മലയാളത്തിലെ യുവ ചെറുകഥാകൃത്തും നിരൂപകനുമാണ് വി.ആർ.സുധീഷ്. വടകര സ്വദേശിയായ ഇദ്ദേഹം ചേളന്നൂർ ശ്രീനാരായണ കോളേജിൽ മലയാളം അദ്ധ്യാപകനാണ് വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. മടപ്പള്ളി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ സമ്മാനം നേടി ശ്രദ്ധേയനായി. മലയാളത്തിലെ ആധുനിക കഥയുടെ രൂപാന്തരത്തിൻറെ പ്രധാന ദശയിലാണ് വി.ആർ.സുധീഷിൻറെ ആദ്യകാലകഥകൾ ഉണ്ടാകുന്നത്. യൌവനത്തിൻറെ കണ്ണീർപ്പാടുകളും നിലവിളിയും കണ്ടെടുക്കുന്ന എഴുത്തുകാരനാണ് സുധീഷ്. ഭാവനിർഭരമായ ഓർമ്മകളും വിചിന്തനങ്ങളും നിറയുന്ന സുധീഷിൻറെ രചനകൾ വായനക്കാരനെ അകംനീറ്റുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. കലങ്ങുന്ന പ്രണയസമുദ്രം നെഞ്ചേറ്റിലാളിക്കുന്ന ഒരാളുടെ സാന്നിധ്യം ഈ കഥാകാരൻറെ തട്ടകത്തിലുണ്ട്. അസ്തിത്വത്തിൻറെ പൊരുൾ സ്വാതന്ത്ര്യമെന്നതുപോലെ അനുരാഗം കൂടിയാണെന്ന ശുഭസൂചന സുധീഷ് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാഴ്ചകളെ കീറിമുറിക്കുന്ന സാമൂഹിക-രാഷ്ട്രീയ ഭൂപടങ്ങളും കഥാകാരൻ സൂചിപ്പിക്കുന്നു. കാവ്യാത്മക ഭാഷയിൽ തീർത്ത ഹരിതപത്രങ്ങളുടെ മനോഹാരിത കൊണ്ട് സമകാലികരിൽ നിന്നു വേറിട്ടുനിൽക്കുന്നവയാണ് സുധീഷിൻറെ രചനകൾ.തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഴുത്തുകാരൻ തിരഞ്ഞെടുത്ത 20 ചെറുകഥകൾ അടങ്ങിയ സമാഹാരമാണിത്. വംശാനന്തരതലമുറ, കല്ലേരിയിലെത്തുന്ന തപാൽകാരൻ, ഭൂമിയിലെ വീട്, ബാബുരാജ്, സ്വാതന്ത്ര്യത്തിന് വയസ്സാകുന്നു, തിയേറ്റർ, വിരൽ, മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ്, ചരമവാക്യങ്ങൾ, ഓർമകളുടെ അച്ഛൻ, സൈക്കിൾ, ആകാശക്കൂടുകൾ, ആത്മവിദ്യാലയമേ, പരാഗണം, ഭവനഭേദനം, അച്ഛൻതീവണ്ടി, ഇരുട്ടിൽ കണ്ണുമിഴിക്കുമ്പോൾ, രണ്ടു വേശ്യകൾ, പാഴ്ക്കിണറുകൾ, കൊ കൊ കൊക്കരക്കോ എന്നിവയാണവ. വംശാനന്തരതലമുറ സ്കൂളുകളിൽ പാഠ്യ വിഷയത്തിന്റെ ഭാഗമാണ്. കുട്ടികൾക്ക് പഠിക്കാൻ വേണ്ടി കീറി മുറിക്കപ്പെട്ടു കിടക്കുന്ന തവള, പഠിക്കുന്ന സമയം തന്നെ കുഞ്ഞു ഹൃദയങ്ങളിൽ വിഷമം സൃഷ്ടിച്ചതാണ്. സന്തോഷത്തിന്റെ പ്രതീകമായി എത്തിക്കൊണ്ടിരുന്നത് തപാൽകാരൻ പിന്നീട് ദുരന്ത വാർത്തകൾ എത്തിക്കുന്നതും നാട്ടുകാർ അയാളെ ഉപദ്രവിക്കാൻ ഓടിക്കുന്നതുമാണ് കല്ലേരിയിലെത്തുന്ന തപാൽകാരനിൽ പറയുന്നത്. ബാബുരാജ് എന്ന അനശ്വര പ്രതിഭയെ ഓർത്തെടുക്കുന്ന കഥയാണ് ബാബുരാജ്. ഗർഭച്ഛിത്രങ്ങൾക്കെതിരെ ഒരു പ്രതിഷേധം എന്ന നിലയിൽ നിലകൊള്ളുന്നു മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ്. മനുഷ്യ മനസ്സിലെ നന്മയെ കാണിക്കുന്ന പൊട്ടക്കിണറും മാനസികനില തെറ്റിയ അച്ഛനുള്ള അച്ഛൻതീവണ്ടിയും എല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ഇതിലെ ഓരോ കഥകളും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.