. എഴുത്തിലും ഭാഷയിലും പ്രമേയേതിലുമുള്ള പരീക്ഷണങ്ങൾ ഇനിയുമിനിയും നടക്കട്ടെ
ഈയടുത്ത കാലത്ത് വായിച്ച മലയാളത്തിലെ നോവലുകളിൽ നല്ലൊരു വായനാനുഭവം എന്ന് തോന്നിയ ഒരു കൃതി.ആഖ്യാതാവായ, പേരില്ലാത്ത മനുഷ്യൻ പറയുന്ന കഥകളിലൂടെ വായനക്കാരും സഞ്ചരിക്കുന്നു. ഫ്ലാഷ് ബാക്കുകളിലൂടെ, കഥാപാത്രങ്ങളുടെ വർത്തമാന കാലജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമം നോവലിലുടനീളം കാണാം. കഥാനായകൻ്റെ ഭൂതകാലത്തിലെ കുറെനാളുകൾ നിത്യ (?)യുടെ ആശ്രമത്തിലായിരുന്നു എന്നു പറയുകയും, തത്ത്വചിന്താപരമായ കുറെയേറെ വിവരണങ്ങൾ നോവലിൽ വന്നു പോകുന്നതായും കാണാം. സന്ദർഭാനുസരണമായി ഉപയോഗിച്ചിരിക്കുന്നു എന്ന് തോന്നിയെങ്കിലും, മറ്റൊരു കഥാപാത്രം കൂടി, നിത്യയുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കു വെയ്ക്കുന്നതും മറ്റും നോവലിൻ്റെ വായനയെ ദാർശനികപരമായ സംഭാഷണങ്ങളിലേയ്ക്കു മാത്രമായി മാറ്റുന്നുണ്ടായിരുന്നു, അഥവാ അദൃശ്യനായ കഥാപാത്രമായി നിത്യ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു പക്ഷേ, മുഖ്യ കഥാപാത്രത്തെ അത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തി ഉണ്ടായിട്ടില്ല എന്നതാകും കാരണം. കഥയുടെ ഉള്ളിലെ കഥകളും ബാക് സ്റ്റോറികളും ഒരു മെറ്റാഫിക്ഷൻ്റെ സാദ്ധ്യതകൾ ഉപയോഗിച്ച് നീട്ടിയെഴുതുന്ന കഥകളുമൊക്കെ നോവലിൽ കാണാം. അതിലുമുപരി, പേര് സൂചിപ്പിക്കുന്നതു പോലെ, ഒരു ബുക്സ്റ്റാളിനെ ചുറ്റിപ്പറ്റി, അവിടെ ജോലി ചെയ്യുന്നവരും വന്നു പോകുന്നവരുമെല്ലാമാണ് കഥാപാത്രങ്ങൾ. പ്രണയത്തെ വിവരിക്കുന്നത്, ഏറ്റവും മനോഹരമാകുന്നത് വിരഹത്തിൻ്റെ ഭാഷയിലാണെന്ന് തോന്നിപ്പിക്കുന്ന വിധം പല പ്രണയങ്ങളും മുഖ്യ വിഷയമാകുന്നുമുണ്ട്.
ചിലയിടത്തു പറഞ്ഞു നിർത്തുന്ന കഥകളുടെ ബാക്കി, പുസ്തകത്തിലെ കുറെ പേജുകൾക്കപ്പുറത്തു നിന്നു പൂരിപ്പിക്കുന്നു. പുസ്തകങ്ങളെക്കുറിച്ചുള്ള കൗതുകകരമായ ചില വാർത്തകളും സംഭവങ്ങളും കോർത്തിണക്കി മനോഹരമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു. ചെറിയതും വലുതുമായ അപൂർണ്ണമായ, അല്ലെങ്കിൽ പറഞ്ഞു നിർത്തിയ ചില ഭാഗങ്ങൾ ചേർത്തു വച്ച് ഒരു പസിൽ പൂർണ്ണമാക്കുന്ന പോലെയാണ് ഈ കൃതിയെന്ന് തോന്നി. എന്നാൽ, അതത്ര, ദുരൂഹത നിറഞ്ഞതോ ദുർഘടമോ സർവ്വോപരി വായനക്കാരൻ്റെ ബുദ്ധിയെ വെല്ലു വിളിക്കുന്ന പോലെയോ അല്ലെന്നുള്ളതുകൊണ്ട്, ഈ കഥകളെ കോർത്തിണക്കുന്നത് അഥവാ നോവലിസ്റ്റു പറഞ്ഞു നിർത്തിയ ചിലതിനെ വായനക്കാർ പൂരിപ്പിക്കാൻ ശ്രമിക്കുന്നത് വെറുതെയാകില്ല.
പേരില്ലാത്ത കഥാനായകന്റെ കൂടെയുള്ള യാത്രയാണ് ഈ പുസ്തകം. കിളിമഞ്ചാരോ ബുക്സ്റ്റാളിൽ ജോലിക്ക് ചേർന്ന ഒരാളുടെ ഭൂത വർത്തമാന കാലങ്ങളിലൂടെ കടന്നു പോകുന്ന കുറേ ജീവിതങ്ങളുടെ കഥയാണിത്. വി കെ കാക്കോറയും, നിലീനയും, ഭാസ്കരനും, റാഹേലും, രാജീവനും, കവി കോയിത്താറ്റിലും, രമയും, ലീനയും, ബുക്ക്‌സ്റ്റാളിലെത്തുന്ന പുസ്തകമോഷ്ടാവുമെല്ലാം ഇതിൽ നിറഞ്ഞാടുന്നു. ഉറക്കം കെടുത്തിയ ഒരു സ്വപ്നത്തിന്റെ പേരിൽ അവളിൽ മാത്രം ജീവിതം സ്വപ്നം കണ്ടിരുന്ന അയാളുടെ ജീവിതത്തെയും ബലി കൊടുക്കേണ്ടി വന്ന റാഹേൽ. അവൾക്കു ശേഷം ലക്ഷ്യമില്ലാതെ അലയുന്ന അയാൾ. ഉറപ്പിച്ച പെണ്ണിനെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ നഷ്ടപ്പെടേണ്ടി വന്നിട്ടും, അവളുടെ നന്മ മാത്രം ലക്ഷ്യം കണ്ട് അവൾക്കു വേണ്ടി കവിതകൾ എഴുതി ജീവിതം തള്ളിനീക്കുന്ന രാജീവൻ. സമൂഹത്തിനു മുന്നിൽ തെറ്റുകാരായി മുദ്രകുത്തപ്പെട്ട ലെസ്ബിയൻ ജോഡികളായ ലീനയും, രമയും. തള്ളി പറഞ്ഞിട്ടും അയാൾക്കു വേണ്ടി മാത്രം കാത്തിരിക്കുന്ന നിലീന. തുടങ്ങിയവരുടെ ജീവിതഗന്ധിയായ കഥ. ഒരുപാട് പേർ വളരെ വളരെ നല്ലതായി വിധി എഴുതിയ പുസ്തകം ആണെങ്കിലും എനിക്കൊരു വായനസുഖം സമ്മാനിച്ചില്ല.
മനോഹരമായ ഭാഷയിൽ തത്വചിന്തകൾ ഇടകലർന്ന ആഖ്യാനം. സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്കു സമാനം എന്നു പറയാമെങ്കിലും അത്രയ്ക്കു മടുപ്പിച്ചില്ല. ചില വരികളൊക്കെ വീണ്ടും വീണ്ടും വായിക്കാൻ തോന്നി.