വായന📖 - 25/2022 പുസ്തകം📖 - സീസൺ ഫിനാലെ രചയിതാവ്✍🏻 - സിവിക് ജോൺ പ്രസാധകർ📚 - കറൻ്റ് ബുക്സ് തരം📖 - കഥകൾ പതിപ്പ്📚 - 3 പ്രസിദ്ധീകരിച്ചത്📅📚 - ഡിസംബർ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - ഡിസംബർ 2020 താളുകൾ📄 - 120 വില - ₹150/-
⏳ സിവിക് ജോൺ എന്ന എഴുത്തുകാരൻ്റെ ഏറ്റവും കൂടുതൽ പേർ വായിച്ചിട്ടുള്ളതും വായിച്ചവർ മറ്റു വായനക്കാർക്ക് സജ്ജസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ള ഒരു പുസ്തകമാണ് "സീസൺ ഫിനാലെ". കുറച്ച് നാൾ പുസ്തകം എവിടെ നിന്നും ലഭിക്കാതെ ഔട്ട് ഓഫ് സ്റ്റോക്ക് വരെ ആയിട്ടുണ്ട്. ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോഴാണ് എന്തുകൊണ്ടാണ് ഈ പുസ്തകത്തെക്കുറിച്ച് ഇത്രയധികം ആളുകൾ പറയുന്നതെന്ന് മനസ്സിലായത്. അത്രമേൽ മനോഹരമായ ഒരു രചനയാണിത്. കഥാസമാഹാരം, കഥകൾ എന്നിവയെക്കാളും ഞാൻ കൂടുതലായി വായിക്കാൻ ഇഷ്ടപ്പെടുന്നത് നോവലുകളാണ്. ജി. ആർ ഇന്ദുഗോപൻ, ഉണ്ണി ആർ എന്നിവരെപ്പോലെ വിരലിലെണ്ണാവുന്ന എഴുത്തുകാരുടെ കഥകളാണ് ഞാൻ പിന്നെയും വായിക്കാൻ ഇഷ്ടപ്പെടുന്നത്. ഒട്ടേറെ നിരൂപണങ്ങളും നല്ല അഭിപ്രായങ്ങളും വന്നിട്ടുള്ള അഖിൽ കെ യുടെ "നീലച്ചടയൻ" പോലെയുള്ള പുസ്തകങ്ങൾ ആണെങ്കിൽ തേടിപ്പിടിച്ച് വായിക്കാറുണ്ട്. അത്തരത്തിൽ ഒരു പുസ്തകമാണ് സീസൺ ഫിനാലെ.
⏳ചില കഥാസമാഹാരങ്ങളെക്കുറിച്ച് പറയുമ്പോൾ അതിലെ കഥകളും എഴുത്തും എല്ലാം എങ്ങനെയാണെന്ന് പൊതുവായി പറഞ്ഞാൽ മതിയാവും. എന്നാൽ ഈ പുസ്തകത്തിൻ്റെ കാര്യത്തിൽ അങ്ങനെയല്ല. മൂന്ന് കഥകളെ ഉള്ളൂ എങ്കിലും ആ മൂന്നും മാസ്റ്റർപീസ് എന്ന് തന്നെ വിശേഷിപ്പിക്കാം എന്നാണ് എൻ്റെ അഭിപ്രായം. എഴുത്തുകാരൻ്റെ തന്നെ "ഛായ" എന്ന പുസ്തകം ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ ചിലർ, സീസൺ ഫിനാലെ, സോൾ കിച്ചൻ എന്നിങ്ങനെയാണ് ഈ പുസ്തകത്തിലെ മൂന്ന് കഥകൾ. ഇതിലെനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആദ്യകഥയായ "ചില നേരങ്ങളിൽ ചിലർ" ആണ്. പുസ്തകത്തിലെ മൂന്ന് കഥകളിൽ വെച്ച് ദൈർഘ്യം കൂടുതലുള്ള കഥയാണിത്. ഈ കഥയിലേക്ക് വന്നാൽ, കഥയിലെ കഥാപാത്രങ്ങളെയെല്ലാം പ്രത്യേകം ഓരോരോ അദ്ധ്യായങ്ങളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥ വായിച്ച് തുടങ്ങിയപ്പോൾ ഒരു കഥയിൽ തന്നെ വീണ്ടും ഉപകഥകൾ ഉണ്ടോ എന്നൊരു സംശയം തോന്നി. എന്നാൽ, ഒറ്റ കഥയിലെ കഥാപാത്രങ്ങളെ തന്നെയാണ് പല അദ്ധ്യായങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നുവരെ വായിച്ച ഒരു കഥയിലും കാണാത്ത ഒരു പ്രത്യേകതയായി എനിക്കത് തോന്നി. മാത്രവുമല്ല, അത് തന്നെയാണ് ആ കഥയുടെ ഭംഗി.
⏳രണ്ടാമത്തെ കഥയായ സീസൺ ഫിനാലെ ഒരു സയൻസ് ഫിക്ഷനാണ്. മൃഗങ്ങൾ മനുഷ്യരെപ്പോലെ മനുഷ്യരോടും തിരിച്ച് അങ്ങോട്ടും ആശയവിനിമയം നടത്തുന്നത് ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കും. ഫാൻ്റസി ആണെന്ന് തെറ്റിദ്ധരിക്കണ്ട, സയൻസ് ഫിക്ഷനാണ്. കഥയുടെ തുടക്കത്തിൽ ഇതൊരു കല്ലുകടിയായി തോന്നുമെങ്കിലും പോകെപ്പോകെ ഈ കഥയും പ്രിയപെട്ടതായി മാറുമെന്നതിൽ സംശയമില്ല. അടുത്ത കഥയായ സോൾ കിച്ചനും ആദ്യ രണ്ട് കഥകളെപ്പോലെ തന്നെ വേറിട്ട മറ്റൊരു പരീക്ഷണം തന്നെയാണ്. ബെന്യാമിൻ്റെ "മുല്ലപ്പൂ നിറമുള്ള പകലുകൾ" എന്ന നോവലിലെ പോലെ, പുസ്തകത്തിനുള്ളലെ മറ്റൊരു പുസ്തകം പോലെ, എഴുത്തുകാരൻ തന്നെയാണോ അതോ ആരതി എന്ന വ്യക്തിയാണോ "സോൾ കിച്ചൻ" എന്ന കഥ എഴുതിയിരിക്കുന്നത് എന്ന് വായനക്കാരിൽ ആശയക്കുഴപ്പം ജനിപ്പിക്കുന്നുണ്ട്.
⏳ഒരു കഥയോ നോവലോ എഴുതി അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള കൈയെഴുത്ത് പ്രതിയിൽ പല വെട്ടലും തിരുത്തലുകളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ അതുവരെ എഴുതിയത് മുഴുവൻ കീറിക്കളഞ്ഞ് വീണ്ടും എഴുതും. "സോൾ കിച്ചൻ" എന്ന കഥയിൽ അതുപോലെയുള്ള വെട്ടിതിരുത്തലുകൾ വരുന്നുണ്ട്. കൈയെഴുത്ത് പ്രതിയെന്ന് തന്നെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ കഥ എഴുതിയിട്ടുള്ളത്. ഒരു കഥ എന്നതിനേക്കാളുപരി ഓർമക്കുറിപ്പുകളും പാചകക്കുറിപ്പുകളും എന്ന് പറയുന്നതാവും കൂടുതൽ ശരി. ഓരോ ഓർമ്മക്കുറിപ്പുകളോട് കൂടെയും ഓരോ പാചകക്കുറിപ്പുകൾ വീതമുണ്ട്. ഓർമക്കുറിപ്പുകളും പാചകക്കുറിപ്പുകളും തമ്മിലെന്ത് ബന്ധം എന്ന് ചിലപ്പോൾ സംശയം തോന്നിയേക്കാം. എന്നാൽ ആരതിയുടെ ജീവിതത്തിലെ ഓരോ ഓർമകളുടെ കൂടെയും അതുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ് ഓരോ പാചകക്കുറിപ്പുകളും. സോൾ കിച്ചൻ എന്ന പേരുപോലെ തന്നെ ആത്മാവിൻ്റെ അടുക്കള, അതായത് ഓരോ ഓർമകളും ഓരോ രുചികളാണ്.