Winner of the DC Books Crime Fiction Novel Competition 2020 അഗതാ ക്രിസ്റ്റിയുടെ 100 വർഷത്തെ പ്രസിദ്ധീകരണത്തിന്റെ ഭാഗമായി ഡിസി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ നോവൽ മത്സരം 2020 ൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ.
സാധാ ഒരു ത്രില്ലർ നോവൽ ആണെങ്കിലും ഇതിനെ വ്യത്യസ്തമായി നിർത്തുന്നത് കഥാപശ്ചാത്തലം ആണ്. അത്യാധുനികമായ കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കണ്ടുപിടിക്കാൻ പോകുന്ന കുറേ കാര്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മെഡിക്കൽ സയൻസും റോബോട്ടിക് സയൻസും വായനക്കാരുടെ മനസ്സിനെ അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പുസ്തകത്തിന്റെ അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.
കൊച്ചി സ്ഥിതി ചെയ്യുന്ന നൂതന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച പ്രവർത്തിക്കുന്ന സത്തേൻ ഹെൽത്ത്കെയർ ഹോസ്പിറ്റലിൽ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മാൻപവർ കുറച്ച് കൂടുതലും റോബോട്ടുകളാണ് അവിടെ നിയന്ത്രിക്കുന്നത്. അവിടുത്തെ ജൂനിയർ ഡോക്ടറായ മീനാക്ഷിയാണ് കഥയിലെ താരം. ഹോസ്പിറ്റലിൽ ഉടമയായ രാഹുൽ ശിവശങ്കർ വാഹനാപകടത്തെത്തുടർന്ന് ഹോസ്പിറ്റലിൽ എത്തുന്നതും അവിടുത്തെ നിഗൂഢതകൾ നിറഞ്ഞ നൂറോ ഏരിയയിൽ പ്രവേശിക്കുന്നതോടെ കൂടിയാണ് ആവേശകരമായ സംഭവവികാസങ്ങൾ നടക്കുന്നത്. മൈൻഡ് അപ്‌ലോഡിങ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ മരണത്തെ അതിജീവിക്കുന്ന പലതരം മായക്കാഴ്ചകളെ ഇവിടെ പരാമർശിക്കുന്നു. ഒരുപക്ഷേ ഇങ്ങനെ റോബോട്ടുകളാൽ നിയന്ത്രിക്കുന്ന ഒരു സാഹചര്യം ഒക്കെ ഉണ്ടാവാൻ ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾക്ക് കാത്തിരിക്കേണ്ടിവരും. ആകാംഷയോടെ വായിച്ചിരിക്കാൻ പറ്റിയ പുസ്തകം
പൊതുവേ ക്രൈം- ത്രില്ലർ വിഭാഗത്തിൽ പെടുന്ന മലയാളകൃതികൾക്ക് മലയാളി വായനക്കാർക്കിടയിൽ ഒരു അസ്പൃശത ഉണ്ട്. വായന ഗൌരവമായെടുക്കുന്ന മലയാളി വായനക്കാർ ഇംഗ്ലീഷ് കൃതികളായും മറ്റു ഭാഷകളിൽ നിന്നുള്ള തർജ്ജമകളായും വരുന്ന ക്രൈം നോവലുകൾ ആവേശത്തോടെ വായിക്കാനെടുക്കുന്നവരാണ്. എന്നാൽ മലയാളത്തിൽ എഴുതപ്പെടുന്ന കൃതികൾക്ക് ഗുണമേന്മയില്ല എന്നാണ് ഒരു ധാരണ. ഈ ധാരണ കാരണം നല്ല കൃതികൾ എഴുതപ്പെടാത്തതാണോ, അതോ നല്ല കൃതികൾ എഴുതപ്പെടാത്തത് കൊണ്ട് വായനക്കാരില്ലാത്തതാണോ എന്ന തർക്കം നിലനിൽക്കുന്നതിനാൽ, ന്യൂറോ ഏരിയ പോലുള്ള വ്യത്യസ്തമായ ചുവടുവെപ്പുകൾ ശ്രദ്ധിക്കപ്പെടേണ്ടത് മലയാള സാഹിത്യത്തിന് അത്യാവശ്യമാണ്.
Excite ചെയ്യിക്കുന്ന ഫാക്ടറുകൾ എന്ന് പറയുവാൻ ഒന്നും തന്നെയില്ലാത്ത ഒരു സാദാ ക്രൈം ത്രില്ലർ നോവൽ.
ചിത്രത്തിന്റെ കോർ പ്ലോട്ട് ഒരു പുതിയ ചിന്തയായി തോന്നുമെങ്കിലും അതിലേക്ക് എത്തിച്ചേർന്ന വഴികൾ നമ്മൾ ഇതിനുമുന്നേ ഒരുപാട് നോവലുകളിലും സിനിമകളിലും കണ്ടതാണ്. പക്ഷെ വായനക്കാരെ ബോർ അടിപ്പിക്കാതെ അവസാനം വരെയും സസ്പെൻസ് നിലനിർത്തി കൊണ്ട് പോകുവാൻ നവാഗത എഴുത്തുകാരൻ കൂടിയായ ശിവൻ എടമന ശ്രമിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.
പുസ്തകം📖 - ന്യൂറോ ഏരിയ രചയിതാവ്✍🏻 - ശിവൻ എടമന പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - അപസർപ്പകനോവൽ പതിപ്പ്📚 - 1 പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - ഡിസംബർ 2020 താളുകൾ📄 - 271 വില - ₹299/- Book 15 of 2021📖
2020 ലെ അഗതാ ക്രിസ്റ്റിയുടെ എഴുത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ പുരസ്കാരം നേടിയ കൃതിയാണ് "ന്യൂറോ ഏരിയ". ശിവൻ എടമന എന്ന നവാഗത എഴുത്തുകാരൻ്റെ ആദ്യനോവൽ കൂടിയായ ഈ പുസ്തകം അദ്ദേഹത്തിൻ്റെ അപസർപ്പക സാഹിത്യത്തിലേക്കുള്ള ഒരു കടന്നുവരവ് കൂടിയാവട്ടെയെന്ന് അതിയായി ആഗ്രഹിക്കുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിക്കുന്നതു വരെ മെഡിക്കൽ സയൻസിൻ്റെയും റോബോട്ടിക്സിൻ്റെയും ഒരു മായികലോകത്തായിരിക്കും ഓരോ വായനക്കാരനും. ഈയടുത്ത് വായിച്ച ക്രൈം നോവലുകളിൽ വളരെയേറെ സംതൃപ്തി നൽകിയ ഒരു നോവൽ കൂടിയാണിത്. നോവലിൻ്റെ അവസാനതാളുകൾ വരെയും സസ്പെൻസ് നിലനിർത്താൻ സാധിച്ചത് എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. പലയിടങ്ങളിലും ശ്രദ്ധ ഒന്ന് മാറിയാൽ പാളിപ്പോയേക്കാവുന്ന ഒരു വിഷയത്തെ വളരെ കൈയടക്കത്തോടെയും തന്മയത്വത്തോടെയുമാണ് എഴുത്തുകാരൻ എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് ഈ കൃതിക്ക് പുരസ്കാരം ലഭിച്ചുവെന്ന് നമുക്ക് ഈ പുസ്തകത്തിൻ്റെ ആദ്യതാളുകൾ മറിക്കുമ്പോൾ തന്നെ മനസ്സിലാകുന്നതാണ്.
കഥ നടക്കുന്നത് കൊച്ചിയിലെ നൂതനസാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ച് പ്രവർത്തിച്ചുവരുന്ന സതേൺ ഹെൽത്ത് കെയർ ഹോസ്പിറ്റലിനെ കേന്ദ്രീകരിച്ചാണ്. മാത്തമാറ്റിക്സിൻ്റെയും റോബോട്ടിക്സിൻ്റെയും സാധ്യതകൾ ഏറെ പ്രയോജനപ്പെടുത്തിയിട്ടുള്ള ആ ഹോസ്പിറ്റലിൽ നാഡീഞരമ്പുകളെ സംബന്ധിച്ച് കൂടുതൽ പഠനവും ഗവേഷണവും നടന്നുവരുന്ന ന്യൂറോ ഏരിയ എന്ന അധികമാർക്കും പ്രവേശിക്കാൻ സാധ്യമല്ലാത്ത ഒരു ഭാഗവുമുണ്ട്. ചെയർമാനായ രാഹുൽ ശിവശങ്കർ, പ്രശസ്ത ന്യൂറോ സർജനായ ഡോ.ഡേവിഡ് ലൂക്ക, സീനിയർ സിസ്റ്റർ താര എന്നിങ്ങനെ മൂന്ന് പേർക്ക് മാത്രം പ്രവേശിക്കാൻ സാധ്യമാകുന്ന ന്യൂറോ ഏരിയ പെട്ടെന്നൊരു ദിവസം ഹാക്ക് ചെയ്യപ്പെടുന്നു. ചെയർമാനായ ഡോ.രാഹുലിന് ആക്സിഡൻ്റ് സംഭവിച്ച് കോമ സ്റ്റേജിലാവുകയും തുടർന്ന് ഡോ.ഡേവിഡ് ലൂക്കയും സിസ്റ്റർ താരയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹോസ്പിറ്റലിലെ തന്നെ ജൂനിയർ ഡോക്ടറിലൊരാളായ ഡോ.മീനാക്ഷിക്ക് ന്യൂറോ ഏരിയയിൽ പ്രവേശിക്കാനുള്ള അനുമതി അജ്ഞാതമായി ലഭിക്കുകയും ചെയ്യുന്നു.
ഈ സംഭവങ്ങളുടെയെല്ലാം പിറകിലെ കാരണങ്ങൾ അത്യന്തം ഉദ്വേകഭരിതമായിട്ടല്ലാതെ നമുക്ക് വായിക്കാൻ സാധ്യമല്ല. മൈൻഡ് അപ്ലോഡിങ്, ബ്രെയ്ൻ അപ്ലോഡിങ്, അതുപോലെ മരണത്തെ അതിജീവിക്കാൻ സാധ്യമാവുന്ന മഹാമൃത്യുഞ്ജയവിദ്യ എന്നിങ്ങനെ സയൻസിൻ്റെ പിൻബലത്തിൽ ഒരുപാട് സാധ്യതകൾ പറഞ്ഞുവെച്ചത് കുറച്ചുകൂടി ആകർഷണീയമായി തോന്നി. ലക്ഷണമൊത്ത ഒരു ക്രൈം സസ്പെൻസ് മെഡിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലറായിരിക്കെത്തന്നെ ഈ നോവലിൽ ഒരു പ്രണയവും പറഞ്ഞുപോകുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന ഒരു വായനക്കാരനിലും ഒട്ടും തന്നെ മടുപ്പുളവാക്കില്ലെന്നു മാത്രമല്ല, അത്യന്തം ഉദ്വേകഭരിതമായി വായിച്ചവസാനിപ്പിക്കാവുന്ന നല്ലൊരു കിടുക്കാച്ചി ത്രില്ലറാണെന്ന നിസ്സംശയം പറയാം.
ത്രില്ലെർ വിഭാഗത്തിൽ പുസ്തകങ്ങൾ വളരെ കുറച്ചു വായിക്കുന്ന ഒരാളാണ് ഞാൻ. എന്റെ അമ്മ വായിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞിട്ടാണ��� ഞാനീ പുസ്തകം വായനയ്ക്കായി തിരഞ്ഞെടുത്തത്. ഈ പുസ്തകത്തിന്റെ വായനയുടെ അതെ നേരം തന്നെ റീചാർഡ് സപ്പോൾസ്കിയുടെ Behave എന്നാ നോൺ ഫിക്ഷൻ പുസ്തകം കുടി വായിക്കുന്നതിനാൽ ന്യൂറോൺ, തലച്ചോർ എന്നിവ ഈ പുസ്തകത്തിലും ഉണ്ട് എന്നുള്ളത് നല്ലൊരു പ്രതീക്ഷ ആണ് തന്നത്. എന്നാൽ പലയിടത്തും മെല്ലെ പോക്കും തുടക്കത്തിൽ തന്ന ആ ഒരു ഒഴുക്ക് പലപ്പോഴും കഥ മുന്നോട്ട് പോകാനോ മറ്റോ ഉണ്ടാക്കിയെടുത്ത ചില സന്ദര്ഭങ്ങളെ കൊണ്ട് നഷ്ടപ്പെട്ടതായി തോന്നി. തിടുക്കത്തിൽ തീർത്തുകളഞ്ഞു എന്ന് തോന്നിപ്പിച്ച ക്ലൈമാക്സും രസം കൊല്ലി ആയി. ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ഇതിൽ പറഞ്ഞിരിക്കുന്ന ന്യൂറോണിനെ ബന്ധിപ്പിച്ചു ബ്രെയിൻ ഡെത്ത് നടക്കാത്ത ശരീരത്തെ ശരീരമെന്ന തലത്തിന്റെ പുറത്ത് ഒരു ആത്മാവ് എന്നാ ധാരണയെ ഓർമിക്കുന്ന വിധം നെറ്റ്‌വർക്കിൽ നിന്ന് നെറ്റ്‌വർക്കിലേക്ക് നിർത്തുന്ന ആ ഒരു ഐഡിയ ആണ്.
ഒരു ഒറ്റ തവണ വായനയ്ക്ക് ഉള്ള ഇല്ല ചേരുവകളും ഉണ്ട്.
ഈ അഭിപ്രായം തികച്ചും വ്യക്തിപരം മാത്രം.
This entire review has been hidden because of spoilers.
ആദ്യം മുതൽ ത്രില്ലിംഗ് ആയിട്ടുള്ള അനുഭവം . മലയാള സിനിമയിൽ ഈ ഇടയ്ക്കു കൊട്ടിഘോഷിക്കപ്പെട്ട ക്രൈം ത്രില്ലറുകളെക്കാൾ മനോഹരം .
ഒരു കഥാപാത്രം (പാർത്ഥസാരഥി ) മാത്രം ക്ളീഷേ ആയി തോന്നി . മറ്റു കഥാപാത്രങ്ങൾക്കൊക്കെ മികച്ച സ്ഥാനം നൽകിയിരിക്കുന്നു . ഡിസി ബുക്ക്സ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിൽ അത്ഭുതം ഇല്ല ..
ഒരു മലയാളം ക്രൈം നോവൽ ആദ്യം ആയിട്ടാണ് വായിക്കുന്നത്. വാങ്ങിക്കുമ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു.. വേണോ വേണ്ടേ എന്ന്.. ആദ്യത്തെ കുറച്ചു പേജസ് വായിക്കുമ്പോൾ തന്നെ പിടിച്ചിരുത്തുന്ന അവതരണ ശൈലി ! ഇഷ്ടപ്പെട്ടു ... 2 ദിവസം എടുത്തില്ല.. 2 ഇരുത്തത്തിൽ തീർത്തു. നന്നായി റിസർച്ച് ചെയ്തു എഴുതിയ ഒരു മെഡിക്കൽ ത്രില്ലെർ. ഓരോ കഥാപാത്രങ്ങളെയും മുന്നിൽ കാണാൻ സാധിച്ചു. ..
ഉദ്വേഗം നിറഞ്ഞ ഒട്ടനവധി കഥാമുഹൂർത്തങ്ങളും ചെറു ട്വിസ്റ്റുകളും കോർത്തിണക്കിയ തരക്കേടില്ലാത്ത ത്രില്ലർ തന്നെ ആണ് ശിവൻ എടമന എഴുതിയ ന്യൂറോ ഏരിയ. റോബോട്ടിക്‌സ്, ന്യൂറോബയോളജി മുതലായ ഫ്യൂച്ചറിസ്റ്റിക്ക് സാങ്കേതികവിദ്യകളുടെ മായാലോകം കഥാപശ്ചാത്തലമാക്കി കൊണ്ട്, പ്രത്യേകിച്ചു കഷ്ടപ്പാടുകൾ ഒന്നും ഇല്ലാതെ തന്നെ സാധാരണക്കാർക്ക് പിന്തുടർന്നു പോകാൻ സാധിക്കുന്ന ഒരു മികച്ച നോവൽ ആണ് ന്യൂറോ ഏരിയ. പുതുമ നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ കഥ പറയുക വഴി വായനക്കാരെ ഒരു സയൻസ് ഫിക്ഷൻ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. അവസാന താളുകൾ വരേയ്ക്കും സസ്പെൻസ് നിലനിർത്താൻ കഥാകാരനു കഴിഞ്ഞിട്ടുണ്ട്. മലയാള സാഹിത്യ ലോകത്ത് അധികം പരിചിതമല്ലാത്ത മെഡിക്കൽ ലോകത്തിലേക്ക് കുറ്റാന്വേഷണ കഥാപ്രപഞ്ചത്തെ ഒരു ടെലിസ്കോപ്പിലൂടെ എന്നോളം നോക്കി കാണുകയാണ് ശിവൻ എടമന എന്ന നോവലൈറ്റ്.
രാഹുൽ ശിവശങ്കരൻ എന്ന നോവലിലെ കഥാനായകനെയും നായകന്റെ ഹീറോയിസത്തേയും എഴുത്തുകാരൻ അവതരിപ്പിച്ച രീതി അത്യന്തം വ്യത്യസ്തവും മനോഹരവുമായി തോന്നി. കുറ്റാന്വേഷണ കഥാപരിസരത്തെ മുറിവേല്പിക്കാതെയും കഥാഗതിയിലെ വായനക്കാർക്കുള്ള അഡ്രിനാലിൻ റഷിനെ തടസ്സപ്പെടുത്താതെയും തന്നെ ഒരു ചെറു പ്രണയവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു നോവലിൽ. കഥാപാത്ര രൂപീകരണത്തിലെ ആഴമില്ലായ്മ പലപ്പോഴും പ്രകടമാണെങ്കിലും അത് ആസ്വാദ്യതയെ അധികം ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
അൽപ്പ സമയം കൊണ്ട് വായിച്ചു തീർക്കാവുന്ന പുതുമകൾ നിറഞ്ഞ ഒരു മികച്ച ത്രില്ലർ നോവൽ എന്നതാണ് ഒറ്റ വാക്യത്തിൽ ശിവൻ എടമനയുടെ "ന്യൂറോ ഏരിയ".
ശിവൻ ഇടമന യുടെ ഈ നോവൽ 2020 ലെ crime fiction അവാർഡു കൃതിയാണ്. മലയാള സാഹിത്യത്തിലെ മറ്റു വിഭാഗങ്ങൾ കാലത്തിനൊപ്പം മുന്നോട്ടു പോകുന്നുണ്ടെങ്കിലും നമ്മുടെ കുറ്റാന്വേഷണ സാഹിത്യം കോട്ടയം പുഷ്പനാഥിൽ നിന്നും ഏറെയൊന്നും മുന്നോട്ടു പോയില്ല.
ആധുനിക കാലത്ത് ആശുപത്രികൾ കേൻ ദ്രീകരിച്ച് നടക്കുന്ന അനാശാസ്യമായ നടപടികളെ ആധാരമാക്കിയാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ആധുനിക ടെക്നോളജിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ ഒരാശുപത്രിയുടെ പശ്‌ചാത്തലത്തിൽ ഉദ്യേഗ ജനകമായ ഒരു ക്രൈം ത്രില്ലർ.
പശ്‌ചാത്തലമായി ഏറ്റവും ആധുനിക സാങ്കേതിക ത ഉപയോഗിക്കുന്നുണ്ടെങ്കിലും ഘടനയിലെ രചനാ ശൈലിയിലോ വളരെയൊന്നും മുന്നോട്ടു പോകാൻ സമ്മാനിതമായ ഈ കൃതിക്കും കഴിഞ്ഞിട്ടില്ല.
മികച്ച ഒരു മെഡിക്കൽ ക്രൈം ത്രില്ലർ. കഥയുടെ പശ്ചാത്തലം തന്നെ അധിസൂക്ഷ്മമായി വിവരിച്ചിരിക്കുന്നു. മീനാക്ഷി, ദിനകരൻ, ഡോക്ടർ രാഹുൽ ശിവശങ്കർ, സിസ്റ്റർ താര, ഡോക്ടർ ഡേവിഡ് ലൂക്ക എന്നീ കഥാപാത്രങ്ങളെ ശ്രദ്ധാപൂർവ്വം വാർത്തെടുത്തിരിക്കുന്നു. ന്യൂറോ ഏരിയ എന്ന പേരു നോവലിന് വളരെ അനുയോഗ്യമായിത്തോന്നി. ന്യൂറോൻ, സിനാപസിഡ്, ബ്രെയിൻ അപ്ലോഡിങ്, റോബോട്ടിക് ഹോസ്പിറ്റൽ എന്നീ നൂതന വികസനങ്ങൾ കൊണ്ടു എഴുത്തുകാരൻ ഈ കൃതിയെ സമ്പന്നമാക്കിയിരിക്കുന്നു. അവസാനം വരെ സസ്പെൻസ് നിലനിർത്തിയിരിക്കുന്നു.
An excellent crime fiction novel. The storyline and background are very original. But the character of the antagonist was a bit disappointing and cliché. Book itself is very good in visualisation and story flow. Hence expecting a good movie out of this soon.
This entire review has been hidden because of spoilers.
ഏതൊരു വ്യക്തിക്കും ആസ്വദിച്ച് വായിക്കാനും, അടുത്തത് എന്ത് എന്ന് ആകാംഷ ഉണ്ടാകുന്നതും ആയ ഒരു ഫിക്ഷൻ ക്രൈം ത്രില്ലർ നോവൽ ആണ് ശിവൻ എടമന എഴുതിയ Neuro Area എന്ന ബുക്ക്. അതിലെ ഓരോ കഥാപാത്രവും വായനയെ ഇഷ്ടം വെക്കുന്ന എല്ലാവരുടേയും മനസ്സിൽ ഇടം പിടിക്കും എന്നുള്ളത് എടുത്ത് പറയേണ്ടതാണ്.
A decent thriller story with an interesting background. Apart from the fresh background, the rest of the elements are all tried and tested so many times in crime fiction.
"ചുറ്റുപാടുകളെ മറന്ന് കണ്ണുകളടച്ചുള്ള, ആ ധ്യാനത്തിൽ ബുദ്ധനൊന്നും അറിഞ്ഞിരുന്നില്ല. കടുത്ത വെയിലേറ്റ്, ബുദ്ധ ശിരസ്സു കരിവാളിച്ചു തുടങ്ങി. ആ ശിരസ്സിനുള്ളിലാണ് തലച്ചോർ. ജാഗ്രതയുടെയും, സ്വപ്നത്തിന്റെയും, സുഷുപ്ത്തിയുടെയും, മനസ്സിന്റെയും, കർമ്മത്തിന്റെയും, ഇരിപ്പിടം. പ്രപഞ്ചമുണ്ടായതും, അതിൽ നിന്നത്രേ.!"
Genre : Crime / Thriller Publishers : D C Books No of Pages : 272
ന്യൂറോണുകൾ.! എണ്ണം നോക്കിയാൽ കോടാനുകോടിയോളം ന്യൂറോണുകളാണ്, ഓരോ മനുഷ്യ തലച്ചോറുകളിലും, കത്തിയും, കെട്ടുമൊക്കെ നിലനിൽക്കുന്നത്. അവന്റെ ശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നതും, ഈ പറഞ്ഞ ന്യൂറോണുകളാണ്. അവനിരിക്കുന്നതും, നടക്കുന്നതും, സംസാരിക്കുന്നതും, ചിന്തിക്കുന്നതും, പഠിക്കുന്നതും, പഠിപ്പിക്കുന്നതും, കണ്ടുപിടിക്കുന്നതും, ലോകത്തെ നോക്കി അത്ഭുതപ്പെടുന്നതുമൊക്കെ, ന്യൂറോണുകളുടെ പ്രവർത്തനം വഴിയാണ്. എന്തിനേറെ ഞാനിവിടെ ന്യൂറോണുകളെക്കുറിച്ച് എഴുതുന്നതുപോലും, ഏതൊക്കെയോ ന്യൂറോണുകളെന്റെ തലച്ചോറിലുണ്ടാക്കുന്ന വൈദ്യുതി പ്രവാഹങ്ങൾ മൂലമാണ്.
ഈ ന്യൂറോണുകളിൽ ഉളവാക്കുന്ന വൈദ്യുതികളുടെ, ഏറ്റക്കുറച്ചിലുകളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞാൽ, അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ, അതുവഴി മനുഷ്യന്റെ തലച്ചോറിനെ, ഇന്നത്തെ സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞാൽ, അതുലോകത്തിന് മുന്നിലേക്ക് തുറന്നുകൊടുക്കുന്ന സാധ്യതകൾ എത്രത്തോളമുണ്ടാവും? വെറുയൊന്ന് ചിന്തിച്ച് നോക്കൂ. ഒരു മനുഷ്യനെ വിജ്ഞാനിയാക്കുന്നതും, ഭോഷനാക്കുന്നതും, ന്യൂറോണുകളിലെ വ്യത്യാസങ്ങളാണെന്ന വസ്തുത കൂടി മനസ്സിൽ വച്ചുകൊണ്ട് വേണം, ആലോചിക്കാൻ.!
ബഹിരാകാശത്തേക്ക് പോകുന്ന റോബോട്ടുകളിൽ, മനുഷ്യശരീരത്തിൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുന്ന നാനോബോട്ടുകളിൽ, ഓഷ്യാനോഗ്രഫിയിൽ, എമർജൻസി റെസ്പോൺസുകളിൽ, ഇങ്ങനെ മനുഷ്യ തലച്ചോറിനെ ഡിജിറ്റലൈസ് ചെയ്താലുള്ള സാധ്യതകൾ, അനന്തമായി നീളുകയാണ്. എന്നാൽ ഇതിലെല്ലാം കൂടുതലായി മനുഷ്യനെ ഭ്രമിപ്പിക്കുന്നൊരു ചോദ്യത്തിനുത്തരം നൽകാനും, ന്യൂറോണുകളിലെ ഗവേഷണങ്ങൾ വഴി സാധിച്ചേക്കാം. അനാദി കാലം മുതലവന്വേഷിച്ചു നടന്നൊരു ചോദ്യത്തിനുത്തരം.! കൂട്ടത്തിലൊരാളുടെ ശരീരം, ജീവിനില്ലാതെയാകുന്നത് ആദ്യമായി കണ്ടനാൾ മുതലവന്റെ മനസ്സിൽ കയറിക്കൂടിയ, ചോദ്യത്തിനുള്ള ഉത്തരം, അമരത്വം..!
അതേ, മനുഷ്യരാശിയിപ്പോഴീ 2021 -ആം ആണ്ടിന്റെ അവസാനപാദത്തിൽ എത്തിനിൽക്കുമ്പോൾ, ന്യൂറോണുകളെ ചൊല്പ്പടിക്ക് നിർത്താനും, അതുവഴി മരണത്തെ ജയിക്കാനുമുള്ള വഴികളന്വേഷിച്ച്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ഗവേഷണങ്ങളും, പരീക്ഷണങ്ങളുമൊക്കെ, നടക്കുന്നുണ്ടെന്നതൊരു യാഥാർഥ്യമാണ്.
കണ്ണിനുമുന്നിൽ വന്നുപെട്ടതിനെയെല്ലാം നിയന്ത്രിക്കാനും, സ്വന്തമാക്കാനും, ആഗ്രഹിച്ച മനുഷ്യനെ, എല്ലാകാലവും തോൽപ്പിച്ചുക്കൊണ്ടേയിരിക്കുന്നത്, മരണം മാത്രമാണ്. അതുകൊണ്ടുതന്നെ തിരിച്ചൊന്ന് ജയിക്കാനുള്ള അവന്റെ ആഗ്രഹം, അത്രമേൽ തീഷ്ണവുമാണ്. അവനീ ലോകത്തിൽ ബാക്കിയാകുന്ന കാലത്തോളമത് തുടർന്നുക്കൊണ്ടേയിരിക്കും. ആദ്യമവൻ മിത്തുകളിലൂടെയാണ് മരണത്തെ ജയിക്കാൻ ശ്രമിച്ചിരുന്നതെങ്കിൽ, ഇപ്പോഴത് സാങ്കേതികവിദ്യകളിലൂടെയാണെത്, മാത്രമാണൊരു വെത്യാസം!
ഇവിടെ, ന്യൂറോ ഏരിയ പറയുന്നതുമത്തരം ചില മനുഷ്യരുടെ കഥയാണ്. അവർക്കിടയിലുണ്ടാവുന്ന ചതികളുടെയും, ക്രൂരതകളുടെയും, കൊലപാതകങ്ങളുടെയുമൊക്കെ, വളരെ സാധാരണമായൊരു കഥ. സതേൺ ഇന്റർനാഷണലെന്നൊരു സ്വകാര്യ ആശുപത്രിയിലേക്കാണിവിടെ, പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ആശുപത്രിയുടെ ഉടമസ്ഥരും, ഡോക്ടർമാരും, പോലീസുകാരുമൊക്കെയിവിടെ കഥാപാത്രങ്ങളാകുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട്, അടുത്തടുത്ത് നടക്കുന്ന രണ്ട് കൊലപാതകങ്ങളും, ഒരു കൊലപാതകശ്രമവുമിവിടെ, നിഗൂഢതകൾ സൃഷ്ടിക്കുന്നു. അതിലേക്കുള്ള താക്കോൽക്കൂട്ടങ്ങൾ കണ്ടെത്താൻ പലരും പല വഴിക്ക് ശ്രമിക്കുന്നു. ഒടുവിൽ, മരണത്തെ ജയിക്കാനാഗ്രഹിക്കുന്ന മനുഷ്യർ, അതിനു വേണ്ടി പരസ്പരം കൊലപ്പെടുത്താൻ പോലും തയ്യാറാവുന്നതിലെ വിരോധാഭാസത്തെ ചിന്താശരങ്ങളായി പ്രേക്ഷകരിലേക്കെത്തിച്ചുക്കൊണ്ട് പുസ്തകമിവിടെയവസാനിക്കുന്നു.
-------------------------------------------
വളരെ സാധാരണമായൊരു കഥയെന്ന് വീണ്ടുമെടുത്തു പറയാനാഗ്രഹിക്കുന്നയീ പുസ്തകത്തെ, നല്ലൊരു വായനാനുഭവമാക്കി തീർക്കുന്നത്, കഥ പറയാൻ തെരഞ്ഞെടുത്ത ബാക്ക്ഗ്രൗണ്ടുകളാണ്. സാങ്കേതികവിദ്യയുടെ അത്ഭുതപൂർവ്വമായൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്. പുസ്തകം നമ്മുക്ക് മുന്നിലേക്ക് തുറന്നിടുന്ന സാങ്കേതികവിദ്യകളുടെ വാതായനങ്ങൾ, അത്രമേൽ കൗതുകകരവും, ജിജ്ഞാസ വർധിപ്പിക്കുന്നതുമാണ്.
എന്നാൽ കഥയുടെ അവസാന രംഗങ്ങൾ, വളരെ പെട്ടെന്ന് തീരുന്നതായാണ് അനുഭവപ്പെടുന്നത്. പല കഥാപാത്രങ്ങൾക്കും, പിന്നീട് എന്താണ് സംഭവിക്കുന്നതെന്നൊരു കൃത്യമായ വിശദീകരണം നൽകാൻ, എഴുത്തുകാരൻ ശ്രമിക്കുന്നില്ല. അതോടൊപ്പം കഥയിലേ വഴിത്തിരുവുകളൊക്കെ അത്യാവശ്യം ത്രില്ലെർ പുസ്തകങ്ങൾ വായിക്കുന്നവർക്ക്, മുന്നേകൂട്ടി കണ്ടുപിടിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ അവിടെയൊക്കെയും, കഥപറയാൻ തിരഞ്ഞെടുത്തിരിക്കുന്ന പരിചിതമല്ലാത്ത വഴികൾ, പുസ്തകത്തിന്റെ രക്ഷയ്ക്കെത്തുന്നുണ്ട്.
This entire review has been hidden because of spoilers.
2024 ഏപ്രിൽ 14 ഞായർ - വിഷുദിനം. പതിവുപോലെ ഉച്ചക്ക് ഉറക്കം എഴുന്നേറ്റുവന്ന് ചോറുകഴിച്ചു കുട്ടിപ്പട്ടാളത്തിനൊപ്പം ക്രിക്കറ്റ് കളിക്കാൻ ഇടയിലേക്കിറങ്ങി. അന്ന് രാത്രി വരാനിരിക്കുന്ന IPL ലെ അൺഒഫീഷ്യൽ എൽ ക്ലാസ്സിക്കോ ആയ മുംബൈ-ചെന്നെ പോരാട്ടത്തിനെക്കാളു��� വാശിയിൽ കളിച്ചുകൊണ്ടിരുന്ന സമയത്താണ് തെക്കേടത്തേക്ക്, DC ബുക്ക്സിന്റെ 2020 ലെ മികച്ച ക്രൈം ഫിക്ഷൻ അവാർഡ് നേടിയ ന്യുറോ ഏരിയ എന്ന പുസ്തകത്തിന്റെ രചയിതാവ് ശിവൻ എടമനയുടെ വരവ്.
5 മുതൽ 7 വരെ പഠിച്ച സ്കൂളിലെ ഹെഡ് മിസ്ട്രസ്സിന്റെ മകനും, തൊട്ടടുത്ത അയൽക്കാരനും ആയിട്ടുകൂടി ആളുടെ ന്യുറോ ഏരിയ എന്ന പുസ്തകം വീട്ടിലെ ഷെൽഫിൽ എന്നെനോക്കി അത്രയുംകാലം ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പണ്ടെപ്പോഴോ ഒന്ന് വായിക്കണം എന്നുപറഞ്ഞു മാറ്റിവച്ചത് കാലങ്ങളായിട്ടും അവിടെത്തന്നെ തുടർന്നു. ആളെ കണ്ടപ്പോൾ തന്നെ ന്യുറോ ഏരിയ പെട്ടെന്ന് മനസിലേക്ക് വന്നു. നേരിട്ട് പോയി സംസാരിക്കാൻ മടിയായതുകൊണ്ട് അപ്പോൾ ഒന്നും പറഞ്ഞില്ല. എന്നാൽ പുസ്തകം ഒന്ന് വായിച്ചു തീർത്തിട്ട് ആളോട് അഭിപ്രായം നേരിട്ട് അറിയിക്കണം എന്നും വച്ചു. ഒന്നൂല്ലേലും, അയൽക്കാരൻ എഴുതിയ, മികച്ച അഭിപ്രായം കിട്ടിയ പുസ്തകം വായിച്ചില്ലേൽ നാണക്കേട് എനിക്കല്ലേ. 🙃 ഒന്നും നോക്കിയില്ല, പിറ്റേന്നുതന്നെ വായന തുടങ്ങി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി നിർമ്മിച്ച കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ നടക്കുന്ന കൊലപാതകങ്ങളും, അതിന്റെ പിന്നാമ്പുറങ്ങളും, തുടർന്ന് ക്രൈമിന്റെ ചുരുളഴിക്കുന്നതുമാണ് കഥാതന്തു. ആദ്യാവസാനം വരെ നല്ല രീതിയിൽ നിഗൂഢത നിലനിർത്താൻ കഴിഞ്ഞു എന്നതാണ് നോവലിൽ ഞാൻ കാണുന്ന പ്രധാന പോസിറ്റീവ്. സിനിമകളിലോ, സീരിസുകളിലോ സംവിധായകർ ഉൾപ്പെടുത്തുന്ന മറ്റു സിനിമാ/സീരീസ്/പുസ്തകങ്ങളെപ്പറ്റിയുള്ള റഫെറൻസുകൾ വളരെയധികം ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. അത്തരത്തിൽ ഒന്ന് ഈ നോവലിലും കാണാൻ കഴിഞ്ഞു. ഇവിടെ അത് I Think, Therefore I Am (Cogito ergo sum) അഥവാ, റെനേ ദെക്കാർത്തെയെപ്പറ്റിയായിരുന്നു. ഈ reference ഒക്കെ ഉണ്ടായിട്ടുകൂടി ആരാണ് കുറ്റവാളി എന്ന എന്റെ പ്രവചനം തെറ്റി.
അഗതാ ക്രിസ്റ്റി നോവലുകൾ വായിക്കുമ്പോൾ എല്ലായെപ്പോഴും ആരാണ് കുറ്റവാളി എന്ന എന്റെ ഊഹം തെറ്റുന്നതുകൊണ്ട് എനിക്കിത് പുതുമയൊന്നും ആയിരുന്നില്ല 😏. അല്ലേലും നമ്മൾ വിചാരിക്കുന്ന പോലെയൊന്നുമല്ലല്ലോ കാര്യങ്ങൾ നടക്കുന്നത് 😉. അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ 100 വാർഷികം ആഘോഷിക്കുന്ന വേളയിൽ DC Books നടത്തിയ ക്രൈം ഫിക്ഷൻ മത്സരവിജയി ആണിതെന്നുള്ളത് മറ്റൊരു കാര്യം.
3 ആഴ്ച എടുത്തു വായിച്ചുകഴിഞ്ഞു, ആൾക്ക് മെസ്സെഞ്ചറിൽ ഒരു മെസ്സേജുമയച്ചു. തിരിച്ചു എന്നെ call ചെയ്തു ഞാൻ എഴുതിയ പ്രാചീനകാല മനുഷ്യന്റെ കുടിയേറ്റങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്നും, കൊള്ളാമെന്നും കൂടെ പറഞ്ഞപ്പോൾ ഞാൻ ഹാപ്പി 😁. എന്തായാലും ആരെങ്കിലും ഒക്കെ അവ വായിച്ചിട്ടുണ്ട് എന്നുമറിഞ്ഞതിൽ സന്തോഷം.
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹോസ്പിറ്റലായ സതേൺ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ചെയർമാൻ രാഹുൽ ശിവശങ്കർ റോഡ് ആക്‌സിഡന്റ് ആയി ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തുന്നു. കോമയിൽ കിടക്കുന്ന രാഹുലിനെ ഡോക്ടർ ലൂക്ക ഏരിയ 51 ആയി അറിയപ്പെടുന്ന ന്യൂറോ ഏരിയയിലേക്ക് മാറ്റുന്നു. അവിടേക്ക് ഡോക്ടർ ലൂക്ക, സിസ്റ്റർ താര എന്നിവർക് മാത്രമേ പ്രവേശനം ഉള്ളൂ. തൊട്ടടുത്ത ദിവസം ആ ഓപ്പറേഷൻ ചെയ്ത ഡോക്ടർ ഡേവിഡ് ലൂക്ക വെടിയേറ്റ് മരിക്കുന്നു. പിന്നാലെ ഓപ്പറേഷൻ അസ്സിസ്റ്റ് ചെയ്ത നേഴ്സ് താര തന്റെ മുറിയിൽ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ന്യൂറോ ഏരിയയിലേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം ജൂനിയർ ഡോക്ടർ മീനാക്ഷിയ്ക്ക് ലഭിക്കുന്നു. വൈകാതെ തന്നെ ഡോക്ടർ മീനാക്ഷിയ്ക്ക് നേരെ വധശ്രമം ഉണ്ടായെങ്കിലും അവർ രക്ഷപെട്ടു. അന്വേഷണം ഡോക്ടർ മീനാക്ഷിയിലേക്ക് നീളുമ്പോൾ കഥ ഉദ്വേഗഭരിതമാകുന്നു. പക്ഷേ ആ കൊലയാളി മീനാക്ഷിയാണോ? അതോ മാറ്റാരെങ്കിലുമോ?
വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് അവസാന അധ്യായം വരെ എത്തിക്കാൻ എഴുത്തുകാരന് സാധിച്ചു. മീനാക്ഷി, ദിനകരൻ, ഡോക്ടർ രാഹുൽ ശിവശങ്കർ, സിസ്റ്റർ താര, ഡോക്ടർ ഡേവിഡ് ലൂക്ക, ഡോക്ടർ ലളിത മഹാദേവി, പിംഗള എന്നീ ശക്തമായ കഥാപാത്രങ്ങളെ വളരെ ശ്രദ്ധയോടെ രൂപപ്പെടുത്തിയതായി കാണാം. ചാറ്റ് ജിപിറ്റി പോലുള്ള നിർമിത ബുദ്ധി വെല്ലുവിളിയായി നിൽക്കുന്ന നൂതന സാങ്കേതിക വിദ്യയുടെ അപകടസാധ്യതയുള്ള കാലഘട്ടത്തിലാണ് ഈ കൃതിയുടെ അനിവാര്യത. അതുകൊണ്ട് തന്നെയാണ് സാധാരണ ക്രൈം ത്രില്ലർ ഫിക്ഷൻ നോവലിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത്. മൈൻഡ് അപ്ലോഡിങ്, ബ്രെയ്ൻ അപ്ലോഡിങ്, അതുപോലെ മരണത്തെ അതിജീവിക്കാൻ സാധ്യമാവുന്ന മഹാമൃത്യുഞ്ജയവിദ്യ എന്നിങ്ങനെയുള്ളവ ശാസ്ത്രത്തെ പിൻപറ്റി ഈ നോവലിൽ പരാമർശിച്ചിരിക്കുന്നു. രാഹുൽ ശിവശങ്കർ എന്ന വ്യക്തിയുടെ ജീവിതവും, ചെറുപ്പം തൊട്ട് അയാൾ കടന്നു പോയ തിക്താനുഭവങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും ആരെയും സ്പർശിക്കുന്നവയാണ് . അപകടം മണത്തറിഞ്ഞ് കാലേ കൂട്ടി കാര്യങ്ങൾ ചെയ്തു വെക്കാനുള്ള രാഹുലിന്റെ ദീർഘവീക്ഷണം വായനയുടെ അവസാന ഘട്ടത്തിൽ നമ്മളെ അദ്ഭുതപെടുത്തും. മനുഷ്യൻ എന്നാൽ ഒരു കൂട്ടം ന്യൂറോണുകൾ ആണെന്നാണ് ഡോക്ടർ ഡേവിഡ് ലൂക്ക പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നും മാറി കഥാപാത്രങ്ങളുടെ വീക്ഷണകോണിൽ കഥ പറഞ്ഞ രീതി എന്നെ ഒരുപാട് ആകർഷിച്ചു.
അഗതാ ക്രിസ്റ്റി യുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ നോവൽ എന്തുകൊണ്ടും അതിന് അർഹതപെട്ട ഒന്നുതന്നെയാണ്.
രേഷ്മ കെ പ്രദീപ്
#ചിലത്എഴുതണം #ഒരുപാട് വായിക്കണം #ഒരുപാട് യാത്ര പോകണം
ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ പറ്റുന്ന വിധം ത്രിൽ അടിപിക്കുന്ന പുസ്തകം.
സാധാരണയായി കണ്ടു വരുന്ന ഒരു കഥാ പശ്ചാത്തലം അല്ല ഇതിൽ, ഭൂത കാലത്തിൽ നിന്നും വർത്തമാന കാലത്തിൽ നിന്നും മാറി ഭാവിയിൽ നമ്മുടെ ലോകം എങ്ങനെ ആയിരിക്കും എന്നുള്ള ചിന്താഗതിയിൽ അധിഷ്ഠിതമായ ഒരു പശ്ചാത്തലം. ഭാവി എന്ന് പറഞ്ഞാ ഒരു 10 വർഷം മാത്രം പോയാൽ മതി. Artificial Intelligence, Robotics തുടങ്ങിയ ഭാവിയിലെ സാങ്കേതിക വിദ്യകൾ വരുന്നു എന്നു മാത്രം.
Programs എന്നുള്ളതിന് വികാര വിചാര വിവേകങ്ങൾ ഒന്നുമില്ല എന്നും നൽകുന്ന input നെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ സാധിക്കുന്ന വ്യവസ്ഥിതി മാത്രം ആണ് ഉള്ളതെന്നും ഉള്ള യാഥാസ്ഥിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ എഴുതിയ ഒരു ത്രില്ലർ ആണ് ഇത്. ഭാവിയുടെ സാങ്കേതിക വിദ്യ എങ്ങനെ കുറ്റ കൃത്യത്തിൽ ഉപയോഗിക്കാം എന്നും എങ്ങനെ കുറ്റം തെളിയിക്കാൻ ഉപയോഗിക്കാം എന്നും നമുക്ക് ഇവിടെ കാണാൻ പറ്റും.
ഒരു വേറിട്ട കാഴ്ച ഇവിടെ നമുക്ക് കാണാൻ പറ്റും. ഒരു കൊലപാതകം നടന്നു കഴിഞ്ഞ് പോലീസ് അല്ലെങ്കിൽ കുറ്റാന്വേഷകനായി വരുന്ന ആളിൻ്റെ വീക്ഷണ കോണിലൂടെ സഞ്ചരികാതെ കഥയിലെ ഇരകളിലൂടെ സഞ്ചരിക്കുന്ന ഒരു യാത്ര. അതും എടുത്തു പറയത്തക്ക പ്രാധാന്യം ഉള്ളതാണെന്ന് തോന്നുന്നു.
ഒരു കാര്യത്തിൽ മാത്രം ഇഷ്ടകേട് തോന്നിയത് ഇതിൽ ഉപയോഗിച്ചിരിക്കുന്ന 13 letter code ൻ്റെ strength ഇൽ മാത്രം ആണ്. അതിൻ്റെ നിർമാണത്തിലെ ലോജിക് വളരെ അധികം സ്ട്രോങ്ങ് ആക്കമായിരുന്��് എന്നു തോന്നി.
തീർച്ചയായും വായിക്കേണ്ട ഒരു ക്രൈം ത്രില്ലർ തന്നെ ആണ് എന്നു നിസ്സംശയം പറയാം..!
മലയാളത്തിൽ കുറേ കാലങ്ങൾക്ക് ശേഷം ഇത്രയും ത്രിൽ അടിച്ചു വായിച്ച ഒരു പുസ്തകം ഇല്ല. വളരെ മനോഹരം ആയ പ്ലോട്ട്. അതിലും ഉപരി എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ സ്ഥാനം ( Strong character base for each and every person) നൽകാൻ കഥകൃതിനു സാധിച്ചു. ഒരു സാധാരണ ക്രൈം ത്രില്ലെർ എന്നതിന് ഉപരി പുതിയ കാലത്തിന്റെതായ എല്ലാ നൂതന സാങ്കേതിക ശാസ്ത്രപരമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും കഥകൃത്തു 100% വിജയച്ചിരിക്കുന്നു. ആദ്യത്തെ പേജ് മുതൽ അവസാനത്തെ പേജ് വരെ നമ്മളെ മുൾമുനയിൽ നിർത്താൻ ഈ കൃതിക്കു സാധിക്കും.
നല്ല ഒരു കോൺസെപ്റ്റ് ആയിരുന്നു... 2045 initiative ന്നെ പറ്റി ഒക്കെ കൂടുതൽ അറിയാനും മൈൻഡ് അപ്‌ലോഡിങ് ഒക്കെ ത്രസിപ്പിക്കുന്ന വായന ആയിരുന്നു...
തുടക്കം ഒക്കെ പെട്ടെന്നു പെട്ടെന്നു വായിച്ചു പോയി... അവസാനം പക്ഷെ എന്തോ ഇത്രയേ ഉള്ളോ ഇനിയും എന്തെങ്കിലും ഒക്കെ വിശദികരിക്കാൻ ഉള്ളത് പോലെ ഒക്കെ തോന്നി....