നാലഞ്ചു ചെറുപ്പക്കാർ.
"വ്യവസ്ഥയൊക്കെ ഒരു അവസ്ഥ വരെയുള്ളൂ അച്ചോ !! "
കൊല്ലം കടപ്പാക്കട.
ടെറൻസ് ബ്രൂണോ യുടെ പെങ്ങൾ സ്റ്റെഫിഗ്രാഫ് ന്റെ വിവാഹം. കൊടുക്കാമെന്ന് പറഞ്ഞേറ്റിരുന്ന പൊന്ന് സംഘടിപ്പിക്കാൻ പറ്റിയില്ല. സുഹൃതുക്കളായ നാലഞ്ച് ചെറുപ്പക്കാരിൽ ഒരുവനായ ബാസ്റ്റിന്റെ നിർദേശപ്രകാരം അംബുജം ജ്വല്ലറി യിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അജേഷ്, തലേന്നത്തെ പിരിവ് ൽ നിന്നും സ്വർണത്തിന് ഉള്ള കാശ് കിട്ടും എന്ന പ്രതീക്ഷയോടെ മുൻകൂർ സ്വർണവുമായി വരുന്നു, പക്ഷെ തലേന്നത്തെ പിരിവ് പ്രതീക്ഷിച്ച രീതിയ്ക്ക് ലഭിക്കുന്നില്ല. 12 പവൻ സ്വർണം അജേഷ് ന് തിരിച്ചു കൊടുക്കുവാൻ ഉണ്ട്. പെണ്ണ് സ്വർണവുമായി അടുത്ത ദിവസം ഭർത്താവ് ന്റെ വീട്ടിലേയ്ക്ക് പോവുന്നു, തന്റെ സ്വർണം വീണ്ടെടുക്കാൻ അജേഷ് അവരുടെ പിറകെ പുറപ്പെടുന്നു. അവന് പിന്നാലെ നാലഞ്ചു ചെറുപ്പക്കാരും, ബ്രൂണോയും, മമ്മ യും മകളുടെ ഭാവി യോർത്ത് പിറകെ ചെല്ലുന്നു. 12 പവൻ സ്വർണത്തിന് വേണ്ടിയുള്ള യുദ്ധം അവിടെ തുടങ്ങുകയാണ്.
ഇതുവരെ വായിച്ചതിൽ ഇന്ദുഗോപന്റെ ഏറ്റവും മികച്ചത് എന്ന് തോന്നിയ നോവൽ ഇതാണ്. തുടക്കം മുതൽ അവസാനം ഒരേ പേസിൽ, നേർരേഖയിൽ സഞ്ചരിക്കുന്ന കഥ, ഒരു ഘട്ടത്തിൽ പോലും താഴേക്ക് പോവാതെ അത്രത്തോളം എന്റർടെയ്നിങ്ങായി ഒരുക്കിയിരിക്കുന്നു. രസച്ചരട് മുറിയാതെ യുള്ള ആഖ്യാനം, മുൻവിധികളെ തച്ചുടയ്ക്കുന്ന കഥാപാത്രങ്ങളും, സന്ദർഭങ്ങളും. എടുത്ത് പറയേണ്ടത് സംഭാഷണങ്ങളാണ്, കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ എന്നൊക്കെ ആലങ്കാരികമായി പറയാറില്ലേ അത് 100% ഈ നോവലിന് അനുയോജ്യമാണ്.
സ്റ്റെഫിയുടെ മമ്മ ആഗ്നേസും അച്ഛനുമായുള്ള സംഭാഷണം അത്രമേൽ എന്നെ രോമാഞ്ചം കൊള്ളിച്ചതാണ്.
"അന്തസ്സ് വേണം പോലും ! പാതിരിയാണെന്നോന്നും ഞാൻ നോക്കത്തില്ല, അച്ചൻ എന്റെ വായിലിരിക്കുന്നത് കേൾക്കും.." എന്ന് തുടങ്ങി ...'അച്ചനീ കേസില് അത്രയ്ക്ക് ദണ്ണമുണ്ടെല് പള്ളീൽ പൊന്നും കുരിശും മാലയുമൊക്കെ നേർച്ചയായി ഒരുപാട് വരുന്നതല്ലേ അത് കുറച്ച് ഉരുക്കി ഇവർക്ക് കൊട്.. മനുഷ്യർക്കല്ലേ ഇതൊക്കെ ആവശ്യം.. ദൈവത്തിനല്ലല്ലോ."
പിന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ച ബ്രൂണോയെ സമാധാനിപ്പിച്ച് മോറ്റിവേഷൻ നൽകുന്ന അജേഷ് ന്റെ സംഭാഷണങ്ങൾ. തൊട്ടടുത്ത നിമിഷം " ആമ്പിയെൻസ് പിന്നെ നിന്റെ തന്ത കൊണ്ട് തരുമോടാ" എന്ന ചോദ്യത്തിലൂടെ ചിരിയുണർത്തുകയും ചെയുന്നു.
കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റും ഉള്ള ആളുകൾ തന്നെയാണ് അത് കൊണ്ട് തന്നെ വളരെ വേഗം കഥയെ ഉൾക്കൊള്ളാനും, അവർക്ക് വേണ്ടി വേവലാതി പെടാനും സാധിക്കുന്നു, ആ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കുന്നതിൽ ഇന്ദുഗോപൻ വിജയിച്ചു അത് തന്നെയാണ് ആസ്വാദനത്തെ മികച്ചതാകുന്ന മറ്റൊരു ഘടകം.
കടപ്പാക്കടയിലെ ശ്രീലക്ഷ്മി ലോഡ്ജിലെ 501 ആം നമ്പർ മുറിയിൽ നിന്നും തുടങ്ങി നാലഞ്ചു ചെറുപ്പക്കാർ വഴി അജേഷിലേക്കും, ബ്രൂണോ, സ്റ്റെഫി , ആഗ്നേസ് എന്നിവരിലൂടെ മരിയാനോയി ലേക്കും, ബ്രോച്ചനിലേക്കും, ഓട്ടോ ഡ്രൈവർ ജെക്ക് ദേവാസിയിലേക്കും അങ്ങനെ, ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തി വിട്ട പോലെയൊരു പോക്ക് ആണ്. അവസാനം ആ 12 പവൻ ആർക്ക് എന്ന ചോദ്യ ചിഹ്നത്തിൽ എത്തി നിൽക്കുന്നു.
ഇത് നോവൽ എന്ന നിലയിൽ അല്ല ഒരു സിനിമയ്ക്ക് വേണ്ട തിരക്കഥ എന്ന നിലയ്ക്ക് ടെയ്ലർ മേഡ് ചെയ്ത കഥ പോലെയാണ് തോന്നിയത്, അത്രയ്ക്കും സിനിമാറ്റിക്ക് അനുഭവം തരുന്നുണ്ട്, നിങ്ങളുടെ ഇഷ്ടതാരങ്ങളെ ഓരോ കഥാപാത്രങ്ങളായി കണ്ട് വായിച്ചാൽ ആസ്വാദനം കുറേകൂടി മികച്ചതാകും. ഉറപ്പുണ്ട് അധികം താമസിയാതെ ആരെങ്കിലും സിനിമയാക്കും. അങ്ങനെ വന്നാൽ നോവൽ തന്ന അനുഭവം സ്ക്രീനിൽ എത്തിക്കുവാൻ സംവിധായകൻ കുറച്ച് പണിപ്പെടും.
©kesavan