ഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.
2020 പകുതിയിലാണ് ട്രൂ കോപ്പിയിൽ വി ആർ സുധീഷുമൊത്തുള്ള മനില സി മേനോന്റെ ഇന്റർവ്യൂ വരുന്നത്. ഒരു മണിക്കൂർ മുകളിലുള്ള വീഡിയോ കാണാൻ അത്ര താൽപര്യമില്ലെങ്കിലും, അതിന്റെ ക്യാപ്ഷൻ ആകർഷിച്ചിരുന്നു. കണ്ടുതുടങ്ങിയതേ ഓർമ്മയുള്ളൂ ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നത് വരെ ഒരു അഞ്ചിൽ കൂടുതൽ വട്ടം ആ അഭിമുഖം ഇക്കാലയളവിൽ കാണുകയും, പലർക്കും ആ സന്തോഷം പകരുകയും ചെയ്തു. ഇപ്പോൾ ഇതെഴുതുമ്പോഴും വി ആർ സുധീഷിന്റെ ചിരി കേൾക്കാൻ സാധിക്കുന്നുണ്ട് എന്ന് പറയുമ്പോൾ അത് അതിശയോക്തിയായി കരുതരുത്, ആ അഭിമുഖം കണ്ടവർക്ക് മനസ്സിലാവും♥️. അത്രയ്ക്ക് ആസ്വദിച്ചു കണ്ട അഭിമുഖമായിരുന്നു അത്. അത്ര എളുപ്പമുള്ള ചോദ്യങ്ങളും അതിന് അദ്ദേഹത്തിന്റെ സരസമായ മറുപടിയും. മിക്ക മറുപടിക്കൊടുവിലും ഉച്ചത്തിൽ കുലുങ്ങി ചിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ, കണ്ടിരിക്കുന്നവരുടെ ഹൃദയത്തിലേക്കു അളവില്ലാത്ത ഒരുതരം സന്തോഷം എത്തിച്ചേരുമെന്നതിൽ തർക്കമില്ല.
അദ്ദേഹം പരിചയപ്പെട്ടതും അടുത്തിടപഴകിയതുമായ നിരവധി സാമൂഹ്യ സാംസ്കാരിക വ്യക്തികളെക്കുറിച്ചും, മറ്റു ചില അനുഭവങ്ങളും നിറഞ്ഞതാണ് ഈ പുസ്തകം. ഇതു വായിച്ചും കുറേ ചിരിക്കുകയും, ചിലയിടത്തൊക്കെ വേദനിപ്പിച്ചും കടന്നുപോകുന്നുണ്ട്. വളരെ ലളിതമായ രചനാശൈലി ആരെയും ആകർഷിക്കും. നമ്മൾ വായിച്ചു പരിചയിച്ച പല എഴുത്തുകാരുടെയും മറ്റ് പല പ്രശസ്തരുടെയും രസകരമായ മുഹൂർത്തങ്ങൾ വായിക്കുമ്പോൾ ആ സദസ്സിൽ നമ്മളുമുള്ളതായി തോന്നിപ്പിക്കുന്ന തരത്തിലാണ് സുധീഷ് മാഷ് വിവരിക്കുന്നത്, അതുകൊണ്ട് തന്നെയാവാം അതൊക്കെ വായിക്കുന്നവർക്കും ആസ്വദിക്കാൻ കഴിയുന്നതും, ചിലതൊക്കെ ഹൃദയത്തിൽ കൊള്ളുന്നതും.
'ഒരു ദിവസം ഞാൻ ബഷീറിന്റെ വീട്ടിൽ താമസിച്ചു. ആസ്ത്മയുടെ ഉപദ്രവം സഹിക്കാനാവാതെ, നിസ്കരിക്കുന്നത് പോലെ ബഷീർ കിടക്കുന്നു. ഞാൻ അടുത്ത് കൂട്ടിരുന്നു. മരണത്തെക്കുറിച്ചാണ് ബഷീർ സംസാരിച്ചത്: "വേദനിക്കാത്ത മരണം തന്നാൽ മതിയായിരുന്നു. എനിക്ക് മരണത്തെ പേടിയില്ല. അനന്തമായ പ്രാർത്ഥനയാണ് ജീവിതം.
ബഷീറിന്റെ ജീവചരിത്രശേഖരമുള്ള മുറിയിൽ ഞാൻ ഉറങ്ങാതെ കിടന്നു. പിറ്റേന്നു രാവിലെ യാത്ര പറയുമ്പോൾ ബഷീറിന്റെ കട്ടിലിൽ കിടന്ന സിഗരറ്റ്കൂടിന്റെ ഉൾച്ചീന്ത് ഞാൻ ശ്രദ്ധിച്ചു. അതിൽ വലുതായി എഴുതിവച്ചിരിക്കുന്നു. "കാലമേ എനിക്ക് ഓക്സിജൻ തരൂ." ഞാനത് കുപ്പായക്കീശയിലിട്ടു.'