അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു.
അവൾക്കന്ന് പത്തുവയസ്സ്. ചെറിയൊരു വെയിറ്റിങ്ഷെഡിൽ നിർത്തി മൂത്രമൊഴിച്ചു വരാമെന്ന് പറഞ്ഞു അച്ഛൻ ബാറിലേക്ക് പോയി. മദ്യപിച്ചപ്പോൾ അച്ഛൻ അവിടത്തെ പേരുകേട്ട വേശ്യയെ ഓർത്തു. രാധികയെ മറന്നു. വേശ്യയുടെ വീട്ടിൽ റെയിഡുണ്ടായി. അച്ഛനെ പോലീസ് കൊണ്ടുപോയി.രാധിക കാത്തുകാത്തുതളർന്നു. ഇരുട്ടുവീണപ്പോൾ അച്ഛനെ കാട്ടിത്തരാമെന്നുപറഞ്ഞ് ഒരു വൃദ്ധൻ അടുത്തുകൂടി കുടിലിൽകൊണ്ടുപോയി. പാതിയുറക്കത്തിൽ ബലാത്സംഗംചെയ്തു.
അഴുക്കു പിടിച്ച ആ കുടിൽ, മരംവെട്ടുകാരൻ, അയാളുടെ ചുള്ളിൽ ശരീരം, ചീഞ്ഞ മരത്തിൻ്റെ ഗന്ധമുള്ള ശരീരം, അവൾക്കു നൊന്തത്, മുറിഞ്ഞത്, അവൾ കരഞ്ഞപ്പോൾ മഴു വീശി പേടിപ്പിച്ചത്. അവളുടെ കണ്ണ് തുറിച്ചത്. പേടിച്ചു തണുത്തു പോയത്.
അതൊക്കെ വർഷങ്ങൾക്കിപ്പുറം ക്രിസ്റ്റിയോടു വിവരിച്ചപ്പോൾ രാധിക കരഞ്ഞില്ല അയാളുടെ മടിയിൽ കിടക്കുകയായിരുന്നു അവൾ . ഒരാളുടെ മടിയിൽ കിടക്കുന്നതും മുടിയിഴകൾ തഴുകിയൊതുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു . ഒരു കുഞ്ഞിനെയെന്ന പോലെ ക്രിസ്റ്റി അവളെ സ്പർശിച്ചു. അയാളുടെ കൈകളിൽ കിടന്നവൾ പൂത്തുലഞ്ഞു.
ക്രിസ്റ്റി അച്ഛനായി. രാധിക ആനന്ദിച്ചു.
വിവരമറിഞ്ഞപ്പോൾ ക്രിസ്റ്റിയുടെ മുഖം മാറി. വേണ്ടായിരുന്നുന്ന് പറഞ്ഞു.
അച്ഛനാകണമെന്നു പറഞ്ഞതും, മോന് അരിസ്റ്റോട്ടിലെന്നു പേരിടണമെന്നു പറഞ്ഞതും മറന്നു.
അയാൾ കൃഷ്ണനാണെന്ന്,
പ്രണയിക്കാനല്ലാതെ കെട്ടുപാടുകൾ സാധ്യമല്ലത്രെ. കുഞ്ഞിനെ നശിപ്പിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മിന്നു കെട്ടാമെന്നു വിശ്വസിപ്പിച്ച് പള്ളി സെമിത്തേരിയിൽ അമ്മച്ചിയുടെ കുഴിമാടത്തിനു മുന്നിൽ ആരുമില്ലാത്ത നേരം അവളെ ബലാത്സംഗം ചെയ്തു. ചീഞ്ഞ തടിയുടെയും കുന്തിരിക്കത്തിൻ്റെയും ഗന്ധം വമിക്കുന്ന ശ്മാശാനത്തിൽ രാധികയുടെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് അവളിലേക്ക് ഈർച്ചവാൾ പോലെ ഇറങ്ങി.
കൊല്ലും ഞാനെന്ന് പറഞ്ഞു കിതച്ചു അടിവയറ്റിൽ കാൽമുട്ടിടിച്ചു കയറ്റി.അവൻ പോയി, അരിസ്റ്റോട്ടിൽ മഴപോലെ വയറ്റിൽ നിന്ന് പെയ്തിറങ്ങി.അവൾ തണുത്തു വിറച്ചു ഒരു മരക്കഷ്ണമായിക്കിടന്നു.
വളരെ കഴിഞ്ഞു രാധിക അജിത്തിൻ്റെ ഭാര്യയായി നീർവറ്റി വാടാൻ തുടങ്ങുമ്പോൾ കസവുകരയുള്ള മുണ്ടിൻ്റെ അറ്റം പിടിച്ചു കാലൻകുടയുമായി, മദ്യപിക്കാനും വ്യഭിചാരിക്കാനും തിടുക്കത്തിലോടുന്ന അച്ഛനെ ഓർമ്മിപ്പിച്ചു ക്രിസ്റ്റി കടന്നുവന്നു.
മൂന്ന് പുരുഷന്മാർ ചുവട്ടിലെ മണ്ണിളക്കി, കടക്കൽ മഴുവെച്ച് , ഇലകൾ പറിച്ച്, ചില്ലകൾ ഒടിച്ചുമാറ്റിയ മരം പിന്നെയും തളിർത്തു.
സ്നേഹം ഒരു വിചിത്ര വൃക്ഷമാണ്.
തഴച്ചു നിൽക്കുമ്പോൾ കടപുഴകുന്ന,
പട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കുന്ന,
മുറിച്ചുമാറ്റിയാലും പൊട്ടിക്കിളിർക്കുന്ന വിചിത്രമായ ഒന്ന്.