എല്ലാവരും കുറ്റാന്വേഷണം എഴുതാന്‍ തുടങ്ങുന്ന സാഹചര്യം വന്നതിനാല്‍ ഇനി ക്വാളിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും ഉയര്‍ന്ന് വരും. അത് നല്ലതാണ്. ഈ നോവലുകള്‍ വായിക്കുന്ന വായനാ സമൂഹത്തിന് ഈ വിഷയ ത്തെക്കുറിച്ച് എത്രത്തോളം ധാരണയുണ്ട് എന്നതിനെ ആസ്പദമായിട്ടാണ് വിലയിരുത്തല്‍ നടക്കുക. ഉദാഹരണത്തിന് കുറ്റാന്വേഷണകഥകളുടെ സമകാലിക മാതൃകകള്‍/വെബ് സീരീസുകള്‍ പരിചയപ്പെട്ട വായനക്കാരുടെ അടുക്കല്‍ ഇനി "ഹാഫ് എ കൊറോണ" ശൈലി തുടരുന്നതില്‍ കഴമ്പില്ല. അത് കൊണ്ട് തന്നെ എഴുതാനാനും വായിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ അപ്പ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. റൊണാള്‍ഡ് നോക്സ് എന്ന കുറ്റാന്വേഷണനോവലെഴുത്തുകാരനായ ഒരു പാതിരി പണ്ട് 10 Commandments of Detective Fiction എന്നൊരു നിയമാവലി തയ്യാറാക്കിയിരുന്നു. അങ്ങനെ വരച്ച വരയിലൂടെ എഴുതിയില്ലെങ്കിലും ഈ സാഹിത്യവിഭാഗത്തിന് ചില അടിസ്ഥാനഘടകങ്ങള്‍ ഉണ്ട് എന്നതാണ് വാസ്തവം. നിരീക്ഷണത്തില്‍ നിന്ന് നിഗമനത്തിലേയ്ക്ക് എന്നതായിരിക്കണം കുറ്റാന്വേഷകന്‍റെ രീതി എന്നതൊക്കെ അത്തരം ഘടകങ്ങളില്‍ പെട്ടതാണ്. മറിച്ച്, കുറ്റാന്വേഷകന്‍ കുറ്റം അന്വേഷിച്ച് കണ്ടു പിടിക്കുമെങ്കിലോ എന്ന് പേടിച്ച് അയാളെ ആക്രമിക്കുന്ന ഗുണ്ടകളെ പിടികൂടി അവരെ വെളിച്ചത്തിന് ചുവട്ടിലിരുത്തി ഇടിച്ച് രഹസ്യം പറയിപ്പിക്കുന്ന രീതിയൊക്കെ തികച്ചും പരിഹാസ്യമാണ്.
അന്വേഷകന്‍ റഫര്‍ ചെയ്യുന്ന കാര്യങ്ങള്‍--എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, പുസ്തകങ്ങള്‍ , അന്വേഷകന്‍റെ വിദഗ്ധരുമായുള്ള ചര്‍ച്ച, അതിനുപയോഗിക്കുന്ന ഭാഷയുടെ ആധികാരികത ഇതെല്ലാം നോവലിന്‍റെ വിശ്വാസ്യത നില നിര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്യാം. ഉദാഹരണത്തിന് ആഗസ്റ്റ് 15 എന്ന സിനിമയില്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ഉപയൊഗിച്ച വിഷത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ തപ്പുന്നത് വിക്കിപീഡിയയിലാണ്. കുറ്റാന്വേഷകന്‍ ഒഴിവ് സമയത്ത് വാരികയിലെ മിഴിനീര്‍പ്പൂക്കള്‍ വായിക്കുകയായിരുന്നു എന്നെഴുതിയാല്‍ പ്രശ്നമെന്ത് എന്ന് ചോദിച്ചാല്‍ പ്രശ്നമൊന്നും ഇല്ലെങ്കിലും വായനക്കാര്‍ അയാളെക്കുറിച്ച് എത്തിച്ചേരുന്ന ധാരണകളും അതിനനുസരിച്ച് ഉള്ളതായിരിക്കും. ഒരു കുറ്റാന്വേഷണനോവലില്‍ എല്ലാം പ്രധാനമാണ് എന്നതാണ് ശരി. വായനക്കാര്‍ അവിടെ ഡിറ്റക്ടീവിനെപ്പോലെ പ്രവര്‍ത്തിക്കും. മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ ഡോക്ടര്‍ മിക്സ്ചര്‍ എടുത്ത് വായിലിട്ടു എന്ന് ഞാന്‍ ഒരിടത്ത് എഴുതിയതിനെക്കുറിച്ച് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞതാണ്, അത് കണ്ടപ്പോള്‍ പുള്ളി നമ്മളെയൊക്കെപ്പോലെ ഒരു സാധാരണക്കാരന്‍ മാത്രമാണ് എന്ന് തോന്നി എന്നാണ്. ഡോക്ടര്‍ വോഡ്കയ്ക്ക് ഒപ്പം കഴിച്ചത് ഹേസല്‍ നട്ട് ആയിരുന്നെങ്കില്‍ അയാളെക്കുറിച്ച് വായനക്കാര്‍ എത്തിച്ചേരുന്ന ധാരണ വ്യത്യസ്തമായിരിക്കും. പൊതുവേ കുറ്റാന്വേഷണ എഴുത്തുകാര്‍ ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഡിറ്റക്ടീവ് മാര്‍ക്സിന്‍ സത്യത്തില്‍ വളരെ ഫോര്‍ഗെറ്റബിള്‍ ആയ ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇക്കണ്ട ആളുകളെല്ലാം അയാളെ ഓര്‍ത്തിരിക്കുന്നത് പുഷ്പനാഥ് അയാള്‍ക്ക് കൊടുത്ത ഒരു ക്ലാസിക് ഘടകം--ഹാഫ് എ കൊറോണയുടെ ഉപയോഗമാണ്. ഇത് പോലെ ചില കാര്യങ്ങളില്‍ പുഷ്പനാഥ് ശ്രദ്ധിക്കുമായിരുന്നു, ചിലത് പാടെ അവഗണിക്കുകയും. കഥാപാത്രങ്ങളുടെ ലൈഫ് സ്റ്റൈല്‍ അവതരിപ്പിക്കുന്നത്തില്‍ കോനന്‍ ഡോയല്‍, ഇയാന്‍ ഫ്ലെമിംഗ് എന്നിവരെ കണ്ട് പഠിക്കേണ്ടതാണ്-- ഹോംസിന്‍റെ വയലിന്‍ വായന, ബോണ്ടിന്‍റെ Vodka Martini, Shaken But Not Stirred, Morland Specials സിഗരറ്റുകള്‍ ഇങ്ങനെ നിരവധി കാര്യങ്ങള്‍.
അറുപതുകളിലും എഴുപതുകളിലും വന്ന ഒരു പാട് കുറ്റാന്വേഷക കഥാപാത്രങ്ങള്‍ പലരും പേര് കൊണ്ട് മാത്രമേ മലയാളികള്‍ ആയിരുന്നുള്ളൂ. സ്വഭാവം കൊണ്ടും മറ്റും ജെയിംസ് ബോണ്ടും ഹോംസും ഒക്കെത്തന്നെയായിരുന്നു. നിരീക്ഷണങ്ങളെക്കാള്‍ സ്റ്റണ്ട് നടത്തി കുറ്റം കണ്ടു പിടിക്കുന്നവര്‍. ശ്രീകാന്ത് എസ് വര്‍മ്മയും മറ്റും ഉണ്ടായിരുന്നു അത്ര തദ്ദേശീയ സ്വഭാവം കുറവായിട്ടാണ് തോന്നിയിട്ടുള്ളത്. സേതുരാമയ്യര്‍ ആ അര്‍ത്ഥത്തില്‍ പ്രധാനിയാണ്. തൊണ്ണൂറുകളിലും രണ്ടായിരങ്ങളുടെ ആദ്യപകുതിയിലും മറ്റും തികച്ചും ശുഷ്കമായിരുന്നു ഈ മേഖല. ഭദ്ര എസ് മേനോന്‍ എന്ന വനിത "സില്‍വര്‍ ജെയിംസ്" എന്ന പേരില്‍ ഒരു നോവല്‍ എഴുതിയതിനെക്കുറിച്ച് ആ കാലത്ത് :"ഇതാ, അഗത ക്രിസ്റ്റിയെപ്പോലെ മലയാളത്തിലും ഒരു വനിതാകുറ്റാന്വേഷണനോവലിസ്റ്റ്" എന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ചലനമൊന്നും ഉണ്ടായില്ല. അതിന് ശേഷം ക്രാഫ്റ്റിലും ആധികാരികതയിലും ശ്രദ്ധയൂന്നിക്കൊണ്ട് കുറ്റാന്വേഷണനോവലില്‍ കൈവച്ചത് അന്‍വര്‍ അബ്ദുള്ളയാണ് എന്നാണ് എന്‍റെ പക്ഷം.
അദ്ദേഹത്തിന്‍റെ "കംപാര്‍ട്ട്മെന്‍റ്" എന്ന നോവല്‍ ആദ്യപതിപ്പ് ഞാന്‍ 2010 ല്‍ തന്നെ വായിച്ചതാണ്. നോവലിന്‍റെ തുടക്കത്തില്‍ രാജീവ് എന്ന ചെറുപ്പക്കാരന്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന അതേ പരിതസ്ഥിതിയില്‍ കംപാര്‍ട്ട്മെന്‍റില്‍ ഇരുന്നാണ് ഞാന്‍ ആ നോവല്‍ വായിച്ചു തുടങ്ങിയതും തീര്‍ത്തതും. ഇത്തരം നോവലെഴുത്തിന്‍റെ ക്രാഫ്റ്റ് പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് ടെക്സ്റ്റ് ബുക്ക് പോലെ പ്രയോജനപ്പെടുത്താവുന്ന നോവലാണ് "കംപാര്‍ട്ട്മെന്‍റ്". ശിവ്ശങ്കര്‍ പെരുമാള്‍ എന്ന അന്വേഷകനെക്കുറിച്ച് എഴുതിയ പരമ്പരയിലെ ഏറ്റവും മികച്ച രചന ഈ നോവലാണ് എന്‍റെ അഭിപ്രായം. വെറും 152 പേജ്. അനാവശ്യമായൊരു വാക്ക് പോലുമില്ല. അന്ന് ഇത് വായിച്ച ശേഷം ഞാന്‍ അതിന്‍റെ പ്ലോട്ട്ഘടന വരച്ച് നോക്കിയിരുന്നു. (Genre നെക്കുറിച്ച് ഒരു അക്കാഡമിക് പഠനകാലമായിരുന്നു അത്) തികച്ചും ടൈറ്റ് ആയ, അടുക്കും ചിട്ടയുമുള്ള പ്ലോട്ടിംഗ്. ആദ്യത്തെ നാല് അധ്യായങ്ങള്‍ ഒരു ചെറുപ്പക്കാരന്‍ കുറ്റാരോപിതനാകുന്നത് എങ്ങനെ എന്നാണ് പറയുന്നത്. തുടര്‍ന്ന് പെരുമാളിന്‍റെ അന്വേഷണവും. കേസിന്‍റെ വിവിധവശങ്ങളെക്കുറിച്ച് ഒരു അഭിഭാഷകനോടും ഒരു സൈക്കയാട്രിസ്റ്റിനോടും ഒരു പോലീസ് ഓഫീസറോടും പെരുമാള്‍ നടത്തുന്ന ചര്‍ച്ചകള്‍, ജീവിതനിരീക്ഷണങ്ങള്‍, സസ്പെക്ടുകളെ ചോദ്യം ചെയ്യുമ്പോള്‍ പെരുമാള്‍ സൂക്ഷിക്കുന്ന മാന്യത ഒക്കെ കഥാപാത്രത്തെയും കഥയെയും കഥയെഴുത്തിനെയും തികച്ചും വിശ്വാസ്യമാക്കി മാറ്റുന്നു. ആദ്യവായനയില്‍ നിന്ന് രണ്ടാം വായനയില്‍ എത്തുമ്പോള്‍ ഞാന്‍ ചില വിവരങ്ങളും ചില വാക്ചിത്രങ്ങളും ഒഴിച്ച് എല്ലാം തന്നെ മറന്ന് പോയിരുന്നു, യഥാര്‍ത്ഥ കൊലയാളി ഉള്‍പ്പടെ. അത് കൊണ്ട് വായന ആദ്യതവണയെന്ന പോലെ തന്നെ ഉദ്വേഗജനകമായിരുന്നു. ഓര്‍മ്മയില്‍ നിന്നത് എന്തായിരുന്നു എന്നതില്‍ അന്‍വറിന് ഒരു പക്ഷെ താല്‍പര്യം തോന്നാം: ഒരു ബഹുനിലക്കെട്ടിടത്തില്‍ നിന്ന് മറ്റൊരു ബഹുനിലക്കെട്ടിടത്തിന്‍റെ വരാന്തയിലൂടെ രാത്രി ഒരു യുവതിയെ ഒരാള്‍ പിന്തുടരുന്ന കാഴ്ച; നിരവധി ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ ഇടുന്നത് വഴി ലഭിക്കുന്ന അലിബി, ഗര്‍ഭഭാരം പോലെയൊരു ചതിക്കുഴി പകരം സ്ത്രീകള്‍ക്ക് ലഭിച്ചതാവാം അവരുടെ ഇന്‍ട്യൂഷന്‍ എന്ന നിരീക്ഷണം.
മുന്‍പും സൂചിപ്പിച്ചത് പോലെ സംഭവങ്ങളുടെ ലോകത്ത് നിന്ന് അകന്ന്‍ നിന്ന് കഥ പറയുന്ന രീതിയാണ് അന്‍വര്‍ അവലംബിക്കുന്നത്. എന്നാല്‍ പറയുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്ന ഒരാളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു പഴയ ആഖ്യാനരീതിയാണിത്. എക്കാലത്തും പ്രസക്തമായ ഒരു Detached Third Person ശൈലി. PD James നെപ്പോലുള്ളവര്‍ വളരെ വിജയകരമായി ആ ശൈലി കുറ്റാന്വേഷണനോവലില്‍ ആദ്യാവസാനം ഉപയോഗിച്ചിട്ടുണ്ട്. Mediocrity കൊണ്ടാടപ്പെടുന്ന മലയാളത്തിന്‍റെ Context ല്‍ വിലയിരുത്തുമ്പോള്‍ കംപാര്‍ട്ട്മെന്‍റ് തീര്‍ച്ചയായും ഒരു റഫറന്‍സ് കുറ്റാന്വേഷണ നോവലാണ്. ഇനിയും വായിച്ചിട്ടില്ലാത്ത Genre തല്‍പരര്‍ക്ക് ധൈര്യമായി നിര്‍ദേശിക്കുന്നു.
ഈ പരമ്പരയ്ക്ക് സെന്‍സേഷണലിസം കുറച്ചും എന്നാല്‍ നോവലിന്‍റെ പ്രമേയവുമായി അടുത്തുനില്‍ക്കുന്നതായ Cover Template ചെയ്ത ജിജു ഗോവിന്ദനെയും അഭിനന്ദിക്കുന്നു. മലയാളത്തില്‍ പൊതുവേ ജനപ്രിയസാഹിത്യത്തിന് ചെയ്ത് വരുന്ന കവറുകള്‍ കണ്ടാല്‍ അതിശയോക്തി ഇല്ലാതെ പറയട്ടെ ഛർദിക്കാന്‍ വരും. വൈക്കോലും അരച്ച മുളയും എഴുന്നേറ്റ് നില്‍ക്കാത്ത കടലാസില്‍ നല്ല ഭംഗിയായി പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി ബുക്സിനും അഭിനന്ദനം. See Less