മഹാഭൂരിപക്ഷം മനുഷ്യരും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, വിദ്വേഷത്തിലേക്കു വഴിതിരിയുന്നതിനെപ്പറ്റി ആലോചിക്കുകയോ ചെയ്യാത്ത ഒരു ലോകം അസംഭാവ്യമൊന്നുമല്ല. പക്ഷേ, പല പഴങ്കഥകളിലുമെന്നപോലെ പാറക്കെട്ടുകളും പേടിപ്പെടുത്തുന്ന കയറ്റങ്ങളും മഹാഗർത്തങ്ങളും തീ ചീറ്റുന്ന വിചിത്രജീവികളും ഹിംസ മൃഗങ്ങളും കൊടിയ വിഷമുള്ള പാമ്പുകളും ഭൂതങ്ങളുമെല്ലാം സൃഷ്ടിക്കുന്ന തടസ്സങ്ങൾ തരണംചെയ്തു മാത്രമേ അവിടെ എത്തിച്ചേരാനാവു. ഒരുപാട് കാലം വേണ്ടിവരും സ്നേഹത്തിന്റെയും നന്മയുടെയും നീതിയുടെയു മൊക്കെയായ ആ സ്വപ്നഭൂമിയിലേക്കുള്ള യാത്ര ലക്ഷ്യം കാണാൻ... സോഷ്യൽമീഡിയയും സൈബർസ്പേസും നിയന്ത്രണമേറ്റെടുത്തുകഴിഞ്ഞ പുത്തൻ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളുടെ പശ്ചാത്തല ത്തിൽ സ്നേഹവും വിദ്വേഷവും പകയും പ്രണയവും അധികാരവും അഭിലാഷവും കാപട്യവും നീതിയും ന്യായവും ധർമവുമെല്ലാം ഗമൻ എന്ന കഥാപാത്രത്തിലൂടെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഒപ്പം, ശരിതെറ്റുകളിലൂടെയുള്ള മനുഷ്യന്റെ അവസാനിക്കാത്ത അന്വേഷണം കൂടിയായിത്തീരുന്ന രചന.
നമ്മുടെ നാടും വീടും പെട്ടെന്ന് മാറിമറിയുന്നതും, പഴയ നാടൻ കടകൾക്ക് പകരം വലിയ മാളുകളും ഗ്ലാസ് കെട്ടിടങ്ങളും തലയുയർത്തുന്നതും നമ്മൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുകാലത്ത് നമ്മൾ അറിഞ്ഞ ആ നാട് പതുക്കെ നമ്മെ വിട്ട് എങ്ങോട്ടോ പോയതുപോലെ. എൻ. പ്രഭാകരന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ 'മായാമനുഷ്യർ' എന്ന നോവൽ സംസാരിക്കുന്നത് ഈ യാഥാർത്ഥ്യത്തെക്കുറിച്ചാണ്. ആധുനികവൽക്കരണവും ആഗോളവൽക്കരണവും നമ്മുടെ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ തകിടം മറിച്ചു എന്ന് ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.
എനിക്ക് ഇതൊരു എളുപ്പമുള്ള വായനയായിരുന്നില്ല. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ ശേഷം പുസ്തകം വളരെ സങ്കീർണ്ണമായ ചിന്തകളിലേക്കാണ് പ്രവേശിക്കുന്നത്. ഗമൻ എന്ന ചെറുപ്പക്കാരനാണ് നോവലിലെ പ്രധാന കഥാപാത്രം. ബോംബെയിൽ നിന്നും നാട്ടിലേക്ക് ജീവിതം പറിച്ചു നട്ട അയാളുടെ അഛൻ നടത്തിയിരുന്ന ഒരു ചെറിയ കടയായിരുന്നു അവരുടെ ഉപജീവനം. എന്നാൽ വലിയ മാളുകളും പുതിയ കാലത്തെ കച്ചവടരീതികളും വന്നതോടുകൂടി ആ കൊച്ചു കട പൂട്ടേണ്ടി വരുന്നു. തുടർന്ന് ജോലി തേടി ഇറങ്ങുന്ന ഗമന് ഒരു ചെറിയ ജോലി തരപ്പെടുകയും ചെയ്യുന്നു.
അന്നന്നത്തെ ജോലി കഴിഞ്ഞ ശേഷം ഗമൻ പിന്നീട് തെരുവുകളിലൂടെ വെറുതെ അലഞ്ഞുതിരിയുന്നു. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉള്ള അവൻ രാഷ്ട്രീയത്തിലും സംസ്കാരത്തിലും സാഹിത്യത്തിലും ഒക്കെ ഉത്തരങ്ങൾ തേടുന്നുണ്ടെങ്കിലും അവിടെയെല്ലാം അവന് കാണാൻ കഴിയുന്നത് ശൂന്യത മാത്രം. വലിയ വലിയ പണ്ഡിതർ സാധാരണക്കാരെക്കുറിച്ച് വേദിയിൽ പ്രസംഗിക്കുമെങ്കിലും, ഗമൻ ചോദിക്കുന്ന കൊച്ചു ചോദ്യങ്ങൾക്ക് മുന്നിൽ അവർ പകച്ചുപോകുന്നു. സാധാരണക്കാരുടെ ശബ്ദം കേൾക്കാൻ ആരും തയ്യാറാകാത്ത ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ് നോവൽ മുന്നോട്ടുവെക്കുന്നത്.
നമ്മുടെ ഇന്നത്തെ രാഷ്ട്രീയത്തെയും സാംസ്കാരിക ലോകത്തെയും വളരെ ധീരമായി വിമർശിക്കുന്നുണ്ട് ഈ പുസ്തകം. പുരോഗമന ആശയങ്ങൾ പറഞ്ഞിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എങ്ങനെയാണ് അധികാരത്തിന്റെ മറവിൽ സാധാരണക്കാരെ ഒറ്റപ്പെടുത്തുന്നത് എന്നും നോവൽ ചർച്ച ചെയ്യുന്നു. ജീവിതം പെട്ടെന്നാക്കാൻ നോക്കുന്നതിനിടയിൽ നമ്മൾ നഷ്ടപ്പെടുത്തിയ മനുഷ്യത്വത്തെക്കുറിച്ചും വേരില്ലായ്മയെക്കുറിച്ചും ഓർമ്മിപ്പിക്കുന്ന ഒന്നാണ് 'മായാമനുഷ്യർ'.
വളരെ ലാഘവത്തോടെ ഇന്ന് ഈ പുസ്തകം എടുത്ത് വായിച്ചുകളയാം എന്ന ധാരണയോടെ വായിക്കാൻ ശ്രമിച്ചാൽ ഒരിക്കലും ആസ്വദിക്കാൻ പറ്റാത്ത ഒരു വായനനുഭവം സമ്മാനിക്കാൻ കഴിവുള്ളതും എന്നാൽ അതേ സമയം വളരെ മനോഹരമായി വായിക്കാൻ പറ്റുന്നതുമായ ഒരു പുസ്തകം.