തൻറെ തട്ടകമായ ബാലസാഹിത്യത്തിലൂടെ ബാലഹൃദയങ്ങളിൽ കുടിയേറിയ സാഹിത്യകാരനാണ് ശ്രീ കെ രാധാകൃഷ്ണൻ. പണ്ട് പൂമ്പാറ്റ ബാലമാഗസിനിൽ തുടർനോവലായി വന്നിരുന്നപ്പോൾ അതത് ലക്കങ്ങൾ വരാനായി കാത്തിരുന്ന അതേ ആവേശത്തോടെയാണ് പ്രിൻറ് ഹൗസ് നോവൽ പ്രസിദ്ധീകരിക്കുന്നുവെന്നതറിഞ്ഞ് പ്രീ ബുക്ക് ചെയ്തതും. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു പലതും മറന്നുപോയെങ്കിലും പൂമ്പാറ്റയെന്ന വാക്കുകൾ കേട്ടാൽ പഴയ ബാല്യകാല ചിന്തകളിലേക്കൂളിയിടാറുണ്ട്. അക്കാലത്ത് മനസ്സിലേക്ക് പതിഞ്ഞ ഒരു നോവലാണ് കോലത്തിരി.
അദ്ദേഹത്തിന്റെ പല നോവലുകൾക്കും ചരിത്രവുമായി ചിലപ്പോൾ ബന്ധം ഉണ്ടാവാറുണ്ട്. തച്ചോളി അമ്പാടി,അമർജിത്ത് സിങ്ങ്,കോലത്തിരി എന്നിവ അതിനുദാഹരണമാണ്. ചരിത്രവുമായി കൂടികഴഞ്ഞ എന്നാൽ തികച്ചും ഭാവകാത്മകമായ രചനകളാണിവയിലെല്ലാം.
കോലത്തുനാട് വാഴുന്ന ക്രൂരനായ അനിയൻ തമ്പുരാന്റെ ആജ്ഞയാൽ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ടയാളെ രക്ഷിക്കുന്ന കൊച്ചു തമ്പാനിലൂടെയാണ് കഥയാരംഭിക്കുന്നത്. അമ്പിനേഴിയിലെ കൊച്ചുതമ്പാനിൽ തുടങ്ങി വിടർന്നു വികസിക്കുന്ന നോവൽ. ഹൈദരലിഖാൻ്റെയും അറയ്കൽ കൊട്ടാരത്തിൻ്റെയും കോലത്തിരി കോവിലകത്തിൻ്റെയും ഭാവനാത്മകമായ വിവരണം. യഥാർത്ഥ ചരിത്രപുരുഷന്മാരാണ് കഥാപാത്രങ്ങളെങ്കിലും കഥ ഭാവനാത്മകമാണ്.യഥാർത്ഥ ചരിത്രവുമായി ബന്ധമില്ല.ഇക്കാര്യം തുടക്കത്തിലെ രേഖപ്പെടുത്തിയിട്ടുണ്ട്
ബാലസാഹിത്യത്തിലെ ഒരു ത്രില്ലർ ആയി നോവലിനെ കണക്കാക്കാം. 173 പേജുകളുള്ള പുസ്തകം പുറത്തിറക്കിയത് പ്രിന്റ് ഹൗസാണ്.