G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
ജി ആർ ഇന്ദുഗോപന്റെ "അമ്മിണിപ്പിള്ള വെട്ടുകേസ്" എന്ന സമാഹാരത്തിന്റെ ആസ്വാദനം ഞാൻ ഗബ്രിയേൽ ഗാർസ്യ മാർക്കേസിൽ നിന്നു തുടങ്ങുന്നു.
മാർക്കേസും ഇന്ദുഗോപനും തമ്മിൽ എന്താണ് ബന്ധം?
ഈ ചോദ്യം പ്രത്യക്ഷത്തിൽ അസംബന്ധമായി തോന്നിയേക്കാം. എന്നാൽ "അമ്മിണിപ്പിള്ള വെട്ടുകേസ്" വായിച്ചുകൊണ്ടിരുന്ന സമയമത്രയും എന്റെ മനസ്സിൽ മാർക്കേസിന്റെ വിഖ്യാത നോവെല്ല "Chronicle of a Death Foretold" ("പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ ചരിത്രം") നിറഞ്ഞുനിൽക്കുകയായിരുന്നു. ചെറിയ നഗരങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ മനുഷ്യരുടെ ജീവിതങ്ങളാണ് രണ്ടിന്റേയും ഭൂമിക; എന്നാൽ കഥാകൃത്തുക്കളുടെ സമീപനം ഈ കഥകളെ ആദ്യം ഐതിഹ്യത്തിന്റേയും തുടർന്ന് മിത്തിന്റേയും തലത്തിലേക്ക് ഉയർത്തുന്നു.
പണ്ടു നടന്ന ഒരു സംഭവത്തെ ആഖ്യാതാവ് അവലോകനം ചെയ്യുന്ന രീതിയിലാണ് രണ്ടു കഥകളും എഴുതപ്പെട്ടിട്ടുള്ളത്. രണ്ടും പറയുന്നത് രതിയേയും, പ്രണയത്തേയും, തികച്ചും പുരുഷകേന്ദ്രീകൃതമായ ദുരഭിമാനത്തേയും കുറിച്ചാണ്. രണ്ടിലും പതിയിരിക്കുന്ന അക്രമോത്സുകതയും രക്തച്ചൊരിച്ചിലുമുണ്ട്. രണ്ടും ശ്വാസം വിടാതെ വായിച്ചു തീർക്കാൻ അനുവാചകരെ നിർബ്ബന്ധിതരാക്കുന്നവയാണ്.
സാന്റിയാഗോ നാസർ എന്നൊരാൾ ഒരു യുവതിയുടെ കന്യകാത്വം കവർന്നതിന് അവളുടെ സഹോദരന്മാർ അയാളെ കൊല്ലുന്നതാണ് മാർക്കേസ് കഥയുടെ പ്രമേയം. വർഷങ്ങൾക്കു ശേഷം ഇതന്വേഷിക്കുന്ന ആഖ്യാതാവു മനസ്സിലാക്കുന്നത്, ആ കൊല നടക്കുമെന്ന് നാട്ടുകാർക്കു മുഴുവൻ അറിയാമിയിരുന്നിട്ടും അവർ അതു തടയാൻ ഒന്നും ചെയ്തില്ലെന്നതാണ്; അങ്ങനെ സാന്റിയാഗോയുടെ മരണത്തിന് ഒരു ബലിയുടെ സ്വഭാവം കൈവരുന്നു. ഈ ഒരു കാര്യമാണ് ഇക്കഥയെ മിത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നത്.
പൊടിയൻപിള്ള തന്റെ പ്രതിശ്രുതവധു വാസന്തിയുടെ കന്യകാത്വമപഹരിക്കുന്നതോടെയാണ് "അമ്മിണിപ്പിള്ള വെട്ടുകേസി"ലേയും കഥാശകടം ഉരുണ്ടു തുടങ്ങുന്നത്. ഇത് അയലത്തെ അമ്മിണിപ്പിള്ള കാണുകയും നാടാകെ പാട്ടാവുകയും ചെയ്യുന്നതോടെ, തന്റെ പരുക്കേറ്റ അഭിമാനത്തിനു പകരംവീട്ടാൻ പൊടിയനും നാലുകൂട്ടുകാരും അമ്മിണിപ്പിള്ളയെ വെട്ടുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തുന്ന അമ്മിണിയുടെ മനസ്സിൽ ഒരു ചിന്തയേ ഉള്ളൂ: പ്രതികാരം. അതയാൾക്ക് പ്രതീകാത്മകമായി ചെയ്താൽ മതി. എന്നാൽ അതുപോലും തന്റെ ആത്മാഭിമാനത്തിനു ക്ഷതമാകുമെന്നതിനാൽ, പൊടിയന്റെ ജീവിതം ഒരു നീണ്ട പലായനമായി മാറുന്നു. ഈ രണ്ടു പേർ തമ്മിലെ മത്സരം പുരാണങ്ങളിലെ വ്യക്തിസ്പർദ്ധകളെ അനുസ്മരിപ്പിക്കും.
സമയത്തിന്റെ അനുക്രമതയില്ലായ്മ ഈ രണ്ടു കഥകളിലും വായനയുടെ നൈരന്തര്യത്തെ മുറിക്കുന്നതാണ് അവയ്ക്കു മിത്തിക്കൽ മാനം നൽകുന്നതിന് ഏറെ സഹായകമാകുന്നത്. ഇതേ സങ്കേതം ഇതിൽ കൂടിയ അളവിൽ "ചെങ്ങന്നൂർ ഗൂഢസംഘം" എന്ന കഥയിലും ഇന്ദുഗോപൻ ഉപയോഗിച്ചിട്ടുണ്ട്. അതിൽ പോരാത്തതിന്, കഥാസരിത് സാഗരത്തിലെപ്പോലെ കഥാപാത്രങ്ങളുടെ ഉപാഖ്യാനങ്ങളും പ്രയോഗിക്കപ്പെടുന്നുണ്ട്. വെള്ളത്തിൽ ജാൻസണും കരയിൽ മൈതീനുമായ സ്രാവുപിടുത്തക്കാരനും അയാളുടെ സുഹൃത്ത് 'ഹിപ്പോ' വേലായുധനും പ്രതിയോഗികളായ ഗൂഢസംഘവുമെല്ലാം സാധാരണതയിൽ നിന്നും ഉയർന്ന ഒരു തലത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇന്ദുഗോപൻ തന്റെ വാക്കുകളിൽ പാലിക്കുന്ന അതിമിതത്വം ഈ മിത്തുകളെ മണ്ണിനോട് അഭേദ്യമായി ബന്ധിക്കുന്നു. ഒ വി വിജയന്റെ മസ്തിഷ്കസന്തതികളെപ്പോലെ ഇവർ ഗഗനചാരികളല്ല.
ഇതേ സമാഹാരത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥയാണ് "ഗൈനക്". സമൂഹത്തിന്റെ സദാചാരവിചാരണയ്ക്കു ഇരയായ ഒരു യുവനടിയുടെ ദുരന്തമാണ് ഇതിന്റെ പ്രമേയം. നേരെചൊവ്വേ പറഞ്ഞുപോയിട്ടുള്ള ഇക്കഥ 'കന്യകാത്വം' എന്ന മിഥ്യയെ പൊളിച്ചെഴുതുന്നു.
(ഇതിലെ തന്നെ "ഉള്ളിക്കുപ്പം" എന്ന കഥ എന്നെ സംബന്ധിച്ചേടത്തോളം പരാജയമായിരുന്നു.)
ഓരോ വായന കഴിയുമ്പോഴും ഈ എഴുത്തുകാരനോടുള്ള ഇഷ്ടം കൂടിവരുന്നു!
ജി ആർ ഇന്ദുഗോപന്റെ ഗൈനക്ക് , ചെങ്ങന്നൂർ ഗൂഢസംഘം , ഉള്ളിക്കുപ്പം, അമ്മിണിപിള്ള വെട്ടുകേസ് എന്നീ നാല് കഥകൾ അടങ്ങിയ കഥാസമാഹരമാണിത്.
ഓരോ കഥയുടെയും തുടക്കം കഥ വന്ന വഴി എഴുതിച്ചേർത്തിട്ടുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഇന്ദുഗോപൻ നിർമ്മിച്ചെടുത്ത കഥ എന്ന ബോധ്യത്തോടെ വായനയിലേക്കു കടക്കുമ്പോൾ, നമ്മുക്ക് തൊട്ടടുത്ത് നടന്ന ഒരു സംഭവമായേ തോന്നുകയുള്ളൂ. ചെങ്ങന്നൂർ ഗൂഢസംഘം , ഉള്ളിക്കുപ്പം, അമ്മിണിപിള്ള വെട്ടുകേസ് എന്നീ കഥകൾ വളരെ വിശാലമാണ് , ഇനിയും വിശദമായി എഴുതിയാൽ ഒരു നോവൽ ആക്കാനുള്ള പ്ലോട്ട് ഉണ്ടെന്നു തോന്നും. ഇന്ദുഗോപൻ കഥകളിലെ പല കഥാപാത്രങ്ങളും സിനിമയോടും ആ ദൃശ്യഭംഗിയോടും ചേർന്ന് നിൽക്കുന്നതായി കാണാൻ കഴിയും.
ഗൈനക്ക് എന്ന കഥ ഇക്കാലഘട്ടത്തിൽ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്ന ഒന്നാണ്. ഒരു സംഭവം കേട്ട പാതി കേൾക്കാത്ത പാതി അതിൽ നിന്ന് വാർത്ത നിർമ്മിച്ചെടുക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും പിന്നീട് ആ വാർത്തക്ക് മേൽ ഒരു ഉത്തരവാദിത്തവും കാണിക്കാതെ കടന്നു പോകുന്ന ആളുകളെപ്പറ്റിയും, അവ്വിധം ബാധിക്കപ്പെടുന്ന ഒരു പെണ്കുട്ടിയെപ്പറ്റിയുമാണ്.
ഒരു വസ്തുകച്ചവടവുമായി ബന്ധപ്പെട്ടാണ് ഉള്ളിക്കുപ്പം എന്ന കഥ തുടങ്ങുന്നത്. ജീവൻ എങ്ങനെയും നിലനിർത്തേണ്ടത് അതിജീവനത്തിനു അനിവാര്യമാണ് എന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. തീക്ഷണമായ വാക്കുകളാൽ അസ്തിത്വത്തിന്റെയും ചരിത്രം പറയുന്നു.
അമ്മിണിപ്പിള്ള വെട്ടുകേസ് അധികം താമസിക്കാതെ സിനിമയാകും എന്നാണു വാർത്ത. വളരെ സുന്ദരമായാണ് കഥയും കഥാപരിസരവും നിറഞ്ഞു നിൽക്കുന്നത്. അമ്മിണിപ്പിള്ളയും പൊടിയൻപിള്ളയും ശത്രുതയിലായിരിക്കുമ്പോളും അവർ അന്യോന്യമുള്ള കരുതലുകളും നന്മയും ഇന്ദുഗോപൻ സാഹചര്യങ്ങളിൽ കൂടി കഥയിൽ പറയുന്നുണ്ട്. രുഗ്മിണിയുടെയും വാസന്തിയുടെയും അടുപ്പവും സ്നേഹവും തന്നെയാണ് കഥയുടെ പ്രധാന മർമ്മം എന്ന് വേണം പറയാൻ.
ചെങ്ങന്നൂർ ഗൂഢസംഘമാണ് ഈ നാല് കഥകളിൽ ഏറ്റവും മികച്ചതായി തോന്നിയത്. വെള്ളത്തിൽ ജാൻസനെന്നും കരയിൽ മൈതീനെന്നും അറിയപ്പെടുന്ന ഒരു സ്രാവുപിടുത്തക്കാരനെ കൊല്ലാൻ നടക്കുന്ന ഒരു കൂട്ടം നാട്ടുകാരുടെ കഥയാണ് 'ചെങ്ങന്നൂർ ഗൂഢസംഘം' പറയുന്നത്. മൈതീൻകണ്ണ്, ഹിപ്പോ വേലായുധൻ,മെക്കാളെ തുടങ്ങിയവരുടെ വീര പരിവേഷം പകർന്നേകുന്ന പല സാഹചര്യങ്ങളുണ്ട്. ഹിപ്പോ കൊമ്പേറി രാഘവനെ വെല്ലുവിളിക്കുന്ന ഭാഗം ഇങ്ങനെയാണ്,
'ഹിപ്പോ വണ്ടിക്കു സ്റ്റാന്റിട്ടു ചാടിയിറങ്ങി.'
"ഡാ കിളവാ, വേലായുധൻ കൊണ്ടുപോകുമെടാ. അവനെ നടത്തിച്ചു കാണിച്ചു തരാമെടാ. തടയാൻ കെൽപ്പുള്ള ഏവനെങ്കിലും ഉണ്ടോടാ ചെംകുന്നേല്..."
ജി.ആർ ഇന്ദുഗോപൻ്റെ ഓരോ പുസ്തകങ്ങളും ആവേശത്തോടെയാണ് വായിക്കുന്നത്. ഗൈനക്, ചെങ്ങന്നൂർ ഗൂഢസംഘം, ഉള്ളിക്കുപ്പം, അമ്മിണിപ്പിള്ള വെട്ടുകേസ് എന്നിങ്ങനെ നാല് കഥകൾ ചേർന്ന കഥാസമാഹാരമാണ് ഈ പുസ്തകം.
1.ഗൈനക് ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഒരു ലേഡി ഡോക്ടർക്ക് അവരുടെ ഓദ്യോഗിക ജീവിതത്തിൽ കാണേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കേസിനെക്കുറിച്ച് ഒരു തീവണ്ടിയാത്രയിൽ പരിചയപ്പെടുന്ന രണ്ട് പത്രപ്രവർത്തകരോട് വിവരിക്കുന്നതാണ് കഥ. പതിനെട്ട് വയസ്സ് പ്രായമുള്ള ഒരു സീരിയൽ നടിയെ ഒരു ഫ്ലാറ്റിൽ നിന്നും പോലീസ് റെയ്ഡ് ചെയ്യുകയും പരിശോധനക്കായി ഈ ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നു. പരിശോധനയിൽ പെൺകുട്ടി കന്യകയാണെന്ന് കണ്ടെത്തുന്ന ഡോക്ടർ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ചില പത്രമാധ്യമങ്ങളുടെ ഇരട്ടത്താപ്പും അവർ മൂലം കഷ്ടതയനുഭവിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും ഇന്ദുഗോപൻ ഈ കഥയിലൂടെ തുറന്നുകാണിക്കുകയാണ്.
2. ചെങ്ങന്നൂർ ഗൂഢസംഘം വെള്ളത്തിൽ ജാൻസണെന്നും കരയിൽ മൈതീനെന്നും അറിയപ്പെടുന്ന ഉഗ്രപ്രതാപിയായ ഒരു സ്രാവുപിടിത്തക്കാരൻ്റെയും അയാളോട് പക പോക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു സംഘത്തിൻ്റെയും കഥയാണ് ചെങ്ങന്നൂർ ഗൂഢസംഘം. ഒരു സിനിമാറ്റിക് വായനാനുഭവം സമ്മാനിച്ച കഥയായിരുന്നു ഇത്. ആ ഗൂഢസംഘത്തിൽ മൈതീൻ്റെ സ്വന്തം മരുമക്കൾ വരെയുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
3. ഉള്ളിക്കുപ്പം തമിഴ്നാട്ടിലെ കൃഷിയുമായി ബന്ധപ്പെട്ട ഒരു കഥയാണിത്. ഏക്കറുകണക്കിന് വെറുതേ കിടക്കുന്ന ഒരു പാഴ്നിലത്ത് കൃഷിയിറക്കാനായി ഒരു മുതലാളിയെ പ്രലോഭിപ്പിക്കുന്ന യുവാവിൻ്റെയും കുമാരൻ എന്ന മദ്ധ്യവയസ്കനും ബ്രോക്കറുമായ അവൻ്റെ അച്ഛൻ്റെയും കഥ.
4. അമ്മിണിപ്പിള്ള വെട്ടുകേസ് നാല് കഥകളടങ്ങുന്ന ഈ കഥാസമാഹാരത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. വീണ്ടും ഇന്ദുഗോപൻ നമുക്കൊരു സിനിമാറ്റിക് വായനാനുഭവം സമ്മാനിക്കുകയാണ് ഈ കഥയിലൂടെ. എവിടെയൊക്കെയോ വിലായത്ത് ബുദ്ധ എന്ന നോവലുമായി ചെറിയ സാമ്യങ്ങൾ എനിക്കനുഭവപ്പെട്ടു. ഈ കഥക്ക് എ.ജി പ്രേംചന്ദ് എഴുതിയ ആസ്വാദനക്കുറിപ്പിൽ, ഓരോ കഥയും ആദ്യന്തം രസിപ്പിക്കുന്നതും ഇതുവരെ ആരും കേൾക്കാത്തതുമായിരിക്കണമെന്ന് എം.ടി വാസുദേവൻ നായർ തൻ്റെ ഒരു പ്രസംഗവേളയിൽ പറയുന്നതായി പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു കഥയും കൂടിയാണ് ഈ കഥ. അമ്മിണിപ്പിള്ള, പൊടിയൻപിള്ള എന്നീ രണ്ട് വ്യക്തികൾ തമ്മിലുള്ള വൈരത്തിൻ്റെ കഥയാണ് ഈ കഥ.
വിലായത്ത് ബുദ്ധ വായിച്ച സമയത്ത് അന്തരിച്ച സംവിധായകൻ സച്ചി സിനിമ ചെയ്യാനിരുന്ന നോവലാണ് അതെന്ന് അറിഞ്ഞ അന്നു മുതൽ കാത്തിരുന്നതാണ് അതൊരു സിനിമയായി കാണണമെന്നത്. അതിപ്പോൾ യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഡിറ്റക്ടീവ് പ്രഭാകരൻ ജൂഡ് ആൻ്റണി ജോസഫ് സിനിമയായി ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. ഇത്തരത്തിൽ ഇന്ദുഗോപൻ്റെ കഥകളിൽ പലതും ചലച്ചിത്രമാകാൻ യോഗ്യതയുള്ളവയാണ്. പിൽക്കാലത്ത് അവയെല്ലാം തിരശ്ശീലയിലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ജി ആർ ഇന്ദുഗോപന്റെ ഗൈനക്ക് , ചെങ്ങന്നൂർ ഗൂഢസംഘം , ഉള്ളിക്കുപ്പം, അമ്മിണിപിള്ള വെട്ടുകേസ് എന്നീ നാല് കഥകൾ അടങ്ങിയ കഥാസമാഹരമാണ് - അമ്മിണിപിള്ള വെട്ടുകേസ്.
കൂട്ടത്തിൽ ഒരുപാട് ഇഷ്ടമായത് ചെങ്ങന്നൂർ ഗൂഢസംഘമാണ്, ആ കഥ നടക്കുന്ന പ്രിമൈസ് തന്നെ വളരെ ഫ്രഷ് ആയി തോന്നി. അസാധ്യ കഥാപാത്രരൂപികരണവും അവതരണവും, ഒരു ചെറിയ ലോക്കൽ ഗാംഗ്സ്റ്റർ ചിത്രം കണ്ട പ്രതീതി സൃഷ്ടിച്ചു. അമ്മിണിപ്പിള്ള വെട്ടുകേസ് കുറെയധികം വലിച്ചു നീട്ടി എങ്ങോട്ടേക്കോ പോയി എഴുത്തുകാരന് തന്നെ എവിടെകൊണ്ട് അവസാനിപ്പിക്കും എന്ന് തിട്ടമില്ലാത്തത് പോലെ തോന്നി, അമ്മിണിപ്പിള്ളയും പൊടിയൻ പിള്ളയും തമ്മില്ലുള്ള അവസാന ഫേസ് ഓഫ് എങ്ങനെയാവും എന്നറിയുവാൻ അത്രയധികം ആകാംക്ഷ യോട് കാത്തിരുന്ന എനിക്ക് അവസാനം നിരാശയാണ് സമ്മാനിച്ചത്. മറ്റ് രണ്ട് കഥകൾ ഇഷ്ടമായില്ല.
ജി ആർ ഇന്ദുഗോപൻ, എന്ത് അനായാസമായ എഴുത്താണ്.. ഒരു ഘട്ടത്തിൽ പോലും പറയുന്ന കഥയിൽ ഒരു ഗ്യാപ്പ് വരാതെ, മുഷിച്ചിൽ ഉണ്ടാക്കാതെ അങ്ങേയറ്റം ലളിതവും സ്വാഭാവികമായുമായ അവതരണം . ഇന്ദുഗോപൻ തന്റെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വിടുകയാണ് ചെറു വിരലിന്റെ കനമുള്ള നാല്പതോളം ചൂണ്ടകൾ ഉപയോഗിച്ച് നടുക്കടലിൽ പോയി സ്രാവിനെ പിടിക്കുന്ന മൈതീൻകണ്ണും , മേക്കാളെ യും, ഉള്ളികൃഷിയ്ക്ക് വളമായി തങ്ങളുടെ വിസർജ്യം തോട്ടത്തിൽ നിക്ഷേപിക്കുന്ന കുമാറും അപരിചതരായ മനുഷ്യരും, 120 അടി മുകളിലെ വിളക്കുമാടത്തിൽ കയറുന്ന അമ്മിണിപ്പിള്ളയും അങ്ങനെ എഴുത്തുകാരൻ നിർമിച്ചു കൊടുക്കുന്ന ക്യാൻവാസ് ൽ കഥാപാത്രങ്ങൾ യഥേഷ്ടം വിഹരിക്കുകയാണ്. ഇന്ദുഗോപന്റെ രചനകളിലെ മറ്റൊരു പ്ലസ് ആയി തോന്നിയത് വളരെ അനായാസമായി ഹ്യുമർ കൈകാര്യം ചെയ്യുവാനുള്ള മിടുക്ക് ആണ്, സന്ദര്ഭനുയോജ്യമായ, ചില സംഭാഷണങ്ങളിലൂടെ ചിരി ഉണർത്തതാനുള്ള മികവ് ആസ്വാദനതത്തെ ഒന്നുകൂടി രസകരമാക്കുന്നു.
സിനിമാറ്റിക് അനുഭവം തന്ന ചെങ്ങന്നൂർ ഗൂഢസംഘവും, അമ്മിണിപ്പിള്ളയും സിനിമയായി കാണാൻ ആഗ്രഹമുണ്ട്.
കഥാപാത്ര സൃഷ്ടിയിലും , നാട്ടിൻപുറത്തെ തനതു ഭാഷയിലും , കഥാസന്ദര്ഭത്തിലുമൊക്കെ വളരെ മികച്ചു നിക്കുന്ന ഒരു കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ് . മറ്റു കഥകളും മികച്ചൊരു വായനാനുഭവമായിരിന്നു . Now I know why there is a recent fan following for G.R.Indugopan
ജി. ആർ. ഇന്ദുഗോപൻ എഴുതിയ നാല് കഥകളുടെ സമാഹാരമാണ് അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ഈ പുസ്തകം. നാലു കഥകളും മികച്ചതെന്ന് തന്നെ പറയാം.
നാലു കഥകളും യഥാർത്ഥ സംഭവങ്ങൾ ചില മാറ്റങ്ങളോടെ പറഞ്ഞതാണെന്നു കഥാകാരൻ പറയുന്നുണ്ട്. അതു കൊണ്ടു തന്നെ കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളും നമുക്ക് യാഥാർത്ഥമാണെന്ന അനുഭവം തരുന്നു. ഗൈനക് എന്ന ആദ്യകഥയിലെ പെൺകുട്ടി തീർച്ചയായും വായനക്കാരന്റെ മനസ്സിൽ ഒരു തീരാവേദനയായി അവശേഷിക്കും. വെള്ളത്തിൽ ജാൻസണെന്നും കരയിൽ മൈതീനെന്നും അറിയപ്പെടുന്ന ഒരു സ്രാവുപിടുത്തക്കാരനെ കൊല്ലാൻ നടക്കുന്ന ഒരു കൂട്ടം നാട്ടുകാരുടെ കഥയാണ് ചെങ്ങന്നൂർ ഗൂഢസംഘം പറയുന്നത്. മൈതീൻകണ്ണ്, ഹിപ്പോ വേലായുധൻ, കൊമ്പേറി രാഘവൻ, ചാക്കോ, മെക്കാളെ തുടങ്ങി ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് മുന്നിൽ അണി നിരത്തുന്ന രസകരമായൊരു കഥ. പഴയ തിരുവിതാംകൂർ അതിർത്തിയിൽ വള്ളിയൂർ എന്നൊരു സ്ഥലത്ത് കൃഷിയിറക്കാനുള്ള ഒരു പ്രൊപ്പോസലുമായി ഒരു പണക്കാരനെ കൊണ്ടു വരുകയാണ് ഉള്ളിക്കുപ്പം എന്ന കഥയിലെ ചെറുപ്പക്കാരൻ. കുമാരൻ എന്ന കേന്ദ്രകഥാപാത്രം തമിഴ്നാട്ടിലെ ഉള്ളികൃഷിയുടെ പിന്നാമ്പുറ കഥകൾ പറയുന്നത് വളരെയധികം ഞെട്ടലുളവാക്കുന്നതാണ്. അവസാനത്തെ കഥ ഈ പുസ്തകത്തിന്റെ പേരിന് ആസ്പദമായ അമ്മിണിപ്പിള്ള വെട്ടുകേസ് ആണ്. വളരെ രസകരമായൊരു സംഭവകഥയാണ് ഇത്. ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം. ഒരു അവിഹിതവും അതിനെ തുടർന്നുള്ള ഒരു വെട്ടുകേസും, പിന്നീടുള്ള പക പോക്കലും ആണ് ഇതിവൃത്തം. രസച്ചരട് പൊട്ടാ���െ വളരെ നന്നായിത്തന്നെ ഈ കഥ പറഞ്ഞിട്ടുണ്ട്. വായിച്ചപ്പോൾ 'മഹേഷിന്റെ പ്രതികാരം' ആണ് ഓർമ്മ വന്നത്. പ്രധാന കഥാപാത്രങ്ങളായ അമ്മിണിപ്പിള്ള, പൊടിയൻപിള്ള, രുഗ്‌മിണി, വാസന്തി, പ്രഭക്കുട്ടൻ, കുഞ്ഞിപ്പക്കി, ലോപ്പസ്, പിയൂഷ്‌കുമാർ തുടങ്ങിയവർ കഥയെ രസകരമാക്കി മുന്നോട്ടു കൊണ്ടു പോകുന്നു. ഈ കഥയുടെ സിനിമാരൂപം കാണുവാൻ ഏറെ ആഗ്രഹമുണ്ട്.
എന്റെ പുസ്തകശേഖരത്തിൽ ഇന്ദുഗോപന്റെ ആദ്യ പുസ്തകമാണ് ഇത്. കഥാവതരണത്തിലും കഥാപാത്ര സൃഷ്ടിയിലും ഉള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ഇന്ദുഗോപന്റെ കഥകൾ ഇനിയും എന്റെ പുസ്തകക്കൂട്ടത്തില���ക്ക് തീർച്ചയായും വന്നു ചേരും.
4 ചെറുകഥകളാണ് ഇതിൽ ഉള്ളത്. ഗൈനക്, ചെങ്ങന്നൂർ ഗൂഢസംഘം, ഉള്ളിക്കുപ്പം, അമ്മിണിപ്പിള്ള വെട്ടുകേസ് എന്നിവയാണവ. അമ്മിണിപ്പിള്ള വെട്ടുകേസ് അടുത്ത് തന്നെ ചലച്ചിത്രമായി പുറത്ത് വരുന്നതായിരിക്കും. ഗൈനക് എന്ന കഥയിൽ ഗൈനക്കോളജിസ്റ്റായ ഒരു സ്ത്രീ തീവണ്ടിയാത്രയിൽ പരിചയപ്പെട്ട ഒരാളോട്, ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട ഒരു പെൺകുട്ടിയെ പറ്റി പറയുന്നു. മാധ്യമങ്ങളുടെ ചീത്ത വശങ്ങൾ ചൂണ്ടിക്കാണിക്കുന്ന കഥയാണ് ഗൈനക്. തമിഴ്നാട്ടിലെ കൃഷിയുമായി ബന്ധപ്പെട്ട കഥയാണ് ഉള്ളിക്കുപ്പം. വെള്ളത്തിൽ ജാക്സനും കരയിൽ മൈതീൻ എന്നും അറിയപ്പെടുന്ന ഉഗ്രപ്രതാപിയെ നിലയ്ക്കുനിർത്താൻ ശ്രമിക്കുന്ന ആളുകളുടെ സംഘമാണ് ചെങ്ങന്നൂർ ഗൂഢസംഘം. അമ്മിണിപ്പിള്ള വെട്ടുകേസിൽ അമ്മിണി പിള്ളയും പൊടിയൻ പിള്ളയും തമ്മിലുള്ള വൈരത്തെയാണ് രസകരമായ അവതരിപ്പിച്ചിരിക്കുന്നത്.
ചെങ്ങന്നൂർ ഗൂഢസംഘമാണ് ഇതി ഏറെ ഇഷ്ടമായത്. അമ്മിണിപ്പിളള പ്രതികാരത്തിന്റെ സ്ഥിരം വഴികളിലൂടെയാണ് സഞ്ചാരം എന്ന് വിശ്വസിപ്പിച്ച് പിന്നീട് വിസ്മയിപ്പിച്ചു.
ഗൈനക്ക് ഏറെ ചിന്തിപ്പിക്കുന്നുണ്ട് ഇന്ദുഗോപന്റെ ആദ്യകാല കഥകളെ ഓർമ്മപ്പെടുത്തുന്നു. എന്നാൽ ഇത്തരം വാർത്തകൾ സുപരിചിതമായ തലമുറയുടെ ഭാഗമായത് കൊണ്ടാകാം ഷോക്ക് വാല്യു തോന്നിയില്ല.
ഉള്ളിക്കുപ്പം ഒട്ടും തന്നെ പരിചിതമല്ലാത്ത ഒരു ലോകം കാണിച്ചു തന്നു. എന്താണ് വളം? എന്ന ചോദ്യം ഉന്നയിക്കുന്നു. രക്തനിറമുള്ള ഓറഞ്ച് എന്ന കഥയുടെ കഥാപരിസരത്തിന്റെ കുറേ കൂടി പച്ചയായ ഒരു രൂപാന്തരമായി ഞാൻ കരുതുന്നു.
A collection of multiple short stories, the aminipilla one instantly jerks backs memories to padmarajan era, where fayalvan and similar characters of south kerala/ trivandrum belt meted out their life chronicles. Characterization in indugopan stories makes you feel like each one of them has a movie conversion potential.
തരക്കേടില്ലാത്ത വായനാനുഭവം. ചെറിയ ദേശങ്ങളിൽ തറഞ്ഞിരിക്കുന്ന സാധാരണ മനുഷ്യരുടെ കഥകൾ ഐതിഹ്യങ്ങൾ പോലെ പെരുപ്പം വച്ച് ജേർണലിസ്റ്റ് ഒരുക്കിയ സ്റ്റോറി യിൽ ഒതുങ്ങാതെ പുറത്തു ചാടിയ കഥാപാത്രങ്ങൾ .. ഏറ്റവും ഇഷ്ടപ്പെട്ടത് ടൈറ്റിൽ സ്റ്റോറി തന്നെ. കാത്തിരിക്കുന്നു സിനിമാ രൂപത്തിൽ കാണാൻ.. 😊
അമ്മിണിപിള്ള യെന്ന കില്ലാടിയായ ഒരാളെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ആക്രമിക്കുന്നതും അതിനെതുടര്ന്ന് അയാള്‍ ഓരോരുത്തരോടുമായി പ്രതികാരം ചെയ്യുന്നതുമാണ്‍ കഥ. അതില്‍ അമ്മിണിപിള്ളയുടെ അടുത്ത വീട്ടിലെ പെണ്ണിനെ രാത്രി കാണാന്‍ വരുന്ന കുറുപ്പിനെ അമ്മിണിപിള്ള വിരട്ടി വിടുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ദൈന്യതയുടെ, പകയുടെ, പ്രതികാരത്തിൻ്റെ, എത്ര വായിച്ചാലും മതിവരാത്ത 4 കഥകൾ. തന്മയത്വത്തോടുകൂടിയുള്ള കഥ പറച്ചിലിൽ സ്വാഭാവികമായ പൊതിഞ്ഞു പറച്ചിൽ ഇല്ലാതെ മുന്നോട്ട് പോകുന്ന കഥകൾ.
ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്. അത്രയ്ക്കു രസമുള്ള എഴുത്തും കഥയും കഥാപാത്രങ്ങളും. അമ്മിണിപ്പിള്ള വെട്ടുകേസ്, ചെങ്ങന്നൂർ ഗൂഢസംഘം, ഉള്ളിക്കുപ്പം, ഗൈനക്ക് എന്നീ നാലുകഥകളാണ് സമാഹരത്തിൽ.
ഏറ്റവും ഇഷ്ടപ്പെട്ടത് ഉള്ളിക്കുപ്പം, pure class... പിന്നെ ഗൈനക്. അമ്മിണിപ്പിള്ള വെട്ടുകേസും ചെങ്ങന്നൂർ ഗൂഢസംഘവും ഏതാണ്ട് ഒരു ലെവലിൽ നിൽക്കും. മൊത്തത്തിൽ recommended book കാറ്റഗറിയിൽ പെടുത്താം.
ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയെ കുറിച്ചു വായിച്ചാണ് ഈ പുസ്തകത്തിലേക്ക് എത്തുന്നത് . ഒരു തുടക്കക്കാരനായ എനിക്ക് നല്ലൊരു വായനാനുഭവമായിരുന്നു . അമ്മിണിപ്പിള്ളയുടെ ഭാഗങ്ങൾ വായിക്കുമ്പോൾ ബിജു മേനോന്റെ മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു . എന്നിരുന്നാലും ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഉള്ളിക്കു��്പം എന്ന കഥ ആണ് ..
ആർ ഇന്ദുഗോപന്റെ കഥാസമാഹാരമാണിത്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തിന്റെ പേരായ കഥ കൂടാതെ ഗൈനക്, ചെങ്ങന്നൂർ ഗൂഡസംഘം,ഉള്ളിക്കുപ്പം എന്നീ കഥകൾകൂടെയുണ്ട് ഈ സമാഹാരത്തിൽ. ഇതിലെ അമ്മിണിപ്പിള്ള വെട്ട് കേസാണ് ഇപ്പോൾ തീയറ്റുകളിലെത്തിയിരിക്കുന്ന തെക്കൻ തല്ല് കേസിന്റെ മൂലകഥ
മനുഷ്യസ്വഭാവങ്ങളിലെ വൈചിത്ര്യങ്ങളെ ആസ്പദമാക്കിയുള്ള കഥകളാണിവ. ആണത്തത്തിന്റെ കൊടിയലങ്കാരങ്ങളിലഭിരമിക്കുന്ന മനുഷ്യരൂടെ കഥപറയുന്ന അമ്മിണിപ്പിള്ള വെട്ടുകേസ്, നിഗൂഡതകളിലൂടെ സഞ്ചരിക്കുന്ന ത്രില്ലർ പോലെ തോന്നിയ ചെങ്ങന്നൂർ ഗൂഢസംഘം. നൊമ്പരപ്പെടുത്തുന്ന ഗൈനക് എന്നിവ എനിക്കിഷ്ടമായി. എറ്റവും ഇഷ്ടമായത് ചെങ്ങന്നൂർ ഗൂഡസംഘമാണ്.
4 കഥകളും 102 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് മാതൃഭുമി ബുക്സാണ്.