A book Sathyan Anthikadu ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും മനുഷ്യന്റെ ഭാഗ്യവും നിർഭാഗ്യവും തലവരയും വിധിയും സാക്ഷ്യങ്ങളുമാണ് അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം
ഗാനരചയിതാവ്, എഴുത്തുകാരൻ, സംവിധായകൻ എന്നിങ്ങനെ വിവിധ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സത്യൻ അന്തിക്കാടിന്റെ ഓർമ്മകളാണ് ഈശ്വരൻ മാത്രം സാക്ഷി. സാധാരണക്കാരന്റെ ജീവിതം നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ചു വിളമ്പുന്ന സത്യൻ അന്തിക്കാടിന്റെ ഓർമ്മകളിലും നർമ്മങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്, കൂടെ ചില നൊമ്പരങ്ങളും. സിനിമയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിനുണ്ടായ അനുഭങ്ങളിൽ ഇന്നും നമുക്കിടയിൽ ജീവിക്കുന്ന അഭിനേതാക്കളും എഴുത്തുകാരും കവികളും അണിനിരക്കുന്നതിനോടൊപ്പം തന്നെ മണ്മറഞ്ഞ പല പ്രശസ്തരും ഓർമ്മകളാകുന്നു. നസീർ, ഒ.എൻ.വി, ലോഹിതദാസ്, ജോൺസൺ, വി.കെ.എൻ, ശങ്കരാടി എന്നിവർ അവരിൽ ചിലർ മാത്രം. ഇവരിൽ ലോഹിതദാസിനോടുള്ള അദ്ദേഹത്തിന്റെ സൗഹൃദം എന്തുമാത്രം വിലപ്പെട്ടതാണെന്ന് വളരെയധികം മനസ്സിലാക്കാം. ശ്രീനിവാസൻ, മോഹൻലാൽ, മമ്മൂട്ടി എന്നിവരോടുള്ള സൗഹൃദം, ചില വ്യക്തികളുമായുണ്ടായ അദ്ദേഹത്തിന്റെ പരിചയങ്ങൾ എല്ലാം വളരെ നന്നായി എഴുതിയിരിക്കുന്നു.
ഇതിനോടൊപ്പം തന്നെ സത്യൻ അന്തിക്കാടിനെ കാണാനും അദ്ദേഹത്തോടൊപ്പം ഒരു ട്രെയിൻ യാത്ര ചെയ്യാനും ഒരുപാടുനേരം സംസാരിക്കാനും കിട്ടിയൊരു സന്ദർഭം ഞാനോർക്കുന്നു. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു ഞാൻ. ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ, പുസ്തകം വായിച്ചു കിടക്കുകയായിരുന്ന എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ ഒരാൾ വന്നിരുന്നു. സത്യൻ അന്തിക്കാട്! പെട്ടെന്നുതന്നെ ഞാൻ എഴുന്നേറ്റിരുന്നു നമസ്കാരം പറഞ്ഞു. ഒട്ടും ജാടയില്ലാതെ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ സംസാരം ആരംഭിച്ചു. ഞങ്ങളുടെ കൂടെ അന്ന് യാത്ര ചെയ്തിരുന്ന, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറും സംസാരത്തിൽ പങ്കുചേർന്നു. വളരെ സിംപിൾ ആയി ചിരിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ഷീലയും മോഹൻലാലും അമ്മയും മകനും ആയുള്ള പേരിടാത്തൊരു ചിത്രമാണ് (സ്‌നേഹവീട് ആണാ സിനിമയെന്ന് പിന്നീട് മനസ്സിലായി) അദ്ദേഹം അടുത്തതായി പ്ലാൻ ചെയ്യുന്നത് എന്ന് പറഞ്ഞു.
അദ്ദേഹത്തിന്റെ സ്ഥിരം സംഗീതസംവിധായകനായിരുന്ന ജോൺസൺ മാഷെ മാറ്റി ആയിടെ ഇറങ്ങിയ സിനിമകളിലെല്ലാം ഇളയരാജയുടെ സംഗീതം എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി ഒരു സുഹൃദ്ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ പോന്നതായിരുന്നു. ജോൺസൺമാഷ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് സംഗീതസംവിധാനരംഗത്തുനിന്നും വിട്ടുനിൽക്കുന്ന കാലമായിരുന്നു അത്. ജോൺസൺമാഷിനെ മാറ്റി അദ്ദേഹത്തേക്കാൾ പ്രായം കുറഞ്ഞ യുവസംഗീതസംവിധായകരെ തിരഞ്ഞെടുക്കാൻ മനസ്സനുവദിച്ചില്ല. ജോൺസൺ ഒരിക്കലും അങ്ങനൊന്നും പറഞ്ഞില്ലെങ്കിൽക്കൂടി അങ്ങനെ ചെയ്‌താൽ സുഹൃത്തിനൊരു വേദനയായെങ്കിലോ എന്ന ചിന്തയാണ് കാരണം. അതിനാലാണ് അദ്ദേഹത്തേക്കാൾ സീനിയോറിറ്റി കൂടിയ രാജാസാറിനെ ഏൽപ്പിക്കുന്നത്. അതാവുമ്പോൾ ജോൺസണ് വിഷമം തോന്നുകയില്ല.
നാടോടിക്കാറ്റിനും പട്ടണപ്രവേശത്തിനും ശേഷം ദാസനും വിജയനും എന്തുകൊണ്ട് ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ തിരിച്ചുവന്നില്ല എന്നതായിരുന്നു മറ്റൊരു വിഷയം. സത്യമംഗലം വനത്തിൽ വീരപ്പനെ പിടിക്കാൻ പോകുന്ന ദാസന്റെയും വിജയന്റെയും മൂന്നാമതൊരു രംഗപ്രവേശത്തിനായി കഥ ആലോചിച്ചുവരികയായിരുന്നു. എന്നാൽ അന്നേരം പ്രിയദർശൻ അവരെയുംകൊണ്ട് കിരീടം തിരിച്ചുപിടിക്കാൻ അക്കരെയക്കരെയക്കരെ അമേരിക്കയിലേയ്ക്കയച്ചെന്ന് അദ്ദേഹം വളരെ നർമ്മത്തോടെ പറഞ്ഞു.
സന്ദേശത്തിനെക്കുറിച്ചും ഏറെ സംസാരിക്കാനുണ്ടായിരുന്നു അന്ന്. ഇറങ്ങിയകാലത്ത് ഏറെ അവഗണന സഹിക്കേണ്ടിവന്നൊരു ക്ലാസ്സിക് സിനിമ ആയിരുന്നല്ലോ സന്ദേശം. ശ്രീനിവാസനുമായുള്ള സൗഹൃദവും എല്ലാത്തിൽനിന്നും എല്ലാവരിൽനിന്നും ഇടവേളയെടുത്ത് പുസ്തകങ്ങൾ വായിക്കാനായിമാത്രം ഷൊർണൂരിലെ ഗസ്റ്റ് ഹൗസിൽ ഒരുപാട് പുസ്തകങ്ങളുമായി രണ്ടുപേരും ഒരുമിച്ച് ചിലവഴിച്ച കാര്യവും അന്ന് പറഞ്ഞിരുന്നു. ആ ദിവസങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അന്നത്തെ ട്രെയിൻ യാത്രയിൽ അന്നേരത്തെ ആ ഒരു അത്ഭുതവും സന്തോഷവും കാരണം അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങാനോ ഒരുമിച്ചൊരു ഫോട്ടോ എടുക്കാനോ കഴിഞ്ഞില്ലെന്ന സങ്കടം ഇപ്പോളും ഉള്ളിലുണ്ട്. ടി.പി. ബാലഗോപാലൻ എം.എ., ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, കുടുംബപുരാണം, പട്ടണപ്രവേശം, പൊമുട്ടയിടുന്ന താറാവ്, വരവേൽപ്പ്, മഴവിൽക്കാവടി, തലയണമന്ത്രം, സന്ദേശം, തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിങ്ങനെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന എത്രയെത്ര സിനിമകൾ! സത്യൻ അന്തിക്കാട്, നിങ്ങൾ ഇനിയും ഒത്തിരിയൊത്തിരി കഥകൾ പറയൂ… ഞങ്ങൾ പ്രേക്ഷകർ, വായനക്കാർ സ്നേഹത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു.