എഴുത്തുകാരനു ലഭിച്ച കത്തുകൾ , ആ കത്തുകൾക്കുള്ളിൽ 1945 ൽ ജപ്പാനിലെ രണ്ടു നഗരങ്ങളിൽ നടന്ന ആണവാക്രമണത്തിന്റെ കെടുതികൾ നേരിട്ടനുഭവിച്ച കുറച്ചു മനുഷ്യർ . അവരുടെ അക്കാലത്തെ ജീവിതം. ഇപ്പോൾ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു ഡോക്ടർമാർ. അതിനിടയിൽ നടന്ന ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തിന്റെ സുപ്രധാനമായൊരു ഓപ്പറേഷൻ . ജീവിതങ്ങളും പ്രണയവും രഹസ്യങ്ങളും ആ കത്തുകളിലൂടെ ഇതൾ വിരിയുന്ന വ്യത്യസ്തമായ നോവൽ.
ജപ്പാൻ എന്ന രാജ്യത്തെ പറ്റി നമ്മളാദ്യം കേൾക്കുന്നത് ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ സംഭവിച്ച ദുരന്തത്തിലൂടെയാവും. ആ നാടിന്റെ പശ്ചാത്തലത്തിൽ ആണാവാക്രമങ്ങളുടെ യാതനകൾ നേരിട്ട കുറച്ചു മനുഷ്യരുടെ കത്തിടപാടുകളിലൂടെയാണ് ദുരൂഹത നിറഞ്ഞ ഈ നോവൽ പുരോഗമിക്കുന്നത്.
ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നായി അയക്കുന്ന കത്തുകൾ എഴുത്തുകാരനെ തേടി വരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ RAW - ൽ ഉദ്യോഗസ്ഥനായിരുന്ന ജെപി എന്ന് മാത്രം സ്വയം പരിചയപ്പെടുത്തിയ ആളായിരുന്നു ആ കത്തുകൾ അയച്ചത്. ജെപി ഉൾപ്പെട്ട ഒരു രഹസ്യ ഓപ്പറേഷന്റെ ഭാഗമായ വിവരങ്ങൾ ആയിരുന്നു ആ കത്തുകളുടെ ഉള്ളടക്കം. തന്റെ ശരിയായ പേരോ സ്ഥലമോ വെളിപ്പെടുത്താൻ തയ്യാറാവാത്ത ജെ പി യെ പറ്റി ഒടുവിൽ റിഹാൻ എഴുതി നിർത്തുമ്പോൾ, ഇത് സങ്കല്പമാണോ അതോ സത്യമാണോ എന്ന് വായിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ സാഹചര്യവും പരിചിതമല്ലാത്ത ഒരു ഭൂമികയുമാണ് നമ്മുക്ക് മുന്നിലേക്ക് റിഹാൻ പരിചയപ്പെടുത്തുന്നത്. അതിൽ തന്നെ ദുരന്തവും ജീവിതവും പ്രതീക്ഷയും പ്രണയവും ജാപനീസ് ആത്മാവ് ചോർന്നു പോകാതെ ആകാംക്ഷ നിറഞ്ഞ കത്തുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
വൈകാരികമായ അടുപ്പത്തിനും ഒന്നിച്ചിരിക്കാനും ഉള്ളുതുറക്കാനും സ്നേഹം പങ്കുവയ്ക്കാനുള്ള ആഗ്രഹത്തിന് പ്രായമൊരു തടസ്സമല്ല. 70ന് മുകളിൽ പ്രായമായ ലുക്കോയുടെയും ദേറയുടെയും കത്തുകളിൽ അവരുടെ പ്രണയവും മോഹവും ലൈംഗികാഭിലാഷങ്ങളും അന്യോന്യം മറച്ചു വെയ്ക്കാതെ എഴുതുന്നു. അതിലൂടെ അവരുടെ ബന്ധത്തിന്റെ ആഴവും ഐക്യവും ഒരു നൊമ്പരത്തോടെ നമ്മുക്ക് ബോധ്യമാവുന്നു.
"ലൂക്കോ... ഒരാഗ്രഹമുണ്ടെനിക്ക്. നിന്നോടൊപ്പമുള്ള ദീർഘ സംഭോഗത്തിന്റെ ഇടയിലാവണം എന്റെ മരണം സംഭവിക്കേണ്ടതെന്നാണത്! കിതപ്പുകളൊന്നുമറിയാത്ത, ആയാസരഹിതമായ മരണമാവുമത്. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന സൂചനകളൊന്നുംതന്നെയില്ലാതെ, വിരലുകൾ വേരുകൾ കണക്കെ അതിർത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുകയും മരണത്തിന്റെയോ രതിയുടെയോ എന്നു തിരിച്ചറിയാൻ സാധ്യമല്ലാത്ത അനുഭൂതിയിൽ നിൽക്കുകയും ചെയ്യും."