കല്ലറയും കല്ലുളിയും ഉണ്ടായ കാലമാണ് ശിലായുഗം. കാരിരുമ്പിന് മുമ്പ് കല്ലുപോലെയാണ് മനം ഉറച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള ആദിരൂപങ്ങളുടെ ആയുധവും കല്ലുതന്നെ. അധികാരവും വിമതത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു കാലത്ത് കല്ലിന്റെ പുറത്തായിരുന്നു. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിക്കുന്നത്.
2.5/5 ഒരു കഥയായി അവതരിപ്പിക്കാവുന്ന തന്തുവിനെ, റബ്ബർബാൻഡ് പോലെ വലിച്ചുനീട്ടി നോവൽ ആക്കിയാലും, കഴിവുള്ള ഒരു എഴുത്തുകാരന് അതിനെയും ആസ്വാദ്യകരമാക്കാൻ സാധിക്കും എന്നതിൻ്റെ ഉദാഹരണമാണ് ഏറ്. It was fun reading this. Social Media Narrative വിന് കണ്ണടച്ച് സലാം പറയുന്ന ഒരു ഭാഗം നോവലിൽ കണ്ടിരുന്നു, അതൊരിക്കലും ഇത്രയും Updated ആയ എഴുത്തുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. ആ ഒരു പാരഗ്രാഫ് മാറ്റി നിർത്തിയാൽ, It was a clean 3 star read.
പുതിയ തലമുറയിലെ എഴുത്തുകാരിൽ ബുദ്ധിപരമായ പരീക്ഷണങ്ങൾ, തൻ്റെ കൃതികളിൽ നടത്തുന്ന ഒരെഴുത്തുകാരൻ എന്ന നിലയിലാണ് വി.എം.ദേവദാസിൻ്റെ എഴുത്തുകളെ കാണുന്നത്. നോവലുകളെക്കാൾ ചെറുകഥകളിലെ ശ്രമങ്ങൾ ആ പരീക്ഷണങ്ങളുടെ വിജയമാണെന്നു പറയുമ്പോഴും , പന്നിവേട്ട എന്ന നോവൽ,നല്ലൊരു വായനയായിത്തന്നെ ഓർമ്മയിലുണ്ട്. "വെള്ളിനക്ഷത്രം" എന്ന ചെറുകഥ, മലയാളത്തിലെ #ചെറുകഥകളിൽ മുമ്പെങ്ങും കണ്ടു പരിചയമില്ലാത്ത ഹോളോകോസ്റ്റ് പരിസരങ്ങളെ സമന്വയിപ്പിച്ചെഴുതിയ ഒരു നല്ല കൃതിയായി വായനയിലുണ്ട്. എഴുത്തുകാരൻ്റെ ശൈലികൾ സാകൂതം നിരീക്ഷിക്കുന്ന ഒരു വായനക്കാരി എന്ന നിലയിലാണ് "ഏറ്" വായനക്കായി എടുത്തത്.രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് എളുപ്പം വായിച്ചു തീർക്കാവുന്ന ഒരു നോവൽ. അധികാരം, ചരിത്രത്തെയും വർത്തമാനകാലത്തെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്ന് ഒരൊറ്റ മനുഷ്യൻ്റെ കഥ പറയുന്നതിലൂടെ തെളിയിക്കാനുള്ള ശ്രമം ഉടനീളം കാണുന്നുണ്ട്. അധികാരത്തിൻ്റ ഗർവ്വിനെതിരെ ഒളിഞ്ഞിരുന്നെങ്കിലും ആക്രമിക്കാനുള്ള ഒരു ത്വര ജനക്കൂട്ടത്തിന്നുണ്ടെന്ന് തെളിക്കുന്ന ഇരുട്ടിലെ ഏറുകൾ, ഓരോ ഏറിനും കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് മനസ്സിലാക്കുന്ന ഏറു കൊള്ളുന്നവൻ, അതിനു കാരണമായേക്കാവുന്ന പഴയകാലത്തിലെ ഓരോരോ ഏടുകൾ തിരഞ്ഞിറങ്ങുന്ന അയാൾ. വേട്ടക്കാരനായിരിക്കുമ്പോൾ തന്നെ, അയാളും ഇരയായിരുന്നു എന്ന ഓർമ്മപ്പെടുത്തലുകളിലൂടെ കഥ പുരോഗമിക്കുന്നു. ഭൂതകാലത്തിനും വർത്തമാന കാലത്തിനുമിടയിലൂടെ വായനക്കാരനെ ഒരു sea saw കളി പോലെ സഞ്ചരിപ്പിക്കുന്നുണ്ട് നോവൽ!
ചിത്രകാരന്‍ പിടികിട്ടാപ്പുള്ളിയെപ്പോലാകണം എന്ന്‍ കലാകാരനും സുഹൃത്തുമായ എസ്എന്‍ സുജിത് പറയാറുണ്ട്. കൃത്യം സൂക്ഷ്മതയോടെ ചെയ്ത്, യാതൊരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ച്, രംഗത്ത് നിന്ന് അപ്രത്യക്ഷം. ഏറെക്കാലം, ഏറെയിടങ്ങളില്‍, ഏറെപ്പേരുടെ മനസ്സിലുയരുന്ന ചോദ്യങ്ങള്‍ കലാകാരന്‍റെ മതില്‍ക്കെട്ടുകളെയും ഭേദിച്ച് പറക്കണം. സാഹിത്യത്തിന് ചിത്രങ്ങള്‍ പോലെ പുനര്‍വായനയുണ്ടാകില്ലെങ്കിലും തലമുറകള്‍ കൈമാറേണ്ട, അതിര്‍ത്തികള്‍ കടന്ന്‍ സഞ്ചരിക്കേണ്ട ബാധ്യതയുണ്ട്. അതിനായിരിക്കണം ദേവദാസ് പാതിരാത്രികളില്‍ എറിഞ്ഞുകൊണ്ടേയിരിക്കുന്നത്. അധികാര ശീതളിമ കൈയൊഴിഞ്ഞ ജീവിതസായാഹ്നങ്ങളില്‍ എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുന്ന ഉരുളന്‍ കല്ലുകള്‍. ലോകത്തെവിടെയായാലും ഏതു കാലത്തായാലും അത് കൊള്ളാം. ഗാസയിലെ ഏറല്ല കാശ്മീരില്‍, അതല്ല മുത്തങ്ങയില്‍, പക്ഷേങ്കില് കൊള്ളുന്നവന് പൊന്നീച്ച പറക്കും.
ആയകാലത്ത് ആകാവുന്ന അക്രമങ്ങള്‍ കാണിച്ച്, അന്ത്യകാലത്ത് ഭക്തി കലശലായി നടക്കുന്ന കൂട്ടരെ നാട്ടിലെമ്പാടും കാണാമല്ലോ. നരകമെങ്ങാനും ഉണ്ടോ, കണക്ക് പറയേണ്ടിവരുമോ എന്ന് പേടിച്ചാകാം അവസാനകാലത്ത് മൂക്കറ്റം പ്രാര്‍ത്ഥിക്കുന്നത്. വരമ്പത്ത് കൂലി കിട്ടാത്തവര്‍ക്കായിരിക്കണം ഏറെ വ്യാധി. ശ്രീധരന്‍ പോലീസിന്‍റെ കാര്യം കോശിയുടെ പോലായി. നാടകമൊക്കെ ആടിതീര്‍ത്ത് ബൈ പറഞ്ഞ് അടുത്ത പണിക്ക്പോകാന്‍ നില്‍ക്കുമ്പോഴാണ് അയ്യപ്പന്‍ നായര് പറേണത്, എവിടെപ്പോണ്? ഞാന്‍ തുടങ്ങുന്നതേ ഉള്ളൂ, പോകുന്ന വഴിയിലൊക്കെ നമ്മളുണ്ടാകും ന്ന്.
ഒരു കഥാമുഹൂര്‍ത്തം സൃഷ്ടിച്ച്, അതില്‍ ചില പ്രയോഗങ്ങള്‍ മാറ്റിയും മറിച്ചും ഉപയോഗിക്കുന്ന രചനാരീതി സാഹിത്യത്തില്‍ പൊതുവെ കാണാറുണ്ട്. ഏറുപോലുള്ള ഒരു പ്രയോഗമെടുത്ത് അതിനും ചുറ്റും കഥാപാത്രങ്ങളെ ഒരുക്കുന്ന പുതുമ നിറഞ്ഞ, ശ്രമകരമായ രീതിയാണ് ദേവദാസ് പിന്തുടരുന്നത്. കുറേ കഥകള്‍ തുന്നിക്കെട്ടി ഊടുംപാവും നെയ്ത പ്രതീതി. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും നടന്ന സകലമാന ഏറുകളേയും ക്രോസ് വിസ്താരം ചെയ്യുന്നുണ്ട് ദേവദാസ്. ശിവന്‍ മുതല്‍ ഗുരു വരെയുള്ളവര്‍ ഉള്‍പ്പെട്ട ഏറുകള്‍. ഭയചകിതനായ മനുഷ്യന്‍റെ മുന്‍പില്‍ ഒരേയൊരു ലക്ഷ്യമേയുള്ളൂ എന്നും അന്ധവിശ്വാസത്തെ ഒരു കയ്യിലും ശാസ്ത്രത്തെ മറുകയ്യിലും വച്ച് അവനാ ഭയത്തെ മറികടക്കാന്‍ നോക്കുമെന്നും കഥാനായകനിലൂടെ വരച്ചുകാട്ടുന്നു. യുക്തിചിന്തയില്ലായ്മ എങ്ങനെ ഒരു ദേശത്തെ കലാപകലുഷിതമാക്കുമെന്ന ചിന്തയിലാണ് ദേവദാസ് നിര്‍ത്തുന്നത്.
സുഖമുള്ള വായന. പരിചയമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍. ചെപ്പും പന്തും കൊണ്ട് മദിരാശിയില്‍ കളിച്ച നാട്ടുകാരനും സുഹൃത്തുമായ ദേവദാസ്, ചാത്തന്മാരുടെ ബാഹുല്യം കൊണ്ടാണോ എന്നറിയില്ല, എറിയാന്‍ തിരഞ്ഞെടുത്തത് തൃശ്ശൂരാണ്. ചില കല്ലുകള്‍ എങ്കക്കാട്ടിലും വീഴുന്നുണ്ട്!
കാലൻ പോലീസ് എന്ന ഇരട്ടപ്പേരുള്ള ശ്രീധരൻ പോലീസ് റിട്ടയേർഡ് ആയി തനിയെ വീട്ടിൽ കഴിച്ചു കൂടുന്നു. ഭാര്യ മകളുടെ പ്രസവത്തിനു വേണ്ടി പുറംരാജ്യത്തേക്കു പോയതാണ്, ഇതുവരെ വന്നിട്ടില്ല. അങ്ങനെ ഇരിക്കേയാണ് വീടിനു നേരെ കല്ലേറ് തുടങ്ങുന്നത്.
കല്ലേറിന്റെ ഉറവിടവും കാര്യകാരണവും തിരക്കി ശ്രീധരൻ പലരെയും കാണുന്നു. ചാത്തനാണ് ഏറിന്റെ പിന്നിലെന്ന് ഓട് നന്നാകാൻ വന്ന സുകുന്ൻ പറഞ്ഞു. ശ്രീധരനോട് വിരോധമുള്ള ആരെങ്കിലും ആണോ എന്നറിയാൻ, ശ്രീധരൻ ചില യാത്രകൾ നടത്തുന്നു, അത് വഴി പോലീസിന്റെ അന്യായങ്ങളും, സിസ്റ്റം മനുഷ്യനെ എങ്ങനെ ഇരയാക്കുന്നു എന്ന അറിവുകളും എഴുത്തുകാരൻ തരുന്നുണ്ട്.
പല കഥാപാത്രങ്ങളും കടന്നു പോകുന്നുണ്ട്. രാജൻ കേസിലെ സാക്ഷി ഗോലിയാത് ആന്റണി, ബാബ്‌റി പള്ളി പൊളിച്ച സമയത്തു, റേഡിയോവിൽ ഉസ്താദിന്റെ പ്രസംഗം ഉറക്കെ വെച്ചതിനു പിടിച്ചോണ്ട് പോയ ഹസൈനാർ, പോലീസ് അടി കഴിഞ്ഞു വിഷം കഴിച്ചു മരിച്ച വേശുമണിയണ്, ഒരു പണക്കാരൻ മേസ്ത്രിയുടെ കൂടെ കൂടി പോലീസ് കൊന്ന രമേശൻ, അയാളുടെ ഭാര്യയുടെ കണ്ണിലെ തീക്ഷണത, ഗുജറാത്ത് പൊലീസിന് വേണ്ടി, നാട്ടിലെ ഒരാളെ ഫോല്ലോ ചെയ്യാൻ ഉത്തരവിട്ടപ്പോൾ ശ്രീധരൻ ഉടക്കുണ്ടാക്കിയ പോലീസ് മേധാവി, കള്ളക്കേസിൽ കുടുക്കി ഗരുഡൻ തൂക്കം ചെയ്‌ത ഒരുത്തൻ, കണ്ണൻ ദേവൻ എസ്റ്റേറ്റിൽ നടന്ന കൊലപാതകത്തിന് ജയിലിൽ പോയവൻ, അങ്ങനെ പലരും.
എറിയുന്നവനെ തിരിച്ചറിയാൻ ശ്രീധരന്റെ മരുമകൻ cctv സെറ്റാക്കി വെച്ചെന്ക്കിലും, ആളെ ക���ട്ടിയില്ല . ചാത്തൻ ആണ് ഇതിനു പിന്നിലെന്നും, ചാത്തനെ തൃപ്തിപ്പെടുത്താൻ ഒരു പൂജ നടത്തണമെന്നും, അത് നാടിന്റെ ആവശ്യമാണെന്നും കെൽപ്പിക്കപ്പെടുന്നു, സുഗുണന്റെ നിർബന്ധത്തിനു ശ്രീധരന് വഴങ്ങേണ്ടി വന്നപ്പോൾ, അത് നാട്ടിൽ ഒരു ക്രമസമാധാന പ്രശ്നമായി മാറുന്നു.
മിസ്റ്ററി നിലനിർത്തിക്കൊണ്ടും, രാഷ്ട്രീയം പറഞ്ഞുകൊണ്ടും, കഥ മുന്നോട്ടു പോകുമ്പോഴും , നല്ല രസമുള്ള ഒഴുക്ക് കഥയ്ക്കുണ്ട്. Fourth-wall ബ്രേക്കിലൂടെ കഥ അവസാനിപ്പിച്ചതും നല്ല ഒരു finish ആയിരുന്നു.
ദേവദാസിന്റെ പ്രസിദ്ധീകരിച്ച ഒത്തിരി കൃതികൾ ഉണ്ടെങ്കിലും ഞാൻ ആദ്യമായാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്;'ഏറി'ലൂടെ. പേര് പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന ഒരു രചന തന്നെയാണ് ഇത്.ഒരു നോവലിനെ എങ്ങനെ ജീവനുള്ളതാക്കി മാറ്റാം എന്ന് കാണിച്ചുതരുന്നു ഈ കൃതി. ഏറെ രസകരവും ചിന്തോദ്ദീപകവുമായ രചന. പോലീസ് ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞ ശ്രീധരന്റെ വീട്ടിൽ പിറ്റേന്ന് മുതൽ ഏറ് തുടങ്ങി .....ആര് ?എന്തിന് ? ഇത് അന്വേഷിച്ചുള്ള യാത്രയായി പിന്നീടങ്ങോട്ട് ശ്രീധരൻ ...... ഉദ്യോഗത്തിലുണ്ടായിരുന്നപ്പോൾ അറിഞ്ഞും അറിയാതെയും ശിക്ഷിക്കപ്പെട്ടവരുടെ പേരുകൾ ഓർത്തു പിടിച്ച് അന്വേഷണം ആരംഭിച്ച ശ്രീധരന് അവസാനം ആ അജ്ഞാത ഏറുകാരനെ കണ്ടെത്താനായോ ? ..... ആയം, കല്ല് , ഉന്നം, ബൂമറാങ് ...... തുടങ്ങി ഇതിലെ അധ്യായങ്ങൾക്കെല്ലാം പേരിട്ടത് ഏറുമായി ബന്ധപ്പെട്ടത് തന്നെ എന്നതാണ് ഈ നോവലിന്റെ ഒരു സവിശേഷത. അധികാരത്തിന്റെ കാലികമായ സങ്കീർണതകളെ ഒരു നാടോടി കഥാരൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ നോവൽ വായിക്കാൻ നല്ല സുഖം ...... എറിയുന്നവനെ കണ്ടെത്താൻ നമുക്കും ഒരു ആഗ്രഹം ......അതുകൊണ്ടുതന്നെ ശ്രീധരൻ സാറുമൊന്നിച്ചു നമ്മളും യാത്ര ചെയ്യുന്നു .......നോവലിന്റെ പരിസമാപ്തി വരെ .......
ഒരേറിൽ തുടങ്ങി ഒരു പാടേറുകളിൽ അവസാനിക്കുന്ന കഥ. റിട്ടയേഡ് പോലീസുദ്യോഗസ്ഥനായ ശ്രീധരൻ്റെ ഓടിട്ട വീടിനേൽക്കുന്ന രാത്രിയേറുകളും എറിയുന്നവൻ്റെ കണ്ടു പിടിക്കാനുള്ള പോലീസ് ബുദ്ധിയിലുള്ള ശ്രമങ്ങൾ ഫലവത്താവാതായപ്പോൾ മന്ത്രവിധികളിൽ അഭയം തേടുന്നതും അതൊരു പ്രാദേശികദുരന്തമായൊടുങ്ങുന്നതുമാണ് കഥാതന്തു. തൻ്റെ പോലീസ് ജീവിതത്തിലെ കാലത്തെ സമർത്ഥമായി ഉൾക്കഥകളിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു കഥാകൃത്ത്.ഒരു വേള കഥാകൃത്തും കഥയും കഥയിൽ വരുന്നുണ്ട്. ഉടനീളം ജിജ്ഞാസ ജനിപ്പിക്കുന്ന അവതരണം. - അബൂബക്കർ കോഡൂർ
ആദ്യത്തെ അദ്ധ്യായം വായിച്ചു തീരുമ്പോൾ തന്നെ 'ഇനിയെന്താണ് സംഭവിക്കാൻ പോവുന്നത് ?' എന്നൊരു കൗതുകം ഈ നോവൽ നിങ്ങളിൽ ജനിപ്പിക്കും. അതിൻ്റെ ഇന്ധനത്തിൽ വളരെ സുഗമമായി, തത്പരതയോടെ വായിച്ചു മുഴുമിപ്പിക്കാവുന്ന ഒരു രചന തന്നെയാണ് ഇത്.
കല്ലേറാണ് വിഷയം. ശ്രീധരന്റെ വീട്ടിൽ എന്നും രാത്രിയിൽ കല്ലേറ് ഉണ്ടാകുന്നു. അതിന്റെ കാരണം അന്വേഷിക്കുന്നു. ചാത്തൻ ഏറാണെന്ന് വരെ പറഞ്ഞു പരത്തുന്നു. സമൂഹത്തിന് ഇതിൽ വലിയൊരു പങ്കുണ്ട്.