തമിഴ്നാട് ചുറ്റിക്കണ്ടശേഷവും ഒരു ചോദ്യം ഉത്തരം കിട്ടാതെ എന്റെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കൊടൈക്കനാലിലെ ലാ സബേത്ത് പള്ളിയിലേക്കു റബേക്ക മുത്തശ്ശിയുടെ കൊച്ചുമകൾ വിയോല കൊടുക്കേണ്ട കേക്കിന്റെ ഡേറ്റ് അടുത്തുവരുന്നു. ഉറപ്പായും പള്ളിയിൻനിന്നാരെങ്കിലും ഈ വർഷം വിയോലയെ തേടിവരും. വിയോല കേക്കിന്റെ മെനു തേടി വീണ്ടും ഡയറികൾ തിരയും. അതിനിടെ സാഗരിക കീറിയെടുത്ത പേജ് കണ്ടാൽ? ഭക്ഷണം പാകം ചെയ്യുന്നയാൾക്കും വിളമ്പുന്നയാൾക്കും ചത്രമുണ്ട്.അതറിയുമ്പോഴേ ഒരോ രുചിയും പൂർണമാവൂ. കഴിച്ച വിഭവങ്ങളും അവയുടെ അൽപം ചരിത്രവും രുചിയനുഭവങ്ങളും സംസ്ഥാനങ്ങൾ തിരിച്ചുള്ള യാത്രകളിൽനിന്ന് അരിച്ചെടുത്തതാണ് ഈ പുസ്തകം.
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ലിപിൻ രാജ് 2021-ൽ എഴുതി പ്രസിദ്ധീകരിച്ച food-fiction വിഭാഗത്തിൽ വരുന്ന പുസ്തകമാണ് തീൻമേശക്കുറിമാനം. ഭക്ഷണത്തെ, രുചികളെ ഒക്കെ ഗൗരവമായി കാണുന്നവർക്കുള്ള ഒരപൂർവ്വ പുസ്തകം. ഗുജറാത്ത്, മുംബൈ, ഡാർജിലിങ്, ബംഗാൾ, സിക്കിം, മധുരൈ, കന്യകുമാരി....... എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, നഗരപ്രാന്തങ്ങളിലും ഗ്രാമാന്തരങ്ങളിലും രണ്ടര വർഷത്തെ ഫീൽഡ് ട്രയിനിങ്ങിനിടെ നടത്തിയ യാത്രകളിൽ ലിപിനും കൂട്ടുകാരും കഴിച്ച ഭക്ഷണ രുചികളാണിതിൽ നിറഞ്ഞിരിക്കുന്നത്.
യാത്രകൾക്കിടയിൽ, ഭക്ഷണം തേടുന്നതിൻ്റെയും വാങ്ങുന്നതിൻ്റെയും രുചിക്കുന്നതിൻ്റെയും ആസ്വദിക്കുന്നതിൻ്റെയും ഇടയിൽ, അതിൻ്റെ സൂക്ഷ്മ രുചികളെ തിരഞ്ഞ്, പ്രത്യേകതകളാരാഞ്ഞ്, ചരിത്രമറിഞ്ഞ്, കഴിക്കേണ്ട രീതികൾ മനസ്സിലാക്കി, പാചകരീതി കൈവശമാക്കി, അവയൊക്കെ കുറിച്ചു വക്കാൻ എഴുത്തുകാരൻ കാണിച്ച താൽപ്പര്യത്തിൽ നിന്നാണ് ഈ പുസ്തകത്തിൻ്റെ പിറവി.
നിറങ്ങളാൽ സമൃദ്ധമായ, ഭക്ഷണങ്ങളുടെ വൈവിധ്യത കൊണ്ട് കൊതിപ്പിക്കുന്ന, വിവരണങ്ങൾ കൊണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുന്ന ഒരു food vlog കണ്ടനുഭവിച്ചതു പോലെയിരിക്കും ഇതിലെ ഓരോ അദ്ധ്യായങ്ങൾ മറിക്കുമ്പോഴും. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് food vlogs കണ്ടിരിക്കാനുള്ള ക്ഷമയുണ്ടാകാറില്ല. അതേ സമയം ഇന്ത്യയിലെ വിവിധയിടങ്ങളിലെ തനതു ഭക്ഷ്യ രീതികളെപ്പറ്റി, നാട്ടു രുചികളെപ്പറ്റി, പാചകരീതികളെപ്പറ്റി, ഭക്ഷണ കൗതുകങ്ങളെപ്പറ്റിയൊക്കെ ലിപിൻ ഇത്ര സുന്ദരമായി എഴുതി വച്ചിരിക്കുന്നത് ഓരോ വരിയും ആസ്വദിച്ചാണ് വായിച്ചത്. നാലു നിറങ്ങളിലുള്ള പേനകളുമെടുത്തിരുന്നാണ് ഞാൻ ഇത് വായിച്ചത്. അറിവുകളെ തരം തിരിച്ച് അടയാളപ്പെടുത്തി വയ്ക്കാൻ. യാത്രകൾ പോകുമ്പോ റഫറൻസ് പോലെ ഉപയോഗിക്കുവാൻ.
രുചികൾക്കപ്പുറം, വിവിധ നാടുകളിലെ ഭക്ഷണവൈവിധ്യം തേടിപ്പോകുമ്പോൾ, പ്രാദേശികമായ അതിരുകളിൽ ഒതുങ്ങാതെ ഒരു ഇന്ത്യക്കാരനായി മാറുന്ന, ഓരോ നാട്ടുകാരൻ്റെയും വികാരം ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും നമുക്ക് ലിപിൻ്റെ കുറിപ്പുകളിൽ കാണാം."എൻ്റെ ഭക്ഷണത്തിൻ്റെ ചരിത്രവും പൂർവ്വികരുടെ ഭക്ഷണ രീതികളും ഞാനെൻ്റെ വാക്കുകളിൽ, എൻ്റെ ഭാഷയിൽ എഴുതാതെ, നഗരങ്ങളിൽ ഉള്ളവർക്ക് വേണ്ടി എഴുതിയാൽ ഞങ്ങൾക്ക് എന്തു പ്രയോജനം?" എന്ന് ചോദിക്കുന്ന കൊടകിലെ കോദരപ്പയുടെ വികാരക്ഷോഭം എഴുത്തുകാരൻ കൃത്യമായ് രേഖപ്പെടുത്തുന്നുണ്ട്. പട്ടിണിക്കാലങ്ങളിൽ തങ്ങൾക്ക് ലഭ്യമായിരുന്ന അപൂർവ്വം ഭക്ഷ്യവസ്തുക്കളുപയോഗിച്ച് അതിജീവനത്തിനായി രൂപപ്പെടുത്തിയെടുത്ത പ്രത്യേക രുചിക്കൂട്ടുകൾ കേട്ടെഴുതിയിട്ട് അതു വായിക്കുന്ന പട്ടിണിയറിയാത്തവർക്ക് എന്തു ഗുണമെന്ന കോദരപ്പയുടെ ചോദ്യം എന്നെ തെല്ലൊന്നു ചിന്തിപ്പിച്ചു.
ഒരു കാര്യം ഉറപ്പാണ്, ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നിങ്ങൾ ഇനി ചെല്ലുന്നിടത്തെ നാട്ടു രുചികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും പരീക്ഷിക്കണമെന്നും ആഗ്രഹിക്കും. അവിടങ്ങളിലെ മണങ്ങളെപ്പറ്റി വാചാലരാകും. യാത്രകൾക്കു പോകാൻ കണ്ണും കാതും മാത്രമല്ല തയാറാക്കി വക്കുക, രുചി മുകുളങ്ങളെക്കൂടിയാവും. ഭക്ഷണപ്രിയരും രുചികൾ തേടി ഏതറ്റം വരെ പോകാനും തയ്യാറുള്ള യാത്രാസ്നേഹികളുമായ എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും ഈ പുസ്തകം recommend ചെയ്യുന്നു.
ഇന്ത്യയിലെ രുചികൾ തേടി അലയുന്ന ഐഎഎസ് ഓഫീസറുടെ കുറിപ്പുകൾ. പക്ഷേ ഫുഡ് ഫിക്ഷൻ എന്ന ശാഖ വളരെ അലോസരപ്പെടുത്തി. എന്തൊക്കെയോ ചില കോഡും അതിൽ നിന്ന് വരുന്ന സഹായികളും അങ്ങിങ്ങായി തലപൊക്കുന്ന കഥാപാത്രങ്ങളും വേണ്ടായിരുന്നു. ഭക്ഷണം അന്വേഷിച്ചുള്ള ഒരു യാത്രാപുസ്തകം ആയിരുന്നേൽ ഇത് കലക്കിയെനെ.
പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ഭക്ഷണമാണ് കേന്ദ്രബിന്ദു. ഭക്ഷണം പാകം ചെയ്യുന്ന ആൾക്കും വിളമ്പുന്ന അയാൾക്കും ചരിത്രമുണ്ട്, അത് അറിയുമ്പോഴേ ഓരോ രുചിയും പൂർണ്ണമാവൂ. കഴിച്ച് വിഭവങ്ങളെ പറ്റിയും അവയുടെ ചരിത്രത്തെപ്പറ്റിയും രുചിയനുഭവങ്ങളെ പറ്റിയും പങ്കുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ. കഴിക്കുമ്പോൾ നാവിൻ തുമ്പിലൂടെ തലച്ചോറിലെ കോശങ്ങളിൽ എത്തിയാൽ മാത്രമേ ഒരു രുചി ജനിക്കുന്നു എന്ന് ശാസ്ത്രീയമായി പറയാം. പക്ഷേ നമ്മൾ കഴിക്കാതെ പോയ, അറിയാതെ പോയ, നമുക്ക് ആസ്വദിക്കാൻ കിട്ടാതെ, തിരികെ പിടിക്കാൻ കഴിയാതെ മറഞ്ഞുപോയ രുചിയാണ് ജീവിതത്തിലെ വലിയ രുചി എന്ന് തോന്നിപ്പോകുന്നു.
മിശ്രിത രുചി വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ഈ രുചി വൈവിധ്യങ്ങൾ പറ്റി കുറച്ചെങ്കിലും പങ്കുവയ്ക്കപെടുന്നുണ്ട് ഈ പുസ്തകത്തിലൂടെ. സിവിൽ സർവീസ് ട്രെയിനിങ് സമയത്ത് അദ്ദേഹം നാട്ടുരുചികൾ തേടി നടത്തിയ യാത്രകളാണ് ഈ പുസ്തകം ഉണ്ടാവാൻ ഉള്ള കാരണം. ഓരോ അദ്ധ്യായത്തിലും ഓരോതരം ഭക്ഷണത്തെപ്പറ്റി പറയുമ്പോൾ വായനക്കാർക്കും അവ കഴിക്കാൻ ആഗ്രഹം ഉണ്ടാവുന്നു. നമ്മൾ കേൾക്കാത്ത അറിയാത്ത ചരിത്രവും കഷ്ടപ്പാടുകളും ഓരോ ഭക്ഷണത്തിന് പിന്നിലുമുണ്ട്.
അദ്ദേഹവും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണങ്ങളും യാത്രയും കോഡുകൾ ഡീകോഡ് ചെയ്യുന്നതും ചെറുതായി മടുപ്പുളവാക്കുന്നുണ്ട്. ചില ഭക്ഷണങ്ങളുടെ ചരിത്രത്തോടൊപ്പം അവ ഉണ്ടാക്കുന്ന രീതി പറഞ്ഞിട്ടുണ്ടെങ്കിലും വായിക്കുന്ന ഒരാൾക്ക് പറഞ്ഞ രീതി വെച്ച് ഒരിക്കലും ഭക്ഷണം പാകം ചെയ്യാൻ പറ്റുകയുമില്ല. കാരണം എല്ലാത്തിലും ഒരു രഹസ്യ സ്വഭാവം സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വായനക്കാരെ ഭക്ഷണം കൊതിയോടെ കഴിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ ആവോളമുണ്ട്.
“കഴിക്കേണ്ട രീതികൾ തൊട്ടു ഭക്ഷണം ഒരുക്കുന്ന രീതിക്കു വരെ ആചാരങ്ങളും നാട്ടുനടപ്പുകളുമായും ബന്ധമുണ്ട്. വാഴയില മുതൽ പിച്ചളപ്പാത്രം വരെയും ദഹിവട മുതൽ ഹുക്കാ സീഷാ വരെയും ഈ രുചിക്കൂട്ടിന്റെ ഭാഗാമാണു. മുംബൈ നഗരത്തിലെ പാഴ്സി വിഭവങ്ങൾ തൊട്ട് ലക്ക്നൗ ഗല്ലികളിലെ കബാബ് വരെയും ദിൺധിക്കൽ തലപ്പക്കട്ടി ബിരിയാണി മുതൽ അവധ് ബിരിയാണി വരെയും ഈ വിഭവങ്ങളിൽ നിറഞ്ഞു നിൽപ്പുണ്ട്. നഗരപ്രാന്തത്തിൽ തിരക്കിനിടെ വെറുതെ കഴിച്ചു പോകുന്നവ മുതൽ മണിക്കൂറുകൾ ക്യൂ നിന്ന് കഴിച്ചവയും ഇക്കൂട്ടത്തിൽപെടും. വയ്ക്കുന്നയാൾ മുതൽ വിളമ്പുകാരൻ വരെ കഥ പറച്ചിലിന്റെ ഭാഗമാണു. സ്വിഗ്ഗിയുടെയും സൊമാറ്റയുടെയും കാലത്തെ തലമുറയ്ക്ക് ഈ പുസ്തകം ഭൂതകാലത്തെ രുചികളെക്കുറിച്ചുള്ള വഴികാട്ടി കൂടിയാണു. എന്നെപോലെ ചിരട്ടപുട്ട് കഴിച്ചു വളർന്ന ഒരാളുടെ പാലക് പനീർ രുചിയിലേക്കുള്ള ദൂരം ഇതിൽ കാണാം. നുറുങ്ങകളും റെസിപ്പികളും ഇടയിൽ വരുന്നെണ്ടെങ്കിലും ഇതു വെറുമൊരു പാചക പുസ്തകമല്ല.”
ഭക്ഷണം ഇഷ്ടപെടാത്ത പുതിയകൾ രുചികൾ തേടി അലയാത്തവർ വളരെ വിരളമായിരിക്കും, എന്നാൽ ഭക്ഷണം പാകം ചെയ്യുന്നയാൾക്കും വിളമ്പുന്നയാൾക്കും ചരിത്രമുണ്ട്, അതറിയുമ്പോഴ�� ഓരോ രുചിയും പൂർണ്ണമാകുന്നുള്ളൂ. ലിപിൻ രാജ്, പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം സ്വദേശിയാണു, തന്റെ സിവിൽ സർവ്വീസ് പ്രൊബഷണർ ട്രെയിനിംഗ് കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ യാത്രകൾ, ട്യെയിനിംഗ് വിശേഷങ്ങൾ, കഴിച്ച രുചികൾ അവയുടെ ചരിത്രം, രുചിയനുഭവങ്ങൾ എന്നിവ പങ്കുവെക്കുന്ന കൊച്ചു പുസ്തകമാണു തീന്മേശക്കുറിമാനം. In a nutshell, #Theenmeshakkurimanam is to everyone’s taste and is served with utmost perfection ❤️