"ട്രാൻസ്ജെൻഡർ ജീവിതം പെൺതൂലികക്ക് വിഷയമാകുന്ന ആദ്യനോവൽ"
ഓടപ്പഴത്തിന്റെ ഭംഗിയായിരുന്നു ആ ആണ്മ... പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന ചൂരലായി ആണ്മ... മിണ്ടാരുതെന്ന അലർച്ചയായി ആണ്മ... ഗർഭം ധരിപ്പിക്കുന്ന ഭയമായി ആണ്മ... പെണ്മ എന്നും മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തിൽ കാണുമ്പോൾ അപമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച് ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടുവരുന്ന പാഴായിപ്പോകുന്ന കനിയായിരുന്നു, രഹസ്യമായ ഒരു മുറിവായിരുന്നു... ബലിഷ്ഠമായ ആൺശരീരത്തിൽ തരളമായ ഒരു പെണ്മനം പെയ്തു നിറയുന്നത് ആരുടെ കുസൃതിയാണ്... കണക്കുകൾ എങ്ങനെയാണ് ഇത്രയും തെറ്റിപ്പോകുന്നത്? നിഷ്ക്കരുണം ചീന്തിയെറിയപ്പെടുന്ന രക്തസ്നാതമായ ഈ ഓടപ്പഴങ്ങൾ ആരുടെ പ്രതികാരമാണ്? ബൃഹന്നളയും ശിഖണ്ഡിയും മാലിക് കഫൂറും ചക്രവാളത്തിനപ്പുറത്ത് നിന്ന് പരിഹാസത്തോടെ പൊട്ടിച്ചിരിക്കുന്നതുപോലെ എനിക്കു തോന്നി. കടന്നുപോയ കാലങ്ങളുടെ കനത്ത ഭാരം പേറുന്ന രഥചക്രങ്ങളെ താങ്ങാനാവാതെ ഞാൻ പൂജയുടെ തോളിലേക്ക് തല ചായ്ച്ചു...
അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെയും മനസ്സിന്റെ ഭാഷണത്തിലൂടെയും വെളിപ്പെടുത്തുന്ന അത്യസാധാരണമായ നോവൽ.
എച്ച്മുക്കുട്ടി തിരുവനന്തപുരത്ത് ജനനം. എം.എ. ബിരുദം. ഓൺലൈൻ മാധ്യമത്തിൽ എച്ചമുവോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓൺലൈൻ പോർട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ടണ്ട്. വിവിധ മാധ്യമങ്ങളിൽ കഥകളും നോവലും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീർ, നേരുറവകൾ, ഭാവാന്തരങ്ങൾ, കഥാമിനാരങ്ങൾ എന്നിവയിൽ പങ്കാളി. അമ്മീമ്മക്കഥകൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ (നോവൽ), വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത് (നോവൽ) എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ
ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണിത്. സ്വന്തം വീട്ടിൽ നിന്ന് പോലും പുറന്തള്ളപ്പെട്ട ശാന്തി എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് നോവൽ കടന്നു പോകുന്നത്. പൂജ എന്ന ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയുടെ മാറ്റം ബാക്കിയുള്ളവർക്ക് പ്രചോദനം നൽകുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡറുകളെ സമൂഹം നോക്കിക്കാണുന്ന മോശപ്പെട്ട രീതിയും അത് തെറ്റാണെന്നും ഇതിൽ വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നു. അവർ നേരിടുന്ന അവഗണനകളും അവഹേളനങ്ങളും വേദന ജനിപ്പിക്കുന്നതാണ്. ട്രാൻസ്ജെൻഡറുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും എടുത്തു കാണിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ ജ്യോതിയും ഇതിൽ കടന്നു വരുന്നു. അവനിലെ അവളേയും അവളിലെ അവനേയും മനുഷ്യനായി കാണാൻ പഠിക്കുന്ന നല്ലൊരു നാളെക്കായി പ്രത്യാശിക്കാം.