കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി. ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല. തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു. നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
പ്രിയകഥാകാരൻ സി. രാധാകൃഷ്ണന്റെ ‘നോവൽ നവകം’ പരമ്പരയിലെ ആദ്യ നോവലാണ് ‘എല്ലാം മായ്ക്കുന്ന കടൽ’. ഈ പരമ്പരയിലെ ‘മുൻപേ പറക്കുന്ന പക്ഷികൾ’, ‘ഇനിയൊരു നിറകൺചിരി’ എന്നീ നോവലുകൾ കുറേകാലം മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്നു. അന്ന് അതു രണ്ടും വായിക്കുകയും ചെയ്തു. ഈയടുത്ത് ‘മുൻപേ പറക്കുന്ന പക്ഷിക’ളുടെ പുസ്തകം വാങ്ങി രണ്ടാമതും വായിച്ചു. കഥയുടെ ശക്തി തന്നെ കാരണം. അപ്പോഴൊന്നും ‘നോവൽ നവകം’ എന്ന പരമ്പരയെപറ്റി അറിവില്ലായിരുന്നു. വായിച്ച പുസ്തകങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലായിരുന്നില്ല. ഈയിടെയാണ് എന്റെ കൈയ്യിലുള്ള സി. രാധാകൃഷ്ണന്റെ ഒട്ടുമിക്ക നോവലുകളും ഈ പരമ്പരയിലേതാണെന്ന് മനസ്സിലായത്. കയ്യിലില്ലാത്ത പുസ്തകങ്ങൾ ഓൺലൈൻ കേരള ബുക്ക് സ്റ്റോറിൽ നിന്നും വാങ്ങുകയും ചെയ്തു. അങ്ങനെയാണ് ഞാൻ ‘എല്ലാം മായ്ക്കുന്ന കടലി’ലേയ്ക്ക് വഞ്ചിയിറക്കുന്നത്.
സി. രാധാകൃഷ്ണന്റെ ജന്മദേശമായ ചാമരവട്ടം അഥവാ ഇന്നത്തെ ചമ്രവട്ടം ആണ് കഥാപശ്ചാത്തലം. എന്റെ അമ്മയുടെ നാടായ എടപ്പാളിനടുത്താണ് എന്നതിനാൽ കുട്ടിക്കാലം തൊട്ടേ ചമ്രവട്ടവും ചമ്രവട്ടത്തപ്പനും കേട്ടുകേൾവികളിലൂടെ പരിചിതമാണ്. അവിടെയൊരു നമ്പൂതിരിയില്ലത്തെ കാര്യസ്ഥൻ ശങ്കരൻനായരെയും, പേരക്കുട്ടി അപ്പുവിനേയും, അവരെ ചുറ്റിപ്പറ്റിയുള്ള എണ്ണിയാലൊടുങ്ങാത്ത അനേകം കഥാപാത്രങ്ങളെയും അണിനിരത്തിയുള്ള ഒരു ബൃഹത്തായ കഥയാണിത്. കടലോളം ആഴമുള്ള കഥാപാത്രങ്ങൾ. കേരളത്തിൽ ഒരുകാലത്ത് കൊടികുത്തിവാണിരുന്ന മരുമക്കത്തായസമ്പ്രദായത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി വേണമെങ്കിൽ ഈ നോവലിനെ ചൂണ്ടിക്കാണിക്കാം. കുടുംബത്തിലെ കാരണവർ അമ്മാവനും കുട്ടികളുടെ അച്ഛൻ വെറും സംബന്ധക്കാരനും ആയി മാറിയിരുന്നൊരു കാലം. തന്റെ പുരുഷൻ ദൈവം എന്ന മന്ത്രവുമായി അടുക്കളയിലും അകത്തളത്തിലും ഒതുങ്ങിപ്പോയിരുന്ന സ്ത്രീത്വം. ഇവിടെ, അപ്പുവിന്റെ അമ്മ സീത, ശങ്കരൻനായരുടെയും മാതേവിയമ്മയുടെയും മൂത്ത മകൻ ദാമോദരൻ നായരുടെ ഭാര്യ, ഈ വിധം ശബ്ദമില്ലാതായിപ്പോയൊരു സ്ത്രീയാണ്. ജന്മിത്തം, പാട്ടം, പാട്ടബാക്കി, അടിയാൻ, കുടിയാൻ, വിശ്വാസം, അന്ധവിശ്വാസം, ഐതിഹ്യം എന്നിങ്ങനെ എല്ലാമുണ്ട് ഇക്കഥയിൽ. അക്കാലത്തെ നെൽകൃഷിയടക്കം പലതിന്റെയും വളരെ വ്യക്തമായ ചിത്രം ഇതിലുണ്ട്. ഒരു കുടുംബത്തിന്റെ ചരിത്രത്തിലൂടെ ഒരു ദേശചരിത്രം വായിച്ചെടുക്കാം. ആദ്യന്തം ഉള്ളതായും വന്നുപോകുന്നതുമായ കഥാപാത്രങ്ങൾക്കും അവരവരുടേതായ കഥകൾ ഉണ്ട്.
അപ്പുവിനോടൊപ്പമുള്ള കഥയുടെ യാത്ര കുട്ടിക്കാലത്തിന്റെ ഒരുപാടോർമ്മകൾ സമ്മാനിക്കുന്നുണ്ട്. ടിവിയും മൊബൈൽഫോണും ഒന്നുമില്ലാതിരുന്ന, കളിക്കാൻ ഊഞ്ഞാലും, മച്ചിങ്ങാവണ്ടിയും, ഓലക്കണ്ണടയും, കടലാസുവഞ്ചിയും അത്ഭുതലോകങ്ങൾ തീർത്തിരുന്ന കാലം. സ്കൂളിലേയ്ക്കുള്ള നടപ്പും, സ്ലെയ്റ്റും പെൻസിലും, എഴുത്ത് മായ്ക്കാനുള്ള മഷിത്തണ്ടും, ആണ്ടന്മുളയും, കാലൻകുടയും എല്ലാമെല്ലാം. അപ്പുവും മുത്തച്ഛനും തമ്മിലുള്ള ബന്ധം ഊഷ്മളമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അപ്പുവിന്റെ അച്ഛനിലൂടെ അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയസ്ഥിതി ചെറുതായി കാണിച്ചു തരുന്നു. കേരളരൂപീകരണവും അതേത്തുടർന്ന് വരുന്ന നിയമങ്ങളും അടിയാൻ കുടിയാൻ ബന്ധങ്ങളുടെ അവസാനങ്ങളും കാണാനാവുന്നു. കഥാന്ത്യത്തിലെത്തുംതോറും മനസ്സിൽ ദുഃഖച്ഛായ പടരുന്നു. എങ്കിലും പഴയൊരു നാടൻ കാലത്തേയ്ക്ക് കുറച്ചു നാളേയ്ക്കെങ്കിലും പോയി വന്നൊരു പ്രതീതി. കൊച്ചുകുട്ടിയായിരുന്നപ്പോൾ പറഞ്ഞിരുന്ന ഇപ്പോൾ അബോധത്തോടെ ഉള്ളിലെവിടെയോ പൊടിപിടിച്ചുകിടക്കുന്ന തനിനാടൻ ഭാഷ ഒരിക്കൽക്കൂടി അനുഭവിച്ചറിഞ്ഞ സുഖം. ശ്രീ സി. രാധാകൃഷ്ണന് ഒരുപാട് നന്ദി.
ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവല്‍നവകത്തിലെ ആദ്യകൃതി. കേരളീയജീവിതത്തിന്റെ അടിവേരുകള്‍ വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നു. തലമുറകളുടെ തുടര്‍ച്ചയും ഇടര്‍ച്ചയും മരുമക്കത്തായ വ്യവസ്ഥിതിയുടെ അക്കാലഘട്ടത്തിലെ പ്രാധാന്യവും ഉൾപ്പെടുത്തി ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രീതിയിലുള്ള എഴുത്താണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒറ്റവായനയിൽ ഇതിൽ പലതും ഉൾക്കൊള്ളണം എന്നില്ല.
As mentioned in the book cover, this really takes you to the life in the forties of central Kerala. It has a lot of sub stories about the characters and the places depicted. Even though the book is centred around its main character, each other character has a distinct story to tell. If you would like to know the life of the matriarchal Nair families, this book will give an insight.