വായന📖 - 1/2022 പുസ്തകം📖 - എസ്പതിനായിരം രചയിതാവ്✍🏻 - എൻ.പി ഹാഫിസ് മുഹമ്മദ് പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - നോവൽ പതിപ്പ്📚 - 3 പ്രസിദ്ധീകരിച്ചത്📅📚 - ഫെബ്രുവരി 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - മാർച്ച് 2018 താളുകൾ📄 - 343 വില - ₹370/-
📌ഈ പുസ്തകം വളരെ യാദൃശ്ചികമായിട്ടാണ് ഞാൻ വാങ്ങാൻ ഇടയായത്. പുസ്തകശാലയിൽ കണ്ടപ്പോൾ എസ്പതിനായിരം എന്ന പേരിലുള്ള വ്യത്യാസം ആണ് എന്നെ ആദ്യം ആകർഷിച്ചത്. കയ്യിൽ എടുത്ത് പുറംഭാഗം നോക്കിയപ്പോൾ അവിടെ കൊടുത്തിട്ടുള്ള ചെറുകുറിപ്പ് വായിച്ചപ്പോൾ എന്തായാലും വാങ്ങി വായിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ വായിച്ചതാണ് ഈ പുസ്തകം. അധികം കുറിപ്പുകൾ ഈ പുസ്തകത്തെ കുറിച്ച് കണ്ടിട്ടില്ല. പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ആണെങ്കിലും എനിക്ക് ഈയൊരു കാര്യത്തിൽ അത്ഭുതം തോന്നി. കാരണം, നല്ലൊരു വായനാനുഭവം ആയിരുന്നു ഈ പുസ്തകം എനിക്ക് നൽകിയത്. വായിച്ച് തീരാൻ കുറച്ചധികം സമയം വേണ്ടിവന്നു എങ്കിലും വായിച്ചവസാനിപ്പിച്ചപ്പോൾ എസ്.കെ പൊറ്റെക്കാട്ടിൻ്റെ ഒരു ദേശത്തിൻ്റെ കഥ പോലെ ഉള്ള ഒരു മലയാളത്തനിമയുള്ള പുസ്തകം ആണ് ഇതെന്നാണ് എനിക്ക് തോന്നിയത്.
📌പേരു പോലെ തന്നെ എസ്പതിനായിരം കഥകളുടെ ഒരു രസക്കൂട്ടാണ് ഈ പുസ്തകം. കോഴിക്കോട്ടെ മുസ്ലിം സമുദായത്തിൻ്റെ ഉള്ളറിഞ്ഞ കഥകൾ. നോവൽ ആണെങ്കിലും നമ്മൾ കുട്ടിക്കാലത്ത് കേട്ടുവളർന്ന മുത്തശ്ശിക്കഥകളുടെ മധുരം ഉണ്ട് ഈ പുസ്തകത്തിന്. കോഴിക്കോട്ടെ ബീച്ചും തെക്കേപ്പുറവും, പരപ്പനങ്ങാടിയും കുറ്റിച്ചിറയും പോലെയുള്ള സ്ഥലങ്ങൾ വായനയിലൂടെ നമുക്ക് സുപരിചിതമാകുന്നു. അറുപതുകളിലെയും എഴുപതുകളിലെയും കാലത്തെ കോഴിക്കോട് ടൈം ട്രാവൽ ചെയ്തു പോയി എസ്പതിനായിരം കഥകൾ കണ്ടും കേട്ടും അറിഞ്ഞും വന്നു നല്ലൊരു കോഴിക്കോടൻ സുലൈമാനി രുചിച്ച അനുഭൂതിയാണ് എഴുത്തുകാരൻ എനിക്ക് സമ്മാനിച്ചത്.
ഒരു കൗമാരക്കാരന്റെ കാഴ്ചയിൽ കൂടെയാണ് ഈ നോവൽ കടന്നുപോകുന്നത്. ഇതിൽ കടലും കടപ്പുറവും തിമിംഗലവും പള്ളിയും മദ്രസയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നാടും എല്ലാം ഇതിലേക്ക് കടന്നുവരുന്നു. തെക്കേപുറവും പരപ്പനങ്ങാടിയും കുറ്റിച്ചിറയും എഴുത്തുകാരനോപ്പം നമ്മളും കാണുന്നു. വടക്കേ മലബാറിലെ മുസ്‌ലിങ്ങളുടെ ഇടയിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ ഇതിൽ ആവോളമുണ്ട്. മുസ്ലിം സമുദായത്തിലെ ചില വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഒരു കൗമാരക്കാരൻ കണ്ണിൽ കാണുന്നത് എങ്ങനെയെന്ന് വിവരിച്ചിരിക്കുന്നു. ഷാഹിനയുമായുള്ള കൗമാരത്തിലെ ആദ്യ പ്രണയം വായനക്കാരിൽ പല ഓർമ്മകളെ തട്ടിയുണർത്തുന്ന വിധമാണ് എഴുതിയിരിക്കുന്നത്. കുടുംബവും മതവും വിശ്വാസങ്ങളുമെല്ലാം കൗമാരത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. കൗമാരകാല സ്വവർഗ്ഗ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും നോവൽ പറയുന്നുണ്ട്.