Jump to ratings and reviews
Rate this book

Murivettavarude Pathakal (Malayalam) | മുറിവേറ്റവരുടെ പാതകൾ

Rate this book
യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്‍റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.

160 pages, Paperback

Published September 1, 2020

Loading...
Loading...

About the author

Haritha Savithri

5 books7 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (38%)
4 stars
7 (38%)
3 stars
4 (22%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Sreelekshmi Ramachandran.
372 reviews56 followers
September 13, 2026
'സിൻ' വായിക്കാൻ തയ്യാറായി ഇരുന്നപ്പോൾ അപ്രതീക്ഷിതമായി ഈ ബുക്ക്‌ കയ്യിൽ വന്നുപെട്ടു.
എന്നാൽ പിന്നെ ആദ്യം ഇത് തന്നെ എന്നു കരുതി 'മുറിവേറ്റവരുടെ പാത'യിലേക്ക് മെല്ലെ കടന്നു.

പുതുമകളുടെ അനുഭൂതി നൽകിയ മനോഹരമായ വായന.
എത്ര ഭംഗിയായാണ് എഴുത്തുകാരി തന്റെ ചുറ്റുമുള്ളവരെ 'കേൾക്കുന്നത്'!
ആ സഹാനുഭൂതി (Compassion) എത്ര ആഴത്തിലുള്ളതാണ്. വാക്കുകൾക്കും അപ്പുറം.
മറ്റുള്ളവരുടെ കൂടെയിരുന്ന് അവരെ വിധിക്കാതെ സമാധാനത്തോടെ കേൾക്കുക, അവരോടു kind ആയി ഇരിക്കുക, ഉപധികളില്ലാതെ സ്നേഹിക്കുക..! എന്തൊരു സൗന്ദര്യമാണ് ആ മനസ്സിന്.

ആദ്യ വായന കൊണ്ട് തന്നെ ഹരിത സാവിത്രിയെന്ന എഴുത്തുകാരിയുടെ എഴുത്ത് എനിക്കിഷ്ടമായി. ഇനിയും ഏറെ ഏറെ വായിക്കാനാഗ്രഹിക്കുന്നു.
ഈ പുസ്തകം ഇനിയും വായിക്കപ്പെടേണ്ടതാണ് എന്നൊരഭിപ്രായം കൂടി കുടിച്ചിടുന്നു.

.
.
.
📚Book - മുറിവേറ്റവരുടെ പാതകൾ
✒️Writer- ഹരിത സാവിത്രി
📜Publisher- മാതൃഭൂമി ബുക്സ്


#പുത്തകം #puthakam
Profile Image for dr.hari Chandran.
3 reviews1 follower
July 14, 2026
മുറിവേറ്റവരുടെ പാതകൾ: മനുഷ്യമനസ്സിന്റെ രേഖാചിത്രം വരക്കുന്ന യാത്രകൾ

'മുറിവേറ്റവരുടെ പാതകൾ ', യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പുസ്തകമാണെങ്കിലും ഈയിടെയാണ് അത് കയ്യിൽക്കിട്ടിയതും വായിക്കാൻ കഴിഞ്ഞതും.
ഒരു യാത്രാവിവരണം സ്ഥലങ്ങളുടെ വിവരണത്തിൽ ഒതുങ്ങാതെ മനുഷ്യരുടെ ഓർമ്മകളെയും മുറിവുകളെയും അതിജീവനത്തെയും രേഖപ്പെടുത്തുമ്പോൾ അത് സാഹിത്യമായി മാറുന്നു. ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകൾ അത്തരമൊരു കൃതിയാണ്. യൂറോപ്പിലെ വിവിധ ദേശങ്ങളിലൂടെയുള്ള എഴുത്തുകാരിയുടെ സഞ്ചാരങ്ങൾ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നുവെങ്കിലും, യഥാർത്ഥ യാത്ര ഭൂപ്രദേശങ്ങളിലൂടെയല്ല, മനുഷ്യഹൃദയങ്ങളിലൂടെയാണ്.

ഖലീൽ ജിബ്രാന്റെ പ്രസിദ്ധമായ വാക്യം— "And forget not that the earth delights to feel your bare feet and the winds long to play with your hair"—ഈ കൃതി വായിക്കുമ്പോൾ ഓർമ്മയിലെത്തുന്നു. പ്രകൃതിയുമായും മനുഷ്യനുമായും ആത്മബന്ധം സ്ഥാപിക്കുന്ന യാത്രയാണ് ഇവിടെ സംഭവിക്കുന്നത്. വിവിധ രാജ്യങ്ങളിൽ കണ്ടുമുട്ടിയ സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ, യുദ്ധം, കുടിയേറ്റം, ഏകാന്തത, സ്നേഹം, നഷ്ടം, പ്രത്യാശ എന്നിവയാണ് പുസ്തകത്തിന്റെ കേന്ദ്രവിഷയം. ഓരോ സ്ഥലവും അതിന്റെ പ്രകൃതിഭംഗിയേക്കാൾ അവിടെ ജീവിക്കുന്ന മനുഷ്യരുടെ കഥകളിലൂടെയാണ് വായനക്കാരന്റെ മനസ്സിൽ പതിയുന്നത്.

ഈ കൃതിയുടെ ഏറ്റവും വലിയ കലാപരമായ നേട്ടം അതിന്റെ കരുണയുടെ സൗന്ദര്യശാസ്ത്രം (Aesthetics of Compassion) ആണ്. മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കുകയല്ല, മറിച്ച് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്ന സാഹിത്യധാർമികതയാണ് ഹരിത സാവിത്രി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം യാത്രയെ ഒരു ഭൂമിശാസ്ത്രപരമായ അനുഭവമെന്നതിലുപരി ഒരു ധാർമികവും അസ്തിത്വപരവുമായ അന്വേഷണമായി മാറ്റുന്നു. ഓരോ മനുഷ്യനും തന്റെ മുറിവുകളുമായി ജീവിക്കുമ്പോഴും, ആ മുറിവുകളിൽ നിന്ന് ഉയർന്നുവരുന്ന അതിജീവനത്തിന്റെ വെളിച്ചമാണ് ഈ കൃതിയെ ദാർശനികമായ ആഴത്തിലേക്ക് നയിക്കുന്നത്.

ഈ യാത്രയുടെ ഏറ്റവും ആഴമുള്ള തലത്തിൽ പ്രത്യക്ഷപ്പെടുന്നത് മുറിവേറ്റ മനുഷ്യജീവിതങ്ങളാണ്. യാത്രാവിവരണത്തിന്റെ പതിവ് ചട്ടക്കൂടിൽ നിന്ന് മാറി, ഹരിത സാവിത്രി ഓരോ അധ്യായത്തെയും ഓരോ മനുഷ്യന്റെ ആത്മാനുഭവത്തിന്റെ രേഖയായി മാറ്റുന്നു. ഭർത്താവിന്റെ മുത്തശ്ശി ഔറിയുടെ നാടായ ഫ്രാൻസിലെ ലിയോൺ ഗ്രാമത്തിലേക്കുള്ള യാത്രയിൽ ആരംഭിക്കുന്ന ഈ മനുഷ്യാന്വേഷണം, ഫിൻലാൻഡിലെ ലാപ്ലാൻഡിലെ മഞ്ഞുപ്രദേശങ്ങളിൽ ജീവിതം കണ്ടെത്തിയ ആൻഡ്രിയയുടെ ഓർമ്മകളിലേക്കും, ബാസ്ക് പ്രദേശത്തേക്ക് ഐനോവയെ തേടിയുള്ള യാത്രയിലേക്കും വ്യാപിക്കുന്നു. അർജന്റീനയിലെ സൈനിക ഭരണത്തിന്റെ ഇരുണ്ട കാലഘട്ടത്തിന്റെ മുറിവുകൾ പേറുന്ന ജൂലിയന്റെ ജീവിതവും, സഹൻദിന്റെ അനുഭവങ്ങളും, ചരിത്രം എങ്ങനെ വ്യക്തിജീവിതങ്ങളിൽ ആഴത്തിലുള്ള അടയാളങ്ങൾ അവശേഷിപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങളാണ്.

ഈ കഥാപാത്രങ്ങൾ പുസ്തകത്തിലെ വെറും പരിചയക്കാർ അല്ല; ഓരോരുത്തരും കാലത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടെയും അടയാളങ്ങൾ വഹിക്കുന്ന ജീവിക്കുന്ന ചരിത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഓരോ അധ്യായവും ഒരു യാത്രാവിവരണത്തിന്റെ പരിധി കടന്ന് ഒരു ചെറുനോവലിന്റെ വൈകാരിക ആഴം കൈവരിക്കുന്നു. സ്ഥലങ്ങൾ ഇവിടെ പശ്ചാത്തലങ്ങൾ മാത്രമാണ്; യഥാർത്ഥ ഭൂപടം മനുഷ്യരുടെ ഹൃദയങ്ങളിലാണ് വരയ്ക്കപ്പെടുന്നത്.

മനുഷ്യജീവിതത്തിൽ വേദനയും നഷ്ടവും അന്യമായ ഒന്നല്ല; അവ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. മുറിവേറ്റവരുടെ പാതകൾ ഈ സത്യത്തെ അനുഭവങ്ങളുടെ തലത്തിലേക്ക് ഉയർത്തുന്നു. ഓരോ യാത്രയും ഓരോ കൂടിക്കാഴ്ചയും മനുഷ്യൻ തന്റെ മുറിവുകളുമായി ജീവിക്കുന്നുവെന്നും, അതുതന്നെയാണ് മനുഷ്യനെ മറ്റൊരാളോട് ചേർത്തുനിർത്തുന്ന പൊതുവായ മാനവികതയെന്നും ഈ കൃതി ഓർമ്മിപ്പിക്കുന്നു. മനുഷ്യജീവിതം ഒരിക്കലും പൂർണതയുടെ കഥയല്ലെന്നും, മുറിവുകളാണ് മനുഷ്യനെ കൂടുതൽ മനുഷ്യനാക്കുന്നതെന്നും ഈ പുസ്തകം സൂചിപ്പിക്കുന്നു. യാത്ര എന്നത് പുതിയ സ്ഥലങ്ങൾ കാണുന്നതിലുപരി സ്വന്തം മുൻവിധികളിൽ നിന്ന് പുറത്തുകടക്കലാണെന്ന ആശയവും കൃതിയിലുടനീളം സജീവമാണ്. അസ്തിത്വവാദത്തിന്റെയും മാനവികതയുടെയും സൂക്ഷ്മസ്വരങ്ങൾ ഈ യാത്രാവിവരണത്തിൽ നിരന്തരം കേൾക്കാം.

മലയാളത്തിലെ യാത്രാസാഹിത്യത്തിൽ, എസ്. കെ. പൊറ്റെക്കാട്ടിന്റെ രചനകൾ ഭൂമിശാസ്ത്രത്തെയും സംസ്കാരത്തെയും വിശാലമായ ചരിത്രബോധത്തോടെ അവതരിപ്പിക്കുമ്പോൾ, മുറിവേറ്റവരുടെ പാതകൾ കൂടുതൽ വ്യക്തികേന്ദ്രിതവും വൈകാരികവുമാണ്. പോൾ സക്കറിയയുടെ യാത്രയെഴുത്തുകളിലെ വിമർശനാത്മകമായ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി, ഹരിത സാവിത്രി സഹാനുഭൂതിയുടെയും സംവാദത്തിന്റെയും ഭാഷയാണ് സ്വീകരിക്കുന്നത്.

ഇംഗ്ലീഷ് യാത്രാസാഹിത്യത്തിൽ പിക്കോ അയ്യറിന്റെ (Pico Iyer) ആത്മവിചിന്തനപരമായ യാത്രാരചനകളായ A Beginner's Guide to Japan, The Half Known Life എന്നിവയുമായി ഈ കൃതിക്ക് ചില ആശയസാമ്യങ്ങൾ കാണാം. യാത്രയെ പുറംലോകത്തിന്റെ അന്വേഷണത്തേക്കാൾ മനുഷ്യന്റെ ആന്തരിക പരിവർത്തനമായി കാണുന്ന സമീപനമാണ് ഇരുവരെയും ബന്ധിപ്പിക്കുന്നത്.

അതുപോലെ, ബ്രൂസ് ചാറ്റ്വിന്റെ (Bruce Chatwin) In Patagonia, The Songlines എന്നീ കൃതികളിൽ യാത്ര മനുഷ്യന്റെ അടിസ്ഥാനാന്വേഷണമായി മാറുന്നതുപോലെ, ഹരിത സാവിത്രിയുടെ യാത്രകളും മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ്. എന്നാൽ ചാറ്റ്വിന്റെ ദാർശനിക അലച്ചിലിനേക്കാൾ ഹരിത സാവിത്രിയുടെ എഴുത്ത് കൂടുതൽ ആത്മബന്ധവും മാനുഷിക ഊഷ്മളതയും പുലർത്തുന്നു.

യുദ്ധവും ചരിത്രവും സാധാരണ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ സൂക്ഷ്മമായി കേൾക്കുന്ന സമീപനത്തിൽ, Voices of Utopia പോലുള്ള കൃതികളിലൂടെ പരിചിതയായ സ്വെത്ലാന അലക്സിയേവിച്ചിനെ (Svetlana Alexievich) ഈ പുസ്തകം ചിലപ്പോൾ ഓർമ്മിപ്പിക്കുന്നു. എന്നാൽ അലക്സിയേവിച്ചിന്റെ ചരിത്രരീതിയിൽ നിന്ന് വ്യത്യസ്തമായി, ഹരിത സാവിത്രി വ്യക്തിപരമായ അനുഭവങ്ങളെയും യാത്രയുടെ ആത്മബന്ധത്തെയും കൂടുതൽ മുൻനിർത്തുന്നു.

ഭാഷയുടെ കാര്യത്തിൽ അനാവശ്യ അലങ്കാരങ്ങളില്ലാത്ത ലാളിത്യമാണ് ഈ കൃതിയുടെ ശക്തി. വിവരണങ്ങൾക്ക് കവിതയുടെ സ്പർശമുണ്ടെങ്കിലും, അത് ജീവിതത്തെ മറച്ചുവെക്കുന്നതല്ല; മറിച്ച് അതിന്റെ മുറിവുകളെ കൂടുതൽ വ്യക്തമായി കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ വായനക്കാരന് എഴുത്തുകാരിയോടൊപ്പം യാത്രചെയ്യുന്ന അനുഭവമാണ് ലഭിക്കുന്നത്.

അതിരുകളും ദേശീയതയും മനുഷ്യരെ വേർതിരിക്കുന്ന സമകാലിക ലോകത്ത്, മനുഷ്യാനുഭവങ്ങൾക്ക് അതിരുകളില്ലെന്ന് ഓർമ്മിപ്പിക്കുന്ന കൃതിയാണ് മുറിവേറ്റവരുടെ പാതകൾ. ഇത് ഒരു യാത്രാവിവരണം മാത്രമല്ല; പങ്കിട്ട വേദനകളുടെയും അതിജീവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സാക്ഷ്യപത്രമാണ്. യാത്രകളെ വിനോദമെന്നതിലുപരി മനുഷ്യനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള മാർഗമായി കാണാൻ പ്രേരിപ്പിക്കുന്ന ഈ കൃതി ഇന്ത്യൻ യാത്രാസാഹിത്യത്തിലെ ശ്രദ്ധേയമായ സംഭാവനയാണെന്ന് നിസ്സംശയം പറയാം.
Profile Image for Fazal.
10 reviews1 follower
Read
April 23, 2024
കഥാബീജങ്ങളുടെ പുസ്തകം

സാമ്പ്രദായിക അര്‍ത്ഥത്തില്‍ യാത്രാവിവരണം എന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥലത്തേക്കുള്ള യാത്രയെ പുറപ്പെട്ടുപോക്കുമുതല്‍ പിന്തുടരുന്ന ആഖ്യാനമാണ്. എന്നാല്‍ അത്തരം വമ്പന്‍ പുറപ്പെട്ടുപോക്കുകളില്ലാതെ, തികച്ചും സാധാരണമായ, യൂറോപ്യന്‍ നിത്യജീവിതത്തിലെ ചുറ്റുവട്ടങ്ങളിലോ ചെറുയാത്രകളുടെ യാദൃശ്ചികതകളിലോ കണ്ടുമുട്ടുന്ന ചെറിയ മനുഷ്യരുടെ ജീവിതങ്ങളിലേക്ക്, ഭൂതകാലങ്ങളിലേക്ക് അനുതാപപൂര്‍ണ്ണവും സ്നേഹര്‍ദ്രവുമായ ഹൃദയാടനം നടത്തുന്ന ഒരെഴുത്തുകാരി വരച്ചിടുന്ന രേഖാചിത്രങ്ങളാണ് ‘മുറിവേറ്റവരുടെ പാതകള്‍’. ഓരോ മനുഷ്യനും അവരവരുടേതായ ഇതിഹാസ ദുരന്തങ്ങള്‍ അനുഭവിച്ചവരോ, അനുഭവിച്ചു കൊണ്ടിരിക്കുന്നവരോ ആണെന്നും, അവിടെ ദേശചരിത്രവും വംശചരിത്രവും മാത്രമല്ല; തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത വിധിവിഹിതങ്ങള്‍വരെ അവരുടെ ജീവിതങ്ങളില്‍ ഇരുള്‍ മൂടിയേക്കാമെന്നു ഈ പുസ്തകം നിരന്തരം നമ്മോടു പറയുന്നു. എല്ലാ ഇരുളുകള്‍ക്കുമെതിരെ സ്നേഹത്തിന്റെയും കരുതലിന്റെയും തൂവല്‍സ്പര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏതാണ്ടൊരു പക്ഷപാതിത്തം തന്നെ എഴുത്തുകാരി പ്രകടിപ്പിക്കുന്നുമുണ്ട്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് സങ്കല്പ്പിക്കാനാകാത്ത തരം അസ്ഥി തുളഞ്ഞിറങ്ങുന്ന തണുപ്പിനെയും ജനസാന്ദ്രത അത്രക്കും താഴ്ന്നുനില്‍ക്കുന്നതിന്റെ മടുപ്പിക്കുന്ന പ്രശാന്തതയേയും ദീര്‍ഘമായ ശൈത്യകാലത്തിന്റെ ഗാര്‍ഹികത്തടവിനെയും കാട്ടുപന്നിയും മാനുകളും കുറുക്കനും കാട്ടുമുയലുകളും ഉള്‍പ്പെടുന്ന ഭൂമിയുടെ അവകാശികളെ നോക്കിയിരുന്നും ഗ്രാമത്തിനു അതിരിടുന്ന ഇരുണ്ടു പച്ച നിറമുള്ള കാടിന്റെ പ്രലോഭനം നേരിട്ടും തള്ളിനീക്കുന്ന ദിനങ്ങള്‍ക്ക്‌ അറുതി കുറിച്ചുകൊണ്ട്, വസന്തത്തിന്റെ വരവോടെ ‘അനാഘ്രാതമായ പ്രകൃതിയുടെ ലഹരി’യിലേക്ക് ഉണര്‍ന്നു തുടങ്ങുന്ന യൂറോപ്യന്‍ പകലുകളെ കുറിച്ച് ഭാവഗീതാത്മകായി വാചാലയാകുന്നുണ്ട് ‘ഏകാന്തത കുറുകുന്ന മറുദേശപ്പക്ഷി’യായ ഗ്രന്ഥകാരി. എവിടെപ്പോകുമ്പോഴും ഒരാള്‍ കൂടെക്കൊണ്ടു പോകുക മനസ്സിന്റെ പക്ഷപാതിത്തങ്ങളാണ്. ‘വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും വേദനയും’ എപ്പോഴും കാണുക എന്നതാണ് ഹരിതാ ഇവാന്‍ എന്ന എഴുത്തുകാരിയുടെ ആ പക്ഷപാതിത്തം. അതൊരു നിയോഗമാണ്: മില്‍ട്ടന്റെ സാത്താനെപ്പോലെ, നിങ്ങള്‍ക്ക് നിങ്ങളുടെ നരകത്തില്‍നിന്നു മോചനമില്ല; കാരണം അത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്.

ആഖ്യാനപ്പടര്‍പ്പുകളുടെ സൂക്ഷ്മശരീരങ്ങള്‍
ഇതിഹാസ മാനമുള്ള ആഖ്യാനസാധ്യതകള്‍ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങള്‍ (microcosm) പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളില്‍. വൈയക്തിക അനുഭവങ്ങള്‍ വംശങ്ങളുടെയും ദേശചരിത്രങ്ങളുടെയും പടര്‍പ്പുകളിലേക്ക് വ്യാപരിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആദ്യലേഖനമായ ‘ഒരു ഹണിമൂണ്‍ യാത്ര’ തന്നെയാണ്. കസീല്‍ദാ മുത്തശ്ശിയില്‍ തുടങ്ങുന്ന നാലുതലമുറകളുടെ ആഖ്യാനച്ചെപ്പ്, ഇവാനില്‍ എത്തിച്ചേരുന്ന സ്വന്തം ഭര്‍തൃകുടുംബത്തിന്റെ തന്നെ വേരുകളാണ് അന്വേഷിക്കുന്നത്. ഹെമിങ് വേയുടെ പിലാറിനെ (For Whom the Bell Tolls) ഓര്‍മ്മിപ്പിക്കുന്ന ഔറിയ മുത്തശ്ശിയില്‍, ജീവിതാശയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ജിപ്സി രക്തം തുടിച്ചുനില്‍പ്പുണ്ട് എന്നുതോന്നാം. എസ്തേവ അപ്പൂപ്പന്‍ തന്റെ യൗവ്വനം ഹോമിച്ച ജന: ഫ്രാങ്കോക്കെതിരായ ഫാസിസ്റ്റ് വിരുദ്ധപോരാട്ടവും, ഹെമിങ് വേയുടെ മാസ്റ്റര്‍പീസിനെയെന്ന പോലെത്തന്നെ, ലാറ്റിന്‍ അമേരിക്കന്‍ ക്ലാസിക്കുകളെയും ഓര്‍മ്മിപ്പിക്കുന്നു.....

Read full article here (Spoilers are there):
https://alittlesomethings.blogspot.co...

1 review
Read
January 1, 2025
"സിൻ" - നോവൽ വായിച്ചു കഴിഞ്ഞ്, അതേ എഴുത്തുകാരിയുടെ മറ്റൊരു പുസ്തകം എന്ന നിലയിലാണ്, "മുറിവേറ്റവരുടെ പാതകൾ" വാങ്ങുന്നത്.

യാത്രാവിവരണം എന്ന അറിവ് വെച്ചാണ് പുസ്തകം വാങ്ങിയതും വായിക്കാൻ എടുത്തതും. എന്നാൽ ആദ്യമെ പറയട്ടെ, ഇതിൽ പല ദേശങ്ങളിലെ കാഴ്ചകളല്ല കൂടുതലായി വായനക്കാരെ കാത്തിരിക്കുന്നത്. കാഴ്ചകളെക്കാൾ കൂടുതൽ പല ദേശങ്ങളിലെ മനുഷ്യരേയും അവരുടെ ജീവിതവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മനുഷ്യരുടെ ജീവിതങ്ങളാണ് ഇവിടെ 17 അധ്യായങ്ങളിലായി അടുക്കി വച്ചിരിക്കുന്നത്. അവയിൽ പലതും കഥകളെ വെല്ലുന്ന അനുഭവങ്ങളാണ് എന്ന് മാത്രം. ഏറെയും മുറിവേറ്റവരുടെ ജീവിതങ്ങൾ തന്നെ, ആഴത്തിൽ മുറിവേറ്റവരും അക്കൂട്ടത്തിലുണ്ട്.

നമ്മൾ ജീവിക്കുന്നത് എത്ര സുരക്ഷിതമായ ഇടത്താണ് എന്നും, എത്ര നിസ്സാരങ്ങളാണ് നമ്മുടെ പ്രയാസങ്ങൾ എന്നും നമ്മെ ഓർമിപ്പിക്കുന്നുണ്ട് ഇതിലെ ഏറെ മനുഷ്യരും.

കഥാകാരിയുടെ ഭർത്താവിന്റെ മുത്തശ്ശി ഔറിയുടെ ജീവിതം പറഞ്ഞു കൊണ്ടാണ് ഹരിത സാവിത്രി പുസ്തകത്തിലേക്ക് നമ്മെ ക്ഷണിക്കുന്നത്. നന്നെ ചെറുപ്പത്തിൽ പിതാവിനെ നഷ്ടമായ ഔറിയും മാതാവും അവരുടെ നാട്ടിൽ നിന്ന് പാലായനം ചെയ്യുന്നത് തന്നെ ഏറെ കഷ്ടതകൾ അനുഭവിച്ചു കൊണ്ടാണ്.
മുത്തശ്ശിയുടെ നാടായ "ലിയോൺ" എന്ന ആ ഗ്രാമത്തിലേക്കാണ് കഥാകാരി ഭർത്താവ് ഇവാൻ ഒന്നിച്ച് ഹണിമൂൺ യാത്ര ചെയ്യുന്നത്. ഔറി മുത്തശ്ശിയുടെ ജീവിതത്തോടൊപ്പം ആ യാത്രയും ഭംഗിയായി കഥാകാരി നമുക്കായി ആദ്യ അധ്യായത്തിൽ വരച്ചിടുന്നു.

കൂട്ടുകാരിയുമായുള്ള പ്രണയം അറിഞ്ഞ സ്വന്തം അമ്മ ചുട്ടുപഴുപ്പിച്ച കത്തി തുടയിലെ മാംസത്തിലേക്ക് കുത്തിയിറക്കിയതിന്റെ വേദനയും, വീട് വിട്ടിറങ്ങി പോയപ്പോൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിന്റെ നീറ്റലും അതിജീവിച്ച് ജീവിതം കെട്ടിപ്പടുത്തതിന് ശേഷവും, ജീവിത മാർഗം വഴിമുട്ടി ഏക മകളെ സുഹൃത്തുക്കൾക്ക് ദത്തുനൽകി തൻ്റെ നാടായ ദിയർബക്കറിലേക്ക് കുർദ് ജനങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാകാൻ പോകുന്ന സഹൻദിൻ്റെ ജീവതത്തെ വെല്ലുന്ന കഥകളൊന്നും നമ്മൾ ഏറെ വായിച്ചു കാണില്ല.

1976 മുതൽ 1983 വരെ അർജൻ്റീനയിൽ നിലനിന്നിരുന്ന സൈനിക ഭരണകാലത്ത് സൈനികർ അറസ്റ്റ് ചെയ്തുകൊണ്ടു പോയി, പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇൻഗ്രിഡി എന്ന 14 വയസുകാരിയാണ് തൻ്റെ അമ്മ എന്നത് പിന്നീട് നടത്തിയ DNA ടെസ്റ്റിലൂടെ അമ്മൂമയെ തിരിച്ചറിഞ്ഞപ്പോഴാണ് അറിഞ്ഞത് എന്ന കഥാകാരിയുടെ സഹപാഠിയായ ജൂലിയൻ്റെ കഥ, വന്യമായ ഭാവനയിൽ പോലും നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നതല്ല.

പരിഷ്കൃത ജീവിതത്തിൻ്റെ സാധ്യതകളും, ഇറ്റലിയിലെ ചൂടുള്ള വേനലും ഉപേക്ഷിച്ച്, സാന്താക്ലോസിന്റെ നാടെന്ന് അറിയപ്പെടുന്ന ഫിൻലാൻഡിലെ ലാപ് ലാൻഡിലെ ധ്രുവ പ്രദേശത്തിന്റെ ഭാഗമായ ഔട്ടി എന്ന കൊച്ചു ഗ്രാമത്തിൽ, റെയിൻ ഡിയറുകളേയും വളർത്തി ജീവിക്കാൻ, അധ്യാപക പരിശീലനം നേടി കഴിഞ്ഞ ആന്ദ്രെ എന്ന ഇറ്റലിക്കാരൻ യുവാവ് തീരുമാനിക്കാനുണ്ടായ കാരണം അവൻ്റെ ഡയറി വായിച്ചു തന്നെ വായനക്കാരന് മനസിലാക്കാം. ഏറെ ആകാംക്ഷയോടെയാണ് ആ ഡയറിക്കുറിപ്പുകൾ ഞാൻ വായിച്ചുതീർത്തത്.

ഈ പുസ്തകത്തിലെ 17 അധ്യായങ്ങളും ഇതുപോലെ കഥകളെ വെല്ലുന്ന ജീവിതങ്ങൾ തന്നെയാണ്, വായിച്ചിരിക്കേണ്ട ജീവിതങ്ങളും, അനുഭവങ്ങളും, കാഴ്ചകളും നിറഞ്ഞ പുസ്തകം.

പ്രസാധകർ - ഗ്രീൻ ബുക്സ്
വില - 230 / - ( രണ്ടാം പതിപ്പ്)

ഈ പുസ്തകവും ഏറെ വായിക്കപ്പെട്ടെ എന്ന ആശംസകളോടെ,

രൂപേഷ് പറമ്പൻകുന്നൻ,,,,,
16 reviews1 follower
Read
July 4, 2025
മുറിവേറ്റവരുടെ പാതകൾ:
ഹരിത സാവിത്രി.


….. ''ഈ ലോകത്ത് എനിക്ക് ആകെയുള്ള സ്വത്ത്! രാത്രികളിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. വാനിന്റെ ചില്ലുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ അവളുടെ തുടുത്ത കവിളുകളും ചുരുണ്ട തവിട്ടു മുടിയിഴകളും നോക്കിക്കൊണ്ട് ഞാൻ മണിക്കൂറുകളോളം കിടന്നു. ഒരുമിച്ചുള്ള അവസാന ദിവസങ്ങൾ ആഘോഷമാക്കാനായി ഞാൻ അവളെയും കൊണ്ട് പാർക്കുകളിൽ പോയി. വലിയ ഒരു ചൂണ്ടയുമായി ചില ദിവസങ്ങളിൽ ഞങ്ങൾ തടാകക്കരയിൽ മീൻ പിടിക്കാൻ പോയി. ഓരോ തവണയും ചൂണ്ടയിൽ കുരുങ്ങിയ മീനുകളെ വലിച്ചെടുക്കുമ്പോൾ ആവേശം മൂത്ത് ഡെവിൾ ഞങ്ങൾക്ക് ചുറ്റും നൃത്തം വെച്ചു. ഹോപ്പിന്റെ ചിരിക്കുന്ന മുഖം കാണാനായി ഞാൻ ആ ദിവസങ്ങളിൽ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ ശിരസ്സിൽ വലിയൊരു ഭാരം ചുമക്കുന്നതുപോലെ ശക്തിയില്ലാത്ത കാലുകൾ വലിച്ചുവെച്ച് ഇഴഞ്ഞുവലിഞ്ഞാണ് ഞാൻ ഓരോന്നും ചെയ്തത്.'' ….

2022- ൽ യാത്രാവിവരണത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതിയാണ് ‘ഗ്രീൻ ബുക്സ്’പ്രസിദ്ധീകരിച്ച ‘ഹരിത സാവിത്രി'യുടെ ‘മുറിവേറ്റവരുടെ പാതകൾ’.

യാത്രാവിരണം എന്ന് കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഒരു നാടിനെകുറിച്ച്, അവിടത്തെ കാഴ്ചകളെ കുറിച്ച്, ആ നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രങ്ങളും സംസ്കാരങ്ങളും ജീവിതരീതിയും മറ്റും വിവരിക്കുന്നത് എന്നാണ്. എന്നാൽ ഈ ‘മുറിവേറ്റവരുടെ പാതകൾ’ ആ കാഴചപ്പാടിനെ തീർത്തും മാറ്റി മറിച്ചു.

യൂറോപ്പിന്‍റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര തിരിക്കുന്ന എഴുത്തുകാരി കുറച്ചു പേരുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചറിഞ്ഞവതരിപ്പിക്കുകയാണീ കൃതി.

ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങൾ, നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും ഗന്ധങ്ങൾ, ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍, മുന്തിരിപ്പാടങ്ങള്‍, വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം മുറിവേറ്റ മനസ്സുകളുടെ വേദനയും കണ്ണുനീരും അലിഞ്ഞു ചേരുകയാണീ പുസ്തകത്താളുകളിൽ.

ജീവിതപങ്കാളിയുടെ മുത്തശ്ശിയുടെ ജീവിതകഥയിൽ തുടങ്ങി കാറ്റാലൻ ജനതയുടെ സഹനസ്വാതന്ത്ര്യസമരകഥയിലവസാനിക്കുന്ന പതിനേഴ് കുറിപ്പുകൾ ഒരുക്കിവച്ചിരിക്കുകയാണ് എഴുത്തുകാരി ഈ കൃതിയിൽ. ഇവയെല്ലാം വായനക്കാരുടെ മനസ്സിൽ തങ്ങിനില്ക്കും വളരെയേറെ നാളുകൾ.

ഒരു യൂറോപ്യന്‍ ജീവിതത്തിന്‍റെ ചൂടും തണുപ്പും നിറഞ്ഞ ഈ പാതയിലൂടെ നടന്ന്, ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി കാണിച്ചുതരുകയാണ് നമ്മുടെ കൺമുന്നിൽ.

മഞ്ഞുപെയ്യുന്ന നാട്ടിലെ മരം കോച്ചുന്ന തണുപ്പിലാണീ അക്ഷരങ്ങൾ കുറിച്ചിട്ടിരിക്കുന്നതെങ്കിലും ഏതിരുമ്പിനെയും ഉരുക്കുന്ന ചൂടുണ്ടീ കുറിപ്പുകൾക്ക്. ഒപ്പം കണ്ണീരിന്റെ ഉപ്പും.

ഈ പുസ്തകത്തിലെ എഴുത്തുകളിലൂടെ പോകുമ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പുകയായിരുന്നു. നെഞ്ചിലൊരു ഭാരം കയറ്റിവച്ചൊരവസ്ഥയായിരുന്നു.

ജീവിതത്തിലിതുവരെ വായിച്ചതിൽ ഏറെ പ്രിയപ്പെട്ട പത്ത് പുസ്തകങ്ങൾ തിരഞ്ഞെടുത്താൽ തീർച്ചയായും അതിൽ ഈ ‘മുറിവേറ്റവരുടെ പാതകൾ’ ഉണ്ടാവും.

തീർച്ചയായും വായിച്ചിരിക്കേണ്ട, അല്ല വായിച്ചനുഭവിക്കേണ്ട ഒരു കൃതിയെന്നുതന്നെ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നു.

ബിജു എം. പൗലോസ്.
Displaying 1 - 5 of 5 reviews