ചില എഴുത്തുകൾ മനസ്സിൽ കൊത്തിവെക്കുന്ന ചിത്രങ്ങൾക്ക് പ്രത്യേക ആഴമാണ് . പെരുമാൾ മുരുകന്റെ "കീഴാളർ" അങ്ങനെയുള്ള ഒരു വായനാനുഭവം ആയിരുന്നു. "കൂലമാതിരി" എന്നാണ് തമിഴിൽ പുസ്തകത്തിന്റെ ടൈറ്റിൽ . അർത്ഥമറിയില്ല. വി.ഗീത പുസ്തകം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തപ്പോൾ കൊടുത്ത പേര് "ദി സീസണ്സ് ഓഫ് പാംസ്"എന്നാണ്. (പനമരങ്ങളുടെ ഋതുക്കൾ )
പനമരങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ ഒരു പാടുണ്ട് നോവലിൽ. ചക്കിലി ഗോത്രത്തിൽ പെട്ട കൂലിയൻ എന്ന പയ്യൻ, ഗൗണ്ടറുടെ ആടുകളെ മേയ്ക്കാൻ കൊണ്ടുപോകുന്നത് വയലുകളുടെ പാർശ്വത്തിലുള്ള തുറസ്സായ സ്ഥലത്താണ്. അതിന്റെ ഓരങ്ങളിൽ നിറച്ചും പനമരങ്ങളുണ്ട്.കൂലിയൻ ഒരു കണക്കിന് പറഞ്ഞാൽ, ബന്ധിത തൊഴിലാളിയാണ് . കാരണം അവന്റെ അച്ഛൻ ഇടയ്ക്കിടെ ഗൗണ്ടരോട് പണം കടം വാങ്ങും. പകരം മകനെ അവിടെ ജോലിക്ക് നിർത്തിയിരിക്കയാണ്. കൂലിയില്ല.
അതിരാവിലെ അവന്റെ ദിവസം ആരംഭിക്കും. തൊഴുത്ത് വൃത്തിയാക്കി, കന്നുകാലികൾക്ക് തീറ്റ കൊടുത്തതിനു ശേഷം അവൻ കറന്ന പാൽ പല നാടാറുകളുടെ വീടുകളിൽ എത്തിക്കാനായി ഇറങ്ങും. അയിത്തം ഒഴിവാക്കാൻ പാൽപാത്രങ്ങൾ തുണികൊണ്ടു ചുറ്റിയിരിക്കും. അവർ പാൽ സ്വയം അളന്നെടുക്കുമ്പോൾ അവൻ ദൂരെ മാറി നിൽക്കും. തിരിച്ചെത്തിയാൽ മുറ്റമടിച്ചു വൃത്തിയാക്കണം. ഗൗണ്ടറുടെ ഭാര്യ ചിരട്ടയിൽ ഒഴിച്ചുകൊടുക്കുന്ന ചായയുടെ അവസാന തുള്ളി മൊത്തിക്കുടിച്ച ശേഷം, ആടുകളെ മേയ്ക്കാനിറങ്ങും . ഉച്ചക്ക് കഴിക്കാനായി കുറച്ചു കഞ്ഞിയും, വല്ലപ്പോഴും ചോളപ്പൊടികൊണ്ടുണ്ടാക്കിയ കൊഴുക്കട്ടയും അവർ അവനു കൊടുക്കും.
സൂര്യനപ്പോൾ മെല്ലെ മെല്ലെ പ്രഭാതയാത്ര തുടങ്ങിയിരിക്കും .
കുറച്ചു കഴിയുമ്പോഴേക്കും, അവനെ പോലെ തന്നെ, ഗൗണ്ടറുകളുടെ വീടുകളിൽ ജോലിക്കു നിർത്തിയ വാവുരിയും , മോണ്ടിയും , ശേവിടിയും , നെടുമ്പനും ആടുകളുമായി അവിടയെത്തും. അവനെ പോലെ തന്നെ കൗമാരത്തിന്റെ വരമ്പിലെത്തിനിൽക്കുകയാണ് അവരും. ആടുകളെ മേയ്ക്കാൻ കൊണ്ടുവരുന്നതിന് മുൻപ് വീട്ടിലെ മറ്റു ജോലികളും ചെയ്തു തീർക്കണം. നെടുമ്പന് കക്കൂസിൽ നിന്നും മലം കോരി വൃത്തിയാക്കുന്ന പണി കൂടെയുണ്ട്.
ചോളചെടികളും പാറകളുമുള്ള പീഠഭൂമിയും , ചുറ്റും വയലുകളായി തിരിച്ച താഴ്ചയുള്ള നിലങ്ങളും, മഴക്കാലത്ത് മാത്രം വെള്ളം നിറഞ്ഞു കുളത്തിലേക്ക് ഒഴുകുകയും , ബാക്കി സമയം കാടുപിടിച്ചുകിടക്കുകയും ചെയ്യുന്ന കനാലും അവരുടെ ലോകമായി മാറും. ഉത്സവസമയത്ത് മാത്രമാണ് അവർക്കൊരു ജോഡി വസ്ത്രം കിട്ടുന്നത് . അർദ്ധപട്ടിണിയും അർദ്ധനഗ്നതയും അടയാളപ്പെടുത്തുന്നതാണ് അവരുടെ ദിനങ്ങളെങ്കിലും, അതുമായി പൊരുത്തപ്പെട്ടുപോകാനും, അവരുടെ ഉടമസ്ഥരായ ഗൗണ്ടർമാരോട് വിധേയത്വം പാലിക്കാനും അവർ ശീലിച്ചിരുന്നു.
പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ ഋതുക്കളുടെ ഊഞ്ഞാലാട്ടം ആ ഭൂപ്രദേശത്തും , ജീവജാലങ്ങളിലും വരുത്തുന്ന സൂക്ഷ്മങ്ങളായ മാറ്റങ്ങളെ, അവരോടൊപ്പം നമ്മളും കണ്ടറിയുന്നു. കൂലിയൻ ഭക്ഷണം കൊണ്ടുവരുന്ന പാത്രത്തിന്റെ അടുത്തേക്ക് നീങ്ങുന്ന ഉറുമ്പുകൾ പോലും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളുടെ ചിഹ്നങ്ങളാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ തരിശ്ശായി കിടക്കുമ്പോൾ മാത്രമാണ് ഉറുമ്പുകൾ ഭക്ഷണം തേടി മറ്റിടങ്ങളിലേക്ക് നീങ്ങുന്നത്.
ഖാലിദ് ഹൊസ്സെയിനിയുടെ "The Kite Runner" എന്ന നോവലിനെ അനുസ്മരിപ്പിച്ചുകൊണ്ട്, കൂലിയനും ഗൗണ്ടറുടെ മകൻ ശെൽവനും തമ്മിലുള്ള, സൗഹാര്ദത്തിന്റെയും ഒറ്റുകൊടുക്കലിന്റെയും കഥയും പറയുന്നുണ്ട് . കാലികൾക്ക് കാവല് കിടക്കാൻ രണ്ടുപേരും ഗൗണ്ടറിന്റെ വീട്ടിൽ നിന്നും കുറച്ചകലെയുള്ള തൊഴുത്തിൽ രാത്രികൾ ചിലവഴിക്കുന്നു. ശെൽവന് കിടക്കാനായി അവിടെ ഒരു കട്ടിലുണ്ട് . കൂലിയൻ നിലത്ത് ഒരു ചാക്കിൻകഷ്ണം വിരിച്ച് ചുരുണ്ടുകൂടും. വേനല്ക്കാലമായാൽ , രാവിന്റെ ശബ്ദങ്ങൾക്കായി ചെവിയോർത്തും , നക്ഷത്രങ്ങൾ മിന്നുന്ന ആകാശം നോക്കികൊണ്ടും കിടക്കാനാണ് കൂലിയനിഷ്ടം.
കൗമാരത്തിന്റെ കൂട്ടുകെട്ടിന്റെ പ്രത്യക്ഷമല്ലാത്ത, അസ്പഷ്ടമായ ചരടുകൾ അവരെ ബന്ധിക്കുന്നുണ്ടങ്കിലും, അവരെ വിഭജിക്കുന്ന മേൽക്കോയ്മയുടെ അതിരുകൾ അപ്പോഴും അവിടെയുണ്ട്. ആ സാഹചര്യത്തിൽ ഒറ്റുകൊടുക്കൽ ഒരതിശയമായി വരില്ലെങ്കിലും , ഹൃദയത്തെ മുറിവേല്പിക്കാതിരിക്കുന്നില്ല.
ഉടമസ്ഥരുടെ അപ്രീതിയുടെ ഭയം അവരെ എപ്പോഴും വേട്ടയാടിയിരുന്നു. കഠിനമായ ശാരീരീരിക പീഡനമായിരിക്കും സഹിക്കേണ്ടിവരിക. പലേ ഘട്ടത്തിലും കൂടുതൽ വായിക്കാൻ പറ്റാതെ പുസ്തകത്തെ മടക്കിവെച്ചിട്ടുണ്ട്.
അവർ മാത്രമുള്ള സമയങ്ങളിൽ അവരുടേതായ കൊച്ചു സന്തോഷങ്ങളിൽ അവർ തൃപ്തരായിരുന്നു. ആ കൊച്ചു പ്രപഞ്ചത്തിൽ പരസ്പരം ചില്ലറ കുസൃതികളും കുതന്ത്രങ്ങളും കാട്ടിയും, കാട്ടുചെടികൾക്കിടയിൽ പഴങ്ങൾ തിരഞ്ഞും , കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും അവർ സമയം ചിലവഴിച്ചു. എന്നാൽ ആ നിമിഷങ്ങൾ അവരുടെ ദുർവിധിയിൽ നിന്നും കടമെടുത്തപോലെയായിരുന്നു...പലിശയും ചേർത്ത് തിരിച്ചടക്കേണ്ടവ.
അധികാരത്തിന്റെയും അടിമത്തത്തിന്റയും കഥയാണ്. മനസ്സാക്ഷിക്കുത്ത് ഭയന്ന് പലപ്പോഴും, സൗകര്യപൂർവം, കണ്ടില്ലെന്നും കേട്ടില്ലെന്നും നാം നടിക്കുന്ന സത്യാവസ്ഥ.
കൂലിയന്റെയും കൂട്ടുകാരുടെയും ജീവിതങ്ങൾ ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ ഇനിയും ഒരുനാൾ ഞാനീ പുസ്തകം വായിക്കുമായിരിക്കും. ഉണങ്ങി വരുന്ന മുറിവുകൾ പിന്നെയും മാന്തി ചോരയൊലിപ്പിക്കുന്നതുപോലെ . കുറ്റബോധം കുറക്കാനുള്ള ഉപായം.
.