Jump to ratings and reviews
Rate this book

വേദങ്ങൾ: ഒരു വിമർശന പഠനം | Vedangal: Oru Vimarshana Padanam

Rate this book

128 pages, Paperback

Published January 1, 2011

5 people want to read

About the author

Sanal Edamaruku

3 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
2 (100%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Sajith Kumar.
725 reviews144 followers
June 13, 2021
വിഖ്യാതനായ യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ സനൽ ഇടമറുക് ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങളെക്കുറിച്ചു നടത്തുന്ന ഒരു വിമർശനപഠനമാണ് ഈ കൃതിയുടെ പ്രതിപാദ്യവിഷയം. വേദങ്ങളുടെ അപരിമേയത്വവും അപൗരുഷമായ ഉത്പത്തിയും ഒരു കൂട്ടം ഹിന്ദു പുനർനവീകരണ വാദികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ അത്തരം അമിത അവകാശവാദങ്ങളുടെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ് സനൽ ഇടമറുക് ഈ കൃതി രചിച്ചിരിക്കുന്നത്. വേദങ്ങളുടെ സമഗ്രമായ ഒരു പഠനം ഇതിൽ കാണുന്നില്ല. കണ്ടിടത്തോളം അതിനുവേണ്ടതായ പ്രാഥമികവിജ്ഞാനമോ സംസ്കൃതപാണ്ഡിത്യമോ ഗ്രന്ഥകാരൻ ആർജിച്ചിരുന്നതായും തോന്നുന്നില്ല. വേദങ്ങൾക്ക് യൂറോപ്യൻ പണ്ഡിതർ നൽകിയ പരിഭാഷകളെയാണ് പ്രധാനമായും ആശ്രയിച്ചുകാണുന്നത്. അവയിലെ ചിന്തയെ പ്രകാശിപ്പിക്കുകയും വിമർശനബുദ്ധ്യാ നിരീക്ഷിക്കുകയും ചെയ്യുന്നതിനുപകരം വേദങ്ങളിലെല്ലാം അബദ്ധധാരണകളും പ്രകൃതമനുഷ്യന്റെ വിചിത്രസങ്കല്പങ്ങളും നിറഞ്ഞിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തുന്നു. അതിനാൽ ഉത്തമമായ ഒരു പഠനം എന്ന നിലയിലേക്ക് ഉയരാൻ ശ്രമിക്കുന്നതിനുപകരം വേദാനുയായികളുടെ അവകാശവാദങ്ങളെ തകർക്കുന്നതിനുള്ള ഒരു പ്രചാരണോപാധി എന്ന തലത്തിലേ ഈ ഗ്രന്ഥം എത്തുന്നുള്ളൂ.

വിവിധ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള കാവ്യാത്മകമായ സൂക്തങ്ങളുടെ സമാഹാരമാണ് ഋഗ്വേദം. നാലു വേദങ്ങളിൽ ഏറ്റവും പുരാതനവും പ്രമുഖവും ഇതുതന്നെയാണ്. പണ്ഡിതശ്രദ്ധ ഏതാണ്ട് മുഴുവനായിത്തന്നെ പതിഞ്ഞിരിക്കുന്നതും ഇതിലാണ്. ശത്രുക്കളിൽ നിന്നുള്ള രക്ഷ, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ സഹായത്തിനായുള്ള അഭ്യർത്ഥന, സമ്പൽസമൃദ്ധിക്കായുള്ള പ്രാർത്ഥനകൾ എന്നിവയാണ് മന്ത്രങ്ങളുടെ ഉള്ളടക്കം. സാഹിത്യകൃതികൾ എന്ന നിലയ്ക്ക് വേദങ്ങൾക്ക് പ്രകടമായ ഔന്നത്യമുണ്ട് എന്ന് ഗ്രന്ഥകാരൻ സമ്മതിക്കുന്നുവെങ്കിലും അവയിലെ പ്രാകൃതവും ആധുനിക മനുഷ്യന്റെ വിവേകത്തിന് നിരക്കാത്തതുമായ പരാമർശങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തുന്നു. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഏതു ഗ്രന്ഥത്തിലും അക്കാലത്തെ സാമൂഹ്യബോധത്തിന് ഒത്തുപോകുന്നതും ഇന്ന് നമ്മൾ ഞെട്ടലോടെ തള്ളിക്കളയുന്നതുമായ നിരവധി വസ്തുതകൾ കാണാൻ കഴിയും. അവയെ യുക്തിസഹമായി പരിശോധിക്കുകയും പരിഷ്‌കാരങ്ങൾ വരുത്താൻ കഴിയുന്നവയെ നവീകരിക്കുകയും ഒട്ടും സ്വീകരിക്കാൻ പറ്റാത്തവയെ കയ്യോടെ ഉപേക്ഷിക്കുകയുമാണ് വേണ്ടത്. വേദങ്ങളെ അന്ധമായി പിൻപറ്റുന്നവർ ആ ശ്ലോകങ്ങളിൽ സാധാരണ മനുഷ്യർക്ക് ഗ്രഹിക്കാനാവാത്തവിധം നിഗൂഢമായ അർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നൊക്കെയാണ് വാദിക്കുന്നത്. ഇത് അയുക്തികമാണ്. അത്രതന്നെ യുക്തിരഹിതമാണ് നമ്മുടെ പൈതൃകത്തിന്റെ കാച്ചിക്കുറുക്കിയ സത്തായ വേദങ്ങളെ പൂർണ്ണമായും തള്ളിക്കളയുക എന്ന ഇടമറുകിന്റെ പദ്ധതിയും. സമൂഹം ഇക്കാര്യത്തിൽ ഒരു മദ്ധ്യവർത്തി നിലപാട് കൈക്കൊള്ളേണ്ടതാണ്.

സൈന്ധവസംസ്കാരം തെക്കേ ഇന്ത്യക്കാരായ ദ്രാവിഡരുടേതാണെന്നും പുറത്തുനിന്നെത്തിയ ആര്യന്മാർ അതിനെ മുച്ചൂടും നശിപ്പിച്ച് തങ്ങളുടെ ഭാഷയും സംസ്കാരവും അടിച്ചേൽപ്പിച്ചു എന്ന കാലഹരണപ്പെട്ട ആര്യൻ അധിനിവേശ സിദ്ധാന്തം യുക്തിദീക്ഷയില്ലാതെ ഇടമറുക് സ്വീകരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. പ്രകൃതിശക്തികളുടെ വൈയക്തികരൂപങ്ങളായ ദൈവങ്ങളെ അവർ ആരാധിച്ചു. ആര്യന്മാരെ നേരിട്ട തദ്ദേശവാസികളെ ദസ്യുക്കൾ എന്നാണവർ വിശേഷിപ്പിച്ചത്. ഇടമറുക് അവകാശപ്പെടുന്നത് ദസ്യുക്കളെ പ്രകൃതിയിലെ ദുഷ്ടശക്തികളായി കരുതപ്പെട്ടുപോരുന്ന പ്രതിഭാസങ്ങളുമായി തുല്യത നൽകിയാണ് ആര്യന്മാർ വീക്ഷിച്ചിരുന്നതെന്നാണ് (പേജ് 31). ഇത് പ്രതിപക്ഷ ബഹുമാനത്തിന്റെ അങ്ങേയറ്റമായി തോന്നാം. ഇത്തരമൊരു വ്യാഖ്യാനം വഴി തദ്ദേശീയർ ആര്യന്മാരുടെയല്ല, അവരുടെ ദൈവങ്ങളുടെ ശത്രുക്കളായാണ് രൂപമാറ്റം ചെയ്യപ്പെടുന്നത്. ഋഗ്വേദത്തിലെ ശക്തനായ ദേവനായ വരുണൻ ആദ്യകാലഘട്ടങ്ങളിൽ അസുരനായാണ് ഗണിക്കപ്പെട്ടിരുന്നത് എന്ന യാഥാർഥ്യം ഈ വ്യാഖ്യാനവുമായി എങ്ങനെ ഒത്തുപോകും? പേർഷ്യയിലെ ആര്യന്മാരുടെ കൂട്ടാളികളായ ജനവിഭാഗമാണ് അസുരന്മാർ എന്ന വാദം ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നില്ല. എങ്കിലും വേദത്തിലേയും പേർഷ്യൻ അവസ്തയിലേയും നിരവധി സമാനപദങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. വേദകാലത്തിനുശേഷം അനവധി നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ മനുസ്മൃതി പോലുള്ള ധർമശാസ്ത്രങ്ങളെപ്പോലും ഇടമറുക് വേദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് പരിഗണിക്കുന്നത്. പിൽക്കാല കുടിയേറ്റങ്ങളിലുണ്ടായ പരാജയം ആര്യന്മാരുടെ പഴയ ദൈവസങ്കല്പങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം വാദിക്കുന്നു. ശൂദ്രന്റെ നാവ് അറുത്തെടുക്കണമെന്നുള്ള വിധികൾ ഇതിന്റെ ഫലമായി ഉണ്ടായതത്രേ (പേജ് 45).

വേദങ്ങളിൽ സുലഭമായി കാണുന്ന സോമം എന്ന സസ്യം കഞ്ചാവാണെന്നും സുര എന്ന ദ്രാവകം ധാന്യങ്ങൾ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണെന്നും ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മയക്കുമരുന്നിനെത്തുടർന്ന് ബോധം നശിക്കുന്ന അവസ്ഥയിലുള്ള ഭ്രമം ആദ്ധ്യാത്മിക അനുഭൂതിയായി തെറ്റിദ്ധരിക്കപ്പെട്ടു. തത്വചിന്താപരമായി ഉന്നതങ്ങളിലുള്ള വേദമന്ത്രങ്ങൾ കഞ്ചാവടിച്ച് എഴുതിയതാണെന്നാണ് ഇടമറുക് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ ആനുകൂല്യം യുദ്ധത്തിനും ആക്രമണത്തിനും ആഹ്വാനം നൽകുന്ന മന്ത്രങ്ങൾക്ക് നല്കാൻ അദ്ദേഹം തയ്യാറല്ല. അത് ദസ്യുക്കളുടെ പുരങ്ങൾ തകർക്കുകയും അവരെ അടിമകളാക്കുകയും ചെയ്തതിന്റെ ചരിത്രരേഖകളാണ്! സാമാന്യയുക്തി ഇവിടെ ഗ്രന്ഥകാരന്റെ കൂടെയില്ല. അല്പം കഞ്ചാവടിച്ചപ്പോൾ മുൻപ് ശത്രുതയുണ്ടായിരുന്ന ചിലരുടെ നേരെ ആക്രമണത്തിന് ഉദ്‌ഘോഷിക്കുന്ന ശ്ലോകങ്ങൾ പുറത്തുവന്നതാണെന്നും യഥാർത്ഥത്തിൽ യുദ്ധമേ നടന്നിട്ടില്ല എന്നും വാദിച്ചുകൂടേ? അത് ആര്യൻ അധിനിവേശമെന്ന ദുർബലവാദത്തിന്റെ മുനയൊടിക്കുക മാത്രമല്ല, വേരും പിഴുതുകളയുക കൂടി ചെയ്യും.

മേൽക്കാണിച്ചതുപോലെ സാമാന്യബുദ്ധിക്കു നിരക്കാത്ത മറ്റൊരു വാദമാണ് ഹാരപ്പയിലെ ഭാഷ ആര്യന്മാർ എങ്ങനെ കൈകാര്യം ചെയ്തു എന്നത്. ഹാരപ്പൻ ജനത ലിപികൾ ഉപയോഗിച്ചിരുന്നുവെങ്കിലും അവരുടെ ഭാഷ നമുക്കിനിയും വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല (പേജ് 94). ഇതും പ്രകടമായ വിരോധാഭാസമാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഹാരപ്പൻ ജനങ്ങളുടെ പിന്മുറക്കാരാണെങ്കിൽ ആ ഭാഷ ഒരു പൊടി പോലും അവശേഷിപ്പിക്കാതെ എങ്ങനെ മറഞ്ഞുപോയി? ബ്രാഹൂയി എന്ന ഒരു ദ്രാവിഡഭാഷ ഇന്നും ബലൂചിസ്ഥാനിൽ സംസാരിക്കുന്നു എന്നുകൂടി ഓർക്കുക. ആര്യ, ദ്രാവിഡ ശബ്ദങ്ങൾ മനുഷ്യവംശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന തെറ്റിദ്ധാരണയുടെ ഫലമാണ് ഇത്തരം പ്രഹേളികകൾ. അവ ഭാഷാഗോത്രങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്ന സത്യം തിരിച്ചറിയുമ്പോൾ തീരാവുന്ന മതിഭ്രമം മാത്രമാണിത്. ആര്യന്മാർ വേദങ്ങളുടെ രചനാകാലത്തും ഹാരപ്പൻ ആക്രമണങ്ങളുടെ കാലത്തും ലിപികൾ ഉപയോഗിച്ചിരുന്നില്ല. ഇടമറുക് കരുതുന്നത് അവർ ഹാരപ്പന്മാരിൽ നിന്നാണ് ലിപികൾ ഉപയോഗിക്കാൻ പഠിച്ചത് എന്നാണ്. എങ്കിൽ ആ ലിപി ഇപ്പോൾ വായിക്കാൻ പറ്റാതായതെങ്ങനെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. വേദങ്ങളിൽനിന്ന് ധാരാളം ഉദ്ധരണികൾ നൽകിയിട്ടുണ്ടെങ്കിലും അവയുടെ വാക്യസംഖ്യ പലയിടത്തും നൽകിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.
Profile Image for Anoop A S.
25 reviews
May 1, 2025
ഇന്ത്യൻ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ സ്ഥാപക പ്രസിഡന്റും ആണ് സനൽ ഇടമറുക് . യുക്തിവാദി ,സ്വതന്ത്ര ചിന്തകൻ , തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഓണ്ലൈന് ആയും അല്ലാതെയും നടത്തി വരുന്നു .

"വേദങ്ങൾ : ഒരു വിമർശനപഠനം" എന്ന ഈ പുസ്തകത്തിൽ ഹിന്ദു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങളിലെ പ്രധാന ആശയങ്ങളെയും , നമ്മൾ സാധാരണയായി വേദങ്ങളുടേത് എന്ന് പറയപ്പെടാതെ പോകുന്നതുമായ വരികളും അർത്ഥവും സന്ദർഭവും വിമർശനാത്മകമായി വിലയിരുത്തുന്നു . കൂടാതെ വേദങ്ങൾ എഴുതുമ്പോൾ ഉള്ള കാലത്തിന്റെ സാഹചര്യവും ചരിത്രവും ചർച്ച ചെയ്യുന്നു.

ആർത്ഥമറിഞ്ഞോ അല്ലാതെയോ ഭൂരിപക്ഷം ഹിന്ദുക്കളും ഇന്ന് വേദങ്ങൾ വായിക്കുകയോ ജീവിതത്തിൽ നടപ്പിലാക്കുകയോ ചെയ്യാത്തത് കൊണ്ട് ഈ വിമർശനപഠനം എത്രത്തോളം പ്രസക്തമാണെന്ന് വായിച്ചു തുടങ്ങുമ്പോൾ സംശയം തോന്നിയിരുന്നെങ്കിലും , ഹിന്ദുമതത്തിന്റെ അടിസ്ഥാന ആശയങ്ങൾ എല്ലാം വന്നത് വേദങ്ങളിൽ നിന്നായതുകൊണ്ടും , ഇന്നത്തെ ഇന്ത്യയിലെ പൊതുവേ ഉള്ള രാഷ്ട്രീയ സാഹചര്യം കൊണ്ടും  ; മതം , രാഷ്ട്രീയം, ചരിത്രം തുടങ്ങിയ മേഖലകളിൽ താൽപ്പര്യം ഉള്ളവർക്ക് തീർച്ചയായും വായിച്ചു നോക്കാവുന്ന ഒരു പുസ്തകം തന്നെയാണ് ഇത് .

ഏതൊരു കാര്യത്തെയും വിമർശനാത്മകമായി സമീപിക്കാൻ തല്പര്യപ്പെടുന്നവർക്ക് ഞാൻ ഈ പുസ്തകം ശുപാർശ ചെയ്യുന്നു .


ഇതൊരു Must Read പുസ്തകമാണെന്ന അഭിപ്രായം എനിക്ക് ഇല്ല !


Overall : 6/10
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.