(സ്പോയിലേർസ് ഇല്ല കേട്ടോ )
“അല്ലെങ്കിലും പൊരിച്ച മീൻ ദഹിപ്പിക്കാൻ കഴിയുന്ന ആമാശയങ്ങൾ ഏറെയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന മസ്തിഷ്കങ്ങൾ തുലോം കുറവാണ് “
ഒരു ക്രൈം നോവലിൽ നിന്ന് ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രസ്താവനയായിരുന്നു അത് .
മാംസ ഭക്ഷണം ലോക വ്യാപകമായി കുറക്കേണ്ടതിന്റെ ശാസ്ത്രത്തെ പറ്റി സംസാരിച്ചാൽ ഉടനെ അതിൽ ജാതിയും മതവും ഭരണകൂട ഭീകരതയും എലൈറ്റിസവും എന്ന് വേണ്ട സംഘി ചാപ്പയും ഫാഷിസം ചാപ്പയും വരെ കിട്ടാൻ സാധ്യതയുള്ള ഈ സമയത്തു ഒരു ക്രൈം നോവലിൽ അത്തരം ഒരു പ്രസ്‍താവന ഉൾപ്പെടുത്താൻ രജത് തീരുമാനിച്ചതിനു ആദ്യം തന്നെ ഒരു കൂപ്പു കൈ .
യുക്തിവാദത്തെയും ദൈവ വിശ്വാസത്തെയും അധികം വികാര തള്ളിച്ചയില്ലാതെ ഇതിൽ പ്രതിപാദിക്കുന്നു എന്നുള്ളത് മറ്റൊരു പ്ലസ് പോയിന്റ് ആയി തോന്നി .
“മുത്തശ്ശിക്കഥകൾ നവോദ്ധാനത്തിനു അടിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു വക്കുമ്പോ അത് മത നിരാസമാണോ അതോ മത നവീകരണമാണോ അർത്ഥം വക്കുന്നത് എന്നൊരു സംശയം പക്ഷെ മുന്നിലേക്കു വരുന്നുണ്ട് താനും .
അല്ലെങ്കിലും ഉത്തരങ്ങൾക്കു വേണ്ടിയല്ലല്ലോ കല ,ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജത്തിന് വേണ്ടിയല്ലേ ?
“പ്ലാസിബോ ഇഫക്ടിനെ “ മുൻനിർത്തി അദ്ദേഹം എന്ത് കൊണ്ട് ആളുകളിൽ വിശ്വാസം വർക്ക് ആവുന്നു എന്ന് പറഞ്ഞു വെക്കുന്നുണ്ട് .
“എന്തിൽ വിശ്വസിക്കണം എന്നത് ഒരാളുടെ സ്വാതന്ത്ര്യം ആണല്ലോ .പക്ഷെ ആ വിശ്വാസങ്ങൾക്കനുസരിച്ചു രൂപപ്പെടുന്നതാണ് ഓരോ പ്രവർത്തികളുടെയും അനന്തര ഫലം .”
എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ അത് മത ഭീകരതയിലേക്കും ,പ്രത്യയ ശാസ്ത്ര ഭീകരതയിലെക്കും ,നമ്മുടെ ആൺകോയ്മയിലേക്കും ഒക്കെ എന്റെ ചിന്തകളെ പറത്തി വിട്ടു .
“സഞ്ചരിക്കുന്ന വഴികളിൽ സ്പർശിക്കുന്നതിലെല്ലാം അറിയാതെ തന്നെ വിരലടയാളങ്ങൾ പതിയുന്നുണ്ട് .എന്നാൽ ലോകത്തു അവശേഷിപ്പിക്കാൻ പോകുന്ന വിരലയടയാളങ്ങൾ ഏതാണെന്നു ഓരോരുത്തരും സൂക്ഷിച്ചു തന്നെ തീരുമാനിക്കണം .ഒരിക്കൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ അവ ആജീവനാന്തം ഉടമയിലേക്കുള്ള വഴികാട്ടിയാവുന്നു .ഓരോ വിരലടയാളത്തിന്റെയും അസംഖ്യം ചുഴികൾക്കിടയിൽ മനുഷ്യരുടെ ആത്മാവിന്റെ നുറുങ്ങുകളും കുടുങ്ങിക്കിടക്കുന്നുണ്ടാവും .”
എത്ര ശരിയാണത് .എന്തെല്ലാം നിഴലുകൾ ആണ് നമ്മൾ ബാക്കിയിടാൻ പോകുന്നതെന്ന് ആർക്കറിയാം ,അല്ലെ ?
“ചിലപ്പോഴൊക്കെ അയാൾക്ക് തോന്നാറുണ്ട് ,തങ്ങൾക്കു സംഭവിച്ചത് ലോകത്തോട് വിളിച്ചു പറയാൻ വെമ്പുന്ന ,തങ്ങൾക്കു സംഭവിച്ചത് ഇനി മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ കൊതിക്കുന്ന മിണ്ടാപ്രാണികളായ മൃത ദേഹങ്ങൾക്കു ദ്വിഭാഷികൾ ആവുന്നതിൽ പരം ഒരു പുണ്യ പ്രവർത്തിയില്ലെന്നു .”
വൈദ്യ വിദ്യാഭ്യാസവും ,ഫോറൻസിക്കിൽ പിജിയും അതിനു പുറമെ ഐ പി എസ്സും എടുത്ത നായക കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു അത്ഭുതവും ഇല്ല .അനിതര സാധാരണമായ സഹാനുഭൂതി വേണ്ട കാര്യങ്ങളാണ് വൈദ്യവും കുറ്റാന്വേഷണം എന്നതു ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ .രണ്ടും ഒരന്വേഷണമാണ് ,കണ്ടെത്താനുള്ള ത്വരയ്ക്കപ്പുറത്ത് മറ്റൊരാൾക്ക് വേണ്ടി സമയം കണ്ടെത്താനുള്ള ത്വര കൂടി അന്തർലീനമായാലേ അത് സാധ്യമാവൂ എന്ന് നിസ്സംശയം .
ഈ നായക കഥാപാത്രം ഒരു ചോരയും നീരുമുള്ള ആളെ അടിസ്ഥാനമാക്കി നെയ്തെടുത്തതാണ് എന്ന് കഥാകാരൻ പറയുമ്പോ ഒരേ സമയം അദ്‌ഭുതവും ,ബോധം സഞ്ചരിക്കുന്ന വഴികളോടുള്ള കൗതുകവും നമുക്ക് ഒരേ സമയം വരും .
“പണമില്ലാത്തവൻ പിണം എന്നാണ് .എന്നാൽ പണമനുസരിച്ചിരിക്കും പിണത്തിന്റെ അവകാശങ്ങളും .ജാതി ,മത ,വർഗ്ഗ ,ലിംഗ ,ഉദ്യോഗ സാമ്പത്തിക പ്രിവിലേജുകൾ എല്ലാം ശവത്തിനും ഉണ്ട് .പണമില്ലാത്തവർ പിണമാകാൻ പോലും ശ്രമിക്കരുത് .അവർ കഴിവതും അലിഞ്ഞലിഞ്ഞു വായുവിൽ വിലയം പ്രാപിക്കാൻ ശ്രദ്ധിക്കണം .” എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ രൂഢമൂലമായ നമ്മുടെ വിഭാഗീയത മരണം എന്ന നിത്യ സത്യത്തെ പോലും എത്രത്തോളം വളച്ചൊടിക്കും എന്ന് നമുക്ക് കാണാൻ കഴിയും .
“സ്നേഹത്തിന്റെ അത്ഭുത വഴികൾ ഓർമ്മിപ്പിക്കുന്ന യുക്തിവാദിയായ ദേവ ദൂതനാകുന്നു സജിത്ത് “ എന്ന് കഥാകാരൻ പറഞ്ഞു വക്കുമ്പോ മത നിരാസവും ,വിശ്വാസവും തമ്മിൽ അദ്ദേഹത്തിന്റെ ഉള്ളിൽ നടക്കുന്ന ഒരു വാഗ്‌വാദത്തിന്റെ ചിൽക്കഷ്ണം രക്തക്കറ പുരണ്ട് എന്റെ മുന്നിലേക്ക് വീണത് പോലെ തോന്നി .എന്റെ തോന്നലാവാം .
“സഹജീവിയുടെ കണ്ണീരു കാണാൻ മനുഷ്യന് സമയമില്ലാത്തിടത്തോ���ം കാലം ദൈവം ജീവിക്കും .ദൈവത്തിന് പകരം നിൽക്കാൻ മനുഷ്യന് ആവുന്ന കാലം വരെയും അദ്ദേഹം ജീവിക്കണം .അതിനു ശേഷം മാത്രമേ ഈശ്വരനോട് സ്ഥാനമൊഴിഞ്ഞു വിരമിക്കാൻ പറയാൻ നമുക്ക് അവകാശം ഉള്ളൂ .”
എന്നദ്ദേഹം പറഞ്ഞു വക്കുമ്പോ നേരത്തെ പറഞ്ഞ വാഗ്‌വാദത്തിൽ വിശ്വാസി അവിശ്വാസിയെ നൈസായി മലർത്തിയടിച്ചോ എന്നും എനിക്കൊരു സംശയം .അല്ല ,അതും ഒരു സംശയമാണ് .ഉറപ്പു സംശയങ്ങൾ ഇനിയും ഉണ്ടാവും എന്നതിൽ മാത്രമാണ് താനും .
അപ്പൊ പറഞ്ഞു വന്നത് എന്തെന്ന് വച്ചാൽ ഒരു കുറ്റാന്വേഷണ പുസ്തകത്തിനപ്പുറം പലതും ആകുന്നുണ്ട് ഈ പുസ്തകം .ഇടം വലം നോക്കാതെ വായിക്കാം എന്ന് ചുരുക്കം .